ബഹുമുഖങ്ങളില്‍ പ്രതിഭയുടെ കയ്യൊപ്പിട്ട ഗിരീഷ് കര്‍ണാട് – ടി.എം. എബ്രഹാം
ബി.ബി.സിക്കുവേണ്ടി ഗിരീഷ് കര്‍ണാട് തയ്യാറാക്കിയ റേഡിയോ നാടകമാണ് ‘ടിപ്പുസുല്‍ത്താന്റെ സ്വപ്നങ്ങള്‍’. പിന്നീടതു സ്റ്റേജ് നാടകമായി മാറ്റി എഴുതി പ്രസിദ്ധീകരിക്കുകയായിരുന്നു. അതിലൊരു ഭാഗത്ത് ഫ്രാന്‍സുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടിപ്പു ഒരു ഡെലിഗേഷനെ അങ്ങോട്ട് അയയ്ക്കുന്നുണ്ട്. അവരെ പലതും പറഞ്ഞ് ഏല്പിക്കുന്ന കൂട്ടത്തില്‍ ടിപ്പു പ്രത്യേകം ഭരമേല്പിക്കുന്ന ഒരു കാര്യമുണ്ട്. അവിടെ മനോഹരമായ പുഷ്പങ്ങള്‍ വിരിഞ്ഞുനില്‍ക്കുന്ന ഉദ്യാനങ്ങള്‍ ഉണ്ടെന്നും നാം അറിഞ്ഞിരിക്കുന്നു. നിങ്ങള്‍ മടങ്ങുമ്പോള്‍ നമ്മുടെ ഉദ്യാനങ്ങളെ അലങ്കരിക്കാന്‍ അപൂര്‍വസൗരഭമുള്ള പുഷ്പങ്ങള്‍ വിടരുന്ന ചെടികളും രണ്ടു ഗാര്‍ഡനര്‍മാരേയും കൊണ്ടുവരിക. അവര്‍ നമ്മുടെ പൂന്തോട്ടങ്ങളുടെ അഴകു വര്‍ധിപ്പിക്കട്ടെ. കുറെ നാളുകള്‍ക്കുമുമ്പാണ് ആ നാടകം വായിച്ചത്. ഇപ്പോഴും ആ നാടകത്തെപ്പറ്റി ആലോചിക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് സൗന്ദര്യാരാധകനും പ്രകൃതിസ്‌നേഹിയുമായ ടിപ്പു എന്ന കഥാപാത്രമാണ.് ക്രൂരനും ഏകാധിപതിയും ചോരക്കൊതിയനുമായ ഒരു ടിപ്പുവിന്റെ ചിത്രമാണ് ബ്രിട്ടീഷ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളോട് ഒറ്റയ്ക്കു പൊരുതാന്‍ ഭാരതവര്‍ഷത്തില്‍ ടിപ്പുവിനു മാത്രമേ ചങ്കുറ്റമുണ്ടായിരുന്നുള്ളൂ. ടിപ്പുവിലെ ക്രാന്തദര്‍ശിയായ ഭരണാധികാരിയെ വെളിവാക്കുന്ന ഒരു സംഭവം എ.പി.ജെ. അബ്ദുല്‍കലാം തന്റെ ആത്മകഥയില്‍ – വിംഗ്‌സ് ഓഫ് ഫയര്‍ – രേഖപ്പെടുത്തുന്നുണ്ട്. അബ്ദുല്‍കലാം അമേരിക്കയിലെ നാസാ സന്ദര്‍ശിക്കുന്നു. റോക്കറ്റ് വിക്ഷേപണ സ്ഥലമായ വിര്‍ജിനിയായില്‍ എത്തുന്നു. അവിടുത്തെ റിസപ്ഷനിലെ ഭിത്തിയില്‍ ഒരു ചിത്രം ഫെയിം ചെയ്തുവച്ചിരിക്കുന്നത് അബ്ദുല്‍കലാമിന്റെ ശ്രദ്ധയില്‍പ്പെടുന്നു. കുറെ പട്ടാളക്കാര്‍ റോക്കറ്റ് വിക്ഷേപണം ചെയ്യുകയാണ്. സൂക്ഷിച്ചുനോക്കിയപ്പോള്‍ പട്ടാളക്കാരുടെ നിറവും വേഷവും ഒരു ഏഷ്യന്‍ രാജ്യത്തിന്റേതാണ് എന്ന് മനസ്സിലാവുന്നു. അബ്ദുല്‍കലാം അന്വേഷിക്കുന്നു. ആ ചിത്രം എവിടെനിന്നാണ്? ”ഇന്ത്യയില്‍ നിന്ന്” അവര്‍ മറുപടി പറഞ്ഞു. അബ്ദുല്‍കലാം സൂക്ഷിച്ചുനോക്കുമ്പോള്‍ റിസപ്ഷനിലിരുന്ന വ്യക്തി പറഞ്ഞു: അത് മൈസൂരില്‍ നിന്നാണ്. ടിപ്പു സുല്‍ത്താന്റെ കാലത്ത് ലോകത്ത് ആദ്യമായി റോക്കറ്റ് വിക്ഷേപിക്കുന്നതിന്റെ ചിത്രമാണ്. ”ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഇതറിയില്ല” അദ്ദേഹം പറഞ്ഞു. എന്നിട്ട് അദ്ദേഹം ആ കുറിപ്പ് അവസാനിപ്പിക്കുന്നത് ഇങ്ങനെ: തന്റെ ജന്മനാട്ടില്‍ രാജ്യദ്രോഹിയും ക്രൂരനായ ഏകാധിപതിയും വര്‍ഗ്ഗീയവാദിയും – പക്ഷേ അമേരിക്കയിലെ നാസയില്‍ കാലത്തെ മുന്‍കൂട്ടി ഗണിച്ചെടുത്ത ദീര്‍ഘദര്‍ശി. നാം ഗിരീഷ് കര്‍ണാടിനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്.
