ബൈബിള്‍ ദര്‍ശനം മലയാള സാഹിത്യത്തില്‍ – ഡോ. പോള്‍ മണലില്‍
ബൈബിളിന്റെ ഇതിഹാസസ്വരൂപം മലയാളത്തിലെ എല്ലാ ശാഖയിലും ഉള്ള സര്‍ഗാത്മക സാഹിത്യകാരന്മാരെയും ആകര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ ബൈബിള്‍ പ്രതിഭയെ പ്രതിഫലിപ്പിക്കാന്‍ മലയാളസാഹിത്യം ഇനിയും സമര്‍ത്ഥമായിട്ടില്ല. മലയാളഭാഷയും സാഹിത്യവും സംസ്‌കാരവും ഉരുത്തിരിഞ്ഞു വന്ന ഒരു പാരമ്പര്യമുണ്ട്. അതിന് അന്യമായ അനുഭൂതിസഞ്ചയത്തെയും ബിംബങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുകൊണ്ടാണ് ബൈബിള്‍ പ്രതിഭയെ അതിന് പൂര്‍ണമായും പ്രതിഫലിപ്പിക്കാന്‍ കഴിയാതെ പോയത്. അതിനൊരു ദൃഷ്ടാന്തമാണ് പഴയനിയമത്തിലെ കരുത്തനായ മോശ. ആ ബിംബത്തിന്റെ ധ്വനി ഉയര്‍ത്താന്‍ ഇനിയും മലയാള സാഹിത്യത്തിനു കഴിയുന്നുണ്ടോ? സെമറ്റിക് സാംസ്‌കാരിക പാരമ്പര്യത്തെക്കൂടി ഉള്‍ക്കൊണ്ട് സാംസ്‌കാരിക ഉദ്ഗ്രഥനം നടത്തിയെങ്കില്‍ മാത്രമേ ഭാഷാസാഹിത്യത്തിന് അതൊക്കെ സാധ്യമാകൂ. മലയാള സംസ്‌കാരം സമഗ്രമാകാന്‍ എല്ലാ മതസംസ്‌കാരങ്ങളെയും സ്വീകരിക്കണം. സെമറ്റിക് ബിംബങ്ങള്‍ മലയാളത്തില്‍ പല എഴുത്തുകാരും അവലംബിക്കുന്നുണ്ട്. എന്നാല്‍ മനുഷ്യപുത്രന്‍, ദൈവപുത്രന്‍, പ്രവാചകന്‍, യേശു, ക്രിസ്തു, ഈശോ, മിശിഹാ, യേശുക്രിസ്തു എന്നിങ്ങനെയുള്ള ബിംബങ്ങളുടെ അര്‍ത്ഥവും ആശയവും അറിഞ്ഞാണോ നമ്മുടെ എഴുത്തുകാര്‍ പ്രയോഗിക്കുന്നത്? അതിനാല്‍, ബൈബിള്‍ സ്വാധീനം മലയാളത്തില്‍ ഉണ്ടായിട്ടുണ്ട് എന്നു പറയുന്നതില്‍ പല പരിമിതികളും ഉണ്ട്.
ബൈബിള്‍ അവതരിപ്പിക്കുന്ന സാഹിത്യദര്‍ശനത്തെ എങ്ങനെ നിര്‍വചിക്കാം? ബൈബിളില്‍ പഴയനിയമവും പുതിയനിയമവും ഉണ്ട്. പഴയനിയമത്തില്‍ യഹോവയായ ദൈവത്തെപ്പറ്റി പറയുന്നു. പുതിയനിയമത്തില്‍ മനുഷ്യപുത്രനും ദൈവപുത്രനുമായ യേശുക്രിസ്തു. ഈശോ മിശിഹാ, യേശു, യേശുമിശിഹാ, മിശിഹാ എന്നീ സംജ്ഞകള്‍ യേശുക്രിസ്തുവിനെ കുറിക്കുന്നു. ഈശോ എന്നാല്‍ രക്ഷകന്‍. മിശിഹാ എന്നാല്‍ അഭിഷിക്തന്‍. രക്ഷകനായ അഭിഷിക്തന്‍ അല്ലെങ്കില്‍ അഭിഷിക്തനായ രക്ഷകന്‍. ഈശോമിശിഹായുടെ ലത്തീന്‍ രൂപമായ ‘യേസൂസ് ക്രിസ്തൂസ്’ എന്ന പദത്തില്‍ നിന്നാണ് ഇംഗ്ലീഷില്‍ ‘ജീസസ് ക്രൈസ്റ്റ്’ എന്ന പദമുണ്ടായത്. മലയാളത്തില്‍ അതു ‘യേശു ക്രിസ്തു’ ആയി. യേശുക്രിസ്തുവിനെ കര്‍ത്താവ് എന്നും വിളിക്കുന്നു. പഴയനിയമത്തില്‍ ‘യഹോവ’ എന്ന നാമത്തിനു തുല്യമായി കര്‍ത്താവ് എന്ന പദപ്രയോഗമുണ്ട്. സാഹിത്യദര്‍ശനത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ പക്ഷേ, ഇത്തരത്തില്‍ വേദശാസ്ത്ര സങ്കീര്‍ണതകളൊന്നുമില്ല. എല്ലാ നാമത്തിലും ദൈവത്വത്തിന്റെ മഹത്ത്വം അടങ്ങിയിരിക്കുന്നു. എന്നാല്‍ എഴുത്തുകാര്‍ ഓരോ ബിംബവും തിരിച്ചറിഞ്ഞെങ്കില്‍ മാത്രമേ അവരുടെ രചനകള്‍ക്ക് അര്‍ത്ഥവും ആഴവും ലഭിക്കുകയുള്ളൂ.
