നീതിന്യായത്തിലെ അനീതിയും അന്യായവും – ഡോ. ബാബു ജോസഫ്
ഇംഗ്ലീഷിലെ ജസ്റ്റീസ് എന്ന പദത്തിന് സദൃശമായി സംസ്‌കൃതത്തില്‍ നീതി, ന്യായം എന്നീ പദങ്ങളുണ്ടെന്ന് അമര്‍ത്യസെന്‍ പറയുന്നു. ഇവയെ കൂട്ടിയിണക്കി നിര്‍മിച്ച് നീതിന്യായം എന്ന പദം നമുക്ക് പരിചിതമാണ്. നീതിയും ന്യായവും തമ്മിലുള്ള അന്തരമെന്തെന്ന് സെന്‍ വ്യക്തമാക്കുന്നുണ്ട്. ഒരു സംവിധാന (ഉദാ: കോടതി)ത്തിന്റെ ചുമതലയില്‍ നടപ്പിലാക്കുന്നതിന് നീതിയെന്നും, ഒരാഗ്രഹത്തിന്റെ സഫലീകരണമാണ് നടക്കുന്നതെങ്കില്‍ ന്യായമെന്നും പറയാം. സൗകര്യാര്‍ത്ഥം നമുക്ക് ജസ്റ്റീസിന് സമാനമായി നീതിന്യായമെന്ന വാക്ക് ഉപയോഗിക്കാം. എന്നാല്‍, കീഴ്‌വഴക്കം മാനിച്ച് ജസ്റ്റീസ് അല്ലെങ്കില്‍ ജഡ്ജ് എന്ന അര്‍ത്ഥത്തില്‍ ന്യായാധിപന്‍ എന്ന പദമാണ് തിരഞ്ഞെടുക്കുന്നത്.
ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയെ ഒട്ടേറെ അനീതികളും അന്യായങ്ങളും ബാധിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ചിലതിനെപ്പറ്റിയുള്ള ഒരു പ്രാരംഭാലോചനയാണിവിടെ നടത്തുക. പൊതുജനത്തിന്റെ ഭാഗത്തുനിന്നുള്ള ഒരു ചര്‍ച്ചയാണുദ്ദേശിക്കുന്നത്. നീതിന്യായം നടപ്പാക്കിക്കിട്ടുന്നതിനുള്ള ചെലവും കാലവിളംബവുമാണ് ഒരു വശം. നിയമം നടപ്പാക്കുന്നത് ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ചേര്‍ന്നാണ്. എന്നാല്‍ ഇതു സംബന്ധിച്ച് എക്‌സിക്യൂട്ടീവ് കൈക്കൊള്ളുന്ന ചില നടപടികള്‍ നീതിന്യായ സങ്കല്പത്തിന് യോജിച്ചതല്ലെന്നുള്ളതാണ് മറ്റൊരു വശം.
അപ്രാപ്യതയും വൈകലും
ഭീമമായ ചെലവുമൂലം, സുപ്രീംകോടതിയും ഹൈക്കോടതികളുംപോലുള്ള ഉന്നത നീതിപീഠങ്ങള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നുവെന്ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ് പരിതപിച്ചല്ലോ. പരേതനായ രാം ജത്മലാനി ഒരു ഹീയറിംഗിന്, അല്ലെങ്കില്‍ അപ്പീയറന്‍സിന് കക്ഷിയില്‍ നിന്നീടാക്കിയിരുന്നത് 25 ലക്ഷം രൂപ ആയിരുന്നു. സുപ്രീംകോടതിയെന്നോ, ഡെല്‍ഹി ഹൈക്കോടതിയെന്നോ അദ്ദേഹത്തിന് വ്യത്യാസമില്ലായിരുന്നു. സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളില്‍പ്പെട്ട വക്കീലന്മാരുടെ ഫീസ്ഘടന ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഒരപ്പീയറന്‍സിന് 15 ലക്ഷം രൂപാ വരെ ഈടാക്കുന്ന അഭിഭാഷകര്‍ ഡല്‍ഹിയിലുണ്ട്. സ്റ്റേറ്റ് ഹൈക്കോടതികളിലെ ഫീസ് നിരക്കുകളും കുറവല്ല. ഒരപ്പീയറന്‍സിന് ഇവര്‍ക്ക് 3-6 ലക്ഷം രൂപ കൊടുക്കണമത്രെ. കണ്‍സ്യൂമര്‍ കോടതികള്‍, ട്രൈബ്യൂണലുകള്‍ തുടങ്ങിയ ഫോറങ്ങളിലും പതിനായിരങ്ങള്‍ തൊട്ട് ലക്ഷങ്ങള്‍ വരെയാണ് നിലവിലുള്ള നിരക്ക്. ഹീയറിംഗിന് പുറമേ കണ്‍സള്‍ട്ടേഷന്‍, ഡ്രാഫ്ടിംഗ്, ഫയലിംഗ് തുടങ്ങിയ പലവകയിലും വക്കീലിന് പണം കിട്ടും.
