ലിലിയാനബ്ലും പരിഭാഷ – വൈക്കം മുരളി
അടക്കിവച്ച ശബ്ദത്തോടെയുള്ള കാലടിയൊച്ചകള്‍ പരവതാനി വിരിച്ച ഇടനാഴിയില്‍ മുഴങ്ങിയതിനുശേഷം അവളുടെ വാതിലിനു മുന്നില്‍ പെട്ടന്നില്ലാതായി. ആകെക്കൂടി അവശേഷിച്ചിരുന്ന ശബ്ദം നിയൊണ്‍ വെളിച്ചത്തിന്റെ പ്രഭാവലയത്തില്‍പ്പെട്ട് ശലഭത്തിന്റെ ചിറകടിയൊച്ചകള്‍ മാത്രമായിരുന്നു. ഡെല്‍ഫീനയ്ക്ക് നെറ്റിയില്‍ നിന്നും വിയര്‍പ്പ് മണികള്‍ താഴോട്ടൊലിച്ചിറങ്ങുന്നതായി തോന്നി. ശരീരത്തിന്റെ പിന്‍ഭാഗത്തേക്കും അവ വഴികള്‍ കണ്ടെത്തി.
അവളുടെ ഹൃദയം അതിവേഗത്തില്‍ മിടിക്കാന്‍ തുടങ്ങി. അവളുടെ കണ്ണുകള്‍ പരിചിതമായ എന്തിനോവേണ്ടി മുറിക്കുള്ളിലെ നിഴല്‍പ്പാടുകള്‍ക്കുള്ളില്‍ തിരയുവാന്‍ തുടങ്ങി. അവളെ സാന്ത്വനപ്പെടുത്തുവാന്‍ കഴിയുന്ന എന്തോ ഒന്ന് പക്ഷേ എല്ലാം വിദൂരത്തിലുള്ളതോ അല്ലെങ്കില്‍ അറിയപ്പെടാത്തതോ ആയിരുന്നു.
അവളുടെ നിശ്വാസങ്ങള്‍ സൂക്ഷ്മമായ പിരിമുറുക്കത്തോടെയാണ് ഉള്ളിലേക്ക് കടന്നുവന്നത്. വായു അവളുടെ ശ്വാസകോശങ്ങളിലേക്ക് വിറയലോടെ തരിച്ചുകയറി.
വാതില്‍ പെട്ടെന്ന് തുറന്ന് അയള്‍ പ്രത്യക്ഷനായി. താഴെ, പട്ടണത്തിലെ തെരുവുകളില്‍, അപരാഹ്നാന്തരീക്ഷം കൂടുതല്‍ ഈര്‍പ്പമുള്ളതും പശപശപ്പുള്ളതുമായി മാറി. ചൂടിന്റെ ഒരുതരം കടല്‍ചൊരിച്ച് നഗരത്തെ ആവരണം ചെയ്യുകയും ശുദ്ധവായുവിനെ വിഴുങ്ങുകയും ചെയ്തു. പഴയകാല കെട്ടിടങ്ങള്‍ ഒരു സാക്ഷിയെപ്പോലെ അവയ്ക്കുചുറ്റും നടക്കുന്നതിനെയെല്ലാം നിരീക്ഷിച്ചുകൊണ്ടിരുന്നു. അവയുടെ ചുമരുകള്‍ക്കുള്ളില്‍ സംഭവിക്കുന്നതിനെയും അവ നിരീക്ഷണവലയത്തിലാക്കി തെരുവോരങ്ങള്‍ ശുദ്ധമാക്കുന്ന ഒരു മനുഷ്യന്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍പോലെ അവയ്ക്ക് തേയ്മാനം സംഭവിച്ചിരുന്നു. ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു പാഴ്‌വസ്തുക്കളും പൊടികളും ചികഞ്ഞുമാറ്റുന്ന അയാളെപോലെ കാഴ്ചകള്‍ക്ക് സമാനതകളുണ്ടായിരുന്നു.
പ്രായമായ വേശ്യമാര്‍ അവരുടെ വാതില്‍ ഛായകളില്‍ ആലസ്യത്തോടെ ജീര്‍ണിച്ച പഴയ ഹോട്ടലുകളുടെ കവാടങ്ങളെപ്പോലെ അവരുടെ അഭിലാഷങ്ങളെ പ്രദര്‍ശിപ്പിച്ചുകൊണ്ട് കെട്ടിച്ചമഞ്ഞ് നില്‍ക്കുന്നുണ്ടായിരുന്നു. നിറയെ ചീറ്റക്കൊഞ്ചുകളുള്ള ഒരു തൊട്ടിയിലെ ഒരു കൊഞ്ചിനെപോലെ ‘ലാ കാസഡി നാന’ പഴയ കെട്ടിടങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തിനിന്നു.
കെട്ടിടത്തിന്റെ മുന്‍ഭാഗം അടുത്ത കാലത്ത് പെയിന്റുചെയ്ത രീതിയില്‍ വൃത്തിയുള്ളതായി കാണപ്പെട്ടു. അതുകൊണ്ടുതന്നെ ഭിത്തിയിലൊരിടത്തും യാതൊരുവിധ കുത്തിക്കുറിക്കലുകളുമുണ്ടായിരുന്നില്ല.
ആകര്‍ഷിക്കുന്നവിധം ആലങ്കാരികമായിരുന്ന നിയൊണ്‍ സംജ്ഞകള്‍ക്ക് നീലനിറത്തില്‍ പരസ്പര്യമുള്ള അക്ഷരങ്ങളാണുണ്ടായിരുന്നത്. അകത്ത് എയര്‍കണ്ടീഷണര്‍ പുറത്തെ വാതില്‍ ഛായയിലെ ശ്വാസംമുട്ടിക്കുന്ന ചൂടിനെ മറച്ചുവച്ചിരുന്നു. ഇരുണ്ട മരപ്പാളികളാല്‍ തീര്‍ത്തിരുന്ന ചുമരുകളും ചുവന്ന പരവതാനിയും തൂങ്ങിനില്‍ക്കുന്ന സുവര്‍ണ്ണനിറത്തിലുള്ള വിളക്കുകളം ചേര്‍ന്ന് ഒരു പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് വേശ്യാലയത്തിന്റെ ഛായ കെട്ടിടത്തിന് പകര്‍ന്നുകൊടുത്തിരുന്നു.
പ്രതീക്ഷിച്ചുകൊണ്ടിരുന്ന മനുഷ്യന്‍ തന്നില്‍ നിരാശവാനാണെന്ന തോന്നല്‍ ഡെല്‍ഫീനക്കുണ്ടായി.
അവള്‍ സ്വന്തം മുഖത്തെ ഒന്ന് വിഭാവനം ചെയ്തു. ആകെ വിളറി, നിരാനന്ദമായ കണ്ണുകളോടെ ഭയചകിതയായി നില്‍ക്കുന്നു ഒരുവള്‍.
അവളുടെ കൈകള്‍ കാണുന്ന രീതിയില്‍ തന്നെ വിറകൊള്ളുന്നുണ്ടായിരുന്നു. വാതില്‍പ്പടിയില്‍ തണുത്തുറഞ്ഞ് മനുഷ്യന്‍ നിശ്ചലനായി കഴിയുന്നതുപോലെ അവള്‍ക്കു തോന്നി. ഒരു നീണ്ട നിമിഷത്തിനുശേഷം അവള്‍ തന്റെ മാതാവിന്റെ തുടര്‍ച്ചയായി ആക്രോശങ്ങളെക്കുറിച്ചോര്‍ത്തു. അവളെ ഒന്നിനും കൊള്ളാത്തവളെന്ന് വിളിച്ചുകൂവി അവര്‍ അധിക്ഷേപിക്കുകയായിരുന്നു. ആര്‍ക്കും വേണ്ടാത്ത വെറുമൊരു അധികപ്പറ്റായി മാറിയ ഒരു രൂപം ആര്‍ക്കും ഉപയോഗമില്ലാതെ പിഴച്ചവളായി തീര്‍ന്ന അവളെക്കുറിച്ച് യാതൊരു മതിപ്പും അവര്‍ക്കുണ്ടായിരുന്നില്ല.
അവളുടെ ചെറുപ്പകാലത്തിന്റെ വെറുപ്പിക്കുന്ന ഒരു നിറമായി അവള്‍ മാറിക്കഴിഞ്ഞിരുന്നു. തന്റെ മാതാവിന്റെ പ്രവചനങ്ങള്‍ ഇപ്പോള്‍ സത്യമായിത്തീര്‍ന്നിരിക്കുന്നുവെന്ന് ഇപ്പോളവള്‍ ചിന്തിക്കുകയാണ്. ”ഒരു നല്ല വേശ്യയായിട്ടുപോലും നിനക്കാകാന്‍ കഴിയില്ല, ഡെല്‍ഫീന” അവള്‍ സ്വയം പറയുകയായി. സ്വയം കണ്ണുകളുയര്‍ത്തുവാനുള്ള ധൈര്യംപോലും അപ്പോളവള്‍ക്കുണ്ടായിരുന്നില്ല.
നഗരചത്വരത്തിനു ചുറ്റുമായി പ്രാവുകള്‍ തീവ്രമായ രീതിയില്‍ ഒത്തുചേര്‍ന്നിരുന്നു. ചാരനിറത്തിലും തവിട്ടുനിറത്തിലും ചിറകുകളുള്ള വെട്ടുകിളികളുടെ കൂട്ടം പഴയ കാന്ററശിലകളാല്‍ നിര്‍മ്മിച്ചിരുന്ന കെട്ടിടങ്ങള്‍ക്ക് തകര്‍ച്ചയുടെ വെല്ലുവിളികളുയര്‍ത്തിയിരുന്നു. കുട്ടികള്‍ക്കു ബലൂണുകള്‍ വിറ്റുനടന്നിരുന്ന മനുഷ്യരുടെ ശത്രുക്കളായി നഗരപ്രാവുകളും അവിടെയുണ്ടായിരുന്നു. ബലൂണുകള്‍ കുട്ടികള്‍ക്കു വിറ്റുകൊണ്ടാണവര്‍ ജീവിതം തള്ളിനീക്കിയിരുന്നത്. അവര്‍ പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുകയും ചെയ്തിരുന്നു.