മഴക്കാലത്തെ കടലോരക്കാഴ്ചകള്‍ – പി.റ്റി. മാത്യു

മഴക്കാലത്തെ കടലോരക്കാഴ്ചകള്‍ – പി.റ്റി. മാത്യു

കടലില്‍ മഴ പെയ്യുന്നത് മനോഹരമായ കാഴ്ചയാണ്. ജലപ്പരപ്പില്‍ പതിക്കുന്ന ഓരോ ജലത്തുള്ളിയും കടലില്‍ അലിഞ്ഞില്ലാതാകുന്ന മനോഹര ദൃശ്യം. ഓരോ ജലത്തുള്ളിയെയും മാറോടണച്ച് സ്വന്തമാക്കുന്ന സ്‌നേഹമയിയായ കടലമ്മ. മഴയായും പുഴയായും പ്രളയമായും വീണ്ടും വീണ്ടും തന്നിലേക്കൊഴുകിയെത്തുന്ന ഈ ജലത്തുള്ളികളാണ് കടലിന്റെ ജീവബിന്ദുക്കള്‍. കടല്‍ തനിക്കായി അതിനെ സംഭരിച്ചു വയ്ക്കാതെ വീണ്ടും അതിനെ തിരികെ കരയിലെത്തിക്കുകയാണ്. നീരാവിയും മഴയുമെല്ലാം കടലിന്റെ രൂപഭേദങ്ങള്‍ മാത്രം. അനുസ്യൂതം തുടരുന്ന പ്രക്രിയ. ഓരോ മഴത്തുള്ളിയും നമ്മെ ഓര്‍മ്മിപ്പിക്കുന്ന പ്രപഞ്ചരഹസ്യങ്ങള്‍.


കാലവര്‍ഷം കടന്നുവരുമ്പോള്‍ കേരളം പച്ചപ്പണിയുന്നത് ഉന്മേഷം പകരുന്ന കാഴ്ചയാണ്. കര്‍ഷകരുടെ പ്രതീക്ഷകള്‍ക്കു നാമ്പിടുന്നു. കവികളുടെ ഭാവന ചിറകു വിരിക്കുന്നു. മനസ്സു കുളിര്‍പ്പിക്കുന്ന മഴയും മഴക്കാലവും. എന്നാല്‍ വര്‍ഷകാലത്തെ കടലോരചിത്രം ഏറെ വ്യത്യസ്തമാണ്. ആര്‍ത്തിരമ്പുന്ന കടലും ഇടിയുന്ന കരയും തീരത്തു ചേര്‍ത്തടുക്കിയ വള്ളങ്ങളും പണിയില്ലാതായ മത്സ്യത്തൊഴിലാളികളും. മഴയിലും തിരയിലും തകര്‍ന്നു വീഴുന്ന വീടുകള്‍. അവയ്ക്കു മുമ്പില്‍ അലമുറയിടുന്ന മനുഷ്യര്‍. മനുഷ്യദുരന്തങ്ങളുടെ പതിവു കാഴ്ചകള്‍. എങ്കിലും കടലോരത്തെ മഴക്കാലം ഈ ദുരന്തചിത്രത്തില്‍ ഒതുങ്ങുന്നതല്ല. തീരക്കടലില്‍ സുലഭമായി മത്സ്യങ്ങള്‍ എത്തുന്ന കാലവുമാണത്. തെക്കന്‍ കേരളത്തിലെ കടലോരങ്ങളില്‍ മണ്‍സൂണ്‍ കാലം ചാകരക്കാലം കൂടിയാണ്. പ്രക്ഷുബ്ധമായ കടല്‍ ചെളിയടിഞ്ഞ് ശാന്തമായി കിടക്കുന്ന അപൂര്‍വ്വ ദൃശ്യം. അങ്ങനെ മഴക്കാലം ഒരേ സമയം വിനാശത്തിന്റെയും അനുഗ്രഹത്തിന്റെയും കാലമായി മാറുന്നു. ഈ വൈരുദ്ധ്യവുമായി പൊരുത്തപ്പെടാന്‍ കഴിവുള്ളവരാണ് കടലോരവാസികള്‍. കാരണം, കടലമ്മയുടെ ദ്വന്ദഭാവങ്ങള്‍ അവര്‍ക്കു പരിചിതമാണ്. കൊച്ചോളങ്ങളാല്‍ നമ്മെ മാടിവിളിക്കുന്ന ശാന്തമായ കടല്‍ ചിലപ്പോള്‍ ഉഗ്രരൂപിണിയായി മാറുന്നു. ശാന്തഭാവത്തിന്റെയും രൗദ്രഭാവത്തിന്റെയും ദ്വന്ദഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന കടലമ്മയാണ് എന്നും കടല്‍മക്കള്‍ക്കു തുണ. കടലോരത്തെ മഴക്കാലവും ഈ ദ്വന്ദഭാവങ്ങളെ ധ്വനിപ്പിക്കുന്നത് സ്വാഭാവികം മാത്രം.


‘ആറരതങ്കം കടലും അര തങ്കം കരയും’ – പഴമക്കാര്‍ പറഞ്ഞു തരുന്ന കടലറിവുകളില്‍ പ്രധാനമാണിത്. ഭൂമിയുടെ എഴുപത്തൊന്നു ശതമാനം ജലമാണ്, ഇരുപത്തൊന്‍പതു ശതമാനമേ കരയുള്ളു എന്നു ശാസ്ത്രവും ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വെളിച്ചത്തിലാണ് പണിദാസന്‍ എന്ന പഴമക്കാരനായ മത്സ്യത്തൊഴിലാളി തന്റെ അറിവു പങ്കുവയ്കുന്നത്. ‘ഈ ഭുമിയെ താങ്ങിനിര്‍ത്തുന്നത് കടലിലെ ജലമാണ്. കരയുണ്ടാകുന്നതിനു മുമ്പേ കടലുണ്ടായിരുന്നു. ആദിയില്‍, അതായത് പ്രപഞ്ചസൃഷ്ടിക്കു മുമ്പ്, ഈശ്വരനും ജലാശയവും മാത്രമാണുള്ളത്.’ ബൈബിളിലെ സൃഷ്ടിവിവരണത്തിലെ രണ്ടും മൂന്നും ദിവസങ്ങള്‍ ഇതിനോടു ചേര്‍ത്തു വായിച്ചെടുക്കാം. ‘ദൈവം അരുള്‍ ചെയ്തു: ജലമധ്യത്തില്‍ ഒരു വിതാനമുണ്ടാകട്ടെ. അതു ജലത്തെ രണ്ടായി തിരിക്കട്ടെ. ദൈവം വിതാനമുണ്ടാക്കുകയും അതിനു താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തില്‍ നിന്നു വേര്‍തിരിക്കുകയും ചെയ്തു … വിതാനത്തിന് അവിടുന്ന് ആകാശമെന്നു പേരിട്ടു … ദൈവം വീണ്ടും അരുള്‍ ചെയ്തു: ആകാശത്തിനു കീഴിലുള്ള ജലമെല്ലാം ഒരിടത്ത് ഒരുമിച്ചു കൂടട്ടെ, കര പ്രത്യക്ഷപ്പെടട്ടെ. അങ്ങനെ സംഭവിച്ചു. കരയ്ക്കു ഭൂമിയെന്നും ഒരുമിച്ചു കൂട്ടിയ ജലത്തിന് കടലെന്നും ദൈവം പേരിട്ടു.’