പോസ്റ്റ്‌ഫെമിനിസം: സത്തയും സ്വരൂപവും – . തോമസ് സ്‌കറിയ
ഫെമിനിസത്തെ അടിസ്ഥാനമാക്കിയുള്ള സൈദ്ധാന്തികവും ദാര്‍ശനികവുമായ സംജ്ഞയെന്ന നിലയില്‍ ഒരു ഏകീകൃത കര്‍തൃത്വത്തിനുവേണ്ടി പോസ്റ്റ്‌ഫെമിനിസം നിലകൊള്ളുന്നു. ഉടമസ്ഥതയെയും നിര്‍വചനത്തെയും സംബന്ധിച്ച ചോദ്യങ്ങളെ പുനരാവിഷ്‌കരിച്ചുകൊണ്ട് ആധുനിക സമൂഹത്തിന് അനിവാര്യമായ അനുരൂപമായ ഒരു രാഷ്ട്രീയ പ്രതിഭാസമായിത്തിരുന്നു പോസ്റ്റ്‌ഫെമിനിസം.
വൈരുദ്ധ്യഭരിതവും നിഷേധപൂരിതവുമായ ഒരു സങ്കല്പനമാണ് പോസ്റ്റ്‌ഫെമിനിസം. ചിലരാലത് കഠിനമായി ആക്രമിക്കപ്പെടുകയും മറ്റു ചിലരാല്‍ ആഘോഷിക്കപ്പെടുകയും ചെയ്തു. ഉത്തരാധുനിക ഘടനാവാദോത്തര ഫെമിനിസമെന്ന് അക്കാദമിക് സമൂഹം അവകാശപ്പെടുകയും സാഹിത്യവ്യവഹാരമണ്ഡലങ്ങളില്‍ അങ്ങനെ വിനിയോഗിക്കപ്പെടുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവിലാണ് ഉദയം ചെയ്തതെങ്കിലും ഇന്നിന്റെ ഫെമിനിസമെന്നറിയപ്പെടുന്നു. സാംസ്‌കാരികവും രാഷ്ട്രീയവും അക്കാദമികവുമായ പ്രതികരണങ്ങളില്‍ ജനപ്രിയ ജേര്‍ണലിസവും മാധ്യമവുമായി ബന്ധപ്പെട്ട അപഗ്രഥനങ്ങളില്‍ നിന്ന് പോസ്റ്റ്‌ഫെമിനിസം രൂപംകൊണ്ടു. വൈജ്ഞാനികമണ്ഡലത്തില്‍ പണ്ഡിതോചിതരചനകളില്‍ മറ്റനന്തര വ്യവഹാരങ്ങളുടെ ഓരം ചേര്‍ന്ന് ഇതും ഇരിപ്പുറപ്പിച്ചു. സ്വത്വത്തിന്റെയും ലിംഗബോധത്തിന്റെയും നിര്‍മ്മിതിയിലും ഗ്രഹിക്കലിലുമുണ്ടായ വ്യതിയാനത്തെ സൂചിപ്പിക്കുന്ന ഒരു സംജ്ഞയായി പോസ്റ്റ് ഫെമിനിസം അറിയപ്പെട്ടു. പാരമ്പര്യോത്തരയുഗത്തെ അടയാളപ്പെടുത്തുന്നതെന്ന നിലയില്‍ വായിക്കപ്പെട്ടു. അടിസ്ഥാനപരമായി സാമൂഹിക ബന്ധങ്ങളിലുണ്ടായ നാടകീയമായ മാറ്റങ്ങളെ അതു സൂചിപ്പിക്കുന്നുമുണ്ട്. റോസാലിന്‍ഡ് ഗില്‍ പോസ്റ്റ്‌ഫെമിനിസത്തിന് സമാന്തരമില്ലെന്ന് എഴുതി അതിന്റെ തന്മയെ വെളിപ്പെടുത്തി.
