അവസാനിക്കാത്ത ആഭ്യന്തര യുദ്ധങ്ങള്‍ – അമല്‍ ബി.

അവസാനിക്കാത്ത ആഭ്യന്തര യുദ്ധങ്ങള്‍  – അമല്‍ ബി.

ഭരണകൂടം സ്വന്തം ജനതയുടെ പൗരാവകാശങ്ങളോട് തെല്ലും നീതികാണിക്കാത്ത, ഒരു സമൂഹമൊന്നാകെ പരസ്പരം വിഘടിച്ച് ആയുധമെടുത്ത് പോരടിക്കുന്ന കാഴ്ച, അതാണ് ലോകത്തെല്ലായിടത്തും അരങ്ങേറിക്കൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധങ്ങളുടെ പൊതുചിത്രം. രാഷ്ട്രാതിര്‍ത്തികള്‍ക്കിരുപുറവുമുള്ളവര്‍ യുദ്ധത്തിലേര്‍പ്പെടുന്നതിനേക്കാള്‍ എത്രയോ മടങ്ങ് നിരാശാജനകമാണ് ഐക്യവും അഖണ്ഡതയും പുലരേണ്ടുന്ന ഒരു രാജ്യത്തെ ജനങ്ങള്‍ പരസ്പരം പോരടിക്കുന്നത്.


രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോക രാഷ്ട്രങ്ങള്‍ക്കുണ്ടായ പുനര്‍വിചിന്തനം അന്താരാഷ്ട്ര തലത്തില്‍ സമാധാനം പുലരുന്നതിന് നിരവധി സംഘടനകള്‍ക്കും ഉടമ്പടികള്‍ക്കും രൂപം നല്‍കി. അവ ഒരു പരിധിയോളം യുദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായകമായി. എന്നാല്‍, യൂറോപ്പ് ഏതാണ്ട് പൂര്‍ണമായി യുദ്ധവിമുക്തമായെങ്കിലും പല ഏഷ്യന്‍ – ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും ഈ കാലഘട്ടത്തില്‍ ആഭ്യന്തര യുദ്ധങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാംവിധം ഉടലെടുത്തുകൊണ്ടിരുന്നു. അവയാകട്ടെ തീരാത്ത ദുര്‍വിധികണക്കെ ലോക ജനസംഖ്യയുടെ നല്ലൊരു വിഭാഗം ജനങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ പതിറ്റാണ്ടുകള്‍ മുന്‍പാരംഭിച്ചതും ഇന്നും തുടരുന്നതുമായ നിരവധി ആഭ്യന്തര യുദ്ധങ്ങളുണ്ട്. അവയില്‍ ആള്‍നാശംകൊണ്ടും ബാഹ്യഇടപെടല്‍കൊണ്ടും ഏറ്റവും ഭീതിദമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നത് സിറിയയിലാണ്. പശ്ചിമേഷ്യന്‍ രാജ്യമായ സിറിയയില്‍ അറബ് വസന്തത്തിന്റെ പശ്ചാത്തലത്തില്‍ 2011 ലാണ് ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.


പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള ബാത്തിസ്റ്റ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളോട് വിവിധ വിഭാഗം ജനങ്ങള്‍ക്കുണ്ടായ എതിര്‍പ്പാണ് പ്രക്ഷോഭങ്ങളിലേക്കും പിന്നീട് യുദ്ധത്തിലേക്കും നയിച്ചത്. അസദ് ഭരണകൂടത്തിന്റെ ഏകാധിപത്യ രീതികളും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിച്ച് രാജ്യത്ത് ഏക പാര്‍ട്ടി സംവിധാനം ഏര്‍പ്പെടുത്തിയതുമെല്ലാം ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തിക്ക് കാരണമായി. ഇതോടൊപ്പം അടിക്കടിയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളും തൊഴിലില്ലായ്മ വര്‍ദ്ധിച്ചതും സ്വതന്ത്ര വിപണിയെ പ്രോല്‍സാഹിപ്പിച്ചതും ഭരണകൂടത്തിനെതിരായ വികാരം ശക്തമാക്കി. ജനാധിപത്യവാദികളായ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തിയ സമാധാനപരമായ പ്രതിഷേധത്തെ സര്‍ക്കാര്‍ കായികമായി അടിച്ചമര്‍ത്തിയതോടെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. പിന്നീട് വിവിധ കക്ഷികള്‍ ഇരുപക്ഷങ്ങളിലായി യുദ്ധത്തിന്റെ ഭാഗമായി. പ്രധാനമായും സിറിയന്‍ സായുധസേനയും നാഷണല്‍ ഡിഫന്‍സ്‌ഫോഴ്‌സും ഉള്‍പ്പെടുന്ന ഗവണ്‍മെന്റ് പക്ഷവും തുര്‍ക്കിയുടെ പിന്തുണയുള്ള ഫ്രീ സിറിയന്‍ ആര്‍മിയും സിറിയയിലെ വംശീയ ന്യൂനപക്ഷമായ കുര്‍ദുകള്‍ നയിക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും നേതൃത്വം നല്‍കുന്ന വിമതരും തമ്മിലാണ് യുദ്ധം.


