നമ്മുടെ സാംസ്‌കാരിക ദേശീയത എന്തുകൊണ്ട് മതേതരമായില്ല ? – കെ.പി രാമനുണ്ണി / യാസിര്‍ ആമീന്‍
താങ്കളുടെ അഭിപ്രായത്തില്‍ എന്താണ് സാഹിത്യം?. അല്ലെങ്കില്‍ എന്തല്ല സാഹിത്യം?
നിഘണ്ടുക്കള്‍ നിര്‍വചിക്കും പോലെ എഴുതിയുണ്ടാക്കിയ വാക്കുകളുടെ നിബന്ധങ്ങളല്ല എന്നെ സംബന്ധിച്ചിടത്തോളം സാഹിത്യം. കഥ, കവിത, നോവല്‍ എന്നീ പേരുകളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന പല സാധനങ്ങളും എന്റെ സങ്കല്‍പ്പത്തിലെ സാഹിത്യമാകുന്നുമില്ല. ഇതാ സാഹിത്യമെന്ന് ഉച്ചെസ്തരം വിളിച്ച്പറയണമെങ്കില്‍ ആ വരമൊഴിവഴക്കത്തിന് സഹജീവികളുടെ പഞ്ചേന്ദ്രിയാനുഭവങ്ങളെ മാത്രമല്ല, മനസ്സിനെ മാത്രമല്ല, ആത്മാവിനെക്കൂടി വായനക്കാരിലേക്ക് സംക്രമിപ്പിക്കാന്‍ കഴിയണം. അതായത് പരിപൂര്‍ണമായ അര്‍ത്ഥത്തില്‍ പരക്ലേശവിവേകത്തിന് ഉതകുന്നതായിരിക്കണം സാഹിത്യം. സത്യത്തില്‍ മനുഷ്യന്‍ മനുഷ്യനായിത്തീരുന്നത് മര്‍ത്യഭാഷയിലെ പരക്ലേശവിവേകത്തിന്റേതായ സാഹിത്യമൂല്യത്തിലൂടെയാണ്.
കല കലയ്ക്ക് വേണ്ടിയാണോ എന്ന ദാര്‍ശനിക ചോദ്യത്തിന് നൂറ്റാണ്ടുകളോളം പഴക്കമുണ്ട്്. ഒരു എഴുത്തുകാരന്‍ എന്ന നിലയ്ക്ക് എന്താണ് താങ്കളുടെ അഭിപ്രായം?
കല കലയ്ക്ക് വേണ്ടിയോ കല സമൂഹത്തിന് വേണ്ടിയോ എന്ന ചോദ്യമുദിക്കുന്നത് പാശ്ചാത്യ ആധുനികതയുടെ സൃഷ്ടിയായ വ്യക്തിയുടെ വിപരീതം സമൂഹമെന്ന ദ്വികരണത്തില്‍ നിന്നാണ്. കല കലയ്ക്ക് വേണ്ടി എന്ന് വാദിക്കുന്നവര്‍ വ്യക്തിയുടെ ആത്മസാക്ഷാല്‍ക്കാരത്തിനും സര്‍ഗസംതൃപ്തിക്കുംവേണ്ടി നിലകൊള്ളുന്നവരാണല്ലോ. എന്നാല്‍ ശരിയായ ആത്മസാക്ഷാല്‍ക്കാരമോ സര്‍ഗസംതൃപ്തിയോ ഏകുന്ന കലോപാസന സമൂഹനിരപേക്ഷമാകുകയില്ല. എന്തെന്നാല്‍ ആത്മാവിലായാലും സര്‍ഗാത്മതയിലായാലും സമൂഹം ഒളിഞ്ഞുകിടപ്പുണ്ട്.
ഒരാളുടെ പ്രജ്ഞയും പ്രവൃത്തിയും സൃഷ്ടികര്‍മവും സമൂഹത്തിന്റേതുകൂടിയാണ്. അതിനാല്‍ സ്വന്തം ആത്മാവിനോട് പ്രതിബദ്ധത പുലര്‍ത്തുന്ന എഴുത്ത് സമൂഹത്തിന് സ്വാഭാവികമായും കപ്പം കൊടുക്കും. എന്റെ പേര് ആളുകള്‍ വിളിച്ച് വിളിച്ചുണ്ടാക്കിയ പോലെ എന്റെ ആത്മാവും മറ്റുള്ളവരാല്‍ ഭാവനചെയ്യപ്പെട്ടതാണ്. കല കലയ്ക്ക് വേണ്ടിയെന്ന് വാദിക്കുന്നവരെയും കൂട്ടത്തില്‍ കൂട്ടിക്കൊള്ളൂ എന്ന് ഇ.എം.എസ്. ധൈര്യസമേതം പറഞ്ഞത് കലയ്ക്ക് വേണ്ടിയുള്ള കലയും സമൂഹത്തെ സേവിക്കുമെന്ന വൈകിയുദിച്ച വിവേകത്താലാണ്.
