വായിച്ചുതുടങ്ങിയത് ഭയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ -എന്‍. ശശിധരന്‍
വളരെ ചെറുപ്പത്തില്‍തന്നെ അടിസ്ഥാനപരമായ ഒരു ഭയം എന്നെ ആവേശിച്ചിരുന്നു. ഒരിക്കലും എന്തെന്ന് നിര്‍വചിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഒരു ഭയം. ഈ ഭയത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു ഉപാധി എന്ന നിലയിലാണ് ഞാന്‍ ആദ്യമായി വായിച്ചുതുടങ്ങിയത്.
ഇന്ന് സങ്കല്പിക്കാന്‍പോലും കഴിയാത്തവിധം വന്യവും പ്രാകൃതവുമായ ഒരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. കുട്ടിക്കാലത്ത് ഓര്‍മവച്ച നാള്‍മുതല്‍ ഞാന്‍ കാണുന്നത് വലിയ മൊട്ടക്കുന്നുകളും അവയില്‍ പരക്കെ കാടുകളും അതിന്റെ ശാഖകളായി മാത്രം അല്പം വയലുകളും ചുറ്റും വലിയ വൃക്ഷങ്ങളും നിറഞ്ഞ പ്രകൃതിയാണ്.
ഞാന്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ നരികളെ പിടിക്കാന്‍ നരിമഞ്ച ഉണ്ടാക്കിവച്ചിരിക്കുന്നത് കാണാം. ‘നരിമഞ്ച’ എന്നു പറഞ്ഞാല്‍ ചെറിയൊരു തൊഴുത്താണ്. അതിന്റെ ഒരു ചെറിയ കള്ളിയില്‍ ഒരു ആട്ടിന്‍കുട്ടിയെ കെട്ടിയിട്ടിരിക്കും. ആട്ടിന്‍കുട്ടിയെ കൊന്നുതിന്നാന്‍ മഞ്ചയിലേക്ക് കയറുന്ന നരി, ആടിന്റെ അടുത്ത് എത്തുമ്പോഴേക്ക് തന്നെ മഞ്ച അടയുകയും പിടിക്കപ്പെടുകയും ചെയ്യും. മഞ്ചയിലേക്ക് നിറയൊഴിച്ച് നരിയെ (പുലിയെ) പിടികൂടും. അങ്ങനെയുള്ള ഒരു വിചിത്രമായ ലോകമാണ്; അല്ലെങ്കില്‍ സമൂഹമാണ് അന്ന് എനിക്ക് മുന്നില്‍ ഉണ്ടായിരുന്നത്.
എന്റെ വളരെ അടുത്ത സുഹൃത്തിന്റെ കൂട്ടുകാരനായിരുന്നു കെണിയില്‍ വീഴുന്ന നരിയെ വെടിവച്ചു പിടിച്ചിരുന്ന ആള്‍. ഇങ്ങനെ നിറയൊഴിച്ചു വീഴ്ത്തപ്പെടുന്ന പുലിയൊടൊപ്പം, വളരെ സുരക്ഷിതമായി രക്ഷപ്പെടുമെങ്കിലും അതിനകം ഈ ഭയം കൊണ്ട്, ഭയം ആവേശിച്ച് സ്വബോധം നശിച്ചിരിക്കാവുന്നതാവാം ആട്ടിന്‍കുട്ടിയും എനിക്ക് ഒരുപോലെ ദുസ്സഹമായ ഒരു കാഴ്ചയായിരുന്നു. എന്നെ അത് വല്ലാതെ ഭയപ്പെടുത്തിയിരുന്നു. എന്നില്‍ അത് അനുതാപം സൃഷ്ടിച്ചിരുന്നു.
