അക്കിത്തം : കവിബിംബപരമ്പരയിലെ അവസാനകണ്ണി – ഡോ.സിബു മോടയില്‍

അക്കിത്തം : കവിബിംബപരമ്പരയിലെ അവസാനകണ്ണി  – ഡോ.സിബു മോടയില്‍

ഭാവുകത്വവ്യതിയാനത്തിന്റെ ഒരു ഘട്ടത്തിലൂടെയെങ്കിലും കടന്നു പോകാത്ത എഴുത്തുകാര്‍ മലയാളത്തില്‍ വിരളമാണ്. മലയാളത്തിലെ ഏറ്റവും സമ്പന്നമായ സാഹിത്യശാഖയായ കവിതയുടെ ചരിത്രംതന്നെ ഭാവുകത്വവ്യതിയാനത്തെക്കുറിച്ചുള്ള തിരിച്ചറിവുകള്‍കൊണ്ടേ രൂപപ്പെടുത്താനാവൂ. ഇതില്‍പ്പെടാത്തവര്‍ ചരിത്രത്തിലെ ഏകശിലാപ്രതിഷ്ഠകളായിരിക്കും. അവര്‍ക്ക് ഒരിക്കലും ജനപ്രിയവഴിയിലേക്ക് പ്രവേശനമുണ്ടാവില്ല. കവികളാണെങ്കില്‍ പരാമര്‍ശമൂല്യമുള്ള ഒരു വരിപോലും അവരില്‍നിന്നുണ്ടാവില്ല. ഒരു കവിയെ സംബന്ധിച്ചിടത്തോളം പരാമര്‍ശസാധ്യതകളാണ് ക്ലാസിക് ഇമേജ് നല്‍കുന്നത്. മലയാളത്തിലെ ഏറ്റവും പരാമര്‍ശമൂല്യമുള്ള വരികളിലൊന്നാണ്.”വെളിച്ചം ദു:ഖമാണുണ്ണീ/തമസ്സല്ലോ സുഖപ്രദം” എന്നത്.


ഭാവുകത്വപരിണാമവുമായി ബന്ധപ്പെട്ട് അക്കിത്തത്തില്‍നിന്ന് എന്ത് സംഭാവനയാണ് മലയാളത്തിനു ലഭിച്ചിട്ടുള്ളത്? നമ്മുടെ സാഹിത്യചരിത്രങ്ങളില്‍ അതിന്റെ ഉത്തരം അത്ര വ്യക്തമല്ല. ആധുനികതയുമായി നാം നിരന്തരം കൂട്ടിക്കെട്ടുന്നത് അയ്യപ്പപ്പണിക്കരുടെ ‘കുരുക്ഷേത്ര’ത്തെ മാത്രമാണ്. ആധുനികതയുടെ വക്താക്കളുടെയും പ്രയോക്താക്കളുടെയും പട്ടികയില്‍നിന്ന് പലപ്പോഴും വഴുതിപ്പോകുന്ന പേരാണ് അക്കിത്തത്തിന്റേത്. എന്നാല്‍ കാല്പനികതയുടെ അലംകൃതസ്വപ്നവീഥി ഉപേക്ഷിച്ച് അകാല്പനികതയുടെ അസുന്ദരനേര്‍വീഥിയിലൂടെ കവിതയെ കൊണ്ടുപോയവരില്‍ അക്കിത്തവും ഉണ്ട്. ”നിരത്തില്‍ കാക്ക കൊത്തുന്നു


ചത്ത പെണ്ണിന്റെ കണ്ണുകള്‍ മുലചപ്പി വലിക്കുന്നു നരവര്‍ഗ്ഗനവാതിഥി” എന്ന വരികളിലെ കാഴ്ചതന്നെ ഏറ്റവും നല്ല ഉദാഹരണം. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തില്‍ ഇത്തരം തീക്ഷ്ണബിംബങ്ങള്‍ വേറെയുമുണ്ട്. ”എനിക്കു വേണ്ടാ കല്ലും കവിണയും” എന്ന് ഇടശ്ശേരിയും ”വാളല്ലെന്‍ സമരായുധം” എന്ന് വയലാറും ”തോക്കിനും വാളിനും വേണ്ടി ച്ചെലവിട്ടോരിരുമ്പുകള്‍ ഉരുക്കി വാര്‍ത്തെടുക്കാവൂ


