അഗുംബെയുടെ മഴ – വി ആര്‍ ജയരാജ്

അഗുംബെയുടെ മഴ – വി ആര്‍ ജയരാജ്

അഷ്ടദിക്കുകളും നിറഞ്ഞുനിന്ന പുകമഞ്ഞിലൂടെ ഊര്‍ന്നിറങ്ങുന്ന മഴനൂലുകള്‍ക്കിടയിലൂടെയാണ് ആ ജൂലൈമാസ മധ്യത്തില്‍ അഗുംബെ എന്നെ സ്വീകരിച്ചത്. കോലാഹലങ്ങളില്ലാത്ത മാരി. മഴനൂലുകള്‍, തകര്‍ത്തുപെയ്‌തൊരു മഴയുടെ ബാക്കിപത്രമാണെന്നു വഴിയരികിലൂടെ കുത്തിയൊലിച്ചുപായുന്ന കലക്കവെള്ളം ഓര്‍മിപ്പിക്കുന്നു. ചിറാപുഞ്ചി കഴിഞ്ഞാല്‍ ഭാരതത്തില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന ഇടം ഈ കുഞ്ഞു കന്നഡ പ്രദേശം. തെക്കിന്റെ ചിറാപുഞ്ചി. ജൈവവൈവിധ്യങ്ങളുടെ അമൂല്യമായ ആകരം. ഔഷധസസ്യങ്ങളുടെ കലവറ. രാജവെമ്പാലകളുടെ നാട്. പരശ്ശതം പക്ഷിവര്‍ഗങ്ങളുടെയും ഉഭയജീവികളുടെയും സസ്തനികളുടെയും ആവാസഭൂമി. ഇത് സ്വര്‍ഗം തന്നെ എന്ന് ഏതൊരു പ്രകൃതിസ്‌നേഹിയും അറിയാതെ പറഞ്ഞുപോകും.


മാന്ത്രികമാണ് അഗുംബെയുടെ മഴ. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മലയാളക്കരയിലെത്തുന്നതിനു പിന്നാലെത്തന്നെ മഴ അഗുംബെയിലുമെത്തുന്നു. പിന്നെയുള്ള നാലുമാസം അഗുംബെ എന്ന കൊച്ചുഗ്രാമവും അതിനോട് ചേര്‍ന്ന വനസ്ഥലികളും പുല്‍മേടുകളും എല്ലാം ചേര്‍ന്ന് മഴയുടെ മാസ്മരിക പ്രപഞ്ചമായി രൂപാന്തരം കൊള്ളുന്നു. ബൈന്ദൂര്‍ കടപ്പുറത്തുനിന്നും തെക്കുകിഴക്ക് ദിശയിലെ അതിദീര്‍ഘമല്ലാത്ത യാത്രയ്‌ക്കൊടുവില്‍ സോമേശ്വരത്തിന്റെ നിറ വന്യത പിന്നിട്ടു 14 മുടിപ്പിന്‍ വളവുകള്‍ താണ്ടി ആ ജൂലൈ പൂര്‍വാഹ്നത്തില്‍ ഞാന്‍ എത്തുമ്പോള്‍ അഗുംബെ ആ മാന്ത്രികതയില്‍ ലയിച്ചു കിടക്കുകയായിരുന്നു. ലോകത്ത് മറ്റെവിടെയും ഏകതാനത മടുപ്പിക്കുന്നതാകാം. പക്ഷേ, അഗുംബെയുടെ വര്‍ഷത്തിന്റെ ഏകതാനത, നിമിഷങ്ങളിലൂടെ മേന്മേല്‍ ധന്യമാകുന്ന ഹൃദ്യാനുഭവമാണ്. മാരിയുടെ ആദ്യപ്രത്യക്ഷത എങ്ങനെയാണ് എന്നറിയില്ല, അതുകാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. എന്നാല്‍, മഴ തുടങ്ങിയാല്‍ പിന്നെ അതിന്റെ വിവിധ ഭാവങ്ങളുടെ, പ്രഭാവ വൈവിധ്യത്തിന്റെ തിമിര്‍പ്പാണ്. പെയ്തുപോയ മഴയുടെ ഒരിക്കലും നഷ്ടപ്പെടാത്ത അന്തരീക്ഷ ഈര്‍പ്പത്തിലൂടെ മന്ദമാരുതന്‍ കടന്നുവരുന്നു. അതിലൂടെ കോടമഞ്ഞിന്റെ ആഗമനമാണ്. എന്റെ കണ്‍മുന്നിലൂടെ വനത്തെയും ഗ്രാമത്തിലെ ചെടികളെയും തെരുവിനെയും തെരുവോരത്തെ പുരകളെയും എന്നെത്തന്നെയും ഗോചരതയില്‍ നിന്നും നിഷ്‌ക്കാസനം ചെയ്ത് അനാദിമധ്യാന്തമെന്ന് തോന്നിപ്പിക്കുന്ന കോടമഞ്ഞിന്റെ ശുദ്ധശുഭ്രത ഭൂമിയാകെ നിറയുന്നു.


അഭൗമമെന്നുതന്നെ വിളിക്കാന്‍ തോന്നുന്ന വെളുപ്പിന്റെ ആ മായത്തിരശീലയ്ക്കു ലംബമായി പിന്നെ ജലത്തിന്റെ ആദ്യകരങ്ങള്‍ ചാറ്റലായി പതിക്കുന്നു. ചാറ്റല്‍ ശക്തമാകുന്നതോടൊപ്പം വരുന്ന ചെറുകാറ്റില്‍ സായിപ്പ് പറഞ്ഞ ‘റൃശ്ശിഴ ൃമശി’ പെയ്തിറങ്ങുകയായി. അക്ഷരാര്‍ത്ഥത്തില്‍ തുള്ളിക്കൊരു കുടം പേമാരി. മഴയങ്ങനെ തിരിഞ്ഞും മറിഞ്ഞും നിന്നു പെയ്യുന്നു. അതിശക്തമായ മഴ കാറ്റിന്റെ കൈകളേറി, മനുഷ്യന്‍ അവന്റെ വാസഗേഹത്തിനു മുന്നിലും വ്യാപാരസ്ഥാപനത്തിന്റെ കോലായിലും വര്‍ഷകാലരക്ഷയ്ക്കായി കെട്ടിയ പ്ലാസ്റ്റിക് പടുതയ്ക്കുമേല്‍ നിരന്തര താഡനം നടത്തും. തെരുവോരങ്ങളിലെ ചാലുകള്‍ നിറഞ്ഞൊഴുകുകയായി, ഒരു മഴയ്ക്കുശേഷം ഒട്ടൊന്നു കലി അടങ്ങിയ വനാന്തരത്തിലെ നീര്‍ച്ചാലുകള്‍ വീണ്ടും പ്രചണ്ഡ പ്രവാഹങ്ങള്‍ ആവുകയായി. അത്യാവശ്യക്കാരായ ചില കാല്‍നടക്കാരും ഷിമോഗയിലേക്കോ ഉഡുപ്പിയിലേക്കോ പോകുന്ന ചില വാഹനങ്ങളും ഒഴിച്ചാല്‍ മദ്ധ്യാഹ്നമാണെങ്കില്‍പോലും പ്രധാന പാതവരെ വിജനമായിരിക്കും അഗുംബെയുടെ ഈ മഴനേരത്ത്.