വൈരുദ്ധ്യാത്മകാര്‍ത്ഥങ്ങളെയും ബഹുസ്വരനോട്ടങ്ങളെയും അത് ഉള്‍ക്കൊള്ളുന്നു. നിര്‍വചനത്തിന്റെ ഒറ്റച്ചട്ടത്തിനുള്ളിലതിനെ ഒതുക്കുക അത് എളുപ്പമല്ല. ഫെമിനിസത്തിന്റെ ചരിത്രത്തിനുള്ളില്‍ അതിന്റെ നിലയെന്തെന്നും എങ്ങനെ അത് ജനപ്രിയ സംസ്‌കാരത്തിലും വൈജ്ഞാനിക-രാഷ്ട്രീയ മണ്ഡലങ്ങളിലും ഉദയം ചെയ്‌തെന്നും കണ്ടെത്തേണ്ടതുണ്ട്. ‘സൈബര്‍ ഫെമിനിസം’, ‘ഡു-മി ഫെമിനിസം’, ‘ക്വീര്‍ ഫെമിനിസം’, ‘പോസ്റ്റ് മോഡേണ്‍ ഫെമിനിസം’ തുടങ്ങിയവയുടെയൊക്കെ സൂക്ഷ്മരാഷ്ട്രീയം പോസ്റ്റ്‌ഫെമിനിസവുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്നും പരിശോധിക്കേണ്ടിയിരിക്കുന്നു. ചുരുക്കത്തില്‍ വിമര്‍ശനാത്മക ശ്രദ്ധയും പരിഗണനയും പരിശോധനയും പോസ്റ്റ്‌ഫെമിനിസം ആവശ്യപ്പെടുന്ന സമയമായിരിക്കുന്നുവെന്നു സാരം. ആ പശ്ചാത്തലത്തില്‍ പോസ്റ്റ്‌ഫെമിനിസത്തിന്റെ സത്തയും ചരിത്രവും തിരഞ്ഞുനോക്കുവാനുള്ള ഉദ്യമമാണ് ഈ ലേഖനം.
പുതിയകാലത്ത് അക്കാദമിക് വ്യവഹാരങ്ങളില്‍ വലിയ സ്വീകരണം ലഭിച്ച ഉപസര്‍ഗ്ഗമാണ് പോസ്റ്റ്. ആധുനികതയ്ക്കുശേഷം പോസ്റ്റ് ചേര്‍ത്തുള്ള സംജ്ഞകളുടെ സ്വീകാര്യത വല്ലാതങ്ങു വര്‍ധിച്ചു. പോസ്റ്റ്‌മോഡേണിസം, പോസ്റ്റ്‌സ്ട്രക്ചറലിസം, പോസ്റ്റ്ട്രൂത്ത് എന്നിങ്ങനെ ഒന്നില്‍നിന്ന് ഒന്നിലേക്കു തുറക്കുന്ന ജാലകങ്ങളുടെ നിരയില്‍ ഒന്നായി മാറി പോസ്റ്റ് ഫെമിനിസം. ഫെമിനിസത്തിന്റെ ഖണ്ഡനമോ അട്ടിമറിക്കലോ നിഷേധിക്കലോ തിരസ്‌കാരമോ അല്ല പോസ്റ്റ്‌ഫെമിനിസം. പോസ്റ്റിങ്ങ് എന്നതിന് സ്ഥാപിക്കലെന്നൊരര്‍ത്ഥം കൂടിയുണ്ട്. ആ അര്‍ത്ഥത്തില്‍ ഫെമിനിസത്തിന്റെ സ്ഥാപിക്കലായി പോസ്റ്റ്‌ഫെമിനിസത്തെ വായിക്കുന്നവരുണ്ട്. Post-feminism പോസ്റ്റ്‌ഫെമിനിസത്തിലെ പോസ്റ്റിന്റെ അര്‍ത്ഥമെന്താണ്? എന്തു ബോധമാണ് അത് നമ്മളില്‍ സൃഷ്ടിക്കുന്നത്? ഫെമിനിസാനന്തരമുണ്ടായ ആഖ്യാന സമൃദ്ധിയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടേ പോസ്റ്റ്‌ഫെമിനിസത്തെ വിശദീകരിക്കാനൊക്കൂ എന്ന കാര്യത്തില്‍ സംശയമില്ല. ഫെമിനിസം ഇല്ലാതാവുകയോ പിരിഞ്ഞുപോകുകയോ മരിക്കുകയോ ചെയ്തിട്ടില്ല. പോസ്റ്റ് ഫെമിനിസം ഫെമിനിസത്തിന്റെ വ്യര്‍ത്ഥസ്ഥൂലതയുടെ മരണവും പ്രഖ്യാപിക്കുന്നില്ല. അമ്മയും മകളും തമ്മിലുള്ള സംഘര്‍ഷത്തെ സൂചിപ്പിക്കുന്ന സംജ്ഞയുമല്ലത്. ഫെമിനിസത്തിന്റെ അതീതത്വത്തെ (pastiness) സൂചിപ്പിക്കലാണ് പോസ്റ്റ് ഫെമിനിസത്തിന്റെ സ്വഭാവമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പോസ്റ്റ് എന്ന ഉപസര്‍ഗ്ഗം പുനരാലോചന, ശക്തമായ ചര്‍ച്ച, അനന്തരം തുടങ്ങിയ ചിന്തകളെയൊക്കെ നിരുക്തിപരമായി സൂചിപ്പിച്ചേക്കാം. ആശ്രിതത്ത്വത്തേയും നൈരന്തര്യത്തേയും സൂചിപ്പിക്കുന്ന ഒരു ഉപസര്‍ഗ്ഗം കൂടിയാണ് പോസ്റ്റ് എന്ന വസ്തുതയും വിസ്മരിച്ചുകൂടാ. എന്തായാലും ഫെമിനിസത്തിന്റെ അനന്തരഫലം തന്നെ പോസ്റ്റ് ഫെമിനിസം എന്നു വിശ്വസിക്കാനാണ് പലര്‍ക്കും ഇഷ്ടം. ഫെമിനിസത്തിന്റെ ആഴത്തില്‍ നിന്നും കാണെക്കാണെപ്പൊന്തി നിറമായും നിഴലായും രൂപം പൂണ്ട് പൊരുളായിത്തീരുന്ന ഒരവതാരം തന്നെ ഫെമിനിസം.
ഫെമിനിസത്തിന് ഒരൊറ്റ നിര്‍വചനമോ കൃത്യമായൊരു പൊതുപ്രത്യയശാസ്ത്രമോ ഇല്ലെന്ന് ജെറാള്‍ഡിന്‍ ഹാരിസ് പറയുന്നു. അംഗീകൃത നേതാക്കളോ നയമോ മാനിഫെസ്റ്റോയോ അതിനില്ല. പ്രത്യേക സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്, സവിശേഷ വിഷയങ്ങള്‍ക്കനുസരിച്ച് ഉണ്ടായിട്ടുള്ള ചില പ്രവര്‍ത്തന നിര്‍വചനങ്ങളാണുള്ളത്. സ്ത്രീകളുടെ തുല്യതയുടെ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കലായിരുന്നു ഒരു ലക്ഷ്യം. ഫെമിനിസത്തിന്റെ പൂന്തോപ്പില്‍ വളര്‍ന്ന ഒരു കളയല്ല പോസ്റ്റ്‌ഫെമിനിസം. ആധികാരികമോ മൗലികമോ ആയ നിര്‍വചനം അതിനു സാധ്യവുമല്ല. പുതിയ സഹസ്രാബ്ദത്തിനനുരൂപമായുള്ള ഫെമിനിസത്തിന്റെ പുതിയതും മെച്ചപ്പെട്ടതുമായ ഒരു മനോഭാവമാണ് പോസ്റ്റ്‌ഫെമിനിസം.