ചിരിയുടെ ചിലമ്പൊച്ചകള്‍ – നന്ദകിഷോര്‍
മലയാളത്തിന്റെ ഹാസ്യസാഹിത്യം ചരിത്രവും വര്‍ത്തമാനവും
ചിരിയൂട്ട് നടത്തിയിരുന്ന ഊട്ടുപുരകള്‍ കേരളത്തില്‍ ധാരാളമുണ്ടായിരുന്നു. ഇന്ന് അവ ഇല്ലെന്നില്ല. അവയില്‍ വിളമ്പുന്ന വിഭവങ്ങളുടെ സ്വാദിന് വ്യത്യാസം വന്നിട്ടുണ്ട്. കാലഗതിയില്‍ ഇതു തികച്ചും സ്വാഭാവികം. ചിരിയൂട്ട് മൂക്കറ്റം ആസ്വദിച്ചിരുന്ന മലയാളിയുടെ ചിരിയുടെ ചിലമ്പൊച്ച ദിഗന്തങ്ങളില്‍ മുഴങ്ങിയിരുന്നു. ആ മുഴക്കത്തിന് ഇന്ന് ഊനം തട്ടിയിട്ടുണ്ട്. അതിന്റെ കാരണങ്ങളിലേക്ക് ഇവിടെ പ്രവേശിക്കുന്നില്ല. മലയാളത്തിലെ ചിരിയൂട്ടുപുരകളില് വിളമ്പിയിരുന്ന ചില വിഭവങ്ങള്‍ ഒന്നു തൊട്ടുനക്കാന്‍ മാത്രമാണ് ഇവിടെ ശ്രമിക്കുന്നത്. ഇത് ടച്ചിങ്സിന്റെ കാലമാണല്ലോ. ഈ തൊട്ടുനക്കല്പോലും എളുപ്പമല്ല. ഹാസസാഹിത്യത്തെപ്പറ്റി ഉപന്യസിക്കാന്‍ പുറപ്പെട്ട സഞ്ജയന്, വിഷയം തന്റെ ഉള്ളിലല്ല, താന്‍ വിഷയത്തിന്റെ ഉള്ളിലാണെന്ന് ഞെട്ടലോടെ കണ്ടെത്തിയതുപോലെയാണ് കാര്യം. വിഷയത്തിന്റെ വൈപുല്യം അത്രയ്ക്കുണ്ട്.
മലയാളത്തിലെ ആദ്യകാലത്തെ ഹാസസാഹിത്യം ഏറെക്കുറെയും രംഗാവതരണത്തിനുവേണ്ടി എഴുതപ്പെട്ടതായിരുന്നു. കൂത്തായാലും തുള്ളലും പാഠകമായാലും നാടോടികലാരൂപങ്ങളായാലും അവിടെ വാചികരൂപത്തെ പരിശോധിക്കുന്ന ഒരാള്‍ക്ക് വാചികം പൂര്ണസാഫല്യമടയുന്നത് രംഗപ്രയോഗത്തോടെയാണെന്ന് കാണാം. അത്തരം സാഹിത്യം, വായിച്ചും രസിക്കാം; നാടകം വായിച്ചു രസിക്കുന്നതുപോലെ. പക്ഷേ, പ്രസ്തുത സാഹിത്യത്തിന്റെ സംവേദനം പൂര്‍ണമാകുന്നത് അരങ്ങിലാണെന്നേ വിവക്ഷയുള്ളൂ. കുഞ്ചന്‍നമ്പ്യാര്‍ക്കുശേഷം വരുന്ന മലയാളത്തിലെ ഹാസസാഹിത്യത്തിന് ഈ സ്വഭാവമില്ല. സഞ്ജയന്, ഈ.വി., വി.കെ.എന്‍., വേളൂര്‍ കൃഷ്ണന്‍കുട്ടി, ചെമ്മനം ചാക്കോ, ആനന്ദക്കുട്ടന്, സുകുമാര്‍ തുടങ്ങിയവരുടെ രചനകള്‍ പ്രധാനമായും വായിച്ചുരസിക്കാന്‍ വേണ്ടി എഴുതിയിട്ടുള്ളവയാണ്. ഇവരില്‍ ചിലര്‍ നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. അവയുടെ പൂര്‍ണത അരങ്ങില്‍തന്നെ എന്നുകാണാം.
”ശബ്ദസ്യ പരിണാമോƒയമിത്യാമ്നായവിദോവിദുഃ” എന്ന് വാക്യപദീയത്തില്‍ ഭര്‍തൃഹരി പറയുന്നു. ഈ ലോകം ശബ്ദത്തിന്റെ പരിണാമമാണെന്ന് വേദഞ്ജര് അറിയുന്നു എന്നര്‍ത്ഥം. ശബ്ദം എങ്ങനെയൊക്കെ പരിണമിക്കാം എന്നു ചിന്തിക്കുമ്പോള്‍ അത് എണ്ണമറ്റ ഭാവമുള്ക്കൊള്ളുന്നതായി പരിണമിക്കാം എന്നു കരുതാനേ വഴിയുള്ളൂ. അതിനാല്‍ ശബ്ദത്തിന്റെ അര്‍ത്ഥത്തെ ഭാവനയ്ക്കനുസരിച്ച് പുതിയ ഭാവതലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പ്രതിഭാശാലികള്‍ക്ക് സാധിക്കും.