അദ്ധ്യാപികയായിരുന്നു എന്റെ അമ്മ. അദ്ധ്യാപകരായ എല്ലാ മാതാപിതാക്കളുടെയും ഒരു പൊതുസ്വഭാവം സ്വന്തം മക്കള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കില്ല എന്നതാണ്. എപ്പോഴും പഠിക്കൂ, പഠിക്കൂ എന്ന് അവര്‍ മക്കളോട് പറഞ്ഞുകൊണ്ടിരിക്കും. എന്റെ അമ്മയും അങ്ങനെതന്നെയായിരുന്നു. വീട്ടില്‍ എനിക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അമ്മ ഏതു സമയത്തും എന്നെ അടിക്കുമായിരുന്നു./p>
നേരെ മറിച്ചായിരുന്നു അച്ഛന്റെ സ്വഭാവം അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു. അന്ന് സമൂഹത്തിലെ വളരെ ഉയര്‍ന്ന ജാതിക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ഒരിടത്താണ് ഞങ്ങള്‍ താമസിച്ചിരുന്നത്; അവിടെയും നമുക്ക് ഒരുപാട് നിഷേധങ്ങളുണ്ട്. പക്ഷേ, അച്ഛന്‍ അതിനൊക്കെതിരെ, ജാതിമത ചിന്തകള്‍ക്കെല്ലാം അതീതമായി പ്രവര്‍ത്തിച്ചിരുന്ന ഒരാളാണ്. അദ്ദേഹം ഇടപെട്ടിരുന്നത്, വളരെ സാധാരണക്കാരും പല ജാതികളിലും മതങ്ങളിലും പെട്ടവരുമായിരുന്നു. അസ്പര്‍ശ്യതയുള്ളവരുടെ വീടുകളില്‍പോലും പോയി അദ്ദേഹം ഭക്ഷണം കഴിക്കും. അങ്ങനെയുള്ള ഒരു വിശാലമനസ്ഥിതിക്കാരനായിരുന്നു അച്ഛന്‍.
എന്താണെന്നുപോലും പിടികിട്ടാത്ത ഈ വൈരുദ്ധ്യങ്ങളുടെയൊക്കെ ഒരു വലിയ, ഒരവസ്ഥ കുട്ടിക്കാലത്ത് എന്റെ മനസില്‍ നന്നായുണ്ടായിരുന്നു. ഇങ്ങനെയുള്ള ഒരു ജീവിതത്തിന്റെ, അല്ലെങ്കില്‍ പ്രകൃതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതുകൊണ്ടായിരിക്കാം എന്റെ ജീവിതത്തില്‍ ഞാന്‍ ആരാണെന്ന് മറ്റുള്ളവര്‍ പറയുമ്പോഴൊക്കെ, ഞാന്‍ അതല്ലല്ലോ എന്ന് ഓരോ നിമിഷവും എനിക്ക് തോന്നാറുള്ളത്.
മുന്‍പ് സൂചിപ്പിച്ചതുപോലെ ഭയത്തില്‍ നിന്ന് രക്ഷപ്പെടാനാണ്, അല്ലെങ്കില്‍ തുടര്‍ന്നു കണ്ട വൈരുദ്ധ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഞാന്‍ പുസ്തകങ്ങളിലേക്കും വായനയിലേക്കും തിരിഞ്ഞത്.
ആധുനികതയുടെ കടന്നുവരവ്
അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ തന്നെ ഞാന്‍ വായിക്കാന്‍ തുടങ്ങിയിരുന്നു. പിന്നെ വായന ഒരു ആവേശമായി, നിത്യപ്രവൃത്തിയായി. അച്ഛന്റെ കമ്മ്യൂണിസ്റ്റ് സാഹിത്യമാണ് ആദ്യകാലത്ത് ഞാന്‍ വായിച്ചിരുന്നത്. ‘ദേശാഭിമാനി’ ഓണപ്പതിപ്പില്‍ വന്ന, നാട്ടുകാരനായ ഒരാളുടെ ചെറുകഥയാണ് ഞാന്‍ ആദ്യം വായിച്ച സാഹിത്യസൃഷ്ടി. പിന്നീട് യു.പി. ക്ലാസ്സിലും ഹൈസ്‌കൂള്‍ ക്ലാസ്സിലും പഠിക്കുമ്പോള്‍ അവിടെ മലയാളഭാഷയെ കുറിച്ചും സാഹിത്യത്തെ കുറിച്ചും വളരെ അവബോധമുള്ള രണ്ട് അദ്ധ്യാപകര്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. അവരുടെ സംഭാവനയും തുടര്‍ന്ന് രൂപം കൊണ്ട എന്നിലുണ്ട്.
എസ്എസ്എല്‍സി കഴിയുന്നതോടെ ഒട്ടുമിക്ക മലയാള സാഹിത്യകൃതികളും വായിക്കാനുള്ള അവസരങ്ങള്‍ എനിക്ക് ലഭിച്ചു. അറുപതുകളുടെ അന്ത്യത്തില്‍ തന്നെ ആധുനികത എന്നെ ആവേശിപ്പിച്ചിരുന്നു. പക്ഷേ, അതിന്റെയൊക്കെ ഒരു പ്രാധാന്യം അന്നു എനിക്കു മനസ്സിലായിരുന്നില്ല. അത് പിന്നീടാണ് സംഭവിക്കുന്നത്.
