എട്ടുകാലുകളും എട്ടു കണ്ണുകളും ചിലന്തികളുടെ അത്ഭുതലോകം ഗവേഷകരുടെ നോട്ടത്തില്‍ – ഡോ. പി.എ. സെബാസ്റ്റ്യന്‍, ഡോ.എം.ജെ. മാത്യു/ഡോ.കെ. ബാബു ജോസഫ്
ഇന്ത്യന്‍ ചിലന്തി ഗവേഷണരംഗത്ത്, അഭിനന്ദനാര്‍ഹമായ നേട്ടങ്ങളാണ് തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ അരക്‌നോളജി വിഭാഗം കൈവരിച്ചത്. ഇന്ത്യന്‍ ചിലന്തികളുടെ ശാസ്ത്രീയവര്‍ഗീകരണത്തിലെ പിഴവുകള്‍ പരിഹരിക്കുന്നതിനുള്ള ഗവേഷണത്തോടൊപ്പം മോര്‍ഫോളജിക്കല്‍ പഠനങ്ങള്‍, ബിഹേവിയറല്‍ പഠനങ്ങള്‍ തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഒരു സംയോജിത സമീപനം രാജ്യത്താദ്യമായി ചിലന്തി പഠനത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണിവര്‍.
കോളജിലെ ജന്തുശാസ്ത്രവിഭാഗം മുന്‍മേധാവിയും അരക്‌നോളജിയില്‍ ഇന്ത്യയിലെ മുതിര്‍ന്ന ഗവേഷകനുമായ ഡോ.പി.എ. സെബാസ്റ്റ്യനും, അദ്ദേഹത്തിന്റെ ശിഷ്യനും സഹഗവേഷകനും ജന്തുശാസ്ത്രവിഭാഗത്തിന്റെ ഇപ്പോഴത്തെ മേധാവിയും ആയ ഡോ.എം.ജെ. മാത്യുവും തങ്ങളുടെ ഗവേഷണ നേട്ടങ്ങള്‍ പങ്കുവയ്ക്കുന്നു.
ജോസഫ്: പൊതുജനത്തിന് ജീവശാസ്ത്രത്തില്‍ പൊതുവേ വലിയ താല്പര്യമോ അറിവോ ഇല്ല. അതിന് പല കാരണങ്ങള്‍ കാണും. അവര്‍ക്ക് ജീവശാസ്ത്രമെന്നാല്‍ മെഡിസിന്‍ ആണ്. മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദം തുടങ്ങിയ വിജ്ഞാനശാഖകളെക്കുറിച്ച് ആളുകള്‍ക്ക് ധാരണയുണ്ട്. എന്നാല്‍, ജന്തുശാസ്ത്രം, സസ്യശാസ്ത്രം തുടങ്ങിയ ജീവശാസ്ത്രശാഖകളെക്കുറിച്ച് ജിജ്ഞാസപോലുമില്ല! മൊത്തത്തില്‍ ഒരജ്ഞതയുണ്ട്. പിന്നെ, മറ്റൊരു കാരണമെന്നെനിക്ക് തോന്നുന്നത്, പരിണാമം, ഡാര്‍വിന്‍ എന്നൊക്കെ കേട്ടാല്‍ പൊട്ടിത്തെറിക്കുന്ന ചില ആളുകള്‍ ഇപ്പോഴുമുണ്ട് എന്നതാണ്. ഞാന്‍ കോളജില്‍ പഠിച്ചിരുന്ന കാലത്ത് ചില ജീവശാസ്ത്രാദ്ധ്യാപകന്‍ പരിണാമസിദ്ധാന്തം ശരിയല്ലെന്ന് പറയുമായിരുന്നു. നിങ്ങളതിലൊന്നും വിശ്വസിക്കരുതെന്ന് ഞങ്ങളെ ഉപദേശിക്കും. ഇപ്പോള്‍ ആ കാലമൊക്കെ പോയി. പിന്നീട് ജീവശാസ്ത്രത്തില്‍ കുറെയൊക്കെ താല്പര്യംവന്നു. പണ്ട്, പെണ്‍കുട്ടികളാണ് ജന്തുശാസ്ത്രവും സസ്യശാസ്ത്രവുമൊക്കെ പഠിക്കുന്നതില്‍ താല്പര്യം കാണിച്ചിരുന്നത്. ബയോടെക്‌നോളജി, പരിസ്ഥിതി ശാസ്ത്രം, ജനിതകം തുടങ്ങിയ വിജ്ഞാനമേഖലകള്‍ പ്രസക്തി ആര്‍ജിച്ചതോടെ, ജീവശാസ്ത്രത്തില്‍ കൂടുതല്‍ പേര്‍ താല്പര്യം കാണിക്കുന്നുണ്ടെന്ന് വേണം കരുതാന്‍. ജന്തുശാസ്ത്രവകുപ്പ് കോളജില്‍ ആരംഭിച്ചത് എപ്പോഴാണ്?