വായനക്കാരന്റെ യാഥാര്‍ഥ്യമാണോ വായനയുടെ യാഥാര്‍ഥ്യം, അല്ലെങ്കില്‍ മൂലകൃതിയുടെ യാഥാര്‍ഥ്യം?
വായനയാണ്, സ്ഥലകാലബദ്ധമായ വായനയാണ് വായനക്കാരന് യാഥാര്‍ത്ഥ്യം പകര്‍ന്നു നല്‍കുന്നത്. അല്ലാതെ എഴുത്തുകാരന്‍ കരുതിക്കൂട്ടി ടെക്സ്റ്റില്‍ ഉണ്ടാക്കിവയ്ക്കുന്ന യാഥാര്‍ത്ഥ്യമല്ല. സര്‍ഗാത്മകവായനയിലൂടെയാണ് വായനക്കാരന്‍ അര്‍ത്ഥമുല്‍ല്പാദിപ്പിക്കുന്നത്. എട്ടുകാലി മമ്മുഞ്ഞിന്റെ അവകാശവാദമൊന്നും അതിനോട് എഴുത്തുകാരന്‍ നടത്തിയിട്ട് കാര്യമില്ല. അക്ഷയപാത്രം പോലുള്ള അര്‍ത്ഥോല്‍പ്പാദനക്ഷമതയാണ് ഒരു ടെക്സ്റ്റിനെ മഹത്തരമാക്കുന്നത്. ഒരൊറ്റ അര്‍ത്ഥം മാത്രം ചുരത്തി ചത്തു പോകുന്നത് സാമാന്യേന പത്രത്താളുകളിലെ റിപ്പോര്‍ട്ടിംഗായിരിക്കും.
ആദ്യകാലങ്ങളില്‍ വായനയുടെ കണ്ണ് എന്നത് എഴുത്തുകാരന്റെ ലോകബോധം, രാഷ്ട്രീയ വീക്ഷണം തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരുന്നു. പിന്നീട് നവ വിമര്‍ശകരുടെ വരവോട് കൂടി കൃതിയെ പാഠമായി വിലയിരുത്താന്‍ തുടങ്ങി. Roland Barthes ന്റെ The Death of the Author പോലുള്ള ലേഖനങ്ങള്‍ ആഘോഷിക്കപ്പെട്ടു. ഇന്ന് എഴുത്തുകാരന്റെ സ്ഥാനം എവിടെയാണ്. ?
മൂലകൃതിക്ക് നിയതമായ സൂചിത്വമില്ല, അര്‍ത്ഥം അനന്തമായി നീട്ടിവയ്ക്കാവുന്നതാണ് എന്ന ചിന്തയാണല്ലോ ദെറീദയെപ്പോലുള്ള നവനിരൂപകര്‍ കൊണ്ടുവന്നത്. സ്ട്രക്ച്ചറലിസത്തിന്റെ കേന്ദ്രീകൃത ഘടനാസ്വഭാവത്തിനും കര്‍തൃത്ത്വത്തിനും എതിരായ കലഹം ബാര്‍ത്തിന്റെ ‘ഡെത്ത് ഓഫ് ഓഥറിലും’ കാണാം. ഗ്രന്ഥകാരന്റെ മരണവും വായനക്കാരന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പും നല്ലതുതന്നെ. പക്ഷേ, ഇതിന് പകരമായി മറ്റൊരു എഴുത്തുകാരന്‍ ആസുരമായി വളര്‍ന്നുവരുന്നുണ്ട്. അത് മൂലകൃതിക്കകത്തെ എഴുത്തുകാരനല്ല, മൂലകൃതിയെ ചുറ്റിപ്പറ്റിയുള്ള വ്യവഹാരങ്ങളുടെ നിര്‍മിതിയായ എഴുത്തുകാരനാണ്. പരസ്യം, ഇന്റര്‍വ്യൂ, വിവാദങ്ങള്‍, അവാര്‍ഡുകള്‍ എന്നിവയിലൂടെ തിടംവച്ച് വളര്‍ന്ന് താരപദവിയിലെത്തുന്ന എഴുത്തുകാരന്‍. വാട്ട് ഈസ് ആന്‍ ഓഥര്‍ എന്ന പുസ്തകത്തില്‍ ഫൂക്കോ ഇമ്മാതിരിയുള്ള ഗ്രന്ഥകാരനെയാണ് പരാമര്‍ശിക്കുന്നത്. പീറകൃതി രചിച്ച് പ്രസാധകരാലും വിപണിയാലും ഉപജാപകവൃന്ദത്താലും പൊക്കിയടിക്കപ്പെട്ട് സാംസ്‌ക്കാരികലോകക്കെടുതിയുണ്ടാക്കുന്ന ബ്രാന്‍ഡഡ് എഴുത്തുകാരാണ് ഇന്നത്തെ ശാപം.