പെയ്ത്ത് വീണ്ടും ചാറ്റലിലേക്കു മടങ്ങുന്നു. വേറിട്ട് പതിക്കുന്ന മഴത്തുള്ളികള്‍ക്കു കനവും ഘനവും കുറഞ്ഞുവരും. ഇനിയാണ് മാസ്മരികതയുടെ ഉച്ചാവസ്ഥ. വേറിട്ട മഴത്തുള്ളികള്‍ കനം കുറഞ്ഞു നൂല്‍രൂപം പ്രാപിക്കുകയായി. ശുദ്ധസ്ഫടികത്തിന്റെ ഒഴുകുന്ന നേര്‍ത്ത നൂലുകള്‍പോലെ മഴ അനുസ്യൂതമായി സ്വര്‍ഗത്തില്‍നിന്നും ഭൂമിയിലേക്ക് പ്രയാണം ചെയ്യുന്നു. സുതാര്യതയുടെ ദ്രവപ്രയാണം. അനന്തതയോളം വ്യാപിക്കുന്ന ആ ചലിക്കുന്ന സുതാര്യതയിലേക്കു മഴയുടെ ഒരു ഇടവേള കടന്നു വരും. പക്ഷേ, നിമിഷങ്ങള്‍ക്കകം ക്രമപൂര്‍ണവും അശ്രാവ്യവുമായ ഒരു താളത്തോടെ പുകമഞ്ഞ് മടങ്ങി വരുകയായി. പിന്നെയത് എല്ലാ ഇടങ്ങളെയും അതിന്റെ പ്രഭാവത്തിന്റെ ശൈത്യമാര്‍ന്ന പുതപ്പിലൊളിപ്പിക്കുന്നു. മാസ്മരികമായ ഈ മഴപ്രതിഭാസം ഇതേ താളത്തിലും ക്രമത്തിലും ആവര്‍ത്തിക്കുന്നു, വീണ്ടും വീണ്ടും വീണ്ടും. അഗുംബെയിലെ കാലവര്‍ഷത്തിന്റെ ഏകതാന സൗന്ദര്യമാണിത്. ആ ഏകതാനതയിലൂടെ എത്ര ദിവസങ്ങള്‍ കടന്നുപോയാലും ആ ശൃംഖലയുടെ ആദ്യകണ്ണിയുടെ പുതുമ അവസാനത്തെ മഴവരെയും നിലനില്‍ക്കുന്നു. പക്ഷേ, അതെപ്പോഴാണ്?


കസ്തൂര്‍ അക്കയുടെ ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള, കരിങ്കല്ലില്‍ തീര്‍ത്ത കൊട്ടാരസദൃശമായ ദൊട്ടുമനയുടെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍നിന്നു ദൂരെ കിഴക്കു കുന്ദാദ്രിയോളമെത്തുന്ന അഗുംബെയുടെ മനോഹരസ്ഥലികളിലേക്കു കണ്ണുനട്ടിരിക്കുമ്പോള്‍ ഞാനോര്‍ത്തത് ഏകാന്തതയുടെ നൂറുവര്‍ഷത്തില്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് പെയ്യിച്ച ആ അഭൗമവര്‍ഷത്തെക്കുറിച്ചായിരുന്നു: ‘നാല് വര്‍ഷവും പതിനൊന്നു മാസവും രണ്ടു ദിവസവും തുടര്‍ച്ചയായി മഴ പെയ്തു…’ മാര്‍കേസിന്റെ മഴ മാജിക്കല്‍ റിയലിസം ആയിരുന്നെങ്കില്‍ അഗുംബെയുടെ മഴ ‘മെസ്മറൈസിങ് റിയാലിറ്റി’ ആണെന്ന് പറയാന്‍ എനിക്ക് തോന്നി. അഗുംബെയുടെ മഴകണ്ടാല്‍ അതിനു നാലുവര്‍ഷമല്ല, അതിലുമേറെക്കാലം തുടര്‍ച്ചയായി പെയ്യാന്‍ കഴിയുമെന്ന് തോന്നും. അഗുംബെയുടെ കൊച്ചു തെരുവിലൂടെ നടക്കുമ്പോള്‍, വനത്തിലെ മരങ്ങള്‍ക്കുമേല്‍നിന്നുയരുന്ന ബാഷ്പ തുണ്ടുകള്‍ നോക്കിനില്‍ക്കുമ്പോള്‍, ചായക്കടയില്‍ പച്ചമരുന്നിട്ട ചൂടുകാപ്പി മൊത്തിക്കുടിക്കുമ്പോള്‍, സ്വന്തം വസ്ത്രം മഴ നനയാതെത്തന്നെ ഈറനായിരിക്കുന്നത് അറിയുമ്പോള്‍, മീനുകള്‍ക്കു നീന്താനാകുംവിധം മഴ ഈര്‍പ്പഭരിതമാക്കിയ അകത്തളങ്ങളെക്കുറിച്ചു മാര്‍കേസ് പറഞ്ഞ മാജിക്കല്‍ റിയലിസം പച്ച യാഥാര്‍ഥ്യം മാത്രമെന്ന് തോന്നിപ്പോകും. അത്രമാത്രം ഈറനാണ് ജൂലൈമാസ അഗുംബെ.