പതിനേഴാമത്തെ വയസിലാണ് ഞാന്‍ ആദ്യമായി ഒരു ഇംഗ്ലീഷ് കൃതി വായിക്കുന്നത്. ‘The Age of Reason’ ഉള്‍പ്പെടെ മൂന്നു ഭാഗങ്ങളിലുള്ള സാര്‍ത്രിന്റെ ‘The Roads to Freedom’ എന്ന നോവലായിരുന്നു അത്. ‘Age of Reason’ ലെ ഒരു കഥാപാത്രവുമായി ബന്ധപ്പെട്ട് സാര്‍ത്ര് എഴുതിയിരുന്ന ഒരു വാചകം അന്ന് ഞാന്‍ തികച്ചും ബാലിശമായി എന്റെ ജീവിത മുദ്രാവാക്യമായി പുലര്‍ത്തുകവരെ ചെയ്തിരുന്നു!
ആധുനികതയുടെ ഒരു വലിയ വരവുതന്നെ പിന്നീട് മലയാള സാഹിത്യത്തിലുണ്ടായി. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, മലയാളത്തിലെ അന്നത്തെ ആധുനികതയ്ക്ക് ഒരുപാട് ഗുണങ്ങളും ദോഷങ്ങളുമുണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നു. പക്ഷേ, ഒരുകാര്യം തീര്‍ച്ചയാണ്; അന്നത്തെ വായനക്കാരായ ചെറുപ്പക്കാരില്‍ അസ്തിത്വദുഃഖം എന്നത് ഒരു കെട്ടുകഥയായിരുന്നില്ല. എന്നെപ്പോലെ അനേകം വായനക്കാര്‍ ഈ ആധുനികതയുടെ വെളിച്ചത്തിലേക്ക് ഈയാംപാറ്റകളെപോലെ പോയി അതിലേക്ക് ചാടിവീണു.
ഇപ്പോഴും ആധുനികതയുടെ രക്തസാക്ഷികളായി ജീവിക്കുന്ന ഒരുപാട് ആളുകളുണ്ട്. ഒരുപാട് കലുഷമായ കാലഘട്ടമായിരുന്നു അത്. പക്ഷേ, ആധുനികതയെ അതിജീവിച്ചു കഴിഞ്ഞശേഷം എന്നെ സംബന്ധിച്ച് ആധുനികത എനിക്കു നല്‍കിയ അടിസ്ഥാനപരമായ ചില ജീവിത വിശ്വാസങ്ങളുണ്ട്. ആധുനികതയില്‍പ്പെട്ടവരില്‍ ഒട്ടുമിക്കവര്‍ക്കും സ്വന്തം കരിയറിനെകുറിച്ചോ, സ്വന്തം ഭാവിയെയും കുടുംബത്തെയും കുറിച്ചോ, സ്വന്തം പദവികളെക്കുറിച്ചോ ഒന്നുംതന്നെ ആലോചിക്കാന്‍ കഴിയാത്ത ഒരുതരം നിരര്‍ത്ഥകത അന്ന് ആധുനികത പ്രസരിപ്പിച്ചിരുന്നു. അത് എന്നെപോലെ ഒരുപാട് ആളുകളുടെ വ്യക്തിത്വത്തെ പലവിധത്തിലും ഹനിച്ചിട്ടുണ്ട്. പക്ഷേ, അതിനൊക്കെ അപ്പുറത്ത്, ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് തോന്നുന്നു, ആധുനികതയില്‍ നിന്ന് ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠം ‘അത്ഭുതം’ എന്ന വികാരം എന്നില്‍ ഇല്ലാതായി എന്നതാണ്.
ജീവിതത്തിലോ, സാഹിത്യത്തിലോ അത്ഭുതം എന്ന വികാരം പിന്നീട് എന്നില്‍ ഉണ്ടായിട്ടില്ല. മറ്റൊന്ന്, ഒരു മനുഷ്യനോടോ, വസ്തുവിനോടോ എനിക്ക് അസൂയയോ, വിദ്വേഷമോ ഉണ്ടായിട്ടില്ല എന്നതാണ്. ഈ പാഠം എനിക്ക് ആധുനികതയാണ് നല്‍കിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു.