അസ്വസ്ഥദ്വീപിന് പാരസ്പര്യത്തിന്റെ സ്വാന്തനലേപം – ജെഹാന് പെരേര
ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ശ്രീലങ്ക നീറുകയാണ്. ശ്രീലങ്കന്‍ സമാധാന സമിതി അധ്യക്ഷനും, മനുഷ്യാവകാശ പ്രവര്ത്തകന്, ഗ്രന്ഥകാരന്, മാധ്യമപ്രവര്‍ത്തകനുമായ ലേഖകന്റെ അനുഭവസാക്ഷ്യങ്ങള്‍…
ശ്രീലങ്കയിലെ സുരക്ഷിതത്വ സാഹചര്യം അസ്ഥിരതയും അസ്വാസ്ഥ്യങ്ങളും നിറഞ്ഞതാണ്. സ്കൂള്‍ യൂണിഫോം അണിഞ്ഞ കുട്ടികളെയൊന്നും തെരുവുകളില്‍ കാണാനേയില്ല. നിര്‍ബന്ധപൂര്‍വം ഏറെ നാളായി അടച്ചിട്ടിരുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ ഈയാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം എടുത്തിരുന്നതാണ്. പരിപൂര്‍ണ നിയന്ത്രണം കൈവരിക്കുന്നതുവരെ സ്കൂളുകള്‍ അടച്ചിടണം എന്നാണ് മതനേതാക്കള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമ റിപ്പോര്‍ട്ടുകളനുസരിച്ച് 200 പേരെ ഇതിനോടകം അറസ്റ്റുചെയ്തുകഴിഞ്ഞു. പൊതുജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്കാന് ഇതുകൊണ്ടു മാത്രം സാധിച്ചിട്ടില്ല. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞത്, ഈസ്റ്റര്‍ ഞായറാഴ്ചത്തെ ബോംബുസ്ഫോടനവുമായി ബന്ധപ്പെട്ട് 25 മുതല്‍ 30 പേരടങ്ങിയ ഒരു ഗൂഢസംഘം ഇപ്പോഴും കര്‍മ്മനിരതരാണ്. ഭീകരരെ പിടികൂടാനുള്ള സുരക്ഷാഭടന്മാരുടെ കഴിവില്‍ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
സുരക്ഷാഭടന്മാര് തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. അന്വേഷണം ത്വരിതപ്പെടുത്തി അവര്‍ തങ്ങളുടെ ചുമതല കാര്യക്ഷമമായി നിര്‍വഹിക്കുന്നുണ്ട്. സുരക്ഷാ നടപടികള്‍ വര്‍ദ്ധിപ്പിക്കാനും കുറ്റമറ്റതാക്കാനുമുള്ള മാര്ഗങ്ങളെക്കുറിച്ചു ജനങ്ങളുടെ വസതികളിലെത്തി സുരക്ഷാഭടന്മാര് അറിയിപ്പു നല്‍കുന്നുണ്ട്. യുദ്ധാനന്തരം നടന്ന എല്‍.ടി.ടി.ഇ കാഡറുകളുടെ പുനരധിവാസത്തിലും അവരെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരുന്നതിലും നേടിയ വിജയത്തിന്റെ സൂചനകളെന്നവണ്ണം സുരക്ഷാവലയം തീര്‍ക്കുന്നതില്‍ എല്‍.ടി.ടി.ഇ കാഡറുകളുടെ വടക്കും കിഴക്കുമുള്ള സാന്നിദ്ധ്യത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയുണ്ടായി. അനുരഞ്ജനത്തിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നതിനുള്ള തെളിവായി ഒരു ദശവര്‍ഷക്കാലത്തെ സമാധാനത്തിനുശേഷമുള്ള പരസ്പര വിശ്വാസത്തിലുള്ള ഈ വളര്‍ച്ചയെ കാണാം. റോഡുകളിലുടനീളം പരിശോധനാ കേന്ദ്രങ്ങളുണ്ട്. എല്‍.ടി.ടി.ഇ യുമായി നടത്തിയ യുദ്ധത്തിന്റെ കാലത്തുണ്ടായിരുന്ന സംവിധാനങ്ങള്‍ക്കു സമാനമാണവ. കത്തോലിക്കര്‍ കൂട്ടത്തോടെ അധിവസിക്കുന്ന വടക്കുഭാഗത്തെ മന്നാറിലേക്കുള്ള റോഡില്‍ പലതവണ ഞങ്ങളുടെ വാഹനങ്ങള്‍ നിര്‍ത്തേണ്ടിവന്നു. നാലുതവണയാണ് വാഹനത്തില്‍ നിന്നു പുറത്തിറങ്ങാന്‍ ഞങ്ങളോടാവശ്യപ്പെട്ടത്. മന്നാറിലേക്കുള്ള വഴിയിലും തിരിച്ചു കൊളംബോയിലേക്കുള്ള യാത്രയിലും ഇത് ആവര്‍ത്തിച്ചു.
