രണ്ട് ദൈവങ്ങള്‍ – കെ. അരവിന്ദാക്ഷന്‍
ഇത്രയധികം മനുഷ്യര്‍ അകത്തേക്കും പുറത്തേക്കും ഒരേ സമയത്ത് നീങ്ങുന്നത് ജീവിതത്തില്‍ ആദ്യമായാണ് അമ്മ കാണുന്നത്. താഴ്‌വരയില്‍ മേടക്കൊയ്ത്ത് കഴിഞ്ഞുള്ള മലമുത്തിയുടെ തിറയ്ക്കുപോലും ഇത്രയും പേരെ ഒന്നിച്ച് കണ്ടിട്ടില്ല.
നാല് മാസം മുമ്പാണ് പ്രളയം മല പുഴക്കി വലിച്ചെറിഞ്ഞത്. താഴ്‌വരയിലെ സ്‌കൂളിലാണ് എല്ലാവരും അടിഞ്ഞത്. നനഞ്ഞ ചപ്പിലകള്‍ കണക്കെ.
ഔതയെയും പോക്കറെയും കറുമ്പയെയും മലയിടുക്കിലെ ചെളിയില്‍ നിന്നാണ് വലിച്ചെടുത്തത്.
സ്‌കൂളില്‍ തിങ്ങിക്കൂടിയവരെ കണ്ടപ്പോഴാണറിഞ്ഞത് ഇത്രയധികം മനുഷ്യര്‍ മലയിലും പള്ളങ്ങളിലും പാര്‍ത്തിരുന്നു! പുതിയ പലരെയും പരിചയപ്പെട്ടു. ചിലര്‍ പഴയവ പുതുക്കി. എല്ലാം നഷ്ടപ്പെട്ടതിന്റെ വേദന പരസ്പരം പറഞ്ഞൊഴിഞ്ഞു. അല്ലെങ്കില്‍, എന്താണ് നഷ്ടപ്പെടാനുണ്ടായിരുന്നത്! ഒന്നുമില്ല, സ്വന്തം ശരീരംപോലും.
ബംഗ്ലാവും കാറും തോട്ടവും മണ്ണില്‍ പുതഞ്ഞുപോയ രൈരുമൂപ്പന്റെ കണ്ണില്‍ പോലും അതുവരെ കാണാത്ത ഈര്‍പ്പമുണ്ടായിരുന്നു. എല്ലാവരും ഒന്നിച്ചാണ് ഭക്ഷിച്ചത്. ഉറങ്ങിയത്.
ഇവിടെ സ്‌കൂളിലെ തിരക്കല്ല. ശബ്ദങ്ങള്‍ക്കും ഗന്ധങ്ങള്‍ക്കും മാറ്റമുണ്ട്. സ്‌കൂളില്‍ അപൂര്‍വമായെങ്കിലും സൂചിമുനത്തുമ്പിന്റെ ഒഴിവുണ്ടായിരുന്നു. അത് ഉള്ളില്‍ നിന്ന് ആന്തലുയര്‍ത്തിയിരുന്നെങ്കിലും പെട്ടെന്ന് തൂരാറുണ്ട്.
ആരെയും പരിചയമില്ല. ഭാഷപോലും വേറെയാണ്? ഒന്നും മനസ്സിലാകുന്നില്ല. അമ്മയുടെ ശരീരം വിയര്‍പ്പില്‍ കുതിര്‍ന്നു. വരണ്ട മണ്ണില്‍ സൂര്യന്‍ വിതച്ച കനല്‍ വിത്തുകളേക്കാള്‍ തീക്ഷ്ണമായ എരിപൊരിയില്‍.
പ്രധാന കവാടത്തിലെ കൂറ്റന്‍ ഗേറ്റിലൂടെ ഉള്ളിലെത്തി. എവിടേക്കാണ് നീങ്ങേണ്ടത്? അമ്മ പകച്ചു. നീലക്കുപ്പായവും കറുത്ത കാലുറയും ധരിച്ച ഒരു യുവാവ് തിരക്കില്‍ നിന്ന് അമ്മയുടെ അടുത്തെത്തി. തോളിലൂടെ പോലീസുകാരുടേതുപോലെ തടിച്ചുരുണ്ട ചരടുണ്ട്. കുപ്പായത്തിന്റെ നിറം നീലയായതിനാല്‍ അമ്മയുടെ പേടി അല്പം കുറഞ്ഞു. പോലീസല്ല! അമ്മ ഒന്ന് നിശ്വസിച്ചു.
