ഓര്‍മകളൊക്കെ കിനാക്കളാകും – സി.ആര്‍ ഓമനക്കുട്ടന്‍

ഓര്‍മകളൊക്കെ കിനാക്കളാകും – സി.ആര്‍ ഓമനക്കുട്ടന്‍

കുഞ്ഞുന്നാളിലേ എന്റെ തൊട്ടയല്‍വാസികളായിരുന്നു മൂന്നു ചിത്രകാരന്മാര്‍. തെക്കും കിഴക്കും പടിഞ്ഞാറും വീടുകളിലെ ആ മൂന്ന് ചേട്ടന്മാരേയും അവരുടെ വരകളേയും കണ്ടു രസിച്ച് വളര്‍ന്നു. വലുതായിക്കഴിഞ്ഞപ്പോഴാണ് ആ വരകളുടെ വലുപ്പം തിരിച്ചറിഞ്ഞത്. വരകാരന്മാരുടേയും.


കെ.എസ്. പിള്ള, അരവിന്ദന്‍, ശങ്കരന്‍കുട്ടി – മൂവരും പ്രതിഭകളായിരുന്നു, വ്യത്യസ്ത വ്യക്തിത്വങ്ങളായിരുന്നു, എന്നെ സ്‌നേഹിച്ചു താലോലിച്ച കലാഹൃദയങ്ങള്‍ ആയിരുന്നു.


പിള്ളസാറായിരുന്നു മൂത്തയാള്‍. അന്നേ പ്രസിദ്ധനായ രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റ്. സത്യത്തില്‍ ചരിത്രാധ്യാപകന്റെ പണിയാണ് കാര്‍ട്ടൂണുകളിലൂടെ അദ്ദേഹം ചെയ്തത്. ‘ദേശബന്ധു’ പത്രത്തിന്റെ ഒന്നാംപേജില്‍ കെ.എസ്.പിള്ള വരച്ച കാര്‍ട്ടൂണുകള്‍ തിരുവിതാംകൂറിന്റേയും തിരു-കൊച്ചിയുടേയും കേരളത്തിന്റേയും ചരിത്രരചനകളായി.


പട്ടംതാണുപിള്ള, സി. കേശവന്‍, ടി.എം. വര്‍ഗീസ് എന്ന ത്രിമൂര്‍ത്തികളെ ഞാന്‍ അടുത്തു കണ്ടിട്ടില്ല. പക്ഷേ, രൂപഭാവങ്ങള്‍ കാണാപ്പാഠം. പറവൂര്‍ ടി.കെ. നാരായണപിള്ളയേയും കുമ്പളത്ത് ശങ്കുപ്പിള്ളയേയും പി.റ്റി. ചാക്കോയേയും എ.ജെ. ജോണിനേയുമൊക്കെ പിള്ളസാര്‍ ആത്മസുഹൃത്തുക്കളാക്കി മാറ്റിത്തന്നു.


‘ദേശബന്ധു’വും ‘കേരളഭൂഷണ’വും അവയുടെ ഉടമകളായിരുന്ന കെ.എന്‍. ശങ്കുണ്ണിപ്പിള്ളയും എ.വി. ജോര്‍ജും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. രണ്ടുപേരും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായി സ്വന്തം പത്രങ്ങളില്‍ പ്രത്യക്ഷപ്പെടും. എന്റെ അയല്‍വാസികളായിരുന്നല്ലോ അവരും. കാര്‍ട്ടൂണില്‍ അവര്‍ വരുമ്പോള്‍ ഞങ്ങള്‍ ഏറെ ആനന്ദിച്ചു.


വെള്ളഷര്‍ട്ടും ഒറ്റമുണ്ടുമായിരുന്നു കെ.എസ്. പിള്ളയുടെ വേഷം. ‘സരസന്‍’ വിനോദമാസികയുടെ മുഖചിത്രം ഇരുനിറത്തില്‍ പിള്ളസാര്‍ വരയ്ക്കും. ചങ്ങനാശ്ശേരിയില്‍ നിന്നായിരുന്നു ‘സരസന്‍’ മാസിക. നല്ല പ്രചാരം. പിള്ളസാറിന്റെ കാര്‍ട്ടൂണുകളായിരുന്നു സരസന്റെ ജീവന്‍.


കെ.എസ്. പിള്ള പത്തിരുപത്തഞ്ചു കൊല്ലം എന്റെ അയല്‍ക്കാരന്‍. അദ്ദേഹം ഞങ്ങള്‍ പിള്ളേര്‍ക്ക് ഒത്തിരി ഇഷ്ടംതന്നു. വരകളിലൂടെ പലതും പഠിപ്പിച്ചുതന്നു. ഇപ്പോഴും അദ്ദേഹത്തെ ഓര്‍ക്കുമ്പോള്‍ മനസ്സ് നിറയും. ഓര്‍മകളില്‍ ഞാന്‍ നമിക്കുന്നു.


കെ.എസ്. പിള്ള കോട്ടയത്ത്തന്നെ കൂടി. ദില്ലിക്കോ മറ്റോ പോയിരുന്നെങ്കില്‍ മറ്റൊരു ‘ശങ്കര്‍’ ആയേനേ. അതിനൊരുങ്ങിയില്ല. ഞങ്ങളുടെ ഒക്കെ ഭാഗ്യം. അദ്ദേഹം ഞങ്ങളുടെ ഇടയില്‍ ജീവിച്ചു, വരച്ചു, മരിച്ചു…


ഹാസ്യ സാഹിത്യകാരന്‍ കൂടിയായ അഡ്വ. എം.എന്‍. ഗോവിന്ദന്‍നായരായിരുന്നു പ്രിയങ്കരനായ മറ്റൊരു അയല്‍വാസി. വക്കീല്‍സാറിന്റെ മൂത്തമകന്‍ അരവിന്ദന്‍.


എന്നേക്കാള്‍ എട്ടുവയസ്സിനു മൂപ്പ് അരവിന്ദന്. ജീവിതത്തില്‍ ഞാനറിഞ്ഞ അതിസുന്ദരന്‍. എന്നും അരവിന്ദന്‍ എന്ന സുന്ദരന്‍ എന്നെ കൊതിപ്പിച്ചു. ഞാന്‍ ‘ഓമനക്കുട്ടി’ ആയിരുന്നെങ്കില്‍ അരവിന്ദനെ പ്രേമിച്ച് ചത്തേനേ.


വെള്ളനിക്കറും ഷര്‍ട്ടുമണിഞ്ഞ് നായര്‍സമാജം സ്‌കൂളില്‍ പോകുന്ന അരവിന്ദനെ എനിക്കോര്‍മയുണ്ട്. ഞങ്ങളുടെ അടുത്തുണ്ടായിരുന്ന ‘വിജയാ’ കൊട്ടകയില്‍ ദിവസവും ഞങ്ങള്‍ പടം കാണും. ത്യാഗരാജഭാഗവതരുടേയും ടി.ആര്‍. രാജകുമാരിയുടേയും അടിപൊളി തമിഴ് തകര്‍പ്പന്‍ പടങ്ങള്‍. പക്ഷേ, അതിനൊക്കെ മുന്‍പേ തുടക്കം ചാപ്ലിന്‍ ചിത്രങ്ങളുണ്ടാവും. ചാര്‍ലിചാപ്ലിന്റെ ഒറ്ററീല്‍ ചിത്രങ്ങള്‍, ഉജ്ജ്വല കലാശില്പങ്ങള്‍.