കഥ ഇല്ലാത്ത ഒരാളുമില്ല – രഘുനാഥ് പലേരി

കഥ ഇല്ലാത്ത ഒരാളുമില്ല – രഘുനാഥ് പലേരി

എഴുതുന്ന കഥകളിലും കാണുന്ന സിനിമകളിലും അല്ല  ശരിക്കും ജീവിതം. വായിക്കുന്നവരുടെ മനസ്സിലും ഉണ്ട് ജീവിതം. ഞാന്‍ എന്റേറതായിട്ട് ഒന്നും ഇതുവരെ എഴുതിയിട്ടില്ല. എന്നില്‍ നിന്ന് കഥകള്‍ ജനിച്ചിട്ടില്ല. എന്തോ ഭാഗ്യംകൊണ്ട്, ദൈവാനുഗ്രഹംകൊണ്ട് ഗന്ധര്‍വതുല്യരായ ഒരച്ഛനും അമ്മയും എനിക്ക് ഉണ്ടായി. അവരായിരുന്നു എന്റെ ഊര്‍ജം. അവര്‍ മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ ഞാന്‍ മറ്റൊരാളാകുമായിരുന്നു.


അതിസുന്ദരിയായിരുന്നു എന്റെ അമ്മ. ഒരു ദിവസം ഞാന്‍ വീട്ടിലേക്ക് കടന്നുചെല്ലുമ്പോള്‍ പ്രായമായ എന്റെ അമ്മ വാതില്‍ക്കല്‍ നില്‍ക്കുന്നു. ഞാന്‍ ഉടനെ അമ്മയ്ക്ക് ഒരുമ്മ കൊടുത്തു. എന്നിട്ട് ‘താങ്ക്യു, താങ്ക്യു’ എന്നു പറഞ്ഞു.


അച്ഛന്‍ അപ്പോള്‍ കാലും തടവി വീടിന്റെ വരാന്തയില്‍ ഇരിക്കുന്നുണ്ട്. നീ എന്തിനാ ‘താങ്ക്യു’ എന്ന് അമ്മയോട് പറഞ്ഞതെന്ന് അച്ഛന്‍ തിരക്കി. ഞാന്‍ അപ്പോള്‍ അച്ഛനോട്, നിങ്ങള്‍ പ്രണയിക്കുന്ന സമയത്ത് ‘ഇപ്പോള്‍ വേണ്ട നാളെ മതി’ എന്ന് അമ്മ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഉണ്ടാകുമായിരുന്നോ എന്നു ചോദിച്ചു. അതിനാണ് താങ്ക്‌സ് പറഞ്ഞതെന്നും പറഞ്ഞു.


ഞാന്‍ മുറിയിലേക്ക് കടന്നുപോയപ്പോള്‍ പിന്നില്‍ നിന്ന് അമ്മയുടെ ചിരി കേട്ടു. പടം സക്‌സസ്! ഇത് എന്റെ ജീവിതത്തില്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു. അവിശ്വസനീയമായ സംഭവങ്ങളാണ് എന്റെ ജീവിതത്തില്‍ എന്നും ഉണ്ടായിട്ടുള്ളത്.


എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ കാഠിന്യം തോന്നുന്ന സംഭവങ്ങള്‍ ഉണ്ടാകും. അത്തരം സന്ദര്‍ഭങ്ങളില്‍ കരയാന്‍ അശേഷം താല്പര്യം എനിക്കില്ല. പക്ഷേ, ഞാന്‍ ഒരുപാട് കരഞ്ഞിട്ടുണ്ട്.


കരഞ്ഞുപോയ സന്ദര്‍ഭം


സിനിമാരംഗത്തെ ആദ്യകാലങ്ങളില്‍ ഒന്നിലായിരുന്നു അത്. ഏതോ ഒരു സിനിമയുമായി ബന്ധപ്പെട്ട് അന്നത്തെ മദിരാശി പട്ടണത്തില്‍ (ഇന്നത്തെ ചെന്നൈ നഗരം) എത്തപ്പെട്ട സന്ദര്‍ഭം. ടി നഗറില്‍ അരുണാ ലോഡ്ജില്‍ രാമചന്ദ്രന്‍ എന്ന സുഹൃത്തിനൊപ്പം, അവന്റെ കട്ടിലിന്റെ അടിയിലായിരുന്നു അന്ന് എന്റെ ജീവിതം. അതായിരുന്നു അന്ന് സ്ഥിതി.