ദക്ഷിണ കര്‍ണാടകത്തില്‍, ഉടുപ്പിയില്‍ നിന്നും 60 കിലോമീറ്ററോളം വടക്കുകിഴക്ക് മാറി സോമേശ്വര വന്യജീവി സങ്കേതത്തിനും കുദ്രേമുഖ് ദേശീയോദ്യാനത്തിനും അരികെ ഷിമോഗ ജില്ലയിലെ പശ്ചിമഘട്ട ഖണ്ഡത്തിലാണ് മഴക്കാടുകള്‍ക്കും ഔഷധസസ്യങ്ങള്‍ക്കും വിനോദസഞ്ചാരത്തിനും പ്രസിദ്ധമായ അഗുംബെ. സോമേശ്വരക്ഷേത്രപരിസരത്തവസാനിക്കുന്ന പരപ്പാര്‍ന്ന ഭൂമിയില്‍നിന്നു കുത്തനെ 10 കിലോമീറ്റര് ദൂരെ കിടക്കുന്ന അഗുംബെ നിലകൊള്ളുന്നത് 643 മീറ്റര്‍ ഉയരെയാണ്. അറബിക്കടലില്‍നിന്നും അഗുംബെയിലേക്കു ആകാശദൂരം 55 കിലോമീറ്റര്‍. ഏതാണ്ട് മൂന്ന് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി വരുന്ന, 800-ലേറെ മാത്രം മനുഷ്യരുടെ ആവാസകേന്ദ്രമായ ഗ്രാമമുള്‍പ്പെടുന്ന ഈ പര്‍വതഭൂമിയിലെ മഴക്കാടുകളുടെ പരപ്പ് 5500 ഹെക്ടറോളം വരും.


മഴയാണ് അഗുംബെയുടെ സ്വാഭാവികമുഖം. ഏറ്റവുമേറെ മഴ ലഭിക്കുന്നത് ജൂലൈമാസത്തില്‍. ഉണക്കമാസം ഫെബ്രുവരി. മഴക്കാല മഴക്കാടുകള്‍ കാണാനല്ലാതെ സാമ്പ്രദായിക വിനോദസഞ്ചാര ലക്ഷ്യമാണുള്ളതെങ്കില്‍ അതിനു പറ്റിയ കാലം നവംബര്‍ ആണത്രേ. അന്തരീക്ഷ ഊഷ്മാവ് ഏറ്റവും കുറഞ്ഞത് അഞ്ചു ഡിഗ്രി സെല്‍ഷ്യസ്, കൂടിയത് 32 ഡിഗ്രി സെല്‍ഷ്യസ്. അഗുംബെയിലെ ശരാശരി വാര്‍ഷിക മഴലഭ്യത 7620 മില്ലിമീറ്റര്‍ ആണെങ്കില്‍ ജൂലൈ മാസത്തില്‍ ഇത് 2647 മില്ലിമീറ്റര്‍ ആണ്. ഒറ്റ മാസത്തില്‍ ഏറ്റവുമേറെ മഴ പെയ്തതു 1946-ഇല്‍: 4508 മില്ലിമീറ്റര്‍.