ഹൈറേഞ്ചിലെ ഓര്‍മ്മപ്പെയ്ത്ത് – അന്നക്കുട്ടി ജേക്കബ്

ഹൈറേഞ്ചിലെ ഓര്‍മ്മപ്പെയ്ത്ത് – അന്നക്കുട്ടി ജേക്കബ്

(കുടിയേറ്റ ജീവിതത്തെ ഈറനണിയിച്ച മഴയോര്‍മ്മകളിലൂടെ..)


മലക്കിടപ്പിലുള്ള കുഞ്ഞിനേയുംകൊണ്ട് പാലായില്‍ നിന്നും ഹൈറേഞ്ചി ലേക്ക് ബസ്സ് കയറുമ്പോള്‍ അപരിചിതമായ ചില അറിവുകളും ആകുലതകളും മാത്രമായിരുന്നു മനസ്സില്‍. അതിരാവിലെ പാലായില്‍ നിന്നു യാത്ര തിരിച്ചാല്‍ മാത്രമേ സന്ധ്യയോടടുത്ത് ഇടുക്കി ഹൈറേഞ്ചിലെ അയ്യപ്പന്‍കോവിലില്‍ ബസ്സ് യാത്ര അവസാനിക്കൂ. ആ യാത്ര ഇന്നും എന്റെ മനസ്സില്‍ മായാതെ കിടക്കുന്നു.


മുണ്ടക്കയത്തുനിന്ന് കുട്ടിക്കാനം ചുരത്തിലൂടെയുള്ള യാത്ര. എതിരെ മറ്റൊരു ബസ് വന്നാല്‍ റോഡിലെ വളവുകളില്‍ മാത്രമാണ് സൈഡ് കൊടുക്കുന്നത്. കാരണം വളവുകളില്‍ മാത്രമേ റോഡിന് വീതിയുള്ളൂ. കയറ്റം കയറി പുല്ലുപാറയിലെത്തുമ്പോള്‍ വണ്ടിയുടെ എഞ്ചിനില്‍ വെള്ളം ഒഴിച്ച് നിറച്ച് വീണ്ടും യാത്ര. കുട്ടിക്കാനത്തോടടുക്കുമ്പോള്‍ അടുത്തു നില്‍ക്കുന്ന ആളുകളെപ്പോലും കാണാന്‍ കഴിയാത്തവിധം കോടമഞ്ഞ്. കിടുകിടാ വിറയ്ക്കുന്ന തണുപ്പും. മഞ്ഞലൈറ്റ് ഇട്ടുകൊണ്ടാണ് ബസ് കിതച്ചുകിതച്ച് നീങ്ങുന്നത്. ബസ്‌യാത്രയുടെ അവസാനം അയ്യപ്പന്‍കോവില്‍ ആണ്. അന്നത്തെ രാത്രി ബന്ധുക്കളുടെ വീട്ടിലെവിടെയെങ്കിലും തങ്ങിയശേഷം അടുത്തദിവസം പുലര്‍ച്ചെ ആരംഭിക്കും നടത്തം. ഒന്നും രണ്ടും കിലോമീറ്ററുകളല്ല. ഏകദേശം പത്തുമുപ്പതു കിലോമീറ്റര്‍. ഇന്നത്തെപ്പോലെ ടാറിട്ട വഴികളോ, വീതികൂടിയ നിരപ്പായ വഴികളോ അല്ല. എരുകും പുല്ലിനിടയിലൂടെയുള്ള നടപ്പുവഴികള്‍. കാട്ടുവഴികള്‍. എത്രയും വേഗം വീടെത്തണമെന്നോര്‍ത്ത് ശരീരം നീങ്ങിയാലും വഴികള്‍ പിന്നെയും നീണ്ടുനീണ്ട് കിടക്കുന്നു. രാത്രിയാകുന്നതോടെ കോടമഞ്ഞും തണുപ്പും കാറ്റും, ഇടതടവില്ലാത്ത മഴയും. ഞാന്‍ ജീവിച്ചിരുന്ന പാലായില്‍നിന്നും വളരെ വ്യത്യസ്തമായ കാലാവസ്ഥയായിരുന്നു എന്നെ കാത്തിരുന്നത്. പൊരുത്തപ്പെടാന്‍ ഏറെ ബുദ്ധിമുട്ടി.