ബനഡിക്ട് ആഡേഴ്‌സന്റെ Imagined community അല്ലെങ്കില്‍ Print capitalism എന്ന തിയറിയും ‘ഹിന്ദി ദേശീയത’ എന്ന വാദവും ചേര്‍ത്ത് വായിക്കാന്‍ കഴിയുമോ?
അച്ചടി മുതലാളിത്തം എണ്ണമറ്റ പത്രമാദ്ധ്യമങ്ങളിലൂടെ ആരുടേതുമല്ലാത്ത ഒരു ഇന്ത്യയെ അല്ലെങ്കില്‍ ദേശീയതയെ ഭാവന ചെയ്ത് വച്ചിട്ടുണ്ട്. മലയാളിക്കാകട്ടെ, തമിഴനാകട്ടെ, ബംഗാളിക്കാകട്ടെ, ആസ്സാമിക്കാകട്ടെ തങ്ങളുടേതായി ഒന്നും ഈ ശൂന്യസ്ഥലിയില്‍ കണ്ടെത്താനാകില്ല. എന്നാല്‍ എല്ലാവര്‍ക്കും പ്രസ്തുത ശൂന്യസ്ഥലിക്കായി പടപൊരുതേണ്ടിവരും, ആണവായുധങ്ങള്‍ നിര്‍മിക്കേണ്ടിവരും, ഹിന്ദിയും നിര്‍ബന്ധമായി പഠിച്ചെടുക്കേണ്ടിവരും.
എഴുത്തിന് രാഷ്ട്രീയമുണ്ടോ ? ഉണ്ടെങ്കില്‍ അത് എന്താണ് ?
മനുഷ്യനും മനുഷ്യനും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വ്യവഹാരങ്ങള്‍ വര്‍ജിക്കാനാകാത്തതിനാല്‍ എഴുത്തില്‍ എപ്പോഴും രാഷ്ട്രീയമുണ്ട്. മനുഷ്യനന്മയേയും മനുഷ്യന്റെ അതിജീവനപ്രതീക്ഷകളേയും പ്രചോദിപ്പിക്കുന്നതാണെങ്കില്‍ എഴുത്തിന്റെ രാഷ്ട്രീയം ആരോഗ്യകരമാണെന്ന് പറയാം. കുറേക്കൂടി നല്ലൊരു ജീവിതത്തേയും കുറേക്കൂടി നല്ലൊരു ലോകത്തേയും സാഹിത്യം സ്വപ്നം കാണുന്നതില്‍ കുഴപ്പമൊന്നുമില്ല. ആ സ്വപ്നദൗത്യം ഏറ്റെടുക്കുന്ന സാഹിത്യത്തെ വേണമെങ്കില്‍ പ്രചരണസാഹിത്യമെന്ന് വിളിച്ച് അധിക്ഷേപിക്കാം. പ്രചരണസാഹിത്യം അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല. മുദ്രാവാക്യ സാഹിത്യമാകരുത് എന്നേയുള്ളു. നാം ഭാഷാ പിതാവായി ഗണിക്കുന്ന തുഞ്ചത്തെഴുത്തച്ഛനാണ് മലയാളത്തിലെ ആദ്യത്തെ പ്രചരണസാഹിത്യകാരനെന്ന് ഓര്‍ക്കണം.