ടിപ്പുസുല്‍ത്താന്‍ 1799-ല്‍ യുദ്ധത്തില്‍ മരിക്കുമ്പോള്‍ കണ്ടെടുത്ത അദ്ദേഹത്തിന്റെ ഒരു ഡയറിയുണ്ട്. തന്റെ കിടപ്പറയില്‍ വളരെ ഗോപ്യമായി സൂക്ഷിച്ചിരുന്ന ആ ഡയറിയില്‍, 1785നും 1798നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ ടിപ്പു കണ്ട 37 സ്വപ്നങ്ങളുടെ വിവരണവും അവയുടെ അപഗ്രഥനവുമാണ്. അന്ന്, മനഃശാസ്ത്രം എന്ന ശാസ്ത്രശാഖ രൂപപ്പെട്ടിരുന്നില്ല എന്നോര്‍ക്കുക. സിഗ്മണ്ട് ഫ്രോയിഡിന്റെ ‘ഇന്റര്‍പ്രെട്ടേഷന്‍ ഓഫ് ഡ്രീംസ്’ എഴുതപ്പെട്ടിട്ടില്ല. ഡയറിയിലെ 37 സ്വപ്നങ്ങളില്‍ നിന്ന് നാല് സ്വപ്നം മാത്രം കര്‍ണാട് തന്റെ നാടകത്തിനായി സ്വീകരിക്കുന്നു. ‘ടിപ്പുസുല്‍ത്താന്റെ സ്വപ്നങ്ങള്‍’ എന്ന കൃതിക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്നത് ഈ നാല് സ്വപ്നങ്ങളാണ്. ടിപ്പുവിനോട് ചരിത്രം കാണിച്ച ദയാരഹിതമായ സമീപനത്തെ തുടച്ചുനീക്കാനുള്ള ഒരു ശ്രമം എന്ന നിലയില്‍ ഈ രചനയെ സമീപിക്കാം. ടിപ്പുവിനെ കേന്ദ്രകഥാപാത്രമാക്കി കന്നടയില്‍ ഒട്ടേറെ ചരിത്ര നോവലുകളും നാടകങ്ങളും ഉണ്ടായിട്ടുണ്ട്. പുതിയ കാലഘട്ടത്തിലെ നാടകരചയിതാക്കളായ ചന്ദ്രശേഖരകമ്പാറും എച്ച്.എസ്. ശിവപ്രകാശും ടിപ്പുവിനെ കഥാപാത്രമാക്കി നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. പക്ഷേ, അക്കൂട്ടത്തില്‍ മാനുഷികതയും സമകാലികതയും അന്തര്‍ധാരയായി വര്‍ത്തിക്കുന്ന ഒരാധുനിക കൃതിയാണ് കര്‍ണാടിന്റെ നാടകം തനിക്ക് ശരി എന്നു തോന്നുന്ന കാര്യങ്ങള്‍ ഉറച്ചബോധ്യത്തോടെ വിളിച്ചു പറയാന്‍ കര്‍ണാട് ഒരിക്കലും അധൈര്യപ്പെട്ടിട്ടില്ല. മുംബൈ എയര്‍പോര്‍ട്ടിന് ഛത്രപതി ശിവാജിയുടെ പേരിട്ടതുപോലെ, ബാംഗ്ലൂര്‍ വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേരു നല്‍കണമെന്ന കര്‍ണാടിന്റെ അഭിപ്രായ പ്രകടനം ഒട്ടേറെ എതിര്‍പ്പുകള്‍ വിളിച്ചു വരുത്തിയെന്ന് മാത്രമല്ല, ടിപ്പുസുല്‍ത്താനെപ്പറ്റിയുള്ള തന്റെ നാടകത്തിന്റെ കന്നട ഭാഷയിലുള്ള അവതരണവും ശ്രമകരമാക്കി.
2012-ല്‍ ടാറ്റ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ വി.എസ്. നെയ്പാളിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കുകയുണ്ടായി. നെയ്പാള്‍, തന്റെ കൃതികളില്‍ ഇന്ത്യയെ അപമാനിക്കുന്ന രീതിയില്‍ പല സന്ദര്‍ഭങ്ങളിലും എഴുതിയ ആളാണ്. ഈ അവാര്‍ഡിനു തൊട്ടുമുമ്പ്, ഇന്ത്യയെ നശിപ്പിച്ചത് മുസ്ലീങ്ങളാണെന്ന് പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ, വി.എസ്. നെയ്പാളിന് അവാര്‍ഡ് നല്‍കുന്ന വേദിയില്‍, പ്രോട്ടോക്കോള്‍ ലംഘിച്ച് തന്നെ കടന്നുകയറി നെയ്പാലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കാന്‍ ധൈര്യപ്പെട്ട ആളാണ് ഗിരീഷ് കര്‍ണാട്. പലപ്പോഴും അദ്ദേഹം ഇബ്‌സന്റെ ‘ജനശത്രു’ നാടകത്തിലെ ഡോക്ടര്‍ സ്റ്റോക്മാനെ ഓര്‍മിപ്പിക്കുന്നുണ്ട്.