എം.വി ദേവന്റെ കലാദര്‍ശനത്തിലെ മാനവികത ദേവന്റെ കലാദര്‍ശനം – എം രാമചന്ദ്രന്‍

സാംസ്‌കാരിക കേരളത്തിന് എം.വി ദേവന്‍ ആരാണ്? രേഖാചിത്രങ്ങളും പെയിന്റിങ്ങുകളും ശില്‍പങ്ങളും മ്യൂറലും സ്റ്റെയിന്‍ഡ് ഗ്ലാസ് രചനകളും എല്ലാം നിര്‍വഹിച്ച ദേവന്‍ ചിത്രകാരനാവാം; കവിതയും കഥയും റേഡിയോ നാടകങ്ങളും എഴുതിയ എഴുത്തുകാരനാവാം; സാഹിത്യ രചനകളെക്കുറിച്ച് ഏറെ എഴുതിയ സാഹിത്യ നിരൂപകനാവാം; കേരളത്തിലും പുറത്തും സാഹിത്യത്തെയും കലയെയും വാസ്തുശില്പത്തെയും സംസ്‌കാരത്തെയും കുറിച്ച് ധാരാളം പ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ള പ്രഭാഷകനാവാം; കലകളെക്കുറിച്ച് വിമര്‍ശനങ്ങള്‍ എഴുതിയ കലാനിരൂപകനുമാവാം; കേരള ലളിതകലാ അക്കാദമിയുടെ, തമിഴ്‌നാട് ലളിതകലാ അക്കാദമിയുടെ, കേരള കലാപീഠത്തിന്റെ, മലയാള കലാഗ്രാമത്തിന്റെയൊക്കെ ചുക്കാന്‍ പിടിച്ചിട്ടുള്ള സംഘാടകനാവാം; നവസാഹിതി, ജാഗ്രത ജ്വാല, കേരള കവിത, ജയകേരളം, ഗോപുരം സമീക്ഷ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന പത്രാധിപരാവാം; ചെറു പാര്‍പ്പിടങ്ങള്‍ മുതല്‍ ഓഡിറ്റോറിയങ്ങളും ഫാക്ടറികളും വിഭാവനം ചെയ്യുകയും അവയുടെ നിര്‍മ്മിതികള്‍ക്ക് കാര്യദര്‍ശിത്വം നല്കുകയും ചെയ്ത വാസ്തുശില്പിയും ആവാം. പക്ഷേ, ഇതൊന്നുമായിരുന്നില്ല അല്ലെങ്കില്‍ ഇവയ്‌ക്കെല്ലാം അപ്പുറത്തോ അതീതനായോ നില്‍ക്കുന്ന സമഗ്രമായ സാംസ്‌കാരികവ്യക്തിത്വം ആണ് ദേവന്‍ എന്ന് അദ്ദേഹത്തിന്റെ മേല്‍പ്പറഞ്ഞ പ്രവര്‍ത്തന മേഖലകളുടെ വൈപുല്യവും വൈവിധ്യവും വ്യക്തമാക്കുന്നു.


മനുഷ്യന്‍ മറ്റെന്തിനും മുകളിലാണെന്നും ചെയ്യുന്നതെല്ലാം മുഴുവനും മനുഷ്യവംശത്തിനും വേണ്ടിയാണെന്നും ഉള്ള ദേവന്റെ ഉറച്ച ധാരണ1 സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം പൂര്‍ണ്ണമായും മനസ്സിലാക്കിയ മനസ്സില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. ഒട്ടേറെ സാംസ്‌കാരിക മേഖലകളില്‍ ചര്‍വ്വിത ചര്‍വ്വണം ചെയ്തിരുന്ന ജുഡീഭൂതമായ കലാസങ്കല്പങ്ങളെ ആധുനികമായ ധൈഷണിക ഇടപെടലുകള്‍ നടത്തി അവയെ കീഴ്‌മേല്‍ മറിക്കാന്‍ ശ്രമിച്ച വ്യക്തി എന്ന നിലയില്‍ ദേവന്റെ സാന്നിധ്യം കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ അതീവ പ്രാധാന്യം ഉള്ളതാണ്.


വാക്കിലും എഴുത്തിലും പ്രസംഗത്തിലും ചിത്രമെഴുത്തിലും വാസ്തുശില്പത്തിലും സംഘാടകത്വത്തിലും എല്ലാമുള്ള അറിവും അവയുടെ പ്രായോഗിക പരിജ്ഞാനവും നല്‍കിയ ആത്മവിശ്വാസത്തില്‍, മേല്‍പ്പറഞ്ഞ വൈജ്ഞാനിക മേഖലകളില്‍ ആര്‍ജ്ജിച്ച ജ്ഞാനത്തിന്റെ അകമ്പടിയോടെ, തന്റെ പ്രവര്‍ത്തന മേഖലകളുടെ പല അടഞ്ഞ മുറികളുടെയും മതിലുകള്‍ വെട്ടിപ്പൊളിക്കുകയും തമ്മില്‍ പാരസ്പര്യം പുലര്‍ത്തേണ്ട, പുലര്‍ത്തുന്ന ഘടകങ്ങളാക്കി അവയെ മാറ്റുകയും ചെയ്തു ദേവന്‍. ഇവിടെയൊക്കെ നാം ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം താന്‍ കൈകാര്യം ചെയ്ത മാധ്യമങ്ങളുടെ മേല്‍ അത്യധികം നിയന്ത്രണം ദേവന്‍ നേടിയെടുത്തു എന്നതാണ്.


അമ്പതുകളിലെ മാതൃഭൂമിയിലെ ദേവന്റെ ചിത്രീകരണങ്ങള്‍ ശ്രദ്ധിച്ചാല്‍ അവയില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള രചനാസങ്കേതങ്ങളുടെ വൈപുല്യം നമ്മെ അത്ഭുതപ്പെടുത്തും. കറുപ്പും വെളുപ്പും മാത്രം കൈമുതലായി ഉണ്ടായിരുന്ന അച്ചടി മാധ്യമത്തിന്റെ സാധ്യതകളും പരിമിതികളും ദേവന്‍ കൃത്യമായി ഗ്രഹിച്ചിരുന്നു എന്നതാണ് ഇത് കാണിക്കുന്നത്. നാമമാത്രമായ രേഖകള്‍ കൊണ്ടുള്ള ഭാവപ്രകടനം മുതല്‍ (ഇതില്‍ നമ്പൂതിരി പിന്നീട് തന്റെ പ്രാവീണ്യം തെളിയിച്ചു) ഹാഫ് റ്റോണുകളുടെയും, വിശദമായ ചിത്രണങ്ങള്‍ കൊണ്ട് ചിത്രതലം മുഴുവന്‍ പടര്‍ന്ന് വൈവിധ്യമാര്‍ന്ന ആകൃതികളും വസ്തുക്കളും ചെടികളും മനുഷ്യരും ഒക്കെയായി നിറയുന്ന താളുകളാക്കി മാറ്റുന്നതിനും രേഖകളുടെ നേര്‍മ്മകളിലും വണ്ണത്തിലുമുള്ള വ്യതിയാനങ്ങള്‍ ഉപയോഗിച്ച് സാഹിതീയ സന്ദര്‍ഭങ്ങള്‍ക്ക് തെളിച്ചം നല്‍കുന്നതിനും, കറുത്ത പ്രതലങ്ങള്‍ക്ക് പ്രാധാന്യം നല്‍കി രേഖാചിത്രത്തിന് തനതായ വ്യക്തിത്വം നല്‍കുന്നതിനും ദേവന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.


