ദൈവം നല്‍കിയ ഉരുക്കു മനുഷ്യന്‍ – ജോണ്‍ കള്ളിയത്ത്

ദൈവം നല്‍കിയ ഉരുക്കു മനുഷ്യന്‍ – ജോണ്‍ കള്ളിയത്ത്

മലയാളഭാഷയ്ക്കും കേരളസംസ്‌കൃതിക്കും നിസ്തുല സംഭാവന നല്‍കിയ ജസ്യൂട്ട് ഭാഷാപണ്ഡിതനായ അര്‍ണോസ് പാതിരിയുടെ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിനും അര്‍ണോസിന്റെ സാഹിത്യഭാഷാ സംഭാവനകളെ പ്രചരിപ്പിക്കുന്നതിനുംവേണ്ടി പതിറ്റാണ്ടുകള്‍ കഠിനപ്രയത്‌നം നടത്തിയ ജോണ്‍ കള്ളിയത്ത് തന്റെ ആ യത്‌നങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച യശ്ശശരീരനായ ഡോ. ഡി. ബാബു പോളിനെ സ്മരിക്കുന്നു.


1995 ല്‍ ജര്‍മനിയില്‍ നടന്ന അര്‍ണോസ് പാതിരി സ്മാരക നാലാം ലോക മലയാള സമ്മേളനം. മൂന്നു ദിവസങ്ങളിലായി രാവും പകലും നടന്ന വൈവിധ്യ പൂര്‍ണവും പ്രൗഢഗംഭീരവും വര്‍ണോജ്ജ്വലവുമായ വിവിധയിനം പരിപാടികള്‍. അവയില്‍ പങ്കെടുക്കുവാന്‍ കേരളത്തില്‍ നിന്ന് അമ്പതോളം സാഹിത്യ-രാഷ്ട്രീയ-സാംസ്‌കാരിക നായകന്മാര്‍. ഇവരോടൊപ്പം ജര്‍മനിയില്‍ നിന്നുള്ള ചില പണ്ഡിതന്മാര്‍ വേറെ. കൂട്ടത്തില്‍ കേരളത്തിലെ വിവിധ കലാശാലകളില്‍ നിന്നും സ്‌കൂള്‍ യുവജനോത്സവ (1994-1995 ലെ) ത്തില്‍ നിന്ന് വിജയികളായ കലാതിലകങ്ങളും കലാപ്രതിഭകളും. കേരളത്തില്‍ നിന്നു വന്ന മുഴുവന്‍ പേര്‍ക്കും നേതൃത്വം നല്‍കാന്‍ നിയുക്തനായത് സാംസ്‌കാരിക വകുപ്പു സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ ഐ.എ.എസ്.


മെയ് 26, 27 തീയതികളില്‍ ജര്‍മനിയിലെ ഹോപ്‌സ്റ്റെനിലും 28-ാം തീയതി ബോണിലുമായിരുന്നു സമ്മേളന പരിപാടികള്‍ അരങ്ങേറിയത്. മുന്‍സ്റ്റര്‍ രൂപതാ വിദേശകാര്യ വിഭാഗം മേധാവി ഡോ. മാത്യു മണ്ഡപത്തില്‍, തുടങ്ങി അറുപതോളം ജര്‍മന്‍ മലയാളികള്‍ രാപകല്‍ സംഘാടകരായി രംഗത്തുണ്ടായിരുന്നു. കേരളത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചത് മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ബാബു വര്‍ഗീസും അദ്ദേഹത്തിന്റെ ഭാര്യ കേന്ദ്ര ഗവണ്‍മെന്റില്‍ ഉദ്യോഗസ്ഥയായിരുന്ന ശ്രീമതി സൂസി വര്‍ഗീസും ആയിരുന്നു.


