ജനാധിപത്യവുമായി മുഖാമുഖം – കെ. അരവിന്ദാക്ഷന്‍
‘ഇവ്വിധമാണ് ലോകം അവസാനിക്കുന്നത് / ഉഗ്രസ്‌ഫോടനത്തോടെയല്ല, പക്ഷേ, ഒരു വിങ്ങിപ്പൊട്ടലോടെ’ – (ആത്മകഥയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഉദ്ധരണി: ടി.എസ്. എലിയട്ടില്‍ നിന്ന്)
ഇന്ത്യന്‍ ഭരണനേതൃത്വവും അതിന്റെ രാഷ്ട്രീയ പരിവാരങ്ങളും ഒരു പുതിയ ഇന്ത്യന്‍ ജനതയെ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. അതിനായി അവര്‍ നമ്മുടെ ജനാധിപത്യസ്ഥാപനങ്ങളുടെ സത്ത ചോര്‍ത്തി ഉടച്ചുവാര്‍ക്കുന്നു. പുതിയ ചരിത്രം നിര്‍മിക്കുന്നു നുണകളാലും അര്‍ധസത്യങ്ങളാലും. ദേശീയസ്വാതന്ത്ര്യസമരചരിത്രത്തില്‍ നിന്ന് നെഹ്‌റുവിനെ പുറത്താക്കുന്നു. ഗാന്ധിയെ തങ്ങളുടെ വാര്‍പ്പു മൂശയില്‍ ന്യൂനീകരിക്കുന്നു. സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവരുടെ പിന്‍തലമുറക്കാര്‍ക്ക് ഇതല്ലാതെ എങ്ങനെ തങ്ങളുടെ പൊയ്ക്കാലുകളില്‍ നില്‍ക്കാനാവും?
1942 ജനുവരി 15ന് വാര്‍ധയില്‍ കൂടിയ എ.ഐ.സി.സി. സമ്മേളനത്തില്‍ ഗാന്ധി സംശയാതീതമായി പ്രഖ്യാപിക്കുന്നുണ്ട്: ‘….സഹപ്രവര്‍ത്തകരായ നിമിഷം മുതല്‍ ജവഹര്‍ലാലും ഞാനും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. എന്നാല്‍ കുറച്ച് കാലമായി ഞാന്‍ പറയുന്നത് ഇപ്പോഴും ആവര്‍ത്തിക്കുന്നു. രാജാജിയോ സര്‍ദാര്‍ വല്ലഭായിയോ ആയിരിക്കില്ല എന്റെ പിന്‍ഗാമി – ജവഹര്‍ലാല്‍ ആയിരിക്കും… എനിക്കുശേഷം അദ്ദേഹമായിരിക്കും എന്റെ ഭാഷ സംസാരിക്കുക’.
എന്തുകൊണ്ട് ഗാന്ധി ഇങ്ങനെ പറഞ്ഞുവെന്നതിന് വല്ലഭായ് പട്ടേല്‍ ജവഹര്‍ലാലിനു തന്നെ കത്തെഴുതുന്നുണ്ട് (1939 ജൂലായ് 3): ‘അദ്ദേഹം (ഗാന്ധി) താങ്കളെക്കാള്‍ കൂടുതലായി മറ്റാരെയെങ്കിലും സ്‌നേഹിക്കുന്നുവെന്ന് ഞാന്‍ വിചാരിക്കുന്നില്ല…’
ജവഹര്‍ലാലിനെ തന്റെ തുടര്‍ച്ചക്കാരനായി ഗാന്ധി തിരഞ്ഞെടുക്കാന്‍ കാരണം പട്ടേല്‍ നെഹ്‌റുവിന് എഴുതിയ കത്തിലെ സ്‌നേഹം മാത്രമായിരുന്നില്ല. 1930 കളുടെ അവസാനമാകുമ്പോഴേക്കും ഗാന്ധി ഖേദപൂര്‍വം, ഒട്ടൊരു നിരാശയോടെ, മനസ്സിലാക്കിയിരുന്നു – താന്‍ വിഭാവനം ചെയ്തതും ഫീനിക്‌സ് ആശ്രമത്തിലൂടെയും ടോള്‍സ്റ്റോയ് ഫാമിലൂടെയും സബര്‍മതിയിലൂടെയും സേവാഗ്രാമിലൂടെയും താന്‍ നടപ്പാക്കാന്‍ ശ്രമിച്ചിരുന്നതുമായ ‘സ്വരാജ്്’ (സ്വയം ഭരണം) ഇന്ത്യന്‍ ജനതയ്ക്ക് പെട്ടെന്നൊന്നും ഉള്‍ക്കൊള്ളാനാവില്ല. അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതും ജീവിക്കാനാവുന്നതും പാര്‍ലിമെന്ററി ജനാധിപത്യമായിരിക്കും. അതിന് അനുയോജ്യനായ വ്യക്തി യൂറോപ്യന്‍ ജ്ഞാനോദയത്തിന്റെ ഗുണപരമായ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട, സമത്വവും സാഹോദര്യവും സഹിഷ്ണുതയും ജീവിതപാഠങ്ങളാക്കിയ, കാരിഷ്മാറ്റിക്കായ ജവഹര്‍ തന്നെ ആയിരിക്കുമെന്ന് ഗാന്ധിക്ക് ബോധ്യമുണ്ടായിരുന്നു. ഗാന്ധിയുടെ വികസന കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായ സോവിയറ്റ് സോഷ്യലിസ്റ്റ് മാതൃകയോട് അനുഭാവം പുലര്‍ത്തുന്ന വികസനമാണ് ജവഹര്‍ലാല്‍ നെഹ്‌റു കൈക്കൊണ്ടതെങ്കിലും അദ്ദേഹത്തിന്റെ ജനാധിപത്യബോധം ഉദാത്തമായിരുന്നു.
ഇന്ത്യയ്‌ക്കൊപ്പം രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയ മറ്റെല്ലാ രാഷ്ട്രങ്ങളിലും ജനാധിപത്യം ഏകാധിപത്യത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും മതാധിപത്യത്തിലേക്കും വഴുതി വീണിട്ടും നാം ജനാധിപത്യം ഇന്നും പൂര്‍ണമായും കൈയൊഴിഞ്ഞിട്ടില്ല. ഇതിന് നന്ദി പറയേണ്ടത് സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ ബലികൊടുത്തവരോടും ത്യാഗം സഹിച്ചവരോടും അതിന്റെയൊപ്പം കനല്‍ക്കട്ടകളിലൂടെ നടന്നുപോയ അനേകായിരങ്ങളോടുമാണ്. ഗാന്ധിയും, ജവഹര്‍ലാല്‍ നെഹ്‌റുവും ,പട്ടേലും, മൗലാന ആസാദും, ഖാന്‍ അബ്ദുള്‍ ഖാഫര്‍ഘാന്‍ തുടങ്ങിയവരും അവരെ കൂട്ടിയിണക്കിയ ചില കണ്ണികളായിരുന്നു. പത്ത് കൊല്ലക്കാലം നെഹ്‌റു ബ്രിട്ടീഷിന്ത്യയുടെ തടവറകളിലായിരുന്നു. സ്വാതന്ത്ര്യസമരത്തിലും പുതിയൊരു രാഷ്ട്രം അടിത്തറയിട്ട് കെട്ടിപ്പൊക്കുന്നതിലും ജീവിതം മുഴുവന്‍ ചെലവിട്ട മറ്റൊരു വ്യക്തി ഇന്ത്യയുടെ ആധുനിക ചരിത്രത്തിലില്ല. എത്രയൊക്കെ കുറ്റങ്ങളും കുറവുകളും നെഹ്‌റുവിനു നേരെ ഉയര്‍ത്തിക്കാട്ടിയാലും ഈ ചരിത്രവസ്തുത മറക്കാനാവില്ല. കുഴിച്ചുമൂടാനുമാവില്ല. യഥാര്‍ത്ഥ ജനാധിപത്യത്തില്‍ നിന്ന് ഇന്ത്യ ബഹുദൂരം പിന്നോട്ടടിച്ച ഈ പ്രേതകാലത്ത് നെഹ്‌റുയെന്ന മനുഷ്യസ്‌നേഹിയും ജനാധിപത്യവിശ്വാസിയുമായി നാം നിരന്തരം സംവാദത്തിലേര്‍പ്പെടേണ്ടതുണ്ട്. വിഭജനത്തിന്റെ രക്തമൊലിക്കുന്ന മുറിവുകളും ബ്രിട്ടീഷ് സാമ്രാജ്യത്വം കൊളളയടിച്ച ഖജനാവും, ദരിദ്രരും നിരക്ഷരരും ജാതിയിലും ഭാഷയിലും മതത്തിലും സംസ്‌കൃതികളിലും ഭിന്നരുമായ ഒരു ജനതയാണ് 1947 ആഗസ്റ്റ് പതിനഞ്ചിന് നെഹ്‌റുവെന്ന ഭരണത്തലവന്റെ കൈകളിലെത്തുന്നത്.
