അക്ഷരങ്ങളാണ് എന്റെ സ്വത്ത് – പ്രിയ എ.എസ്.

അക്ഷരങ്ങളാണ് എന്റെ സ്വത്ത് – പ്രിയ എ.എസ്.

എന്റെ ഒരു കഥയുണ്ട് – പയറുവള്ളികളില്‍ത്തൂങ്ങി നമ്മളൊക്കെ ജീവിതത്തിന്റേതായ പല നിസ്സഹായാവസ്ഥകളിലൂടെ കടന്നുപോകുന്ന ഒരുവള്‍, മുറ്റത്ത് താന്‍ നട്ട പയറുവിത്തുകള്‍ മുളപൊട്ടുന്നതിന്റെയും വള്ളി വീശുന്നതിന്റെയും ആനന്ദത്തില്‍ അഭിരമിച്ച് ജീവിതം ജീവിച്ചുതീര്‍ക്കുന്ന ഒരു ചിത്രമാണതില്‍.


പയറുവള്ളികളില്‍ത്തൂങ്ങി എന്ന തലക്കെട്ടിനൊരല്‍പ്പം മാറ്റംവരുത്തിയാല്‍ അത് ഞാനായി എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. അക്കരവള്ളികളില്‍ത്തൂങ്ങി പ്രിയ എ.എസ്. എന്നതാണ് ഞാന്‍ ആലോചിക്കാറുള്ള മാറ്റം. ബിപിന്‍ ചന്ദ്രന്‍ ഇന്നാള്‍ ഒരിടത്ത് പ്രസംഗിച്ചപ്പോള്‍ പറഞ്ഞു, മലയാള അക്ഷരമാലയില്‍ 49 അക്ഷരങ്ങളാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളതെന്ന്. ആ 49  അക്ഷരങ്ങളാണ് യഥാര്‍ത്ഥത്തില്‍ എന്റെ ഉപജീവനം സാധ്യമാക്കുന്നത്.


നാലു ജോഡി ഉടുപ്പുകളേയുള്ളുവെങ്കില്‍ അത് മിക്‌സ് ആന്റ് മാച്ച് ചെയ്ത് ഒരു പത്തെണ്ണമായി ഉപയോഗിക്കുംപോലെ മലയാളത്തിലെ ഈ 49 അക്ഷരങ്ങളുടെ കണ്ണികോര്‍ത്തും അഴിച്ചും പുതിയ കോമ്പിനേഷന്‍ പരീക്ഷിച്ചും ജീവിച്ചുപോവുകയാണ് ഞാന്‍. സത്യമായും മലയാളം അക്ഷരങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ എന്താകുമായിരുന്നെന്ന് എനിക്ക് അറിഞ്ഞുകൂടാ. അക്ഷരങ്ങളല്ലാതെ മറ്റൊരു സ്വത്ത് എനിക്കില്ല. മറ്റൊരു സ്വത്ത് എനിക്ക് വേണ്ടതാനും.


അക്ഷരക്കൊളുത്തിലാണ് ഞാനെന്റെ ജീവിതം തൂക്കിയിടുക എന്ന ഒരേകദേശ ധാരണ പണ്ടേതന്നെ എന്നിലുണ്ടായിരുന്നു. മകളാവണേ, മകള്‍ കഥ എഴുതണേ എന്ന് പ്രാര്‍ത്ഥിച്ചാണ് എന്റെ അമ്മ എന്നെ ഭൂമിയിലേക്ക് പിളര്‍ത്തിയെടുത്തുകൊണ്ടുവന്നത്. പിന്നെ ഞാന്‍ ആശുപത്രികളുടേതായി മാറിയ കാലത്ത്, എന്റെ ഉത്സാഹമെല്ലാം മങ്ങിയ സന്ദര്‍ഭത്തില്‍ എന്നെ പുനരുത്ഥാനപ്പൂന്തോട്ടമാക്കാന്‍ വേണ്ടി അമ്മ നിരന്തരം പറഞ്ഞു, ഇതൊന്നും സാരമില്ല, തന്നെയുമല്ല ഇതൊക്കെ നിനക്ക് പിന്നീട് എഴുതാന്‍ പറ്റുമെന്ന്. അമ്മയുടെ ആ പറച്ചില്‍ എനിക്ക് ഒരു പയറുവള്ളിയായിരുന്നു.


വീട്ടിലെ നാലു കുട്ടികളില്‍ ഏറ്റവും മൂത്തകുട്ടിയായിരുന്നു ഞാന്‍. എനിക്ക് താഴെയുള്ള മൂവരും നൃത്തത്തിലും സംഗീതത്തിലുമൊക്കെ മികവുള്ളവരായിരുന്നു. അവരൊക്കെ എന്നേക്കാള്‍ വന്മരങ്ങളായി വളരുന്നത് കണ്ടൊതുങ്ങി മാറിനില്‍ക്കുമ്പോള്‍ അക്ഷരവള്ളികള്‍ എനിക്കായി നീണ്ടുവരുന്നത് ഞാന്‍ സ്വപ്നം കണ്ടു. അങ്ങനെ സ്വപ്നം ചിന്തേരിട്ടു മിനുക്കിയിരുന്ന നാളുകളിലൊന്നില്‍ എന്നെത്തന്നെ അതിശയിപ്പിച്ചുകൊണ്ട് ഞാന്‍ കഥാകൃത്തായി.


എം.ടിയില്‍ നിന്ന് അവാര്‍ഡ്


ഗൃഹലക്ഷ്മി നടത്തിയ കഥാമത്സരത്തില്‍ അവാര്‍ഡ് വാങ്ങാന്‍ എംടിയുടെ കണ്ണുകളിലേക്ക് കണ്ണുവിടര്‍ത്തി നില്‍ക്കുമ്പോള്‍ തോന്നിയ തലയെടുപ്പ് പക്ഷേ, പിന്നീടൊരിക്കലും എന്നില്‍ തോന്നിയിട്ടില്ല. അന്ന് തലയെടുപ്പ് തോന്നിയത് പ്രായത്തിന്റെ പക്വതയില്ലായ്മകൊണ്ടായിരുന്നു. തലയെടുപ്പിനല്ല, ഉപജീവനത്തിനാണ് കഥ എനിക്കുതകുകയെന്ന് തിരിച്ചറിവുണ്ടായതുകൊണ്ടാവണം പിന്നീട് കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും എന്നെ സ്പര്‍ശിക്കാതെ പോയത്.


കേരള സാഹിത്യഅക്കാദമി അവാര്‍ഡ് നേരത്ത് ഞാന്‍ മകനെ ഉള്ളില്‍പേറുന്ന സമയമായിരുന്നതുകൊണ്ട് അച്ഛനുമമ്മയുമാണ് അത് വാങ്ങാന്‍ പോയത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോഴേക്ക് അനാരോഗ്യത്തിന്റെ കൂപ്പുകുത്തലിലായിരുന്നു ഞാന്‍. അവാര്‍ഡ് വാങ്ങുന്നതിന് പോകാന്‍ കഴിഞ്ഞില്ല. കൊറിയര്‍ മുഖേന അവാര്‍ഡ് വീട്ടിലെത്തി. അതെല്ലാം എനിക്കിഷ്ടമില്ലാത്ത വെള്ളിവെളിച്ചത്തിലിരുത്താതിരിക്കാന്‍ ദൈവം ചെയ്ത ഒത്താശകളായി കണ്ട് ഞാനെപ്പോഴും കുഞ്ഞുകുഞ്ഞു കാര്യങ്ങളില്‍ സന്തോഷിച്ചു.