വൈദ്യശാസ്ത്രങ്ങള്‍ യാഥാര്‍ത്ഥ്യാധിഷ്ഠിതമായ ശാസ്ത്രങ്ങളാണോ? – വി.വിജയകുമാര്‍
ആയുര്‍വേദവും ഹോമിയോപ്പതിയും ഉള്‍പ്പെടെയുള്ള പഴയ ചികിത്സാരീതികള്‍ ശാസ്ത്രീയമല്ലെന്നും അവ നിരോധിക്കപ്പെടേണ്ടതാണെന്നും അതിനായി സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെടുന്ന പ്രസ്താവനകള്‍ നിരന്തരമെന്നോണം ഇപ്പോള്‍ പ്രതൃക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ചില യുക്തിവാദസംഘടനകളും ആധുനികവൈദ്യത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമാണ് ഈ നീക്കത്തെ ശക്തമായി പിന്തുണയ്ക്കുന്നത്. ശാസ്ത്രത്തിന്റേയും ശാസ്ത്രീയതയുടേയും പേരില്‍ നടക്കുന്ന ഈ പ്രചാരണങ്ങളെ നേര്‍ക്കുനേര്‍ കാണുന്നതിനും പ്രതികരിക്കുന്നതിനുമുള്ള ഒരു ശ്രമമാണിത്. എല്ലാറ്റിന്റേയും മാനദണ്ഡം ശാസ്ത്രീയമാണെന്ന ഒരു ധാരണ പടര്‍ന്നുപിടിച്ചിട്ടുണ്ടല്ലോ. ഇതര മാനവികവ്യവഹാരങ്ങളുടെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ അതു തെഴുത്തു വരുന്നു! മതങ്ങള്‍ തങ്ങളുടെ വേദപുസ്തകങ്ങള്‍ ശാസ്ത്രീയമാണെന്നു തെളിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചില വികസനപദ്ധതികള്‍ അപലപിക്കപ്പെടുന്നത് അശാസ്ത്രീയതയുടെ പേരിലാണ്. കമ്പ്യൂട്ടറുകള്‍, ടെലിവിഷന്‍, മൊബൈല്‍ ഫോണുകള്‍, ഊര്‍ജോല്‍പ്പാദനകേന്ദ്രങ്ങള്‍, വിമാനങ്ങള്‍, റോക്കറ്റുകള്‍, മറ്റ് അധുനാതനയന്ത്രസംവിധാനങ്ങള്‍ തുടങ്ങി നിരവധി നേട്ടങ്ങള്‍ സൃഷ്ടിച്ച ശാസ്ത്രവും സാങ്കേതികവിദ്യയും സാധാരണക്കാരായ മനുഷ്യരുടെ മുന്നില്‍ പലപ്പോഴും മാന്ത്രികവിദ്യയോ അന്ധവിശ്വാസമോ ആയിട്ടാണ് പ്രത്യക്ഷപ്പെടുന്നതെന്ന സ്ഥിതിയുമുണ്ട്. ഇതിന്നിടയില്‍ ചികിത്സയുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമ്പ്രദായങ്ങള്‍ തമ്മില്‍ തമ്മില്‍ ശാസ്ത്രീയതയുടെ പേരില്‍ തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും നടക്കുന്നതില്‍ കൂടുതലായി അത്ഭുതപ്പെടാന്‍ ഒന്നുമില്ലെങ്കിലും ഇതു സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ ഏറെയാണ്. ചികിത്സാശാസ്ത്രം ഖണ്ഡിതവും കൃത്യവുമായ ശാസ്ത്ര (exact science) മാണെന്ന സങ്കല്‍പ്പനത്തെ ത്തന്നെ സന്ദേഹത്തോടെ കാണുന്ന ഒരു സമീപനമാണ് ഇവിടെ സ്വീകരിക്കുന്നത്. വൈദ്യശാസ്ത്രം ഖണ്ഡിതവും കൃത്യവുമായ ശാസ്ത്രമല്ലെന്ന അടിസ്ഥാനസങ്കല്‍പ്പനത്തെ വിശദീകരിച്ചുകൊണ്ടു തുടങ്ങാം.
