എഴുത്തുവാതിൽ – എം. കൃഷ്ണൻ നമ്പൂതിരി
ലേഖനവിചാരം
മലയാളിയുടെ വിചാരലോകത്തെ ത്രസിപ്പിച്ചു നിര്‍ത്തുന്ന എഴുത്തുകാരനാണ് ആനന്ദ്. നോവലായാലും കഥയായാലും ലേഖനമായാലും ആഴത്തിലുള്ള ആശയവിചാരണയായി ആനന്ദിന്റെ എഴുത്ത് എന്നും വേറിട്ടുനില്‍ക്കുന്നു. ‘രാഷ്ട്രപരിണാമത്തിന്റെ നൂറുവര്‍ഷങ്ങള്‍’ എന്ന ഏറ്റവും പുതിയ ലേഖനവും (മാതൃഭൂമി, ജൂണ്‍ 2) ആനന്ദിന്റെ ആഴമാര്‍ന്ന ആശയസ്ഥലികളിലേക്കുള്ള വിചാരയാത്രയായിത്തീരുന്നു. 1919-2019 കാലത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഇന്ത്യന്‍ ദൈശീയതാ വിചാരമാണ് ആനന്ദിന്റെ ലേഖനം പങ്കുവയ്ക്കുന്നത്. ലോക രാഷ്ട്രീയത്തിലും ഇന്ത്യന്‍ സാഹചര്യങ്ങളിലും മത/രാഷ്ട്രീയതലങ്ങളില്‍ സംഭവിച്ച വര്‍ഗീയ പരിണാമങ്ങളെയും ഹിംസാത്മക സന്ദര്‍ശങ്ങളെയും വിശകലനം ചെയ്യുന്നുണ്ട് ആനന്ദ്. ഹിന്ദുവര്‍ഗീയതയെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള പതിവു ബുദ്ധിജീവി പഠനരീതിയില്‍ നിന്നും വഴിമാറി ഇസ്ലാമിക/ആഗോള മതതീവ്രവാദത്തിന്റെ ഭീകരതയെയും വിശകലനം ചെയ്യാനുള്ള ധൈര്യം ആനന്ദ് പുലര്‍ത്തുന്നു എന്നതാണ് ‘രാഷ്ട്രപരിണാമത്തിന്റെ നൂറുവര്‍ഷങ്ങളെ’ സമീചീനമാക്കുന്നതും ശ്രദ്ധേയമാക്കുന്നതും.,/p>
പെണ്ണുടലിന്റെ രാഷ്ട്രീയവായനകള്‍ സാധ്യമാക്കുന്ന പത്തു ലേഖനങ്ങള്‍ ഒരുമിച്ചു വായിക്കാനുള്ള അവസരമാണ് സംഘടിത വനിതാ മാസിക (ജൂണ്‍ ലക്കം) ഒരുക്കിയിരിക്കുന്നത്. ആണ്‍നോട്ടങ്ങളില്‍ ചിട്ടപ്പെടുത്തിയെടുക്കുന്ന പെണ്‍ശരീരത്തെ അഴിച്ചുപണിയുന്ന കാഴ്ചപ്പാട് എല്ലാ ലേഖനങ്ങളും പൊതുവായി പങ്കുവയ്ക്കുന്നു. സ്ത്രീശരീരത്തെക്കുറിച്ചുള്ള സവര്‍ണകല്പനകളുടെ സാംസ്‌കാരിക വിവക്ഷകള്‍ വിമര്‍ശന വിധേയമാക്കുന്ന അശ്വിനി എ.പിയുടെ ലേഖനം പല നിലകളില്‍ മികവു പുലര്‍ത്തുന്നു. ”പെണ്ണായാല്‍പ്പൊന്നുവേണം, പൊന്നിന്‍കുടമായിടേണം.” തുടങ്ങിയ പരസ്യവാചകങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്ത്രീവിരുദ്ധ രാഷ്ട്രീയത്തെയും അശ്വിനി തുറന്നു കാട്ടുന്നുണ്ട്.