വിഹായസം – വി.കെ.ശ്രീരാമന്‍

വിഹായസം  – വി.കെ.ശ്രീരാമന്‍

നാലായിരം പറയ്ക്കു കൃഷി. നാല് കളം. നാല്പതേറ് കന്ന്. ഇരുപത്തിനാല് കാളവണ്ടി. ഏഴ് കുതിര. പല്ലക്ക്. കുന്നംകുളത്തും പൊന്നാനീലും കോഴിക്കോട്ടും കൊച്ചീലുമായി നാല് പാണ്ടികശാലകള്‍. അടുപ്പുട്ടിക്കുന്നിന്റെ വടക്കേ ഭാഗത്തൊരു മണിമാളിക.


ഫ്രാന്‍സിസ് ഇട്ടിക്കോര

ഇത്രയും വസ്തുവഹകള്‍ക്ക് ഉടമയായിരുന്ന സങ്കല്പകഥയിലെ കോരപ്പാപ്പനും കുന്നംകുളത്തു ജീവിച്ചിരുന്ന അപ്പാപ്പന്മാരുമെല്ലാം ആര്‍ത്താറ്റ് കുന്നിന്റെ താഴെ നിന്ന് കടല്‍ ചാവക്കാട്ടേക്ക് വാങ്ങിനിന്ന ശേഷം, വെട്ടിയുണ്ടാക്കിയ വെട്ടിക്കടവത്തൂടെ ചെറുവള്ളിപ്പുഴയും കടന്ന് ബിയ്യം കായലും കടന്ന് പൊന്നാനിത്തുറമുഖത്തേക്കു ചരക്കെത്തിച്ചിരുന്നുവെന്ന് കേട്ടുകേള്‍വി. പ്രതിഫലം പൊന്നായിട്ടാണ് കിട്ടിയത്. അതിനാലാണ് പൊന്നാനി ആയതെന്നും കേട്ടുകേള്‍വി.


ചെറുവള്ളിപ്പുഴ എന്ന ചെര്‍ളിപ്പൊഴക്കും കുന്നംകുളത്തിനുമിടയില്‍ വിശാലമായ പുഞ്ചപ്പാടമാണ്. മിഥുനം കര്‍ക്കിടകം മുതല്‍ ഏതാണ്ട് വൃശ്ചികം വരെ വെള്ളം തികട്ടിക്കിടക്കുന്ന കായല്‍പ്പരപ്പ്.


കരുവാന്താഴം, കമ്പനിക്കുണ്ട്, ചീരാമ്പുലി, ആനക്കുണ്ട് എന്നിങ്ങനെയൊക്കെ കോള്‍പടവുകള്‍ക്ക് പേരുകള്‍. ചെറുവള്ളിപ്പുഴയുടെ കടവാണ് കോവിലന്റെ തോറ്റങ്ങളില്‍ ആറാടിക്കടവാകുന്നത്. ആറാടിക്കടവത്തെ തോണിക്കാരനായിരുന്നു ചേന്നന്‍ മകന്‍ ചേന്നപ്പന്‍.


‘തെക്കേപ്പുറത്ത് നിറഞ്ഞ പുഞ്ചപ്പാടം കിടന്നേന്തി, തികഞ്ഞ മാസം പോലെ. അങ്ങു ചേന്നാടന്‍ തുരുത്തിനു മീതെ മഴക്കാര്‍ ഊര്‍ന്നിറങ്ങി. മുന്നോര്‍ക്കുടം പോലെ. മഴക്കാറിന്റെ നനുത്ത നാഭികളില്‍ വെയില്‍നാളം തുടുത്തുനിന്നു. പ്രസവം പോലെ’ എന്നു തോറ്റങ്ങളില്‍ കവിത വിരിയിച്ച പ്രകൃതി.


ആറാടിക്കടവത്തു പാലം വന്നു.

വെട്ടിക്കടവത്തും പാലം വന്നു.

വണ്ടിവാഹനങ്ങള്‍ തെക്കോട്ടും വടക്കോട്ടും പാഞ്ഞു. ജലഗതാഗതം പഴംപുരാണമായി.