ഒരിടത്ത് വാഹനത്തില്‍ നിന്നു ഞങ്ങളുടെ ബാഗുകളെല്ലാം പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടു. വാഹനം കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ വേണ്ടിയായിരുന്നു അത്. കൂടുതല്‍ അക്രമം നടത്താനുള്ള പദ്ധതികളെ പരാജയപ്പെടുത്തുകയും അക്രമകാരികളെ പിടികൂടുകയും ചെയ്യുകയാണ് അടിയന്തരമായ വെല്ലുവിളി എന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാര്യങ്ങളിലെല്ലാം സുരക്ഷാഭടന്മാരുടെ പങ്കിനു പരമപ്രാധാന്യം ഉണ്ട്. ഇതു മനസ്സിലാക്കി പൊതുജനം ചില്ലറ അസൗകര്യങ്ങളെല്ലാം സഹിക്കാന്‍ തയ്യാറാണ്. ഈ പ്രക്രിയയെ വേണ്ടവിധം വിലയിരുത്തുകയും നിയന്ത്രണവിധേയമാക്കുകയും ചെയ്യേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ആവശ്യമില്ലാതെ, ഒരു തരത്തിലും അന്യതാബോധം തോന്നാന്‍ ഇടവരരുതല്ലോ! ഒരിടത്ത് ഞങ്ങളുടെ വാഹനം പരിശോധനയ്ക്കായ് അര മണിക്കൂര്‍ നിര്‍ത്തിയിടേണ്ടിവന്നു. റോഡില്‍ മറ്റൊരു വാഹനവും ഉണ്ടായിരുന്നില്ല. ഇതിനുള്ള കാരണം അന്വേഷിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് വാഹനപരിശോധന നടത്തിയ സുരക്ഷാഭടന്മാരിലൊരാളെ ഞങ്ങളുടെ ഡ്രൈവര്‍ അനാവശ്യമായി പ്രകോപിപ്പിച്ചുവെന്നാണ്. ഇത്രയധികം സമയമെടുത്തു ഞങ്ങളുടെ ബാഗിലുണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം പുറത്തെടുത്തു പരിശോധിച്ചത് ആ പ്രകോപനത്തിനുള്ള പ്രതികരണമെന്നോണമാവാം.
അനുരഞ്ജനത്തിനുള്ള പ്രതിബദ്ധത
ജില്ലാ അനുരഞ്ജന കമ്മിറ്റിയുമായി ഒരു കൂടിയാലോചനയ്ക്കായ് മന്നാറിലേക്കുള്ള സന്ദര്‍ശന യാത്രയിലായിരുന്നു ഞങ്ങള്‍. രണ്ടു വര്‍ഷം മുമ്പാണ് ഈ കമ്മിറ്റി നിലവില്‍ വന്നത്.