എന്തോ കാരണംകൊണ്ട് സിനിമയില്‍ ഞാന്‍ ഉദ്ദേശിച്ചത്, അല്ലെങ്കില്‍ വാഗ്ദാനം ചെയ്യപ്പെട്ടത് നടന്നില്ല. കാര്യങ്ങള്‍ പരുങ്ങലിലായി. എന്ത് ജോലിയും ചെയ്യാന്‍ സന്നദ്ധനാണെന്ന് ആ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജരോട്, അദ്ദേഹം എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.


ഒരു ദിവസം പ്രൊഡക്ഷന്‍ മാനേജര്‍ എന്നെയും കൂട്ടി പോണ്ടി ബസാറിലേക്ക് പോയി. അവിടെ റോഡരികില്‍ ടെലിഫോണ്‍ ലൈനിനു വഴി കീറുന്നതിന്റെ കരാര്‍ എടുത്തിട്ടുള്ള കാര്‍മേഘം എന്നയാളെ കണ്ടു. കാര്‍മേഘത്തോട് എന്റെ കാര്യം പറഞ്ഞു.


കാര്‍മേഘവും അയാളുടെ അമ്മയും ഭാര്യയും രണ്ടു മക്കളുമൊക്കെ ചേര്‍ന്നായിരുന്നു കരാര്‍ ജോലി ചെയ്തിരുന്നത്. കാര്‍മേഘം റോഡരികില്‍  കുഴിയെടുക്കും. അമ്മയും മറ്റും ചേര്‍ന്ന് വഴികീറും. എന്നെയും ആ പണിക്ക് എടുക്കണമെന്ന് പ്രൊഡക്ഷന്‍ മാനേജര്‍ കാര്‍മേഘത്തോട് ശുപാര്‍ശ ചെയ്തു. അയാള്‍ അത് സമ്മതിച്ചു.


കണ്ണടവച്ച് വെളുത്ത് മെല്ലിച്ചൊരു യുവാവായിരുന്നു അന്നു ഞാന്‍. പ്രൊഡക്ഷന്‍ മാനേജര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ജോലിക്ക് ചേര്‍ന്നെങ്കിലും കാര്‍മേഘത്തിന്റെ അമ്മ പക്ഷേ, സമ്മതിച്ചില്ല. അവര്‍ എന്നെ തടഞ്ഞു. അതോടെ കാര്‍മേഘം എന്നെ പറഞ്ഞുവിട്ടു. ഞാന്‍ തെല്ല് നിരാശയോടെ തിരിച്ചുപോന്നു. കഥ പക്ഷേ, അവിടെ തീര്‍ന്നില്ല.


വൈകിട്ട് പ്രൊഡക്ഷന്‍ മാനേജര്‍ എന്നെ തേടി അരുണാ ലോഡ്ജില്‍ എത്തി. കാര്‍മേഘവും ഭാര്യയും രണ്ടു മക്കളും എന്നെ കാണാന്‍ റോഡില്‍ കാത്തുനില്‍ക്കുന്നെന്നു പറഞ്ഞു. ഞാന്‍ പ്രൊഡക്ഷന്‍ മാനേജര്‍ക്കൊപ്പം വീണ്ടും അവര്‍ക്കു മുന്നിലെത്തി. എന്നോട് ജോലിക്ക് നില്‍ക്കേണ്ടാ എന്നു പറഞ്ഞത് ഞാന്‍ ആ ജോലിക്ക് പറ്റിയ ആളല്ലാത്തതുകൊണ്ടാണെന്ന് കാര്‍മേഘം അപ്പോള്‍ പറഞ്ഞു.


എന്നിട്ട് അയാള്‍ അന്നത്തെ കൂലി എടുത്ത് എനിക്ക് തന്നു. എന്നെ പറഞ്ഞു വിട്ടതാണെങ്കിലും ഞാന്‍ അന്ന് ജോലി തേടി ചെന്നതല്ലേ എന്ന് പറഞ്ഞു. ഞാന്‍ പക്ഷേ, ആ കൂലി വാങ്ങിയില്ല. കരഞ്ഞുപോയ ഞാന്‍ അപ്പോള്‍ എഴുതുന്ന കഥകളും കാണുന്ന സിനിമകളും അല്ല ശരിക്കും ജീവിതം എന്നു പറഞ്ഞത് ഇതൊക്കെകൊണ്ടാണ്.


കഥ ജനിക്കുന്നതും കഥ വളരുന്നതും എഴുത്തുകാരനില്‍ അല്ല. വായനക്കാരനിലും കഥ ജനിക്കുന്നുണ്ട്. കഥ ഇല്ലാത്ത ഒരാളുമില്ല. എല്ലാവരിലും കഥയുണ്ട്. ഒരു കഥ അല്ലെങ്കില്‍ തിരക്കഥ ഈ തീയതിക്കകം എഴുതാമെന്നു പറഞ്ഞ് ഒരിക്കലും എനിക്ക് എഴുതാനാവില്ല.