മാത്യു: 1952-ലാണ്. ഫാ. ഗബ്രിയേലിന്റെ നേതൃത്വത്തിലാണ് ഇതാരംഭിക്കുന്നത്. അദ്ദേഹംതന്നെ തുടങ്ങിവച്ച ജന്തുശാസ്ത്രമ്യൂസിയം ഉണ്ട്. ആന, തിമിംഗലം എന്നിവ പോലുള്ള വലിയ ജീവികളുടെവരെ അസ്ഥിക്കൂടങ്ങള്‍ അവിടെ ഉണ്ട്. കാലങ്ങളായി, വളരെ ഉന്നതനിലവാരം പുലര്‍ത്തിവരുന്ന ഒരു വകുപ്പാണിത്. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച ഗബ്രിയേലച്ചന്‍ 102-ാം വയസ്സില്‍, 2017-ല്‍ നിര്യാതനായി.
ജോസഫ്: നിങ്ങളുടെ ഗവേഷണ മികവിന്റെ അംഗീകാരമായി ഈയിടെ നിങ്ങള്‍ക്ക് 60 ലക്ഷം രൂപയുടെയോ മറ്റോ ഒരു പ്രോജക്ട് കിട്ടിയെന്ന് പത്രങ്ങളില്‍ വായിച്ചിരുന്നു. എന്താണത്?
സെബാസ്റ്റ്യന്‍: 2017-ല്‍ കിട്ടിയതാണ്. 1998 മുതല്‍ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ട്. സ്റ്റേറ്റിന്റെ കൂടാതെ, ഡി.എസ്.ടിയുടെയും ഐ.സി.എ.ആറിന്റെയും പ്രോജക്ടുകള്‍ കിട്ടിയിട്ടുണ്ട്. ഒരു പ്രൈവറ്റ് കോളജിന് ഐ.സി.എ.ആര്‍. സാധാരണ ഫണ്ട് കൊടുക്കാറില്ല. കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഫണ്ടുണ്ട്. എല്ലാംകൂടി രണ്ടു കോടി രൂപയുടെ പ്രോജക്ട് ഫണ്ടിംഗ് ഉണ്ട് നിലവില്‍. 60 ലക്ഷം കിട്ടിയത് സ്യൂഡോസ്‌കോര്‍പ്പിയോണുകളെപ്പറ്റിയുള്ള ഗവേഷണത്തിനാണ്. ഈ ജീവികളെക്കുറിച്ചുള്ള ഗവേഷണം ഇന്ത്യയിലെതന്നെ ആദ്യത്തേതാണ്. തേളിന്റെ ചെറിയ പതിപ്പാണിവ. 80 കളില്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ ലയോള കോളജിലോ മറ്റോ ആണ് അവസാനമായി ഇതിനേക്കുറിച്ച് പഠിച്ചിട്ടുള്ളത്. 2019-ല്‍ ഡി.എസ്.ടിയുടെ എഫ്.ഐ.എസ്.ടി. ധനസഹായം – ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനുവേണ്ടിയുള്ള പദ്ധതി – ലഭിച്ചു. ഈ തുക -ഒരു കോടി പത്തുലക്ഷം രൂപ- കോളജിലെ എല്ലാ ശാസ്ത്രവകുപ്പുകള്‍ക്കും കൂടിയുള്ളതാണ്.
ജോസഫ്: കോളജിലെ നിങ്ങളുള്‍പ്പെട്ട ജന്തുശാസ്ത്രവകുപ്പ് പുതിയ ചിലന്തി സ്പീഷീസിനെ വല്ലതും കണ്ടുപിടിച്ചിട്ടുണ്ടോ?
മാത്യു: അമ്പതിലധികമെണ്ണത്തെ കണ്ടെത്തിയിട്ടുണ്ട്. ഇവയെക്കുറിച്ച് ധാരാളം പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജോസഫ്: മൊത്തം എത്ര ചിലന്തി സ്പീഷീസുണ്ട്?
