ഒരു മഴക്കീഴില്‍ – സി. രാധാകൃഷ്ണന്‍

ഒരു മഴക്കീഴില്‍ – സി. രാധാകൃഷ്ണന്‍

സാധാരണമായി പ്രയോഗത്തിലുള്ളത് ‘ഒരു കുടക്കീഴില്‍’ എന്നാണല്ലോ. പക്ഷേ, ഒരു കൂട്ടായ്മയിലെ പങ്കാളിത്തത്തെ അവതരിപ്പിക്കാന്‍ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ‘ഒരു മഴക്കീഴില്‍’ എന്നതാണ്. തോരാതെ പെയ്യുന്ന മഴ നനഞ്ഞ് ആലോലം കുതിര്‍ന്ന് വെറുതെ തുള്ളിച്ചാടുകയോ ഒപ്പം നടക്കുകയോ തണുത്തുവിറച്ച് താടിയെല്ലുകള്‍ കൂട്ടിയിടിക്കെ ചിരിക്കുകയോ ചെയ്ത കുട്ടിക്കാലം ഓര്‍ത്തുനോക്കൂ. ഒരിക്കലും മറക്കാന്‍ വയ്യാത്ത അനുഭവം.


ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും കൂത്തരങ്ങായിരുന്ന കുട്ടിക്കാലത്ത് ഈ അനുഭവം സുലഭവുമായിരുന്നു. ശീലക്കുട എന്ന അലങ്കാരവസ്തു അത്യപൂര്‍വ്വമായിരുന്ന കാലം. കുളച്ചേമ്പിന്റെയോ വാഴയുടെയും ഇല നെടുനീളന്‍ തണ്ടോടെ ഉയര്‍ത്തിപ്പിടിപ്പിക്കുന്നതാണ് മഴക്കെതിരെയുള്ള ഉപരോധം. നല്ല കാറ്റുവന്നാല്‍ തണ്ടൊടിയും, ഇല കീറും. സ്‌കൂളിലെത്തിയാല്‍ ഇതൊന്നും സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതുകൊണ്ട് വരാന്തയിലിടും. അതില്‍ ചവിട്ടി ഒരുപാടുപേര്‍ നടക്കും.


ഇലകള്‍ കേടുവരരുതെന്നല്ല മറിച്ചാണ് ഞങ്ങളുടെ ആഗ്രഹവും. അപ്പോഴല്ലെ മഴയേല്‍ക്കാന്‍ പറ്റൂ! പുസ്തകങ്ങള്‍ ഇലയുടെ കീറാതെ ശേഷിച്ച വല്ല തുണ്ടുംകൊണ്ട് പൊതിഞ്ഞ് കക്ഷത്തിലിറുക്കി തുള്ളിക്കൊരുകുടം പെയ്യുന്ന മഴയിലേക്കിറങ്ങും. ഇതും പോരെങ്കില്‍ ചേടിനിരത്തിലെ ചോരച്ചുവപ്പുള്ള തീര്‍ത്ഥജലം കൊണ്ടുകൂടി ആറാട്ടും! മൂക്കിന്‍തുമ്പത്തുനിന്ന് വായിലേക്ക് ഒലിച്ചിറങ്ങുന്ന മഴവെള്ളത്തില്‍ തലയിലെ വിയര്‍പ്പിന്റെ ഉപ്പുരസം കലരുമ്പോഴത്തെ അപാരരുചി അത് നുണഞ്ഞവര്‍ക്കല്ലെ അറിയാവൂ!


കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ ഓലക്കുട കിട്ടി. ഓലക്കുടപ്പുറത്ത് മുഴങ്ങുന്ന മഴത്താളം തൃശൂര്‍പൂരത്തിന്റെ മേളത്തേക്കാള്‍ ഒട്ടും കുറഞ്ഞതല്ല. മഴ മാറിയാലും കുടപ്പുറത്ത് ‘മരം പെയ്യുന്ന’ രൂപതാലമോ അതിലേറെ രസകരം.