കലാകാരന്‍ എന്ന നിലയ്ക്ക് മരക്കഷണങ്ങളും വളപ്പൊട്ടുകളും അടക്കമുള്ള ഉള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള മ്യൂറലുകളും കോണ്‍ക്രീറ്റിലും കല്ലിലും ഒക്കെയുള്ള ശില്പങ്ങളും പെയിന്റിങ് കൂടാതെ സ്റ്റെയിന്‍ഡ് ഗ്ലാസ് രചനകളും ദേവനു വഴങ്ങിയിരുന്നു. രചനാശില്‍പം, അത് കവിതയിലാവട്ടെ നാടകമാവട്ടെ ചിത്രങ്ങളാകട്ടെ ദേവന് എളുപ്പം കരഗതമാക്കാന്‍ സാധിച്ചിരുന്നു. ചിത്രകലാഭ്യാസവും കലാ ചരിത്രത്തിലുള്ള താല്പര്യവും നിമിത്തം സാഹിത്യം, സംഗീതം, നൃത്തം തുടങ്ങിയ കലകളെ അപേക്ഷിച്ച്, ചരിത്രാതീതകാലം മുതല്‍ക്കുള്ള സാംസ്‌കാരിക ചിഹ്നങ്ങളായി നമുക്ക് ഇന്നും അറിയാവുന്നത് രേഖകളുടെയും ചിത്രങ്ങളുടെയും വാസ്തുശില്പങ്ങളുടെതുമാണ് എന്ന ബോദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അവ സാംസ്‌കാരിക ഭൂതകാലത്തിലേക്കുള്ള താക്കോലുകളാണെന്ന വിശ്വാസവും അദ്ദേഹത്തിന് സഹായകമായി. കലാരചനയില്‍, കവിത, നാടകം, ചിത്രം, ശില്പം, വാസ്തുശില്പം തുടങ്ങിയവയില്‍ ഉള്ള പ്രായോഗിക പരിചയം ദേവനെ കലാസൃഷ്ടികളുടെ ഘടനകളെ സമഗ്രമായി നിരീക്ഷിക്കുന്നതിന് പ്രേരിപ്പിച്ചു. ഈ സമഗ്രദര്‍ശന ചാതുരിയാണ് കൊല്ലത്തുള്ള ടി കെ ദിവാകരന്‍ മെമ്മോറിയലും അമ്പലമുകളിലെ ഫാക്ട് ടൗണ്‍ഷിപ്പ് തുടങ്ങിയവയുടെ സങ്കല്പനത്തിനും വികസനത്തിനും ദേവനെ പ്രാപ്തനാക്കിയത് എന്ന് തോന്നുന്നു.


സുവ്യക്തമായ സാമൂഹ്യ ദര്‍ശനവും, വരണ്ടതും പ്രതിലോമകരങ്ങളുമായ കലാതത്വങ്ങളോട് ഏറ്റുമുട്ടുവാന്‍ ഉതകിയ കലാദര്‍ശനവും ദേവന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അസ്ഥിവാരമിട്ടു. എം ഗോവിന്ദനില്‍ നിന്നു പകര്‍ന്നു കിട്ടിയ മാനവിക ദര്‍ശനവും സ്വാതന്ത്ര്യബോധവും ജഡധാരണകളെ ചോദ്യം ചെയ്യാനുള്ള ആവേശവും കൈമുതലാക്കി കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ആധുനിക വീക്ഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും അവസരങ്ങള്‍ ഒരുക്കുന്നതിന് ദേവന്‍ ഫലപ്രദമായി പ്രയത്‌നിച്ചു. മനുഷ്യനിലും മാനവികതയിലും പൂര്‍ണ്ണമായ വിശ്വാസത്തോടെ, വ്യക്തിസ്വാതന്ത്ര്യത്തിലധിഷ്ഠിതമായ ഒരു സാമൂഹ്യദര്‍ശനം ഗോവിന്ദനില്‍ എന്നതുപോലെ ദേവനിലും കാണാനാവും. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളില്‍പ്പോലും കേസരി ബാലകൃഷ്ണപിള്ളയെപ്പോലെ അപൂര്‍വ്വം പേര്‍ക്ക് മാത്രം മനസ്സിലാക്കാനായ കലാ ചരിത്രത്തിലുള്ള ദേവന്റെ അവഗാഹം വരട്ടുവാദങ്ങളുടെയും പിന്തിരിപ്പന്‍ കലാ ചിന്തകളുടെയും പ്രചാരകന്മാരോട് കൊമ്പുകോര്‍ക്കുന്നതിനും കലയിലെ പുരോഗമനപരവും നവീനവുമായ ആശയങ്ങളെ പ്രഘോഷിക്കുന്നതിനും ഉപയോഗപ്രദമായി.