ഒന്നാം ലോകമലയാള സമ്മേളനം 1977 ല്‍ തിരുവനന്തപുരത്തും രണ്ടാം ലോക മലയാളസമ്മേളനം 1985 ല്‍ വാഷിംഗ്ടണിലും മൂന്നാം ലോക മലയാളസമ്മേളനം 1986 ല്‍ ബെര്‍ലിനിലും (പ. ജര്‍മനി) ആയിരുന്നു അരങ്ങേറിയത്. മൂന്നാം ലോക മലയാള സമ്മേളനങ്ങളില്‍ ആദ്യം അര്‍ണോസ് പാതിരിയെ പാടെ അവഗണിച്ചിരുന്നു. ഇതില്‍ വേദന തോന്നിയ ഈ ലേഖകന്‍ മാധ്യമങ്ങള്‍ വഴിയും ഭരണാധികാരികള്‍ക്കു നല്‍കിയ നിവേദനങ്ങള്‍ വഴിയും നടത്തിയ ശക്തമായ പ്രതിഷേധങ്ങള്‍ സമ്മേളന പരിപാടികളില്‍ അര്‍ണോസ് പാതിരിയെ ഉള്‍പ്പെടുത്തുവാന്‍ ഇടയാക്കി. ഇതിന്റെ പിന്നാമ്പുറം അല്‍പം വിശദീകരിക്കട്ടെ.


1986 ഒക്‌ടോബറില്‍ ജര്‍മനിയിലെ ബെര്‍ലിനില്‍ നടന്ന ലോകമലയാള സമ്മേളനം ”ഗുണ്ടര്‍ട്ട് സ്മാരക മൂന്നാം ലോകമലയാള സമ്മേളനം” എന്നാണ് നാമകരണം ചെയ്യപ്പെട്ടിരുന്നത്. മഹാനായ ഗുണ്ടര്‍ട്ടിനേക്കാള്‍ 140 വര്‍ഷം മുമ്പ് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ നാടായ ജര്‍മനിയില്‍ നിന്നു തന്നെ ഇന്ത്യയില്‍ വന്ന് (1700 ഡിസംബര്‍ 13) മലയാള-സംസ്‌കൃത ഭാഷകള്‍ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ അര്‍ണോസ് പാതിരിയെ പാടെ വിസ്മരിച്ചുകൊണ്ട് മലയാളസമ്മേളനം ഗുണ്ടര്‍ട്ടിനു മാത്രം ഏകപക്ഷീയമായി സമര്‍പ്പിച്ച നടപടി 1970 കളുടെ ആരംഭം മുതല്‍ അര്‍ണോസ് പാതിരിയെ സംബന്ധിച്ച സ്മരണകളില്‍  സങ്കടങ്ങള്‍ അനുഭവിച്ചുകൊണ്ട് കഴിയുന്ന എന്നില്‍ വലിയ മനോവേദന ഉളവാക്കി. യൂറോപ്യന്‍ മലയാളികള്‍ എടുത്ത തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ഈ ലേഖകന്‍ 1986 മെയ് 11 നു എക്‌സ്പ്രസ്സ് ഞായറാഴ്ച പതിപ്പില്‍ ഒരു ലേഖനം എഴുതി. ”അവഗണിക്കപ്പെടുന്ന അര്‍ണോസ് പാതിരി” എന്ന ശീര്‍ഷകത്തില്‍. ജര്‍മനിയിലെ അര്‍ണോസ് ഇടവക പള്ളിയിലെ (ഓസ്റ്റര്‍ക്കാപ്‌ളിന്‍) മൂന്നു ചിത്രങ്ങള്‍ ഉള്‍പ്പെടെ എട്ടു കോളങ്ങളിലായി ഈ ലേഖനം പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുവാന്‍ സന്നദ്ധത കാണിച്ച മഹാനുഭാവന്‍ എക്‌സ്പ്രസ്സ് പത്രത്തിലെ അസ്സി. എഡിറ്റര്‍ ആയിരുന്ന പി. ശ്രീധരന്‍ ആയിരുന്നു. വിസ്മൃതിയില്‍ ആണ്ട അര്‍ണോസ് പാതിരിയെ പുന:പ്രതിഷ്ഠിക്കുവാന്‍ എക്‌സ്പ്രസ്സ് പത്രത്തിലെ വി. കരുണാകരന്‍ നമ്പ്യാരും, പി. ശ്രീധരനും ചെയ്തുതന്ന സേവനങ്ങള്‍ കണ്ണുനീര്‍ വാര്‍ത്തുകൊണ്ടല്ലാതെ  എനിക്കൊരിക്കലും ഓര്‍മിക്കാനാവില്ല. കരുണാകരന്‍ നമ്പ്യാര്‍ എന്ന പത്രപ്രവര്‍ത്തകന്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് അര്‍ണോസ് ദേവാലയവും അര്‍ണോസ് വസതിയും നിശ്ശേഷം നാമാവശേഷമാകുമായിരുന്നു എന്ന യാഥാര്‍ത്ഥ്യം ഈ ലേഖകന്‍ ഇതിനു മുമ്പ് കാര്യകാരണ സഹിതം രേഖപ്പെടുത്തിയിട്ടുണ്ട്.