അഭിശപ്തമായ പ്രതിഭാസമാണ് മനുഷ്യവംശമെന്നും ജീവിതം ജീവിതയോഗ്യമല്ലെന്നും വിളംബരം ചെയ്യാനും എഴുത്തുകാരന് അവകാശമുണ്ട്. പക്ഷേ, ആ വിളംബരശേഷം എഴുത്തുകാരന്‍ നേരെ ചെന്ന് ആത്മഹത്യ ചെയ്യേണ്ടതല്ലേയെന്ന് ആരെങ്കിലും ചോദിച്ചാല്‍ പിണങ്ങരുത്. മനുഷ്യന്‍ മൗലികമായി കൊള്ളരുതാത്തവനും ക്രൂരനും സ്വാര്‍ത്ഥനുമാണെന്നും ഇവന്മാരെ വച്ച് ഒരു ക്ഷേമ സമൂഹത്തിന്റെ നിര്‍മാണം പോലും അസാദ്ധ്യമാണെന്നും സിദ്ധാന്തിച്ച് സാഹിത്യം ചമയ്ക്കുന്നവരുണ്ട്. അത്തരം സാഹിത്യത്തിനും ഒരു രാഷ്ട്രീയമുണ്ട്. മനുഷ്യന്‍ നന്നാവില്ലെന്നും അവനെ നന്നാക്കാന്‍ ശ്രമിക്കേണ്ടെന്നും പറയുന്നിടത്ത് ഇന്നത്തെ ലോകവ്യവസ്ഥിതിക്കെതിരായ പോരാട്ടങ്ങളെ റദ്ദാക്കുന്ന സന്ദേശമുണ്ട്. അനീതിക്കും അക്രമത്തിനും സാമ്പത്തിക മുതലാളിത്തത്തിന്റെ കൊടിയ ചൂഷണത്തിനും സമ്മതപത്രം വിതരണം ചെയ്യുന്ന പ്രതിനിധികളാണ് അത്തരം എഴുത്തുകാര്‍.
നമ്മുടെ സാംസ്‌കാരിക ദേശീയത എന്തുകൊണ്ട് മതേതരമായില്ല?
സംഘ്പരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന കള്‍ച്ചറല്‍ നാഷണലിസം (സാംസ്‌ക്കാരിക ദേശീയത) പ്രതിലോമപരവും മതേതരവിരുദ്ധവുമാകുന്നത് അത് ഇന്ത്യന്‍ ബഹുസ്വരതകളെ ദമനം ചെയ്യാന്‍ ശ്രമിക്കുന്നതിനാലാണ്. ഇന്ത്യാമഹാരാജ്യത്തിന് വിശാലാര്‍ത്ഥത്തിലെങ്കിലും ഒരു പൊതു സാംസ്‌ക്കാരിക ഭൂമികയുണ്ടെന്നും അത് എല്ലാ ജാതിമതസ്ഥരും പങ്കിടുന്നുവെന്നും പറയുന്നത് ശരിയാണ്. എന്നാല്‍ ആ പൊതുവിനകത്തും അസംഖ്യം വ്യത്യസ്തതകളുണ്ട്. അവയ്ക്ക് തീര്‍ച്ചയായും ഇടം നല്‍കണം. ഭാരതീയമായ സാംസ്‌ക്കാര വിശേഷങ്ങളെ ഇന്ത്യയിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും സ്വാംശീകരിച്ചിട്ടില്ലേയെന്ന് ചോദിച്ചാല്‍ ഉണ്ട് എന്നാണ് ഉത്തരം. പുലയും വാലായ്മയുമെല്ലാം കേരളത്തിലെ ക്രിസ്ത്യാനികള്‍ ആചരിച്ചിരുന്നു. ഇത് കണ്ടാണ് അവരെ ഒന്നുകൂടി മാമോദീസ മുക്കിയാലോയെന്ന് പോര്‍ച്ചുഗീസുകാര്‍ സംശയിച്ചത്. മരുമക്കത്തായം പൊന്നാനിയിലെയും തലശ്ശേരിയിലെയും മുസ്ലീങ്ങള്‍ പിന്തുടര്‍ന്നിരുന്നു, ഇന്നും ചിലര്‍ പിന്തുടരുന്നു. ദര്‍ഗകളും ജാറങ്ങളും ഹൈന്ദവസ്വാധീനത്താല്‍ ഉയിര്‍ക്കപ്പെട്ടത് തന്നെയാണ്. ഓരോ നാട്ടിലെ ആചാരവും ദൈവദത്തമായി കരുതി സ്വീകരിക്കാന്‍ ഇസ്ലാം കല്‍പ്പിച്ചിട്ടുമുണ്ട്. പക്ഷേ, അത് ഇസ്ലാമിന്റെ മൗലിക തത്ത്വങ്ങള്‍ക്ക് വിരുദ്ധമാകരുത് എന്നേയുള്ളു. ദര്‍ഗയിലും ജാറത്തിലും കിടക്കുന്ന പുണ്യാത്മാക്കളെ സന്ദര്‍ശിക്കുന്നത് അവരോടുള്ള സ്‌നേഹം പങ്കുവയ്ക്കാനും ആ സ്‌നേഹത്തിലൂടെ ദൈവവിശ്വാസം വളര്‍ത്താനുമാണെങ്കില്‍ ശരി, മറിച്ച് ആ പുണ്യാത്മാക്കളെ ആരാധിക്കാനാണെങ്കില്‍ തെറ്റ്.