ആദ്യകാലങ്ങളില്‍ മധ്യകേരളത്തില്‍ നിന്നു സാഹസികത ഇഷ്ടപ്പെട്ടുവന്നവരില്‍ പലരും മലഞ്ചെരുവുകളിലെ കറുത്തമണ്ണില്‍ പൊന്നുവിളയിക്കാമെന്ന് കണ്ടെത്തി. അതേത്തുടര്‍ന്ന് ജീവിതമാര്‍ഗം തേടിയുള്ള കുടിയേറ്റം ശക്തമാവുകയായിരുന്നു. കാടായതിനാലും മനുഷ്യവാസം ഏറെയില്ലാതിരുന്നതിനാലും ആനശല്യം ധാരാളമായുണ്ടായിരുന്നു. ഇതില്‍നിന്നും രക്ഷനേടാനായി ആളുകള്‍ ഏറുമാടങ്ങള്‍ കെട്ടുകയും പാട്ട കൊട്ടുകയും രാത്രികാലങ്ങളില്‍ നിലത്ത് തീ കൂട്ടുകയും ചെയ്യുമായിരുന്നു. പിന്നീട് കുറെ നാളുകള്‍ക്കുശേഷമാണ് ഏറുമാടത്തില്‍ നിന്നു ഇറങ്ങി മണ്ണില്‍ ജീവിക്കുവാന്‍ തുടങ്ങിയത്. വീടുകള്‍ ആദ്യകാലങ്ങളില്‍ തൈതല്‍ (മുള കൈക്കോടാലികൊണ്ട് കൊത്തി പലകയുടെ വീതിയില്‍ ചതച്ചെടുത്തത്) കൊണ്ട് മറച്ചതും പുല്ലുകൊണ്ട് മേഞ്ഞതുമായിരുന്നു. ഭക്ഷണം പാകം ചെയ്യുമ്പോള്‍ വളരെയധികം പേടിച്ചിട്ടുണ്ട് തൈതലില്‍ തീപിടിച്ചാലോ എന്നോര്‍ത്ത്.


ഹൈറേഞ്ചിലെ ജീവിതത്തില്‍ ഏറെ ക്ലേശകരമായി തോന്നിയത് കാലാവസ്ഥ തന്നെയായിരുന്നു. അസ്ഥി തുളക്കുന്ന തണുപ്പും ശക്തമായ കാറ്റും മഴയും. പെരുമഴ കഴിഞ്ഞാലും ഇടതടവില്ലാതെ ചാറ്റല്‍മഴ കാണും. ജൂണ്‍മാസത്തില്‍ തുടങ്ങുന്ന മഴ മൂന്നുനാലു മാസം നീണ്ടുനില്‍ക്കും. നിര്‍ത്താതെ പെയ്യുന്ന മഴ ഹൈറേഞ്ചിനെ അക്ഷരാര്‍ത്ഥത്തില്‍ ഒരു ജലവലക്കുള്ളിലാക്കും.നേര്‍ത്ത നൂലുപോലെ പെയ്യുന്ന ഈ മഴയ്ക്ക് ഇവിടുത്തുകാര്‍ ‘നാല്പതാം നമ്പര്‍ മഴ’ എന്നാണ് പേരിട്ടിരിക്കുന്നത്. പഞ്ഞിപോലെയുള്ള കോടയില്‍നിന്നും നൂലുകള്‍ താഴേക്ക് പറന്നിറങ്ങുന്നതുപോലെയുള്ള കാഴ്ച വിസ്മയകരമായ ഒന്നായിരുന്നു. ഇപ്പോള്‍ ആ കാഴ്ച ഭൂതകാലക്കുളിരുമാത്രമായി. പുല്ലുമേഞ്ഞതും തൈതല്‍ കൊണ്ട് മറച്ചതുമായ വീടായിരുന്നിട്ടുപോലും അവ നിരന്തരമായി പെയ്യുന്ന നൂല്‍മഴയില്‍ നിന്നും ശക്തമായ കാറ്റില്‍നിന്നും ആളുകളെ സംരക്ഷിച്ചിരുന്നു. തണുപ്പ് അതിന്റെ പരകോടിയിലായിരിക്കും.  കുടിയേറിയവരായിരുന്നിട്ടുപോലും ആ കാലാവസ്ഥയുമായി പുതിയ പ്രദേശവുമായി ഇണങ്ങുവാന്‍ ഏറെനാള്‍ വേണ്ടിവന്നില്ല.


മഴക്കാലത്ത് കൃഷിയിടങ്ങളിലൂടെ ഇറങ്ങി നടപ്പ് പ്രയാസകരമാണ്. കുഴഞ്ഞ മണ്ണ് വളരെ കനത്തില്‍ കാലില്‍ പറ്റിപ്പിടിക്കും. മലഞ്ചരിവുകളിലും കുന്നിറക്കങ്ങളിലും ആണ് കൃഷി.പ്രധാന കൃഷി കാപ്പിയും കുരുമുളകുമായിരുന്നു. ഭക്ഷണത്തിനായി കപ്പയും മറ്റു കിഴങ്ങുവര്‍ഗങ്ങളും കരനെല്‍കൃഷിയും ചെയ്തിരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ കാലാവസ്ഥ വ്യതിയാനവും ഭൂപ്രകൃതിയിലുള്ള വ്യത്യാസവും ഹൈറേഞ്ചിലെ ജനജീവിതത്തെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമാക്കിയിരുന്നു.