പ്രസിദ്ധ ജസ്യൂട്ട് വൈദികനായ ഫാദര്‍ എ. അടപ്പൂരിനെ ഞാന്‍ കൊച്ചിയില്‍ പോയി കണ്ട് ഈ സങ്കടം പങ്കുവച്ചു. അദ്ദേഹം എഴുതിത്തന്ന പത്രക്കുറിപ്പുകള്‍ ഞാന്‍ പത്രങ്ങള്‍ക്കു വിതരണം ചെയ്യുകയും അവ വലിയ പ്രാധാന്യത്തോടെ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ജര്‍മനിയിലെ ഇന്ത്യന്‍ എംബസി കോണ്‍സല്‍ ജനറലും മലയാളി സാഹിത്യകാരനുമായ  ബി. മോഹനചന്ദ്രന്‍ നായര്‍, ജര്‍മന്‍ മലയാളികളായ ഡോ. മാത്യു മണ്ഡപത്തില്‍, കെ. എഫ്. വര്‍ഗീസ് തുടങ്ങി നിരവധി പേര്‍ക്ക് ഞാന്‍ എഴുതിയ എക്‌സ്പ്രസ്സ് ലേഖനം അയച്ചുകൊടുത്തു.


ഫാ. അടപ്പൂരിന്റെ പത്രപ്രസ്താവനയും ഞാന്‍ അയച്ചുകൊടുത്ത ”അവഗണിക്കപ്പെടുന്ന അര്‍ണോസ് പാതിരി” എന്ന ലേഖനവും സമ്മേളന പരിപാടികളെ സംബന്ധിച്ച് ഒരു പുന:പരിശോധന  നടത്തുവാനും പുതിയ തീരുമാനങ്ങള്‍ എടുക്കുവാനും ജര്‍മന്‍ മലയാളികള്‍ക്കു പ്രേരണയായി. എന്റെ ലേഖനത്തിനു നന്ദി പറഞ്ഞുകൊണ്ട് ചില ജര്‍മന്‍ മലയാളികള്‍ എനിക്ക് കത്തുകള്‍ അയച്ചു. അവയില്‍ മൂന്നാം ലോകമലയാള സമ്മേളനം ജനറല്‍ കണ്‍വീനര്‍ കെ. എഫ.് വര്‍ഗീസ് അയച്ച കത്ത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.,/p>

പുതിയ തീരുമാനങ്ങളനുസരിച്ച് യൂറോപ്പിലെ ഏറ്റവും വലിയ സമ്മേളന വേദിയായ ബെര്‍ലിനിലെ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ്സ് സെന്ററിനു ”അര്‍ണോസ് നഗര്‍” എന്നു നാമകരണം ചെയ്തു. അര്‍ണോസ് പാതിരിയുടെ ജന്മസ്ഥലമായ ഓസ്റ്റര്‍ക്കാപ്‌ളിന്‍ ഇടവക പള്ളിയില്‍ നിന്നു കെ. എഫ്. വര്‍ഗീസിന്റെ നേതൃത്വത്തില്‍ സമ്മേളന നഗറിലേക്ക് ദീപശിഖാപ്രയാണം നടന്നു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന അര്‍ണോസ് പാതിരിയുടെ മലയാളം-പോര്‍ച്ചുഗീസ് ഡിക്ഷണറിയുടെ അച്ചടി പൂര്‍ത്തിയായ പേജുകള്‍ മാത്രം ചേര്‍ത്ത് അപൂര്‍ണമായ നിഘണ്ടു അര്‍ണോസിന്റെ ഓസ്റ്റര്‍ക്കാപ്‌ളിന്‍ ഇടവകപ്പള്ളിയില്‍ പ്രകാശനം ചെയ്തു. മൂന്നാം ലോകമലയാള സമ്മേളനത്തില്‍ അര്‍ണോസ് പാതിരിക്ക് പ്രത്യേക സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചുക്കൊണ്ട് രണ്ടു സെഷനുകളില്‍ പ്രഭാഷണങ്ങള്‍ നടന്നു.