എന്നാല്‍ ബൈബിള്‍ ആവിഷ്‌ക്കരിക്കുന്ന ഒരു ദൈവദര്‍ശനമുണ്ട്. അതു മനുഷ്യനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ബൈബിളിലെ സാഹിത്യദര്‍ശനം ഒരു തരത്തില്‍ മനുഷ്യദര്‍ശനം തന്നെയാണ്. മനുഷ്യന്റെ ആസ്തിക്യബോധവുമായി അതു ബന്ധപ്പെട്ടിരിക്കുന്നു. ബൈബിളിനെ പുസ്തകങ്ങളുടെ പുസ്തകം എന്നാണ് വിശേഷിപ്പിക്കുന്നത്. ക്രിസ്തുവിനു മുമ്പ് ഇസ്രായേല്‍ ജനതയുടെ ഇടയില്‍ രൂപംകൊണ്ട പഴയനിയമം ദൈവ-മനുഷ്യ ബന്ധത്തിന്റെ പഴയ ഉടമ്പടിയും ക്രിസ്തുവിനുശേഷം രൂപംകൊണ്ട പുതിയനിയമം മനുഷ്യനു രക്ഷകനായ യേശുക്രിസ്തുവുമായുള്ള പുതിയ ഉടമ്പടിയും അവതരിപ്പിക്കുന്നു.
വിശുദ്ധ യോഹന്നാനുണ്ടായ ഒരു വെളിപാടിനെപ്പറ്റി ബൈബിളില്‍ പുതിയനിയമത്തിലെ വെളിപാട് പുസ്തകത്തിന്റെ പത്താം അധ്യായത്തില്‍ വര്‍ണിക്കുന്നുണ്ട്. ബൈബിള്‍ അവതരിപ്പിക്കുന്ന സാഹിത്യദര്‍ശനത്തിന്റെ പൊരുള്‍ അതില്‍ കാണാം. അത് ആദ്യം മധുരിക്കും, പിന്നെ കയ്പിക്കും. വെളിപാട് പുസ്തകത്തില്‍ നിന്ന്:
”ഞാന്‍ സ്വര്‍ഗത്തില്‍ നിന്നു കേട്ട ശബ്ദം പിന്നെയും എന്നോടു സംസാരിച്ചു: നീ ചെന്നു സമുദ്രത്തിന്മേലും ഭൂമിമേലും നില്‍ക്കുന്ന ദൂതന്റെ കൈയില്‍ തുറന്നിരിക്കുന്ന പുസ്തകം വാങ്ങുക എന്ന് കല്പിച്ചു. ഞാന്‍ ദൂതന്റെ അടുക്കല്‍ ചെന്ന് ആ ചെറുപുസ്തകം തരുവാന്‍ പറഞ്ഞു. അവന്‍ എന്നോട്: നീ ഇതു വാങ്ങിതിന്നുക; അതു നിന്റെ വയറ്റിനെ കയ്പിക്കും എങ്കിലും വായില്‍ തേന്‍ പോലെ മധുരിക്കും എന്ന് പറഞ്ഞു. ഞാന്‍ ദൂതന്റെ കൈയില്‍നിന്ന് ചെറുപുസ്തകം വാങ്ങി തിന്നു; അതു എന്റെ വായില്‍ തേന്‍പോലെ മധുരമായിരുന്നു; തിന്നു കഴിഞ്ഞപ്പോള്‍ എന്റെ വയറു കയ്ച്ചുപോയി. അവന്‍ എന്നോട്: നീ ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ചു പ്രവചിക്കേണ്ടി വരും എന്നു പറഞ്ഞു”.
യോഹന്നാനുണ്ടായ ഈ വെളിപാടിന്റെ വേദശാസ്ത്രപരമായ തലങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. എന്നാല്‍ ഇതിലൊരു ദര്‍ശനം അടങ്ങിയിരിക്കുന്നു. തുറന്നിരിക്കുന്ന പുസ്തകം വാങ്ങാനാണ് വെളിപാടുണ്ടായത്. ദൈവത്തിന്റെ രഹസ്യമാണ് അതിന്റെ ഉള്ളടക്കം. അതായതു, എഴുത്തുകാരന്‍ ദൈവത്തിന്റെ രഹസ്യമാണ് വായനക്കാര്‍ക്കു പകര്‍ന്നുകൊടുക്കുന്നത്. സ്വര്‍ഗത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഈ രഹസ്യം ദൈവം പ്രവാചകന്മാര്‍ക്കാണ് വെളിപ്പെടുത്തിക്കൊടുക്കുന്നത്. ഇവിടെ ദൂതന്റെ പക്കല്‍നിന്നു പുസ്തകം വാങ്ങി ഭക്ഷിക്കുവാനാണ് യോഹന്നാനു ലഭിച്ച നിര്‍ദേശം. ഈ വചനം വായ്ക്കു മധുരവും വയറിനു കയ്പുമാണ്. അതിനാല്‍ ഈ പുസ്തകത്തിന്റെ ഉള്ളടക്കം വായനക്കാരന്‍ ഉള്‍ക്കൊണ്ടു കഴിയുമ്പോള്‍ ആദ്യം മധുരവും പിന്നെ കയ്പും ഉണ്ടാകുന്നു.