ചീരയും ചിറ്റേനിയും മുന്നോക്കുട്ടിയും തവളക്കണ്ണനുമെല്ലാം കണ്ടം കേറി മറഞ്ഞു. പിന്നെ വന്നത് പട്ടാമ്പിയില്‍നിന്നും തവനൂരില്‍ നിന്നുമുള്ള പരിഷ്‌കാരികള്‍.

ജയ, ജ്യോതി, ഉമ, രേവതി, രോഹിണി എന്നിങ്ങനെ നീണ്ടു ആ നാമാവലി.

പുഞ്ചപ്പാടത്തെ ചേറും ചെളിയും കര്‍ഷകന്‍ മറന്നു. പറങ്ങോടന്‍, വേലായി, താമി, കറപ്പന്‍ എന്നിങ്ങനെ ചെല്ലപ്പേരുള്ള പുരുഷന്മാരും ചീരായി, ചെറോണ, ഇട്ടുലി, കുട്ടിച്ചക്കി എന്നിങ്ങനെ ദണ്ഡദാസിമാരും കാലം ചെയ്തുപോയി. പകരക്കാരായി വന്ന് പണിക്കണ്ടത്തിലിറങ്ങിയത് തമിഴകത്തുനിന്നും ആസാമില്‍നിന്നും ബങ്കാളത്തുനിന്നും ഒഡീഷയില്‍നിന്നുമുള്ളവരായിരുന്നു.

സുകാന്‍ തോ  ജൊയാന്‍തോ ചാറ്റര്‍ജി  ഷോപ്പന്‍ മുക്കര്‍ജി  ബൊലോള്‍ ജോഷി ഇജ്ജ്ഹാര്‍ ഇസ്ലാം  തൊബന്‍ ബോസ്  ഐനുള്‍ ഹക്ക് എന്നൊക്കെയായിരുന്നു അവര്‍ക്കു പേരുകള്‍.

തമിഴരുടെ ഊഴം കഴിഞ്ഞാണ് ബങ്കാളത്തുനിന്നും ആസാമില്‍നിന്നുമെല്ലാം അവര്‍ വന്നത്. എന്നാല്‍ എല്ലാവരും ബങ്കാളികള്‍ എന്നറിയപ്പെട്ടു. വെട്ടിക്കടവു പാലത്തിന്റെ വടക്കേ തോട്ടുവരമ്പത്തും തെക്കേ ഭാഗത്ത് പമ്പ് ഹൗസിന്റെ മുറ്റത്തും അവര്‍ കൂട്ടം കൂടി നിന്നു. അവരെത്തിരഞ്ഞ് കാറിലും ജീപ്പിലും കൃഷിക്കാരായ നിലമുടമകള്‍ തൊഴില്‍ദാനത്തിനെത്തി.


ആ ദശാസന്ധിയിലേക്കാണ് അകലെ മലമുകളില്‍നിന്ന് പത്രോസ് വന്നത്. ഫാദര്‍ പത്രോസ് ഓ.ഐ.സി – എന്ന് പൂര്‍ണ്ണനാമം.


ദേശാടനപക്ഷികളെ തിരഞ്ഞാണ് പത്രോസ് വന്നത്.

തലയില്‍ തൊപ്പി, ചെടിച്ച കാവി നിറത്തിലുള്ള ളോഹ, കഴുത്തില്‍ പീരങ്കി പോലുള്ള ദൂരദര്‍ശിനി, ക്യാമറ ആഹ്ലാദവും ജിജ്ഞാസയും ഓളം തല്ലുന്ന കണ്ണുകള്‍.


തേക്കുപുരയിലെ വേലായ്ദനോടും കുരുത്തിക്കെണി വച്ച് മീന്‍ പിടിക്കുന്ന അപ്പുമോനോടും തോട്ടുവരമ്പത്ത് – ആടിനെ മേയ്ക്കാന്‍ വരുന്ന ഒല്ലാശ്ശേരി മോമതിനോടും പത്രോസ് കിളികളുടെ സുവിശേഷം പറഞ്ഞു.