മകള്‍ വരവായി


വിവാഹം കഴിഞ്ഞ് എനിക്ക് ആദ്യകുഞ്ഞ് ജനിക്കുന്ന സന്ദര്‍ഭത്തില്‍ വരുന്നത് മകളായിരിക്കുമെന്ന് തുടക്കത്തിലേ എനിക്കു തോന്നിയിരുന്നു. ഭാര്യ പ്രസവമുറിയിലേക്ക് റ്റാറ്റാ പറഞ്ഞ് പോകുമ്പോള്‍ തന്നെ മകളുമായി തിരിച്ചുവരുമെന്ന് എന്റെ മനസ്സ് പറഞ്ഞു. അത് അങ്ങനെ തന്നെ സംഭവിച്ചു. ആ പശ്ചാത്തലത്തില്‍ മകള്‍ വരവായി എന്നൊരു കഥ ഞാന്‍ എഴുതി. മാതൃഭൂമിയില്‍ എം.ടിക്ക് അയച്ചുകൊടുത്തു. അദ്ദേഹം അത് പ്രസിദ്ധീകരിച്ചു. എനിക്ക് ഇഷ്ടപ്പെട്ട ഒരു കഥയായിരുന്നു അത്.


ഞാന്‍ വായിച്ച ആദ്യ തിരക്കഥ ജോണ്‍ പോളിന്റേതാണ്. ജോണ്‍ പോളും ഭരതനുമൊക്കെ ചേര്‍ന്ന് അതിമനോഹരമായി സിനിമയെടുക്കുന്ന കാലം. അന്നു ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ജോണ്‍ പോളിന്റെ ഒരു തിരക്കഥ അന്ന് ‘നാന’ വാരികയില്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. വാരിക വാങ്ങാന്‍ അന്ന് എന്റെ കൈയില്‍ പൈസയില്ല. അതുകൊണ്ട് കടയില്‍ പോയി അവിടെ വില്പനയ്ക്ക് തൂക്കിയിട്ടിരിക്കുന്ന വാരിക അല്പാല്പമായി മറിച്ചു നോക്കും. അതിനിടയില്‍ കുറച്ചു വായനയും നടക്കും.


പഴയകാല സിനിമകള്‍ ഇന്നും നല്ല സ്റ്റഡിമെറ്റീരിയലുകളാണ്. പഴയ സിനിമകളില്‍ ജീവിതത്തിന്റെ സരസമായ ആഖ്യാനങ്ങള്‍ ഉണ്ടായിരുന്നു. ജീവിതത്തിലെ എല്ലാ വേദനകളും നര്‍മത്തിലൂടെ കാണാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അത് കഥയിലായാലും തിരക്കഥയിലായാലും അങ്ങനെതന്നെ. ജീവിതം നേരിടുന്ന വേദനകള്‍ക്ക് മറുമരുന്നായി വേറൊന്നും ഞാന്‍ കാണുന്നില്ല. ജീവിതത്തെ നമ്മിലേക്കും നമ്മെ ജീവിതത്തോടും ചേര്‍ത്തുവയ്ക്കാന്‍ നര്‍മത്തിനു മാത്രമാണ് കഴിയുക.


നര്‍മത്തിന്റെ ചിത്രങ്ങള്‍


പില്‍ക്കാലത്ത് ഒരിക്കല്‍ ദേഹത്തിനു കുറച്ച് അസ്വാസ്ഥ്യം നേരിട്ടപ്പോള്‍ ഒരു ഡോക്ടറെ കാണാന്‍ ഞാന്‍ പോയി. ഡോക്ടര്‍ എന്നെ പരിശോധിച്ചു. കമ്പ്യൂട്ടറില്‍ ചില വിശകലനങ്ങള്‍ നടത്തി. ഒടുവില്‍ മരുന്നുകള്‍ കുറിച്ച് എന്റെ കൈയില്‍ തന്നു. ആ കുറിപ്പില്‍ മരുന്നുകള്‍ക്ക് പുറമെ അവസാനം അദ്ദേഹം മറ്റൊന്നുകൂടി കുറിച്ചിരുന്നു. മേലേപറമ്പില്‍ ആണ്‍വീട്, മഴവില്‍ക്കാവടി, പൊന്മുട്ടയിടുന്ന താറാവ് എന്നീ സിനിമകള്‍ ഇടയ്ക്കിടെ കാണുന്നത് മനസ്സിനും ശരീരത്തിനും സ്വാസ്ഥ്യം നല്‍കുമെന്ന്!