നര്‍മം – ഒരു ദാര്‍ശനിക വിചിന്തനം – ജോണ്‍സണ്‍ പുത്തന്‍പുരയ്ക്കല്‍
മനുഷ്യന്റെ സവിശേഷമായ ഒരു സ്വഭാവമാണ് നര്‍മബോധം. സംസ്‌കാരികവും വംശീയവും മതപരവും ലിംഗപരവുമായ എല്ലാ വേലിക്കെട്ടുകളെയും അതിജീവിക്കുന്ന ഒന്നാണത്. ആശയപരമായ കൃത്യതയ്ക്കും സിദ്ധാന്തപരമായ താല്പര്യങ്ങള്‍ക്കും പിടികൊടുക്കാതെ തെന്നിമാറുന്ന ഒരു സ്വഭാവം അതിനുണ്ട്.
ചിരിയുമായി ബന്ധപ്പെട്ട നര്‍മത്തെ സൗന്ദര്യപരമായ ഒരു സവിശേഷവികാരമായി കണക്കാക്കിയിട്ടുണ്ട്. നര്‍മത്തിന് ചിരിയുമായി എപ്പോഴും ബന്ധം വേണമെന്ന നിര്‍ബന്ധമില്ല. അത്ഭുതമെന്നു പറയട്ടെ, അരിസ്‌റ്റോട്ടില്‍ ചിരിയുണര്‍ത്തുന്നവയെ, വിലക്ഷണതയുടെ അല്ലെങ്കില്‍ വൈരൂപ്യത്തിന്റെ ഒരു ഉപഗണമായിട്ടാണ് കണക്കാക്കിയത്. ആധുനിക ചിന്താപദ്ധതിയും ശൈലിയുമെല്ലാം ദ്വന്ദ്വചിന്തയ്ക്കതീതമായതിനാല്‍
കേവലം വികാരത്തെ തൊട്ടുണര്‍ത്തുക മാത്രമല്ല നര്‍മത്തിന്റെ ലക്ഷ്യം. കൂടുതല്‍ സഭ്യവും സൂക്ഷ്മവുമായ സങ്കല്പവും സങ്കേതവും നര്‍മത്തിനുണ്ട്. കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹത്തിന്റെയും കോപത്തിന്റെയും വികാരങ്ങളുടെ അനുഭവജ്ഞാനമുണ്ട്. പക്ഷേ, അവര്‍ക്ക് നര്‍മബോധമുള്ളവരായി പ്രതികരിക്കാന്‍ സാധിക്കുന്നില്ല. അമൂര്‍ത്തമായ ചിന്താതലങ്ങളില്‍ അവര്‍ എത്തിച്ചേര്ന്നിട്ടില്ലായെന്
പതിവായിക്കാണുന്ന നര്‍മം നിറഞ്ഞ സാഹചര്യങ്ങളില്‍ നിന്ന് നര്‍മത്തിന്റെ അടിസ്ഥാന സ്വഭാവസവിശേഷതകള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഏതു സംഭവത്തിന്റെയും സാധാരണരീതിയില്‍ നിന്നുള്ള വ്യതിയാനം നര്‍മം നിറഞ്ഞ സാഹചര്യമായിത്തീരുന്നു. ഉദാ. അസാധാരണമായ വസ്ത്രധാരണം. തീര്‍ത്തും വ്യത്യസ്തമായ ഭക്ഷണരീതി. പ്രത്യേകശൈലിയിലുള്ള നടത്തം. പൊതുവെ അംഗീകരിക്കപ്പെട്ട പെരുമാറ്റ രീതിയില്‍ നിന്നുള്ള ചില വ്യക്തികളുടെ വ്യതിചലനം എന്നിവ മറ്റുള്ളവരില്‍ നര്‍മവും ചിരിയും ഉണര്‍ത്താന്‍ പോന്നവയാണ്. അമിതഭക്ഷണം കഴിക്കുന്ന ശാപ്പാട്ടുരാമന്‍മാരും റപ്പായിമാരും അതുപോലെ ചില അറുപിശുക്കന്മാരും നമ്മില്‍ ചിരിയുണര്‍ത്തും. പൊതുസ്ഥലത്ത് ഒരാള്‍ തെന്നിവീഴുകയാണെങ്കിലും ആദ്യം ഒരു ചിരിയാണ് അതു നമ്മിലുണ്ടാക്കുക. ചെറിയ തോതിലുള്ള അപകടമാണെന്നതൊക്കെ രണ്ടാമതു വരുന്ന കാര്യം. കഴിവില്ലായ്മയുടെ പ്രകടനം ആരിലും ചിരിയുണര്‍ത്താന്‍ പോന്നതാണ്. ഉദാ. സര്‍ക്കസിലെ കായികാഭ്യാസിയെ അനുകരിക്കാന്‍ ശ്രമിക്കുകയും അതില്‍ പരാജയപ്പെടുകയും ചെയ്യുന്ന കോമാളി. ശകാരത്തിന്റെയും അപമാനത്തിന്റെ മൂടുപടമണിഞ്ഞ വാക്കും പ്രവൃത്തിയും നര്‍മം സമ്മാനിക്കാം.