ബലമുള്ള കലപ്പകള്‍” എന്ന് അക്കിത്തവും എഴുതിയത് രക്തരഹിതവിപ്ലത്തിന്റെ വക്താക്കള്‍ എന്ന നിലയില്‍ മാത്രമല്ല ലോകമെങ്ങും ആധുനികത ഉയര്‍ത്തിപ്പിടിച്ച ആദര്‍ശാത്മകമാനവികതയുടെ സ്വാധീനത്താലുമാണ്. ആധുനികാനന്തരകാലത്ത് ഇത്തരമൊരു മാനവികത ചോദ്യം ചെയ്യപ്പെടുകയും സ്ത്രീസാഹിത്യവും ദളിത് സാഹിത്യവും എല്ലാം ശക്തിപ്പെടുകയും ചെയ്തു. പുതിയൊരു പരിസ്ഥിതി അവബോധവും ഉണ്ടായി വന്നു. എന്നാല്‍ അക്കിത്തംകവിതകള്‍ അറുപതുകളില്‍ പ്രകടിപ്പിച്ച നവീനഭാവുകത്വത്തിന്റെ മട്ടില്‍ ആധുനികാനന്തരസമീപനവുള്‍ക്കൊണ്ടു പരിവര്‍ത്തിക്കുന്നതു നാം കാണുന്നില്ല. എങ്കിലും സൂക്ഷ്മരാഷ്ട്രീയത്തിന്റെ ചില സ്ഫുലിംഗങ്ങള്‍ ആ കവിതകളിലുണ്ട്.


”മുറുകിയ മുഷ്ടിയുലര്‍ന്നൂ;ചെടിയുടെ മുറുവലിലെന്‍ കരള്‍ വിലയിപ്പൂ” എന്ന് ‘ഇടിഞ്ഞു പൊളിഞ്ഞ ലോക’ത്തില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നതിനെ ആഴമേറിയ പാരിസ്ഥിതികാവബോധമായ് പരിഗണിക്കാവുന്നതാണ്. നരച്ചാലും മരിക്കാത്ത ബാല്യത്തെ സാക്ഷി നിര്‍ത്തിയാണ് അക്കിത്തം സാംസ്‌കാരികാധിനിവേശത്തിന്റെയും പണാധിപത്യത്തിന്റെയും ശക്തിദര്‍ഗ്ഗങ്ങളെപ്പോലും പ്രതിരോധിക്കുന്നത്.


”എങ്ങുപോയ് ബാല്യത്തിലെന്റെ കൈവെള്ളയില്‍ തങ്ങിയ സ്പര്‍ശമണികള്‍?” എന്ന ചോദ്യം ശൈശവദൈവികതയുടെ ആദിരൂപനിര്‍മ്മിതി അനുസ്മരിപ്പിക്കുന്നതോടൊപ്പം കണ്ഠകൗപീനം ധരിച്ചവരെയും കാലുറയിട്ടവരെയും പരിഹസിക്കുകകൂടി ചെയ്യുന്നുണ്ട്.ബാല്യത്തെക്കുറിച്ചുള്ള ഈ അവബോധമാണ് അക്കിത്തത്തിന്റെ കാവ്യഭാഷയെ നാട്ടുമൊഴിയുടെ ചേരുവയാല്‍ തദ്ദേശീയമാക്കുന്നത്. അത്തരമൊരു വഴി പരിചിതമായവര്‍ക്കേ പാര്‍ശ്വവത്കരിക്കപ്പെട്ടവന്റെ ഭാഷയിലും എഴുതാനാവൂ. നാടന്‍പാട്ട് ശൈലിയിലെഴുതിയ ‘തൊയിരം മേണം’ എന്ന കവിത ഇവിടെ ഉദാഹരിക്കാം. ദളിത് ഭാഷയ്ക്ക് അടുപ്പം ശിശുഭാഷയോടാണ് ശബ്ദത്തിന് സപ്തവും നക്ഷത്രത്തിന് നച്ചത്രവും ഒക്കെ ഇരുപക്ഷത്തും ഒന്നുതന്നെ.മേലാളന്റെ തോന്ന്യാസത്തിനെതിരേ ചക്കന്‍ അലറുമ്പോള്‍ അന്തരീക്ഷമാകെ മാറുന്നു


” സപ്തം കേട്ട് കറ്‌ത്തേ ഞെട്ടിവെറച്ച പൂമി സപ്തം കേട്ട് മിയിച്ചേ മോളില് നച്ചത്രങ്ങള്‍”