ചിരിയുടെ നാനാര്‍ത്ഥങ്ങള്‍ -കെ. പി. ഇമേഷ്

ചിരിയുടെ നാനാര്‍ത്ഥങ്ങള്‍ -കെ. പി. ഇമേഷ്

ചിരി മനുഷ്യജീവിതത്തില്‍ ചൊരിയുന്ന വെളിച്ചത്തിന്റെ തുള്ളികളാണ്. മറവിക്കെതിരെയുള്ള സ്‌നേഹത്തിന്റെ മുദ്രയുമാണത്. ചിരിയുടെ ആത്മീയഭാവങ്ങളെക്കുറിച്ച്.

”ചിരി ഒരു പുതിയ ചിരി ഉണര്‍ത്തുന്നു” എന്ന് ഒരു സെന്‍കവി പറഞ്ഞിട്ടുണ്ട്. മനുഷ്യന്റെ ഭാവപ്രകരണങ്ങളിലൊന്നാണ് ചിരി. മന്ദഹാസം മുതല്‍ പൊട്ടിച്ചിരി വരെ, ചെറുപുഞ്ചിരി മുതല്‍ അട്ടഹാസം വരെ നീളുന്ന ഒരു വലിയ റേയ്ഞ്ച് ചിരിക്ക് ഉണ്ട്.


ജീവിതത്തില്‍ ചിരി ഒരു ആയുധമായിത്തീരുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. അത് ഒരേസമയം സ്‌നേഹത്തിന്റെയും മനസ്സലിവിന്റെയും ആജ്ഞയുടെയും രൂപങ്ങളിലേക്കു കൂടുപറ്റുന്നു. കൈയില്‍ ഒരു പുഷ്പവുമായി പുഞ്ചിരിക്കുക എന്നത് സെന്‍ബുദ്ധിസത്തിലെ ഒരു പ്രയോഗമാണ്. ആത്മസാക്ഷാത്കാരത്തിന് ചിരിയെ ആയുധമാക്കിയത് സെന്‍ബുദ്ധിസമാണെന്നും, സെന്‍ബുദ്ധിസം ഫലിതത്തിനുള്ളിലെ ഫലിതമാണെന്നും കെ.പി.അപ്പന്‍ നിരീക്ഷിച്ചത് ഓര്‍മവരുന്നു. കുറുങ്കവിതകളില്‍ (Haiku) അല്ല, കോനുകൡലാണ് (Koan) ചിരിയുടെ മുകുളങ്ങളുള്ളത് എന്നു നാം തിരിച്ചറിയുന്നു. ബുദ്ധിസത്തില്‍നിന്ന് സെന്‍ബുദ്ധിസത്തിലേക്കുള്ള ഭാവാന്തരം സംഭവിച്ചതുതന്നെ ബുദ്ധമന്ദഹാസം മൂലമാണെന്നു തെളിയിക്കുന്ന ഒരു കഥ ഉണ്ട്:


ഗൃദ്ധ്രകൂടപര്‍വതത്തില്‍, ഗൗതമബുദ്ധന്‍ ശിഷ്യന്മാരുടെ ഇടയിലേക്ക് കടന്നുവന്നു. അദ്ദേഹത്തിന്റെ കൈയില്‍ ഒരു താമര ഉണ്ടായിരുന്നു. ആ കാഴ്ച ശിഷ്യരില്‍ വിവിധ ഭാവങ്ങളുണര്‍ത്തി. ചിലര്‍ ഭയന്നു, ചിലര്‍ വിസ്മയിച്ചു. പക്ഷേ, മഹാകാശ്യപന്‍ മാത്രം മന്ദഹസിച്ചു. ആ മന്ദഹാസം താമരപ്പൂവില്‍ സമ്പൂര്‍ണമായി. കാശ്യപനു താമരപ്പൂ നല്‍കിക്കൊണ്ട് ബുദ്ധന്‍ പറഞ്ഞു: ”വാക്കുകള്‍കൊണ്ടു പറയാവുന്നതെല്ലാം ഞാന്‍ ഇതിനകം നിങ്ങളോടു പറഞ്ഞുകഴിഞ്ഞു. പക്ഷേ, വാക്കുകള്‍ക്കപ്പുറത്താണ് ഉണ്‍മ. ആ പൊരുള്‍ ഞാനിതാ ഈ താമരപ്പൂവിലൂടെ കാശ്യപനു കൈമാറുന്നു.” ബുദ്ധന്റെ കൈയില്‍നിന്ന് താമരപ്പൂ ഏറ്റുവാങ്ങിയ കാശ്യപന്‍ സാക്ഷാത്കൃതനായി. ധ്യാനത്തിന്റെ (ധ്യാന്‍/ചാന്‍/സെന്‍) വഴി അങ്ങനെ തുറക്കുകയായി. മന്ദഹാസത്തില്‍നിന്ന് സഹജമായ ഒരു ജീവിതവഴി പ്രകാശംകൊണ്ടു. ബുദ്ധമന്ദഹാസം മഹാകാരുണ്യത്തിന്റെ തീര്‍ത്ഥാടനസ്ഥലിയൊരുക്കുന്നു.