ശബ്ദങ്ങളും വാക്യങ്ങളും ഉണ്ടാക്കുന്ന രൂഢമായ അര്‍ത്ഥബോധത്തെ മാറ്റിമറിച്ച് പുതിയ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഹാസസാഹിത്യ രചനയിലെ ഒരു രീതി. പ്രതിഭാശക്തിക്കനുസരിച്ച്, രചയിതാവ് രചനയില്‍ വ്യഞ്ജിപ്പിച്ചിരിക്കുന്ന നാനാര്‍ത്ഥങ്ങള്‍ കണ്ടെത്തി ആസ്വാദകര്‍ക്ക് അവ അനുഭവവേദ്യമാക്കുന്നതാണ് വാചികാഭിനയം എന്ന പ്രക്രിയ. ഭരതമുനിയുടെ അഭിപ്രായത്തില്‍ മറ്റഭിനയങ്ങള് – ആംഗികം, ആഹാര്യം, സാത്വികം – വാക്കിന്റെ അര്‍ത്ഥത്തെ വ്യഞ്ജിപ്പിക്കാനുള്ളതാണ്. വാക്കാണ് നാട്യത്തിന്റെ ശരീരം. മലയാളത്തിലെ പ്രാചീന ഹാസസാഹിത്യത്തില്‍ ഒറ്റവായനയില്‍ തന്നെ ചിരിക്കാവുന്നതും, ആലോചിച്ച് വ്യംഗ്യാര്‍ത്ഥം മനസ്സിലാക്കി ഊറിയൂറി ചിരിക്കാവുന്നതുമായ ഒട്ടേറെ രചനകള്‍ കാണാം.
ഹാസ്യത്തിന്റെ അപ്പസ്തോലനായ തോലന് ഈ ഏര്‍പ്പാടില്‍ ബഹുവിദഗ്ധനായിരുന്നു. ജോലിക്കാരി നെല്ലു മോഷ്ടിക്കാന്‍ പത്തായത്തില് കയറിയപ്പോള്‍ തോലന് അമ്മയോട് ഉറക്കെ വിളിച്ചുപറഞ്ഞത് ‘പനസി ദശായാം പാശി’ എന്നാണ്. പനസം എന്നാല്‍ ചക്ക. പനസി എന്നാല്‍ ചക്കി. ദശ എന്നാല്‍ പത്ത്. ദശായാം എന്നാല്‍ പത്തായത്തില്. പാശം എന്നാല്‍ കയറ്. പാശി എന്നാല്‍ കയറി. ബാല്യത്തില്‍ തന്നെ സംസ്കൃത വ്യാകരണത്തിന്റെ കടുത്ത പുറംതോട് തോലന് തകര്‍ത്തു. തോലന്റെ അമ്മയ്ക്ക് ചക്കി പത്തായത്തില് കയറി എന്ന് മനസ്സിലാകുകയും ചെയ്തു. രണ്ടുപേരുടേയും വേവ് ലങ്ങ്ത്ത് തുല്യമായിരുന്നു.
ഇതേ സങ്കേതം തന്നെയാണ് ശാന്തിക്കാരനെ പരിഹസിക്കുന്നതിനും ഉപയോഗിച്ചിട്ടുള്ളത്. പുരുഷാര്ത്ഥകൂത്തിലാണ് ഈ പ്രയോഗം. ശാന്തി എന്ന ശബ്ദത്തിന് ക്ഷേത്രത്തിലെ ശാന്തിക്കാരന് എന്നര്‍ത്ഥമുണ്ട്. അതിനു പുറമേ എല്ലാം ഇല്ലാതാക്കുന്നത് എന്നും അര്‍ത്ഥമുണ്ട്. രണ്ടാമത്തെ ഈ അര്‍ത്ഥം ഉപയോഗിച്ച് ശാന്തിക്കാരനെ ഇങ്ങനെ കളിയാക്കിയിരുന്നു. ശാന്തിക്കാരന് ശ്രീകോവിലിലെ വിളക്കിന് ശക്തിവരുത്തുന്ന ദീപം ഊതിക്കെടുത്തുന്നു. പഴം, നെയ്യ്, പായസം, ശര്‍ക്കര എന്നിങ്ങനെ ക്ഷേത്രാവശ്യത്തിനുള്ള വിഭവങ്ങളെക്കൊണ്ട് സ്വന്തം വിശപ്പിന് ശാന്തിവരുത്തുന്നു. അതും പോരാഞ്ഞ് ശാന്തിക്കാരന് സമീപത്തുള്ള കാണാന്‍ കൊള്ളാവുന്ന സ്ത്രീകളുടെ മദനാര്ത്തിക്ക് ശാന്തി വരുത്തുന്നു. കാലക്രമേണ ക്ഷേത്രത്തില്‍ ഈശ്വരന്റെ ശക്തിക്ക് ശാന്തിവരുന്നു. അതായത് ഈശ്വരശക്തി ഇല്ലാതാക്കുന്ന ശാന്തിക്കാരനെ ബഹുഭയമാണ് ദേവന്. ശാന്തിക്കാരന് ശ്രീലകത്ത് കടന്നാല്‍ ദേവന് ഓവിലൂടെ പുറത്തേക്ക് പോകുന്നു.