വിവിധ മനുഷ്യാവകാശ സംഘടനകളും യുഎന്നും പറയുന്നത് സര്‍ക്കാരും വിമതരും ഒരുപോലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ്. യുദ്ധത്തിന്റെ കെടുതികളനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവുമടക്കമുള്ള സഹായങ്ങളെത്തിക്കാനുള്ള ശ്രമങ്ങളെപോലും ഇരുവിഭാഗവും തടഞ്ഞുവയ്ക്കുന്നു. യാര്‍മൗക്ക് എന്ന ക്യാംപിലെ 20000 പേരാണ് ഇത്തരത്തില്‍ UNRWA യുടെ സഹായം തടയപ്പെട്ടതിനെ തുടര്‍ന്ന് മരണമടഞ്ഞത്. പ്രക്ഷോഭകാരികളെ സര്‍ക്കാര്‍ നേരിടുന്നത് സരിന്‍, മസ്റ്റാര്‍സ് ഗ്യാസ് തുടങ്ങിയ അതി രാസായുധങ്ങള്‍ ഉപയോഗിച്ചാണെന്നുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. സിറിയന്‍ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2016 വരെ 470000 പേര്‍ സിറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെടുകയും 19 ലക്ഷം ആളുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത് സിറിയയിലെ ആകെ ജനസംഖ്യയുടെ 11.5 ശതമാനം വരും. അല്‍ ജസീറയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരുകോടി ഇരുപത്‌ലക്ഷം പേര്‍ യുദ്ധത്തെ തുടര്‍ന്ന് ഇതിനോടകം അഭയാര്‍ത്ഥികളായിട്ടുണ്ട്. ഇതാകട്ടെ, സിറിയയിലെ ആകെ ജനസംഖ്യയുടെ പകുതിയോളം വരും.


സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 60000 പേര്‍ ഇതിനോടകം ജയിലുകളില്‍വച്ച് മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വാര്‍ ക്രൈമുകള്‍ സര്‍ക്കാരിന്റെ മൗനാനുവാദത്തോടെയാണ് നടപ്പിലാക്കുന്നത്.


WHO യുടെ കണക്കുകള്‍ പറയുന്നത് യുദ്ധം ആരംഭിച്ചതിനുശേഷം സിറിയയിലെ 35 ശതമാനം ആശുപത്രികളും പ്രവര്‍ത്തനരഹിതമായെന്നാണ്. വാക്‌സിനേഷനുകള്‍ കൃത്യമായി നടപ്പിലാക്കുവാനാകുന്നില്ല. ശുചിത്വമില്ലാത്തതിനാല്‍ അത്യപൂര്‍വരോഗങ്ങള്‍പോലും രാജ്യത്ത് പടര്‍ന്നുപിടിക്കുന്നുണ്ട്.


യുഎന്നിന്റെയും അറബ് ലീഗിന്റെയുമൊക്കെ നേതൃത്വത്തില്‍ പല ഘട്ടങ്ങളിലായി സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. വൈദേശിക ഇടപെടലുകള്‍ സാഹചര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്. പ്രശ്‌ന പരിഹാരത്തിനെന്നോണം മേഖലയില്‍ ഇടപെടുന്ന അമേരിക്കയും റഷ്യയും തുര്‍ക്കിയും ഇസ്രയേലുമെല്ലാം പക്ഷംപിടിച്ച് കൂടുതല്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉത്സാഹം കാണിക്കുന്നത്.