മലയാളത്തില്‍ സെന്‍കഥകള്‍ക്കു പ്രചാരം വന്നത് ഗുരു നിത്യചൈതന്യയതി അന്‍പതു ധ്യാനകഥകള്‍ പ്രസിദ്ധീകരിച്ചതോടെയാണ്. ആ ഗ്രന്ഥത്തിന്റെ ശീര്‍ഷകം തന്നെ ‘മൗനമന്ദഹാസം’ എന്നാണ്. അതിലെ ഓരോ കഥയും ധ്യാനിച്ചുധ്യാനിച്ച് വായിക്കണമെന്നല്ല, ഓരോ കഥയും വായിച്ച് ധ്യാനത്തിന്റെ ചെറിയ ഇടവേളകള്‍ നല്‍കണമെന്നാണ് യതി ആമുഖത്തില്‍ മൊഴിഞ്ഞിരിക്കുന്നത്. തൂമന്ദഹാസത്തില്‍നിന്ന് നറുംചിരിയിലേക്കുള്ള പാല്‍വെളിച്ചം ആ കഥകളിലൂടെ കടന്നുപോകുന്ന ഒരനുഭവം അങ്ങനെയാണ് സംഭവിക്കുന്നത്. പോള്‍ റെപ്‌സിന്റെ (Zen Flesh Zen Bones) ഗ്രന്ഥത്തില്‍നിന്നുള്ള ആവേശത്താല്‍ ആവിഷ്‌കൃതമായതാണെങ്കിലും സെന്നിന്റെ അസ്ഥിയും മാംസവും അല്ല, സെന്നിന്റെ ആത്മഭാവമാണ് ഈ കൃതിയുടെ വെളിച്ചം. മന്ദഹാസം മനുഷ്യജീവിതത്തില്‍ ചൊരിയുന്ന വെളിച്ചത്തിന്റെ തുള്ളികളാണ് ഇതിലെ ഓരോ രചനയും. ജീവിതത്തിലെ ഏതു സന്ദര്‍ഭത്തിലും മന്ദഹാസം സൂക്ഷിക്കുക എന്ന സന്ദേശമാണ് ഈ കഥകള്‍ പകരുന്നത്. അത് മൗനമന്ദഹാസംകൂടിയാകുമ്പോള്‍ അതിനൊരു ധ്യാനസ്വഭാവം കൈവരുന്നു. ചെളിയില്‍നിന്ന് താമര വിരിയുമ്പോള്‍ അതിന്റെ മലിനാവസ്ഥ മാറി അമലമാകുന്നതുപോലെ, വിഷാദത്തില്‍പ്പൊതിഞ്ഞ ജീവിതങ്ങള്‍ക്ക് മന്ദഹാസം ചിലപ്പോള്‍ പുനരുജ്ജീവനംതന്നെയായിരിക്കും.


