സിനിമയെ പ്രണയിച്ച ബഷീര്‍ – ജോണ്‍ പോള്‍
ബഷീറിന് സിനിമയോടു പ്രണയമായിരുന്നു. അതുകൊണ്ടുതന്നെ, എഴുത്തുപുരയില്‍ രണ്ടാംവട്ടം കയറുന്നതില്‍നിന്നും കൗശലപൂര്‍വ്വം അദ്ദേഹം ഒഴിഞ്ഞുനിന്നു. ഹൃദയത്തിന്റെ കൈയൊപ്പ് റബര്സ്റ്റാമ്പുപോലെ പേര്‍ത്തും പേര്‍ത്തും പതിക്കാനാവില്ലായിരുന്നു ബഷീറിനെപ്പോലെ അപായകരമാം വിധം സെന്‍സിറ്റീവ് ആയ ഒരു കഥാകാരന്.
വൈക്കം മുഹമ്മദ് ബഷീര്‍ തന്റെ കഥകളിലൂടെ ഇന്നും ജീവിക്കുന്നു. സഗൗരവമായ എഴുത്തില്‍നിന്നും മരണത്തിന് പതിറ്റാണ്ടുകള്ക്കുമുന്പേ അദ്ദേഹം മെല്ലെ പിന്‍വാങ്ങിയിരുന്നു. മരണം കഴിഞ്ഞിട്ടിപ്പോള്‍ ഇത് ഇരുപത്തിയഞ്ചാം വര്‍ഷം. ഈ ഇരുപത്തിയഞ്ചുവര്‍ഷം മരണാനന്തരം പിന്നിട്ടപ്പോഴേക്കും, നമുക്കിടയിലെ ഏതാണ്ട് എല്ലാ കലാകാരന്മാരും ഇന്നലെയുടെ കഥാകാരന്മാരായി ചരിത്രത്തില്‍ ഇടം തേടുമ്പോഴാണ്, ഏതാണ്ട് അരനൂറ്റാണ്ടു പിന്നിട്ട തന്റെ കഥകളെ ഇന്നിന്റെ കഥകളായി നിലനിറുത്തിക്കൊണ്ട് ബഷീര്‍ അമരത്വം നേടുന്നത്.
പ്രകൃഷ്ട രചനയായ ‘ബാല്യകാലസഖി’ പിറന്നിട്ടിപ്പോള് മുക്കാല്‍ നൂറ്റാണ്ടായി എന്നോര്‍ക്കുക. ഇന്നും വായനാമുഖത്തു സജീവ ചൈതന്യമായി ആ കഥ മുന്നിട്ടുതന്നെ നില്ക്കുന്നു. നാളെയും അതിന്റെ വായനാ പ്രസക്തി നഷ്ടപ്പെടുന്നില്ല.
ബഷീര്‍ ഇന്നിന്റെ മാത്രമല്ല, നാളെയുടെ കൂടി കഥാകാരനായി നിലയുറപ്പിക്കുന്നു.
ജീവിതത്തെ ഒരു പകുതി സത്യവും ഒരു പകുതി മായയുമായി നിര്‍വചിച്ച യോഗികള്‍ക്കു ‘ഒരു പാതി നേരും ഒരുപാതി നുണയും’ എന്ന് ജീവിതം കൊണ്ടും എഴുത്തുകൊണ്ടും പാഠാന്തരം തീര്‍ത്തു ബഷീര്‍. ഓരോ പുനര്‍വായനയിലും പൊരുളുകളുടെ നവതീര്ത്ഥങ്ങള് ഇറ്റിച്ചുതരുന്ന കഥകളാണ് ലാളിത്യത്തിന്റെ അപരിമേയമായ അഗാധതയുടെ എഴുത്തുമൂശയിലൂടെ കാച്ചിതിളക്കി ബഷീര്‍ പകര്ന്നുപകുത്തത്.
ബഷീറിന്റെ ജീവിതത്തെ ഒരു സമസ്യയായേ കാണാനാകൂ. ഓരോ കഥയും ഓരോ കടംകഥയായും.
അതിലളിതമായി ഇത്തിരി വൃത്തത്തില്‍ ഇമ്മിണിയോളം മനുഷ്യരെ നിരത്തി അവരിലൂടെ പ്രത്യക്ഷത്തില്‍ യഥാതഥവും അപഗ്രഥനാനുഭവത്തില് വി്രഭമാത്മകവുമായി ബഷീര്‍ മനുഷ്യാവസ്ഥകളെ ജീവരക്തം കൊണ്ടു വരഞ്ഞുതന്നു.
ജീവിതത്തില്‍ പലപ്പോഴും മതിഭ്രമത്തി (hallucinations) ല്‍ ഇടചേരുമായിരുന്ന ബഷീര്‍ മിഥ്യാബോധത്തി (illusions) ന്റെ നിത്യകാമുകനായിരുന്നു. അതുകൊണ്ടുതന്നെ ഇന്നിലല്ല ഇന്നലെയും ഇന്നും നാളെയും സ്ഥായിയായ ഒരു കാലസന്ധിയിലാണ് ബഷീര്‍ ജീവിച്ചതും അതു തൊട്ടിട ചേര്‍ന്നാണ് എഴുതിയതും.
