ട്രസ്റ്റീഷിപ്പ് സിദ്ധാന്തം-അഹിംസയിലൂടെ സോഷ്യലിസം – ഡോ.റ്റി. മാത്യു ഫിലിപ്പ്
അഹിംസയില്‍ അധിഷ്ഠിതമായ ഒരു സാമൂഹ്യസാമ്പത്തിക ഘടനയാണ് ട്രസ്റ്റീഷിപ്പ് സിദ്ധാന്തത്തിന്റെ അടിസ്ഥാനം. എല്ലാവരുടേയും ക്ഷേമം സമൂഹത്തോടുള്ള ഉത്തരവാദിത്വം പങ്കിടുന്നതിലൂടെ അത് ലക്ഷ്യമാക്കുന്നു. അത് ഒരു ജീവിതമാതൃകയാണ്. സ്വമേധയായുള്ള മാറ്റത്തിലൂടെ സാമൂഹികമാറ്റം എന്നതാണ് ഇവിടെ പ്രധാനം. ഇത് വര്‍ഗസമരത്തെ ഇല്ലാതാക്കുന്നു.
ഗാന്ധിജിയുടെ ട്രസ്റ്റീഷിപ്പ് സിദ്ധാന്തത്തിന് സമകാലികപ്രസക്തി വളരെയേറെയാണ്. പ്രത്യേകിച്ച് ലോകം ഇന്ന് അതിഭീകരമായ ധ്രുവീകരണത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍. ലോകം കോര്‍പ്പറേറ്റ് ശക്തികളുടെ കൈകളില്‍ ഞെരിഞ്ഞ് അമര്‍ന്ന് കഴിഞ്ഞു. വിരലിലെണ്ണാന്‍ കഴിയുന്ന ആളുകളുടെ കൈകളില്‍ ലോകത്തിന്റെ സമ്പത്ത് ക്രേന്ദ്രീകരിക്കുന്ന അവസ്ഥ. സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇന്ന് സമ്പന്നവര്‍ഗം മാത്രം. അതിരൂക്ഷമായ ദാരിദ്ര്യം, തൊഴിലിന്റെ മരണം, നിസ്സഹായമായ സ്റ്റേറ്റ് തുടങ്ങിയവ ഈ കാലഘട്ടത്തിന്റെ മുഖമുദ്രകള്‍ ആണ്. ആര്‍ജനത്തിന്റെ സംസ്‌ക്കാരം ശക്തിപ്രാപിച്ചപ്പോള്‍ നമുക്ക് മൂല്യസങ്കല്പങ്ങളും, ധാര്‍മികചിന്തയും കൈമോശം വന്നു. മാധ്യമങ്ങള്‍ കോര്‍പ്പറേറ്റ് ശക്തികളുടെ കുഴലൂത്തുകാരായി മാറിക്കഴിഞ്ഞു, അതിജീവനത്തിന്റെ പോരാട്ടങ്ങള്‍ മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്നില്ല. ഈ മാറിയ ലോകക്രമത്തില്‍ ഗാന്ധിജിയുടെ ട്രസ്റ്റീഷിപ്പ് സിദ്ധാന്തത്തിന് പ്രസക്തി വളരെയുണ്ടെങ്കിലും അത് എന്താണെന്ന് അറിയാനും, ചിന്തിക്കാനും, അതിനനുസരിച്ച് പ്രതികരിക്കാനുമുള്ള മാനസികാവസ്ഥയിലല്ല ജനങ്ങള്‍ എന്നതാണ് വാസ്തവം. ജനം ഇന്ന് അതീവ സംഘര്‍ഷത്തിലാണ്.
ഇന്ന് നാം കാണുന്ന സമ്പദ്‌വ്യവസ്ഥയ്ക്ക് നേര്‍വിപരീതമാണ് ഗാന്ധിജിയുടെ ചിന്തയിലുള്ള സമ്പദ്വ്യവസ്ഥ. അത് ആത്മീയതയില്‍ അധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ അത് സ്നേഹത്തില്‍ അധിഷ്ഠിതവുമാണ്. ഗാന്ധിജിയുടെ ചിന്തയില്‍ ഒരു വ്യക്തിയും തനിക്ക് ലഭിച്ചിട്ടുള്ള സമ്പത്തിന്റെ ഉടമയല്ല. ഉടമ ഈശ്വരന്‍ മാത്രം. വ്യക്തികള്‍ക്ക് സമ്പത്തിന്റെ കാര്യവിചാരകത്വം മാ്രതം. ലഭിച്ച സമ്പത്തില്‍ നിന്നു ഉപജീവനത്തിന് ആവശ്യമുളള സമ്പത്ത് ഉപയോഗിക്കാം. മറ്റൊര്‍ത്ഥത്തില്‍ ഓരോ വ്യക്തിയും തനിക്ക് മാന്യമായി ജീവിക്കുന്നതിന് ആവശ്യമായതിലധികം ലഭിക്കുന്ന സമ്പത്തിന്റെ വിശ്വസ്തകാര്യസ്ഥനായി പ്രവര്‍ത്തിക്കാനാണ് ഗാന്ധിജി ട്രസ്റ്റീഷിപ്പ് സിദ്ധാന്തത്തിലൂടെ ഉദ്ദേശിച്ചിട്ടുള്ളത്. ഈ സിദ്ധാന്തത്തിന്റെ ഏറ്റവും മര്‍മപ്രധാനമായ വസ്തുത, ഓരോ വ്യക്തിയും തങ്ങളുടെ സ്വത്തിന്റെ കാര്യവിചാരകത്വം നിര്‍വഹിക്കുന്നതിനോടൊപ്പം സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും അവരവരുടെ കഴിവ് പരമാവധി ഉപയോഗിക്കണം എന്നുള്ളതാണ്. ഇത് ഒരു വിരോധാഭാസമായി തോന്നാം. അതിന്റെ അടിസ്ഥാനം സാമൂഹ്യപ്രതിബദ്ധതതന്നെ. വ്യക്തിപരമായ ആഡംബരത്തിനല്ലെന്ന് ചുരുക്കം.