വലതുകയ്യില്‍ അമര്‍ത്തിപ്പിടിച്ചിരുന്ന പിഞ്ഞിയ പേഴ്‌സ് തുറന്നു. സിപ്പ് പോയ അതിനുള്ളില്‍ നിന്ന് ഒരു തുണ്ട് കടലാസ് അയാളുടെ നേരെ നീട്ടി. അതിന്റെ നീലവരികളില്‍ മഷി പുരണ്ടിരുന്നു. അയാളത് നെറ്റി ചുളിച്ച് വായിച്ചു. ചൂണ്ടിക്കാട്ടി: ‘ഇടത്തോട്ട് ചെന്ന് ഇറക്കമിറങ്ങി…’
ബാക്കി ഭാഗം അമ്മ കേട്ടില്ല. തുണ്ട് കടലാസ് പേഴ്‌സില്‍ തിരുകുന്നതിനിടെ അതിന്റെ തുറന്ന വായിലൂടെ ഒരു നാണയത്തുട്ട് ഊര്‍ന്ന് ചാടി. തിരക്കി നീങ്ങുന്ന ആളുകളുടെ കാലുകള്‍ക്കിടയിലൂടെ അമ്മ നാണയത്തിന്റെ പിന്നാലെ ഓടി.
അമ്മയ്ക്ക് നേരെ വന്ന ഒരാളിന്റെ ചെരിപ്പില്‍ തട്ടി നാണയം നിന്നു. അമ്മ അയാളുടെ മുമ്പിലെത്തും മുമ്പേ അയാള്‍ നാണയം എടുത്ത് അമ്മയ്ക്ക് നീട്ടി. അമ്മയുടെ വിയര്‍പ്പില്‍ കുതിര്‍ന്ന കൈത്തലത്തിലേക്ക്. അമ്മയുടെ കണ്ണുകള്‍ അയാളുടെ നേരെ നീണ്ടു. അയാളെപ്പോഴോ പുഞ്ചിരിതൂകി നടന്ന് നീങ്ങിയിരുന്നു.
ഇടതുവഴിയിലൂടെ നടന്ന് കയറ്റമിറങ്ങിച്ചെന്നത് കെട്ടിടങ്ങള്‍ അടുക്കടുക്കായി ഉയര്‍ന്നുനില്‍ക്കുന്നിടത്തേക്കാണ്. കാട്ടിലെ വന്‍മരങ്ങളേക്കാള്‍ എത്രയോ ഇരട്ടി ഉയരമുണ്ടിവയ്ക്ക്! വന്‍മരങ്ങളുടെ താഴെ ചപ്പുചവറുകള്‍ക്കിടയില്‍ ഇരുട്ടുണ്ടെങ്കിലും കുളിര്‍മ്മയാണ്. പണിയെടുത്ത് നടുവൊടിയുമ്പോള്‍ അമ്മ കുളിര്‍മ്മയില്‍ ചാരിയിരിക്കാറുണ്ട്. മരത്തിന്റെ ശരീരത്തില്‍ നിന്നും മണ്ണിലേക്കിറങ്ങിയ വേരുകളില്‍ നിന്നും എന്തൊക്കെയോ ഉള്ളില്‍ വന്ന് നിറയും. മോളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍. അവള്‍ സ്‌കൂളില്‍ പഠിച്ച് വലുതാവുന്നത്.
കങ്കാണിയുടെ ഒച്ച കേട്ടാണുണരുക. എന്തേര് പകല്‍ക്കിനാവാ നിങ്ങള് കാണണെ, അയാള്‍ മുറുക്കാന്‍ തുപ്പലൊലിപ്പിക്കും.
കെട്ടിടങ്ങള്‍ക്ക് നിഴലുകളില്ല. ഒരു കെട്ടിടം മറ്റേതിനെ വിഴുങ്ങുകയാണ്.
അമ്മ കിതച്ചു. പാതിരയ്ക്ക് മലവെള്ളവും പാറകളും പാഞ്ഞടുക്കുന്നത് കേട്ട് മകളെയും കൈപ്പിടിച്ച് കൂരയില്‍ നിന്ന് ഇറങ്ങിയോടിയ നിമിഷം തുടങ്ങിയതാണ്. നെഞ്ചില്‍ മുമ്പെങ്ങുമില്ലാത്ത പറക്കൊട്ട്.
വെള്ളയും നീലയും യൂണിഫോമിട്ട മദ്ധ്യവയസ്‌ക അമ്മയുടെ അടുത്തെത്തി. അവര്‍ പന്ത്രണ്ട് നിലയുള്ള മഞ്ഞച്ചായമടിച്ച കെട്ടിടത്തിലേക്ക് കൈചൂണ്ടി.