പാവപ്പെട്ടവരുടെ കേസ് വാദിക്കുന്നതിനു സര്‍ക്കാര്‍ ചെലവില്‍ വക്കീലിനെ ഏര്‍പ്പാടാക്കാറുണ്ട്. സീനിയര്‍ വക്കീലന്മാര്‍പോലും, അപൂര്‍വമായി, ഇതുപോലുള്ള സേവനത്തിന് സന്നദ്ധരാകുന്നു. പക്ഷേ, മിക്കപ്പോഴും അവരുടെ ജൂനിയറന്മാരാവും കോടതിയില്‍ ഹാജരാവുക. ഉയര്‍ന്ന തുകയ്ക്കുവേണ്ടിയുള്ള കേസുകളില്‍ അതിന്റെ മോശമല്ലാത്ത ഒരംശം ലഭിക്കാന്‍ വക്കീലിനര്‍ഹതയുണ്ട്. വാശിയില്ലെങ്കില്‍ ചെറിയ തുകകള്‍ക്കുവേണ്ടി തര്‍ക്കിക്കാന്‍ ആരും ഉയര്‍ന്ന കോടതികളില്‍ പോകാറില്ലല്ലോ. നിസ്സാരമെന്ന് മറ്റുള്ളവര്‍ക്ക് തോന്നാനിടയുള്ള ആവശ്യങ്ങളുമായി സുപ്രീംകോടതിയെ സമീപിക്കുന്നത് വ്യക്തികളും കമ്പനികളും മാത്രമല്ല, ചിലപ്പോഴൊക്കെ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളും ആണ്.
ക്രിമിനല്‍ കേസുകളില്‍ പണമല്ല പ്രഥമപരിഗണന. കുറ്റത്തിന്റെ ഗൗരവം, പൊതുജനതാല്പര്യം തുടങ്ങിയവയാണ് ഉയര്‍ന്ന കോടതികളെ സമീപിക്കുന്നതിന് പ്രേരകമാവുക. കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ പ്രമാദമായ കേസുകള്‍ ഈ ജനുസ്സില്‍പ്പെടുന്നു. പ്രതികൂലമായ കീഴ്‌ക്കോടതിവിധി അസ്ഥിരപ്പെടുത്തിക്കിട്ടുന്നതിന് പണം സംഘടിപ്പിക്കാന്‍ കഴിവുള്ള പ്രതികള്‍ മേല്‍ക്കോടതികളെ ശരണം പ്രാപിക്കുന്നു. കുറ്റം ചെയ്യാത്ത പാവപ്പെട്ടവര്‍ക്ക് തൂക്കില്‍നിന്നോ ജീവപര്യന്തത്തില്‍നിന്നോ രക്ഷപ്പെടുന്നതിന് എങ്ങനെ സാധിക്കും? സര്‍ക്കാര്‍ ഏര്‍പ്പെടുത്തിക്കൊടുക്കുന്ന വക്കീലിന്റെ സാമര്‍ത്ഥ്യത്തെ ആശ്രയിക്കുകയല്ലാതെ മറ്റു പോംവഴികളില്ല. എല്ലാ വക്കീലന്മാരെയും തുല്യരായാണ് കോടതി കണക്കാക്കുന്നതെങ്കിലും, ഒരു പ്രത്യേക കേസില്‍, ഒരു കക്ഷിക്ക് ജയമോ പരാജയമോ സംഭവിക്കുന്നത്, അയാളുടെ വക്കീലിന്റെ അവതരണവൈദഗ്ധ്യത്തെക്കൂടി ആശ്രയിച്ചാണ്. തെളിവ് മാത്രമല്ല നിര്‍ണായകഘടകമെന്ന് സാരം. കഴിവ് കുറഞ്ഞ ഒരു വക്കീലിനെ ലഭിക്കുന്ന, നിര്‍ധനനായ ഒരു കുറ്റാരോപിതന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചില്ലെന്ന് വരാം. ഇതാണ് നീതിന്യായത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള ഒരനീതി. കുറ്റം ചെയ്ത പ്രതികള്‍, സര്‍ക്കാര്‍ വക്കീലിന്റെ സാമര്‍ത്ഥ്യക്കുറവുമൂലം ശിക്ഷിക്കപ്പെടാതെ പോകുന്നതും നീതിന്യായവ്യവസ്ഥയുടെ അപാകതയെ സൂചിപ്പിക്കുന്നു. എന്നാല്‍ പഴി മുഴുവന്‍ വക്കീലിനല്ല, പോലീസിനും അതിന്റെ പങ്ക് കിട്ടും.
ക്രിമിനല്‍ കേസുകളുടെ അന്വേഷണഘട്ടത്തില്‍ പോലീസാണ് പക്ഷപാതരഹിതവും ശാസ്ത്രീയവുമായ മാര്‍ഗങ്ങളിലൂടെ പ്രതികളെ പൂട്ടുന്ന തരത്തിലുള്ള തെളിവുകള്‍ ശേഖരിക്കേണ്ടത്. അവരെ കണ്ടുപിടിക്കുകയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും ചെയ്യുന്നത് അവരുടെ ചുമതലയാണ്. പ്രതികളില്‍ നിന്ന് പണം വാങ്ങിയോ, രാഷ്ട്രീയാധികാരികളുടെ ഇഷ്ടത്തിന് വഴങ്ങിയോ, പലപ്പോഴും പോലീസ് സംശയത്തിന്റെ നിഴലില്‍ വരാറുണ്ട്. ലോക്കപ്പ് മര്‍ദനം, കൊലപാതകം തുടങ്ങിയ അതിനിഷ്ഠൂര കുറ്റങ്ങള്‍ പോലീസിന്റെമേല്‍ ചാര്‍ത്തപ്പെടുന്നത് അപൂര്‍വമല്ല. എന്നാല്‍ ഇത്തരം ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് മാര്‍ഗങ്ങളുണ്ട്. ഗൗരവമായ ശിക്ഷകള്‍ അവര്‍ക്ക് ലഭിക്കുന്നത് അപൂര്‍വമാണ്.