ഗാന്ധിജിയുടെ വീക്ഷണത്തില്‍ സമ്പത്ത് നിഷിദ്ധമായ ഒന്നല്ല. നിര്‍ജീവമായ, ഉല്പാദനക്ഷമതയില്ലാത്ത ഒരു സാമ്പത്തിക സമത്വമല്ല ഗാന്ധിജി വിഭാവനം ചെയ്തത്. ഓരോരുത്തരം അവരവരുടെ കഴിവിന്റെ പരമാവധി വിനിയോഗിച്ച് വര്‍ദ്ധിപ്പിക്കുന്ന ഒരു സാമൂഹികസാമ്പത്തിക ക്രമമാണ് ഗാന്ധിജിയുടെ ചിന്തയില്‍ ഉണ്ടായിരുന്നത്. രാഷ്ട്രം ഈ അദ്ധ്വാനത്തെ എല്ലാ അര്‍ത്ഥത്തിലും മാനിക്കണം.
സാമ്പത്തികസമത്വം, ഗാന്ധിജിയുടെ വീക്ഷണത്തില്‍ ഓരോരുത്തര്‍ക്കും അവരുടെ ആവശ്യം അനുസരിച്ച് എന്നുള്ളതാണ്. ഏകസ്ഥന്റെ സാമ്പത്തിക ആവശ്യം അല്ലല്ലോ കുടുംബസ്ഥനായി കഴിയുന്ന വ്യക്തിയുടേത്. ഈ ദര്‍ശനത്തില്‍ ആഡംബരങ്ങള്‍ക്ക് പ്രസക്തിയില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം നിരാശാജനകമാണ്. എല്ലാവര്‍ക്കും പോഷകഗുണമുള്ള ഭക്ഷണം, താമസയോഗ്യമായ വീട്, കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സൗകര്യം, ആരോഗ്യപരിരക്ഷയ്ക്കുള്ള ക്രമീകരണങ്ങള്‍ ഇവയെല്ലാം ജനങ്ങളുടെ മൗലികമായ അവകാശം മാത്രമാണ്. ഗാന്ധിജിയുടെ സങ്കല്പത്തിലുള്ള സമൂഹം ഇതാണ്. ഈ സമൂഹസൃഷ്ടിയാണ് ട്രസ്റ്റീഷിപ്പ് സിദ്ധാന്തത്തിന്റെ ആത്യന്തികദര്‍ശനം.
ഈ സാമ്പത്തിക സമത്വത്തിലേക്കുള്ള മാര്‍ഗ്ഗവും സംശുദ്ധമായിരിക്കണം. ഗാന്ധിജിയുടെ മാര്‍ഗം അഹിംസയുടേതായിരുന്നു. അഹിംസയിലൂടെ ഇതെങ്ങനെ പ്രാവര്‍ത്തികമാക്കാം? അതിന് സമൂഹത്തിലെ ദുര്‍ബല ജനവിഭാഗത്തോടുള്ള കരുതല്‍ ആത്മാവിന്റെ ഭാഗമായിത്തീരണം. ദരിദ്രജനവിഭാഗത്തെ ഉള്ളില്‍ കണ്ടുകൊണ്ട് ഓരോരുത്തരും അവരവരുടെ ആവശ്യങ്ങളെ പരിമിതപ്പെടുത്തണം. ആഡംബരങ്ങളോട് വിട പറയണം. ഒരു പുതിയ ജീവിതശൈലിക്ക് വേണ്ടിയുള്ള ആത്മസമര്‍പ്പണമാണ് ഇവിടെ ആവശ്യമായിട്ടുള്ളത്. മറ്റൊരര്‍ത്ഥത്തില്‍ പരിത്യാഗവും, ആത്മശിക്ഷണവും പാവപ്പെട്ടവരില്‍ പാവപ്പെട്ടവനായി മാറുന്നതിനുള്ള മാനസികാവസ്ഥയും നേടണമെന്ന് ചുരുക്കം. അങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ സമൂഹത്തിന്റെ രക്ഷകരായിമാറുന്നു.