ആധുനികഭൗതികശാസ്ത്രങ്ങള്‍ ഖണ്ഡിതവും കൃത്യവുമായ ശാസ്ത്രങ്ങളാണ്. ശാസ്ത്രങ്ങളുടെ നിര്‍വചനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളായ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ബന്ധം, കൃത്യത എന്നിവ ആധുനികഭൗതികശാസ്ത്രങ്ങള്‍ക്കുണ്ട്. ഭൗതികശാസ്ത്രങ്ങളിലൂടെ ആവിഷ്‌ക്കരിക്കപ്പെടുന്ന സിദ്ധാന്തങ്ങള്‍ അവ നിര്‍ദേശിക്കുന്ന വ്യവസ്ഥകളില്‍ ഫലപ്രദമായി പ്രയോഗത്തില്‍ കൊണ്ടുവരാന്‍ അവയ്ക്കു കഴിയുന്നുണ്ട്. ക്ലാസിക്കല്‍ വ്യവസ്ഥകളിലും ക്വാണ്ടം വ്യവസ്ഥകളിലും സിദ്ധാന്തം നിര്‍ദേശിക്കുന്ന ഏകദേശീകരണങ്ങള്‍ക്കുള്ളില്‍ കൃത്യത ഉറപ്പുവരുത്താനും ഭൗതികശാസ്ത്രങ്ങള്‍ക്കു കഴിയുന്നു. ഉയര്‍ന്ന പ്രവേഗത്തില്‍ പ്രക്ഷേപിക്കപ്പെടുന്ന ഒരു വസ്തുവിന്റെ ആദ്യാവസ്ഥകള്‍ അറിയുകയും അതു സഞ്ചരിക്കുന്ന പഥത്തെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ ഏതെല്ലാമാണെന്നു മനസ്സിലാക്കുകയും ചെയ്താല്‍ അതിന്റെ ലക്ഷ്യസ്ഥാനത്തെ കുറിച്ചു പറയാന്‍ ഭൗതികശാസ്ത്രത്തിനു കഴിയും. ക്വാണ്ടം അവസ്ഥകളെ സംബന്ധിച്ചും ഈ കൃത്യത നേടാന്‍ ഭൗതികശാസ്ത്രത്തിനു കഴിയുന്നുണ്ട്. പ്രകാശത്തിന്റെ പ്രവേഗം, ഇലകട്രോണിന്റെ ജി ഘടകം എന്നിവയെല്ലാം കൃത്യതയോടെ പറയാന്‍ (പല ദശാംശസ്ഥാനങ്ങള്‍ക്കു കൃത്യമായി) ശാസ്ത്രത്തിനു കഴിയുന്നു. ഈ കൃത്യതയ്ക്കും സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള യോജിപ്പിനും ഭൗതികശാസ്ത്രങ്ങളെ സഹായിക്കുന്നത് ഗണിതമാണ്. പ്രകൃതിപ്രതിഭാസങ്ങളെ ഗണിതവല്‍ക്കരണത്തിനു വിധേയമാക്കിയെന്നതാണ് ആധുനികശാസ്ത്രത്തെ പൂര്‍വശാസ്ത്രങ്ങളില്‍നിന്നു വ്യതിരിക്തമാക്കുന്നത്. ഭൗതികശാസ്ത്രത്തിനു വസ്തുനിഷ്ഠയുടെ ഗുണങ്ങള്‍ നല്‍കുന്നത് അതിനുള്ളില്‍ പ്രയോഗക്ഷമമായിരിക്കുന്ന ഗണിതശാസ്ത്രമാണ്. ഗണിതീയമായ പ്രക്രിയകളിലൂടെ കടന്നുപോകാത്ത വ്യവഹാരങ്ങള്‍ ഇതര ശാസ്ത്രീയരീതിശാസ്ത്രങ്ങള്‍ അവലംബിച്ചാലും ഖണ്ഡിതവും കൃത്യവുമായ ശാസ്ത്രമായി തീരുന്നില്ല.