കാല് മേലോട്ടാക്കി ഓലക്കുട നിരത്തിലെ മഴവെള്ളക്കെട്ടില്‍ വെച്ചാല്‍ പാമരമുള്ള കപ്പലായി. രണ്ടു കുടത്തണ്ടുകള്‍ കൂട്ടിക്കെട്ടിയാല്‍ നിരത്തിലൂടെ ഉരുട്ടാവുന്ന വണ്ടിയായി. കുടയുടെ വക്കുകള്‍ കോര്‍ത്ത് ‘തിത്തേര്യാക്കുട തിത്തേര്യ!! എന്നു ചാടിക്കളിക്കാന്‍ പാകം. ഏതായാലും, മഴക്കാലം പാതിയാവുമ്പോള്‍ കുട എല്ലു മാത്രമാവും. പിന്നെ സ്വതന്ത്രമായി മഴക്കീഴില്‍ വിലസാം.


മുതിര്‍ന്നതിനുശേഷവും, ഏതു നാട്ടിലായാലും, ഇടവപ്പാതിക്കാലത്ത് വീട്ടിലേക്കു പോരും. മഴ നനയും. നിറഞ്ഞ പുഴയില്‍ നീന്തും.


ഒരു പുഴയില്‍ ഒരിക്കലേ കുളിക്കാനാവൂ എന്നൊരു ചൊല്ലുണ്ടല്ലോ. കാഴ്ചയില്‍ ഒരുപോലിരിക്കുമെങ്കിലും വെള്ളം മുഴുവന്‍ വേറെ. മഴക്കാര്യവും അങ്ങനെത്തന്നെ. ഒരു മഴ ഒരിക്കലേ പെയ്യൂ. ഒരേ മഴ നനഞ്ഞവര്‍, ഒരു പുഴയില്‍ കുളിച്ചവര്‍, ഒരേ പുസ്തകം വായിച്ചവര്‍, പാട്ടു കേട്ടവര്‍, ഒരുമിച്ച് ഉണ്ടവര്‍, വഴി നടന്നവര്‍, ദാഹിച്ചവര്‍, വിശന്നവര്‍, ഉറക്കമൊഴിച്ചവര്‍ – സൗഹൃദങ്ങളുടെ വളപ്പൊട്ടുകളും മയില്‍പ്പീലികളും പിന്നീട് കണ്ടുകിട്ടുന്ന ഇടങ്ങളില്‍ മേളിച്ചവര്‍.


മഴയും വെയിലും കാറ്റും ഇടിയും കടലിരമ്പവും പുഴമുഴക്കവും ചേര്‍ന്നു നടത്തുന്ന സംഗീതക്കച്ചേരികള്‍ മറക്കാനാവുമോ? ഇതെല്ലാം ഒരുമിച്ചു കേള്‍ക്കാവുന്ന ഇടമാണ് എന്റെ പഴയഗ്രാമം. കൂടെ പലതരം ജീവികളുടെ, പ്രത്യേകിച്ചും രാത്രികളില്‍ സംഘഗാനവും. ഇതൊക്കെ കേള്‍ക്കാന്‍ വേണ്ടി ഉറങ്ങാതെ കിടന്ന രാവുകള്‍ ഏറെയാണ്


കളിക്കാന്‍ വിളിക്കുന്ന കൂട്ടുകാരനെ കേള്‍ക്കാതിരിക്കാന്‍ ചെവി പൊത്തിയ മട്ടാണ് ആധുനികവീട്ടില്‍. ഓല മേഞ്ഞ മേല്‍പ്പുരയില്‍ ഒറ്റക്കോല്‍ത്താളമായി വീമ്പ് ക്രമത്തിലും ക്രമം തെറ്റിയും ‘പെരുക്കംപിടിക്കു’ന്ന മഴ അന്യമായി. ഓട്ടിന്‍പുറത്തുപോലും, വാദ്യം വേറെ ഉപകരണത്തിന്മേലാണെന്നാലും, താളം കേള്‍ക്കാമായിരുന്നു.