പ്രാതിഭാസികമായ (Phenomenological) പരിചിന്തനങ്ങള്‍
നര്‍മം നിഷ്‌ക്രിയമായി സ്വീകരിക്കപ്പെടാന്‍ വേണ്ടി തയ്യാര്‍ ചെയ്തിട്ടുള്ള ഒന്നല്ല. ഫലിതം നിറഞ്ഞതായി സ്വീകരിക്കപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നവയാണ് നര്‍മമായിത്തീരുക. ഇത് ഒരു സംഭാഷണശകലത്തിന്റെയോ, സംഭവത്തിന്റെയോ, വ്യക്തിയുടെയോ, ഫലിതം അടങ്ങിയ അവതരണവും അതിലെ നര്‍മം കണ്ടെത്തുന്ന, ആസ്വദിക്കുന്ന ആളുകളുടെ പ്രതികരണവും വഴിയാണ് സൃഷ്ടിക്കപ്പെടുക.
നര്‍മത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്, അതിന്റെ സാധ്യതയും അസാധ്യതയും, കഴിവും കഴിവില്ലായ്മയും, പ്രതീക്ഷിക്കുന്നതും പ്രതീക്ഷിക്കാത്തതും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം (interplay) അതിശയോക്തിയുടെ ഒരു ഘടകം നര്‍മത്തിലുണ്ട്. സാധ്യമെന്ന് തോന്നത്തക്കവിധം അസാധ്യതയെ അതിശയോക്തിപരമായി അവതരിപ്പിക്കുകയും, പെട്ടെന്നുതന്നെ അത് ഒരു സാധ്യതയായി രംഗത്തു പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. അസാധ്യമായതിനെ അതിശയോക്തിപരമായി അവതരിപ്പിക്കുന്നതുകൊണ്ടു മാത്രം നര്‍മം സൃഷ്ടിക്കപ്പെടുന്നില്ല. സാധ്യതയും അസാധ്യതയും ഒന്നിച്ചു വരേണ്ടതുണ്ട്.
ഇമ്മാനുവല്‍ കാന്റിന്റെ അഭിപ്രായത്തില്‍ നര്‍മം എന്നത്, പ്രതീക്ഷയുടെ ഒരു തിങ്ങല്‍ ഇല്ലായ്മയിലേക്ക് പെട്ടെന്ന് നിപതിച്ച് അവസാനിക്കുന്നതാണ്. പ്രതീക്ഷിക്കുന്ന ഭാവി ഫലത്തിനുപകരമായി തീരെ പ്രതീക്ഷിക്കാത്ത ഒന്ന് സംഭവിക്കുന്നു. അന്ധനായ ഒരു യാചകനോട് ഒരു ഗുണകാംക്ഷി അന്ധതയ്ക്ക് തെളിവു ചോദിക്കുന്നു. ഒരു മരത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അന്ധനായ യാചകന്‍ ഗുണകാംക്ഷിയോട് ചോദിക്കുന്നു. ‘ആ നില്ക്കുന്ന മരം നിങ്ങള്‍ക്കു കാണാന്‍ സാധിക്കുന്നുണ്ടോ?’ ‘ഉണ്ട്’ ഗുണകാംക്ഷിയുടെ ഉത്തരം. ‘എന്നാല്‍, ആ മരം എനിക്കു കാണാന്‍ കഴിയുന്നില്ല’ അന്ധന്റെ പ്രതികരണം. ഈ സംഭാഷണത്തില്‍ നര്‍മം ഉണ്ട്. അന്ധതയ്ക്കുള്ള തെളിവു പ്രതീക്ഷിച്ചിരിക്കുന്ന അവസരത്തില്‍ കാഴ്ചശക്തിക്കുള്ള തെളിവാണ് ലഭ്യമാകുന്നത്. പ്രതീക്ഷ ഉണര്‍ത്തിവിട്ട അവസരത്തില്‍ അപ്രതീക്ഷിതമായി പ്രതീക്ഷിക്കാത്തത് സംഭവിക്കുന്നു.
നര്‍മത്തിന്റെ ഈ വിശദീകരണം കൂടുതല്‍ വിപുലീകരിക്കാന്‍ സാധിക്കും. അറിവിന്റെയും അബദ്ധത്തിന്റെയും, പതിവിന്റെയും അപൂര്‍വമായതിന്റെയും, യുക്തിയുടെയും അയുക്തിയുടെയും പരസ്പരമേളനം (interplay) നര്‍മത്തില്‍ കണ്ടെത്താനാവും. സത്യത്തിനും യുക്തിക്കും നിരക്കുന്നതാണ് ചില വസ്തുതകള്‍ എന്ന് ആദ്യം നമ്മെ ബോധ്യപ്പെടുത്തുന്നു. അതിനുള്ള ഏതാനും തെളിവുകളും നമുക്ക് നല്കുന്നു. പിന്നീട് ലഭിക്കുന്ന സൂചനകളെല്ലാംതന്നെ നമ്മുടെ ചിന്താപദ്ധതിയുടെ നിരര്‍ത്ഥകതയും അയുക്തികതയും നമ്മെ ബോധ്യപ്പെടുത്തി നമ്മെ നിരാശരാക്കുന്നു. നര്‍മം എന്നത് യുക്തിയുടെ ഒരു കീഴ്‌മേല്‍ മറിച്ചിലാണ്. ബുദ്ധി എന്നത് മൗഢ്യമായി ഭവിക്കുന്നു.