നൂറ്റാണ്ടിന്റെ കലയായ സിനിമ ബഷീറിനെ വശീകരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. സംഗീതംപോലെ സിനിമയും ലഹരിയായി ബഷീര്‍ (എറണാകുളം വാസ നാളുകളില്‍ പ്രത്യേകിച്ചും) കൊണ്ടാടിയിരുന്നു. എങ്കിലും ബഷീര്‍ സിനിമയില്‍ പങ്കാളിയാകണമെന്നു മോഹിക്കുവാന്‍ പ്രത്യക്ഷ കാരണം, ഉറ്റചങ്ങാതിയായിരുന്ന സി.ജെ. തോമസാണ്.
1940 കളുടെ അവസാനപര്വ്വം. അന്‍പതുകളുടെ ആദ്യ പര്‍വ്വം. സി.ജെ. ഒന്നല്ല, മൂന്നോ നാലോ ചിത്രങ്ങളുടെ വിഭാവനത്തില്‍ സാരഥിയായി. ഒന്നും സാക്ഷാത്ക്കരിക്കപ്പെട്ടില്ല എന്നതതിന്റെ ദുര്‍വ്വിധി. പക്ഷേ, തികഞ്ഞ സമര്‍പ്പണത്തോടെയാണ് സി.ജെ. സിനിമയില്‍ മുഴുകിയത്. കൈനിക്കരയുടെ പ്രകൃഷ്ട നാടകമായ കാല്‍വരിയിലെ കല്പപാദുപം ഉപലംബമാക്കി ഒരുപാടു മനസ്സിരുത്തി സി.ജെ. ഒരു തിരക്കഥയെഴുതി.
*കഥയും സംഭാഷണവും മാത്രമായിരുന്നു സിനിമയില്‍ സ്ക്രീന്‍പ്ലേ എന്നെഴുതി അതിനിടയില്‍ തിരക്കഥ എന്നാദ്യമായി കോയിന് ചെയ്യുന്നത് സി.ജെ.യാണെന്നാണ് പ്രഗത്ഭ മാധ്യമ വിചാരകനും നിരീക്ഷകനുമായ തോമസ് ജേക്കബ് ചൂണ്ടിക്കാട്ടുന്നത്.*
ക്രിസ്തുവിന്റെ ജീവിതത്തിലെ അവസാനത്തെ ഏഴുദിനങ്ങളാണ് പ്രമേയ പരിവൃത്തം. ക്രിസ്തുവും യൂദാസുമാണ് മുഖ്യകഥാപാത്രങ്ങള്‍.
സി.ജെ. എന്നും ആഗ്രഹിച്ചത് ഇതിഹാസ കഥാപാത്രങ്ങളെ പ്രമേയ ബിന്ദുവാക്കിക്കൊണ്ടുള്ള ചിത്രങ്ങളാണ്. ദാവീദിനെക്കുറിച്ചും ശ്രീബുദ്ധനെക്കുറിച്ചും വലിയ സിനിമകള്‍ തയ്യാറാക്കുന്നതിനെക്കുറിച്ചും സി.ജെ. സ്വപ്നം കണ്ടിരുന്നു. ബെന്‍ഹറും റോബും ഒക്കെ ഇങ്ങെത്തും മുന്‍പുള്ള നാളിലാണ് ഈ ശ്രമവും സ്വപ്നങ്ങളും എന്നോര്‍ക്കുക.
പൂര്‍ത്തിയായ തിരക്കഥയുമായി സി.ജെ. തോമസ് ബഷീറിനടുത്തെത്തി. ബഷീറിന്റെ മുറിയില്‍ ഇരുന്ന് തിരക്കഥ വായിച്ചു. അന്നുരാത്രി മുഴുവന്‍ ആ ചലച്ചിത്ര സാധ്യതയെക്കുറിച്ചായിരുന്നു ഇരുവരും ചര്‍ച്ച.
സി.ജെ. പോയശേഷം സിനിമ എന്ന മോഹിനി ബഷീറിന്റെ മനസ്സില്‍ നിറനിലതുടര്ന്നു. തനിക്കും ഒരു തിരക്കഥയെഴുതണം. ബഷീര്‍ ഉറച്ചു. സി.ജെയുടെ കഥവഴിയല്ല തന്റേത് സാധാരണ മനുഷ്യരുടെ മുഹൂര്‍ത്തങ്ങള്‍ കോര്ത്തുകൊണ്ടുവേണം രചന. മാധ്യമം സിനിമയാണ്. അതിന്റെ പ്രകാശനവഴിയില്‍ വിഭ്രമാത്മകതയ്ക്കു ഒരുപാട് സാധ്യതകളുണ്ട്. അത് നന്നായി പ്രയോജനപ്പെടുത്തണം. കഥ അതിനുതകുന്നതാകണം. സംഗീതത്തിനു നല്ല പ്രാധാന്യം വേണം. പാട്ടുകള്‍ എന്നും ബഷീറിന്റെ പ്രചോദനമായിരുന്നു.