ദേശീയോദ്ഗ്രഥനത്തിന്റെയും അനുരഞ്ജനത്തിന്റെയും മന്ത്രിയുമായിരുന്ന പ്രസിഡന്റ് സിരിസേന മന്ത്രിസഭയുടെ അംഗീകാരത്തോടുകൂടി ജില്ലാതലത്തില്‍ അനുരഞ്ജന കമ്മിറ്റികള്‍ രൂപ വത്കരിച്ചു. വിവിധ മതവിശ്വാസികള്‍ക്കിടയിലും വംശങ്ങള്‍ക്കിടയിലും ഉണ്ടാവാനിടയുള്ള അഭിപ്രായവ്യത്യാസങ്ങളും സംഘര്‍ഷങ്ങളും പരിഹരിക്കുകയെന്ന ലക്ഷ്യമാണ് കമ്മിറ്റിക്കുള്ളത്. അപ്രകാരം 25 ജില്ലകളിലും ദേശീയോദ്ഗ്രഥനം വളര്‍ത്തുന്നതിനുള്ള സംവിധാനമൊരുക്കി. മതപരവും വംശീയവുമായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലവും കാരണവും കണ്ടുപിടിക്കുന്നതിനുവേണ്ടി ഗവേഷണപഠനം നടത്തുക പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുള്ള തന്ത്രങ്ങള്‍ മെനയുക മദ്ധ്യസ്ഥപ്രവര്ത്തനങ്ങള് ഏറ്റെടുത്തു നടത്തുക തുടങ്ങിയവയാണ് ഈ കമ്മിറ്റികളുടെ മറ്റു പ്രധാന ധര്‍മങ്ങള്‍. ഭിന്നതകളും സംഘര്‍ഷങ്ങളും പരിഹരിക്കാനുള്ള സത്വര നടപടികളും പ്രതികരണങ്ങളും ഉറപ്പാക്കുക, അക്രമകാരികളെയും അതിനു ഇരയാകുന്നവരെയും ക്ഷണിച്ചുകൊണ്ട് അനുരഞ്ജനം സാധ്യമാക്കുക; വിവിധ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള വിവരശേഖരണം നടത്തുക, പ്രത്യേകിച്ചും ആരാധനാലയങ്ങളുടെ മേലുള്ള ആക്രമണത്തെക്കുറിച്ചുള്ള പഠനം നടത്തുക, പരസ്പരമുള്ള ആശയവിനിമയവും മദ്ധ്യസ്ഥ പ്രവര്‍ത്തനവും നടത്തി ഭിന്നതയും സംഘര്‍ഷവും പരിഹരിക്കുക എന്നിവയും ലക്ഷ്യങ്ങളില്‍പെടുന്നു.
അതാത് ജില്ലകളിലെ ജില്ലാ സെക്രട്ടറിമാരായിരിക്കും ജില്ലാ അനുരഞ്ജന കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കുക. മതാനന്തര-സംവാദ-സൗഹൃദ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍, പോലീസ് സൂപ്രണ്ടുമാര്‍, റിട്ടയര്‍ ചെയ്ത ജഡ്ജിമാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, മറ്റു സിവില്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രാതിനിധ്യം കമ്മിറ്റിയിലുണ്ടാവാം. സമൂഹത്തില്‍ സ്വാധീനവും പ്രാബല്യവും ഉള്ള ഇവര്‍ക്ക് സമൂഹത്തില്‍ സുസ്വരതയും സമാധാനപരമായ സഹവര്‍ത്തിത്വവും ഉറപ്പാക്കാനാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. എന്നാല്‍ അവരെ ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്സുകരാക്കേണ്ടതുണ്ട്. വിവിധ സമൂഹങ്ങള്‍ക്കും സമുദായങ്ങള്‍ക്കും ഇടയില്‍ പരസ്പര സമ്പര്‍ക്കവും സൗഹാര്‍ദ്ദവും ഉറപ്പാക്കാനുള്ള ഒരു മാര്‍ഗമാണിത്. ഏതെങ്കിലും ഒരു സമുദായത്തിനോ വിഭാഗത്തിനോ തങ്ങള്‍ ഒഴിവാക്കപ്പെടുന്നു, അല്ലെങ്കില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നു എന്ന പരാതിക്ക് അവസരം അപ്പോള്‍ ഉണ്ടാവുകയില്ല.