1954 ഒക്‌ടോബര്‍ പതിമൂന്നിന് നെഹ്‌റുവിനോട് ചോദിച്ചു: ‘താങ്കളുടെ പ്രധാന പ്രശ്‌നമെന്താണ്? എത്ര പ്രശ്‌നങ്ങള്‍ താങ്കള്‍ക്കുണ്ട്?’ നെഹ്‌റു പറഞ്ഞു: ‘നമുക്ക് മുപ്പത്തിയാറ് കോടി പ്രശ്‌നങ്ങളുണ്ട്’. കേട്ടുനിന്നവര്‍ക്ക് അത് തമാശയായി തോന്നി. പക്ഷേ, നെഹ്‌റു ഉദ്ദേശിച്ചത് തന്റെ രാജ്യത്തിലെ മുപ്പത്തിയാറുകോടി വ്യക്തികളുടെ പ്രശ്‌നങ്ങളാണ്. ഈ മുപ്പത്തിയാറ് കോടി വ്യക്തികള്‍ക്ക് എന്തൊക്കെയാണ് ആവശ്യമായിട്ടുള്ളത്? അവര്‍ക്ക് പ്രാഥമികമായും ഭക്ഷണം വേണം. വസ്ത്രം വേണം. കൂര വേണം. ആരോഗ്യമുണ്ടാകണം. സാമൂഹികവും സാമ്പത്തികവുമായവ വേറെയുമുണ്ട്. നെഹ്‌റു പറഞ്ഞു: ‘ഈ മുപ്പത്തിയാറ് കോടി മനുഷ്യര്‍ക്കായി നാം അദ്ധ്വാനിക്കണം. കുറച്ച് പേര്‍ക്കോ ഒരു സംഘത്തിനോ വേണ്ടിയാകരുത്. എല്ലാവരെയും സമത്വത്തിലെത്തിക്കാനാവണം…’ നെഹ്‌റു അടങ്ങുന്ന അന്നത്തെ ഭരണനേതൃത്വവും രാഷ്ട്രീയവും ജനങ്ങളിലൂടെ, ജനങ്ങള്‍ക്കുവേണ്ടി, ഒരു ജനാധിപത്യ രാഷ്ട്രം അടിത്തട്ടില്‍ നിന്ന് സൃഷ്ടിക്കുകയായിരുന്നു. ഇന്നത്തെപ്പോലെ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ അധികാരപൂരണത്തിന്നായി ഒരു ജനതയെ ഭയത്തിലൂടെയും കുതന്ത്രങ്ങളിലൂടെയും ദണ്ഡന രീതികളിലൂടെയും നിര്‍മിക്കുകയായിരുന്നില്ല. അതിനായി ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയായിരുന്നില്ല.
നെഹ്‌റുവും പട്ടേലും മൗലാന ആസാദും അംബേദ്കറും രാജേന്ദ്രപ്രസാദും നേതൃത്വം നല്‍കിയ 1947 ആഗസ്റ്റ് 15 ലെ ഭരണത്തിന്റെ ഏറ്റവും മികച്ച സംഭാവന അവര്‍ ജനാധിപത്യം ഇന്ത്യന്‍ റിപ്പബ്‌ളിക്കിന്റെ അടിസ്ഥാന ശിലയായി പ്രഖ്യാപിച്ചു എന്നതാണ്. ഇരുപത്തിയൊന്നു വയസ്സ് തികഞ്ഞ എല്ലാ പൗരന്മാര്‍ക്കും ജാതി – മത- വര്‍ഗ ലിംഗഭേദമെന്യേ വോട്ടവകാശം ജനാധിപത്യത്തിന്റെ ജീവവായുവാക്കി. പൗരാവകാശങ്ങള്‍ക്ക് ഉന്നതമായ മൂല്യമാണ് നെഹ്‌റു നല്‍കിയത്.
അശോക സ്തംഭത്തിന്റെ ധര്‍മ ചക്രമാണ് നെഹ്‌റു ദേശീയ പ്രതീകമായി തിരഞ്ഞെടുത്തത്. ശാന്തിയും അഹിംസയും ധര്‍മ ചക്രത്തിന്റെ ആത്മാവാണ്. ദാര്‍ശനികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ തന്റെ ആശങ്കകള്‍ക്ക് മറുപടിയായിട്ടാണ് നെഹ്‌റു ആധുനിക ശാസ്ത്ര- സാങ്കേതിക വിദ്യയുമായി കൈകോര്‍ക്കുന്നത്. ഇന്ത്യയിലെ ഐ.ഐ.ടികളും സി.എസ്.ഐ.ആര്‍ പരീക്ഷണശാലകളും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചും ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്ററും കേന്ദ്രസാഹിത്യ അക്കാദമിയും എല്ലാം കെട്ടിപ്പൊക്കിയത് നെഹ്‌റുവിന്റെ കാലത്താണ്. ഇക്കാലത്ത് തന്നെയാണ് നെഹ്‌റു ആധുനിക ക്ഷേത്രങ്ങളെന്ന് വിശേഷിപ്പിച്ച വന്‍കിട അണക്കെട്ടുകള്‍ക്കും പഞ്ചവത്സര പദ്ധതികള്‍ക്കും ആരംഭം കുറിച്ചത്.