കുട്ടിക്കാലത്ത് അമ്മൂമ്മ ഉറക്കാന്‍ പറയാറുള്ള കഥയിലെ ഭീമന്‍ രാക്ഷസനേക്കാള്‍ ഉയരമുണ്ട്. തടിയും. രാക്ഷസന്റെ അകത്ത് പെട്ടാല്‍ പുറത്തേക്ക് വഴിയില്ല. കുറുമ്പന്‍ കുഞ്ഞുങ്ങളെയാണ് രാക്ഷസന് നോട്ടം.
അമ്മൂമ്മ കാതില്‍ രഹസ്യമാകും. രക്ഷപ്പെടാന്‍ ഒരു വഴിയേയുള്ളൂ. മലമുത്തിയെ വിളിച്ച് കരയുക. കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടാല്‍ മുത്തി രാക്ഷസന്റെ ആയിരം കണ്ണിലും ഇരുട്ട് നിറയ്ക്കും. വായിലൂടുള്ള വഴികളില്‍ വെളിച്ചം വിതറും.
‘വലത്തോട്ട് നടന്ന് നേരെ ചെല്ലുന്നതാണ് മഞ്ഞക്കെട്ടിടം. മുകളിലേക്ക് ലിഫ്റ്റുണ്ട്. പത്ത് മിനിട്ട് നില്‍ക്കേണ്ടി വരും. ഇന്ന് നല്ല തിരക്കാണ്. നാളെ ബന്ദാ… ബസ്സുണ്ടാവില്ല…’
ഒരു ബന്ദിലാണ് മോളുടെ അച്ഛന്‍ കൊല്ലപ്പെട്ടത്. ബന്ദുകാരും പോലീസും തര്‍ക്കിക്കുന്നതിനിടയിലൂടെ നടന്ന് പോവുകയായിരുന്നു. കരാറുകാരന് കാട്ടില്‍ മരം മുറിക്കാന്‍. ചുമലില്‍ കോടാലിയും കയ്യില്‍ പൊതിച്ചോറും ചെറുമഴുവും.
എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. നാല് നാള്‍ കഴിഞ്ഞാണ് ശവം കൊക്കയില്‍ കണ്ടെത്തിയത്. വലിയൊരു മരത്തിന്റെ വേടുകളില്‍ തൂങ്ങി. കണ്ണുകള്‍ കുത്തിയെടുത്തിരുന്നു.
കെട്ടിടത്തിന്റെ വിസ്താരമേറിയ ഹാളില്‍, വഴിയിലേക്കാള്‍ തിരക്കാണ്. ട്രോളികളിലും ചക്രക്കസേരകളിലുമായി രോഗികള്‍. ചിലര്‍ സ്റ്റീല്‍ ബെഞ്ചിന്റെ ചാരികളില്‍. ചുമയ്ക്കുന്നവര്‍. ആയാസപ്പെട്ട് ശ്വാസമെടുക്കുന്നവര്‍. തലതൂക്കിയിരിക്കുന്നവര്‍. ബന്ധുക്കളുടെ തോളുകളില്‍ ചാരിക്കിടക്കുന്നവര്‍. വന്‍മരങ്ങള്‍ക്കിടയില്‍പെട്ട് ചതഞ്ഞ ചെടികള്‍ പോലെ.
മുകളിലേക്കുള്ള വഴി തിരക്കി അമ്മ.
‘ദാ അവ്‌ടെ ആളുകള്‍ കൂടി നില്‍ക്കുന്ന കണ്ടോ. മോളിലേക്ക് പോകാന്‍ കാത്ത് നില്‍ക്കുന്നവരാണ് ‘.
മലമുത്തിയുടെ ചെറുകോവിലിനുമുമ്പില്‍ പ്രതീക്ഷയോടെ കാത്ത് നില്‍ക്കുന്ന കൂട്ടം. അമ്മയുടെ മനസ്സില്‍ തെളിഞ്ഞു. മിക്കവരുടെയും കണ്ണുകള്‍ മുകളിലേക്കാണ്. തല താഴ്ത്തിയവരുമുണ്ട്. ചിലരുടെ ചുണ്ടുകള്‍ എന്തോ മന്ത്രിക്കുന്നുണ്ട്.
ലിഫ്റ്റ് നിരപ്പിലെത്തി. ആളുകള്‍ ധൃതികൂട്ടി. മദ്ധ്യവയസ്സുള്ള കാവല്‍ക്കാരന്‍ പറഞ്ഞു: ‘എന്തിനാണ് തിരക്കടിക്കുന്നത്! എല്ലാവര്‍ക്കും മുകളിലേക്ക് പോകാം’.
ലിഫ്റ്റ് വാതില്‍ മാന്ത്രികമായി തുറന്നു. കാവല്‍ക്കാരന്‍ ഇടപെട്ടു. ‘ഒന്നൊതുങ്ങി നിക്കിന്‍. ഉള്ളിലുള്ളവര്‍ പുറത്ത് കടക്കട്ടെ’.