ആധുനികതയുടേയും ജ്ഞാനോദയപ്രബുദ്ധതയുടേയും ഉദ്ഘാടകനായ ഇമ്മാനുവേല്‍ കാന്റ് രസതന്ത്രത്തെ ശാസ്ത്രങ്ങളുടെ പട്ടികയില്‍ ചേര്‍ക്കാന്‍ വിസമ്മതിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതകാലത്ത് രസതന്ത്രം ആല്‍ക്കെമിയെ പോലുള്ള പ്രയോഗരീതികളില്‍ മാത്രം ഒതുങ്ങിനിന്നു. ഒരിക്കലും ഗണിതവല്‍ക്കരണത്തിനു വിധേയമായിരുന്നില്ല. രസതന്ത്രത്തെ ശാസ്ത്രമായി കാണുന്നതില്‍ നിന്നു കാന്റിനെ തടഞ്ഞത് അത് അക്കാലത്ത് ഗണിതവല്‍ക്കരണത്തോടു കാണിച്ച ഈ വിമുഖതമൂലയായിരുന്നു.
വൈദ്യശാസ്ത്രം രോഗങ്ങളെ ചികിത്സിക്കുകയും ഭേദപ്പെടുത്തുകയും ചെയ്യുന്ന വിജ്ഞാനശാഖയാണ്. എന്നാല്‍, ആധുനികവൈദ്യമോ മറ്റേതെങ്കിലും വൈദ്യശാസ്ത്രശാഖയോ രോഗങ്ങള്‍ ഭേദപ്പെടുത്തുന്നതിനെ കുറിച്ച് ഏതെങ്കിലും വിധത്തിലുള്ള സൈദ്ധാന്തികപ്രരൂപങ്ങള്‍ നിര്‍ദേശിക്കുന്നില്ല. ചില മരുന്നുകള്‍; ആധുനികവൈദ്യത്തെ സംബന്ധിച്ചിടത്തോളം അവ രാസസംയുക്തങ്ങളോ അവയുടെ മിശ്രിതങ്ങളോ ആണ്. അവ രോഗത്തെ കുറയ്ക്കാനോ ഭേദപ്പെടുത്താനോ ശേഷിയുള്ളവയാണെന്ന് അനുഭവപരീക്ഷണങ്ങളിലൂടെ തെളിയിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുവെന്നു മാത്രം. ഈ മരുന്നുകള്‍ രോഗത്തെ എങ്ങനെയാണ് ഭേദപ്പെടുത്തുന്നതെന്നു വിശദീകരിക്കാന്‍ ആധുനികവൈദ്യശാസ്ത്രത്തിനു കഴിയുന്നില്ല. അഥവാ സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും സംയോഗം എന്ന നിലയ്ക്ക് ആധുനികവൈദ്യത്തെ കാണാന്‍ കഴിയില്ല. ഏതെങ്കിലും ഒരു രോഗത്തിന് സവിശേഷമരുന്ന് നിയമേനയെന്നോണം നിര്‍ദേശിക്കപ്പെടുന്നില്ല. ആധുനികവൈദ്യത്തില്‍ മാത്രമല്ല, മിക്കവാറും എല്ലാ വൈദ്യസമ്പ്രദായങ്ങളിലും സമാനമായ അനുഭവാധിഷ്ഠിതരീതിയും അതു വഴി രോഗവിമുക്തിക്കുള്ള സംഭാവ്യതയുമാണ് ഉപയോഗപ്പെടുത്തുന്നത്.