2011ലെ എട്ട് മാസം നീണ്ടുനിന്ന ആഭ്യന്തര കലാപത്തിന് ശേഷമാണ് 2014ല്‍ ആരംഭിച്ച് ഇന്നും തുടരുന്ന രണ്ടാം ആഭ്യന്തര യുദ്ധത്തിന് ലിബിയ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ എണ്ണ ഖനികളുടെയും ഭൂമിയുടെയും ഉടമസ്ഥതതയേയും നടത്തിപ്പിനേയും സംബന്ധിച്ചുണ്ടായ ഭരണ നേതൃത്വത്തിലെ തര്‍ക്കങ്ങളാണ് ഇവിടത്തെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തര്‍ക്കങ്ങളെ തുടര്‍ന്ന് യുഎന്‍ അംഗീകാരത്തോടെ അധികാരത്തില്‍ വന്ന ഇടക്കാല സര്‍ക്കാരായ ഗവണ്‍മെന്റ് ഓഫ് നാഷണല്‍ അക്കോര്‍ഡില്‍ ഉണ്ടായ പടലപ്പിണക്കങ്ങളും ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ കടന്നുകയറ്റവും യുദ്ധത്തെ സങ്കീര്‍ണമാക്കി. 9000 ലധികം ആളുകള്‍ കൊല്ലപ്പെടുകയും 20000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത യുദ്ധത്തെ തുടര്‍ന്ന് രാജ്യത്തെ ആകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നും ടുണീഷ്യയിലേക്ക് കുടിയേറി.


അധികാരത്തര്‍ക്കമാണ് യമനിലെയും ആഭ്യന്തര യുദ്ധത്തിന് കാരണം. മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള യമന്‍ സര്‍ക്കാരും ഹൂതി വംശക്കാരും തമ്മിലാണ് സംഘര്‍ഷം. ഇരുകൂട്ടരും തങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഗവണ്‍മെന്റ് രൂപീകരിക്കണമെന്ന നിലപാടിലാണ്. 2004ല്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹൂതി വംശക്കാരനായ ഹുസൈന്‍ ബദ്രെദിന്‍ അല്‍ ഹൂതിയെ സൈനിക നടപടിയിലൂടെ സര്‍ക്കാര്‍ വധിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് 2015ല്‍ ഹൂതികളുടെ താല്‍പര്യങ്ങള്‍ ഹനിച്ചുകൊണ്ട് രാജ്യത്തെ ആറ് ഫെഡറല്‍ പ്രദേശങ്ങളാക്കി മാറ്റുവാനുള്ള നീക്കം പ്രശ്‌നത്തെ ഗുരുതരമാക്കി. തലസ്ഥാന നഗരമായ സനാഹ് ഹൂതികള്‍ പിടിച്ചെടുക്കുകയും പ്രസിഡന്റിനെ രാജിവയ്പ്പിച്ച് ബദല്‍ റവല്യൂഷണറി കമ്മറ്റിയെ ഭരണ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. സര്‍ക്കാര്‍ തലസ്ഥാനം മാറ്റിയെങ്കിലും സംഘര്‍ഷങ്ങള്‍ക്ക് അയവു വന്നില്ല. ഹാദി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സൗദി അറേബ്യ ഹൂതികള്‍ക്കെതിരായി നടത്തുന്ന അക്രമങ്ങളാണ് ഏറ്റവും ഭീകരം. തിരിച്ച് ഹൂതികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കാകട്ടെ ഇറാന്റെ പിന്തുണയുമുണ്ട്.


യമന്‍ ഡേറ്റാ പ്രൊജക്ട് നല്‍കുന്ന വിവരങ്ങളനുസരിച്ച് 17729 പൗരന്മാര്‍ ബോംബാക്രമണങ്ങളില്‍ മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്. വിവാഹവേദികള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും നേരെ വരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടക്കുന്നു. അടുത്തയിടെ ഒരു സര്‍വകലാശാലയ്ക്ക് നേരെ സൗദിസഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ മരിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നത് എല്ലാ യുദ്ധനിയമങ്ങള്‍ക്കും എതിരായാണ് സൗദിയുടെ വ്യോമാക്രമണമെന്നാണ്. സ്‌കൂളുകള്‍ അക്രമിച്ച് മാത്രം 683 കുട്ടികളെയാണ് സൗദി സഖ്യം കൊലപ്പെടുത്തിയത്. ഇത്തരം അക്രമങ്ങള്‍ക്കായി അമേരിക്കയാണ് വന്‍തോതില്‍ സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്നത്. അമേരിക്ക സൗദിക്ക് ബോംബ് നല്‍കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ യുഎസ് സെനറ്റ് പ്രമേയം പാസാക്കിയിരുന്നെങ്കിലും പ്രസിഡന്റ് ട്രംപ് തന്റെ വീറ്റോ അധികാരത്തിലൂടെ ഇതിനെ മറികടന്നു.