മറ്റുള്ളവരെ ആനന്ദിപ്പിക്കുന്ന ചിരിക്കു പിന്നില്‍ ആത്മനൊമ്പരങ്ങളുടെ തലമുണ്ടെന്നു തെളിയിച്ചു, ചാര്‍ലി ചാപ്ലിന്‍. അദ്ദേഹത്തിന്റെ ‘മോഡേണ്‍ റ്റൈംസ്’, ‘ദ് ഗ്രേയ്റ്റ് ഡിക്‌റ്റേറ്റര്‍’ തുടങ്ങിയ ചിത്രങ്ങള്‍ കണ്ട് കാണികള്‍ മനസ്സറിഞ്ഞ് ചിരിച്ചു. പക്ഷേ, ആ ചിരിക്കു പിറകില്‍ ചാപ്ലിന്റെ ജീവിതത്തിലെ വ്യസനങ്ങള്‍ ആരും കണ്ടില്ല. അരങ്ങില്‍ കാണികളെ ചിരിപ്പിച്ച നടന്‍ അണിയറയില്‍പ്പോയി വിതുമ്പുകയായിരുന്നു. മഴ നനഞ്ഞുകൊണ്ടു നടക്കുന്നത് ചാപ്ലിന് ഇഷ്ടമായിരുന്നു. കാരണം, അദ്ദേഹത്തിന്റെ കണ്ണുനീര്‍ മഴയത്തു കുതിര്‍ന്നുപോകുന്നത് ആര്‍ക്കും കാണുവാന്‍ സാദ്ധ്യമല്ലായിരുന്നു. ആത്മദുഃഖത്തെ ചിരികൊണ്ടു മറച്ചുവച്ച മഹാനടനായിരുന്നു അദ്ദേഹം. ചാപ്ലിന്‍ ചിരിയെ സ്‌നേഹത്തിന്റെ പര്യായമാക്കിമാറ്റിയത് അങ്ങനെയാണ്. വേദനയെ വേദാന്തമാക്കിയ ജ്ഞാനികളുടെ ഗണത്തിലാണ് ചാര്‍ലി ചാപ്ലിന്റെ സ്ഥാനം.


  ‘വീണാല്‍ ചിരിക്കാത്തവന്‍ ബന്ധുവല്ല’ എന്നൊരു ചൊല്ലുണ്ട്. അപരന്റെ വീഴ്ചയിലാണ് നമ്മുടെ ചിരിയുടെ രഹസ്യം എന്നാണ് അതിന്റെ ഒരര്‍ത്ഥം. എന്നാല്‍, അതിന് മറ്റു ചില അര്‍ത്ഥങ്ങളും ഉണ്ട്. അപരന്റെ വേദന അപരന്റേതും, തന്റെ വേദന തന്റേതും മാത്രമായിത്തീരുന്നിടത്ത് ബന്ധുത്വം കുറവായിരിക്കും, ഭ്രാതൃത്വവും ആത്മൈക്യവും കുറവായിരിക്കും. അപരന്റെ വേദന തന്റെ വേദനയായി മാറുമ്പോഴാണ് കരുണയുടെയും കരുതലിന്റെയും ഉറവ പൊട്ടുന്നത്. ഒ.എന്‍.വി.യുടെ ഹൃദ്യമായ കവിതാഭാഗം ഓര്‍ത്തുകൊണ്ട്, ”ഒളിവിലും നേരിലും നിന്നുഞാനെയ്ത ശരമോരോന്നുമേറ്റവര്‍ക്കൊപ്പം പിടഞ്ഞു ഞാന്‍!” എന്നു പറയുമ്പോഴാണ് ആ ചിരി അഴിഞ്ഞുലഞ്ഞ് ആത്മാനുതാപത്തിന്റെ ഗാഢമായ അനുഭവമായിത്തീരുന്നത്. എം.ബി.ശ്രീനിവാസന്‍ സ്വരപ്പെടുത്തിയ ഒരു ഗാനത്തില്‍ ഇങ്ങനെ പറയുന്നു: ”ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും; കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും!” ചിരിക്കുമ്പോഴോ ചിരിപ്പിക്കുമ്പോഴോ കിട്ടുന്ന മിത്രങ്ങളുടെ എണ്ണം കരയുമ്പോള്‍ വളരെ പരിമിതമായിരിക്കും. ചിലപ്പോള്‍ ആരുംതന്നെ ഉണ്ടാകില്ല. ഇക്കാരണംകൊണ്ടാകാം, തിരതള്ളിവരുന്ന കണ്ണീരിനെ അടക്കിവച്ച് പലരും ചിരിക്കുവാന്‍ ശ്രമിക്കുന്നത്. മനുഷ്യജീവിതത്തില്‍ അടക്കിനിര്‍ത്തുവാന്‍ കഴിയാത്ത രണ്ട് അവസ്ഥകളാണ് കണ്ണീരും ചിരിയും. മനസ്സ് പ്രകമ്പനംകൊള്ളുമ്പോള്‍ ഈ ബലൂണുകള്‍ പൊട്ടിപ്പോകുന്നു. മനുഷ്യര്‍ വാവിട്ടുചിരിക്കുന്നതും വാവിട്ടുകരയുന്നതും അങ്ങനെയാണ്. ചിരിയുടെ അങ്ങേയറ്റത്ത് കരച്ചിലാണ് എന്നതാണ് മനുഷ്യജീവിതത്തിലെ ഒരു പ്രധാന വൈരുദ്ധ്യം.