സെബാസ്റ്റ്യന്‍: ലോകത്ത് നിലവില്‍ 48,334 ഇനം ചിലന്തികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍, ഇതില്‍ 66 എണ്ണം ഈ കോളജിന്റെ കണ്ടെത്തലാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലാണ് ഇവയെ കണ്ടെത്തിയത്. പശ്ചിമഘട്ടനിരകളില്‍ പ്രധാനമായും. കന്യാകുമാരി മുതല്‍ ഗുജറാത്ത് വരെയുള്ള സ്ഥലങ്ങളില്‍ പഠനം നടത്തിയിട്ടുണ്ട്.
1996-ലാണ് ചിലന്തി ഗവേഷണം ഗൗരവമായി ആരംഭിക്കുന്നത്. എന്റെ പി.എച്ച്.ഡി. ഗുജറാത്തില്‍ നിന്നായിരുന്നു. ചിലന്തികളായിരുന്നു ഗവേഷണ വിഷയം.
മാത്യു: ഞാന്‍ ജോലി ചെയ്തത് ഇവിടെത്തന്നെയാണ്. ഡെറാഡൂണിലെ ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡോക്ടറേറ്റ്. ആസ്‌ട്രേലിയയിലെ പേര്‍ത്തിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ആസ്‌ട്രേലിയയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം.
സെബാസ്റ്റ്യന്‍: ഞാനും കെ.വി. പീറ്ററും കൂടി സ്‌പൈഡേഴ്‌സ് ഓഫ് ഇന്ത്യ എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജോസഫ്: പിന്നെ, ബയോളജി ഓഫ് സ്‌പൈഡേഴ്‌സ് എന്നൊരു പുസ്തകമില്ലേ?
മാത്യു: ഞമശിലൃ എീലഹശഃന്റെ. അതാണ് സ്റ്റാന്റേര്‍ഡ് ടെക്സ്റ്റുബുക്കായി കരുതപ്പെടുന്നത്.
ജോസഫ്: ചിലന്തികളുടെ പൊതുവിലുള്ള ജീവശാസ്ത്രപരമായ വിഭജനം എങ്ങനെ?
മാത്യു: ഫൈലം – ആര്‍ത്രോപ്പോഡ്; ക്ലാസ് – അരക്‌നിഡ; ഓര്‍ഡര്‍ – അരനിഡേ. ചിലന്തി ഇനങ്ങള്‍ക്കിടയില്‍ വലിപ്പ വ്യത്യാസങ്ങളുണ്ട്.
ജോസഫ്: ജൈവപരിണാമത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഉത്ഭവിച്ച മൃഗങ്ങളൊക്കെ താരതമ്യേന വലുതാണല്ലോ. പിന്നീട് ചെറുതായി വരുന്നുവെന്ന് കാണാം. പണ്ടത്തെ ദിനോസറുകള്‍ ഇപ്പോഴില്ലല്ലോ. അടുത്ത് കണ്ടെത്തിയ ഒരു തത്തയുടെ ഫോസില്‍ വളരെ വലിയ ഒരു ജീവിയെയാണല്ലോ സൂചിപ്പിക്കുന്നത്. എന്തുകൊണ്ടാവാം, വലിപ്പത്തിലുള്ള ഈ വ്യത്യാസം?
മാത്യു: മിക്കവാറും, ഭക്ഷണത്തിന്റെ ലഭ്യതയനുസരിച്ച് അനുരൂപണം ചെയ്യുന്നതാവാം. ആദ്യമൊക്കെ ഭക്ഷണം സമൃദ്ധമായിരുന്നു. പിന്നീട്, മത്സരം വന്നപ്പോള്‍ ലഭ്യത കുറയുന്നു. അതനുസരിച്ച് ജീവികള്‍ അനുരൂപണം ചെയ്തതാവാനേ വഴിയുള്ളൂ.
സെബാസ്റ്റ്യന്‍: കടുവച്ചിലന്തിയെന്ന് വിളിക്കുന്ന ടൈഗര്‍ സ്‌പൈഡര്‍, ടറന്റുല തുടങ്ങിയവ വലിപ്പമുള്ള ഇനങ്ങളാണ്. കടുവച്ചിലന്തിയുടെ കാലിന്റെ താഴെ ഭാഗത്ത് കടുവയുടേതുപോലെ, വര്‍ണവരകള്‍ കാണാം. ചില വിദേശരാജ്യങ്ങളില്‍ ഇവയെ പെറ്റായി വളര്‍ത്താറുണ്ട്.
മാത്യു: സാധാരണ കൈപ്പത്തിയോളം വരും.