മത്സ്യവിചാരം – വി.കെ.ശ്രീരാമന്‍
വീട്ടില്‍ നിന്ന് എട്ടുപത്തു കിലോമീറ്റര്‍ തെക്കോട്ടു ചെന്നാല്‍ ചാവക്കാട് കടപ്പുറത്തെത്താം. ബ്ലാങ്ങാട് കടപ്പുറമെന്നാണ് പണ്ടതിന്നു പേര്. ബ്രിട്ടീഷ് മലബാറിന്റെ രേഖകളിലും ബ്ലാങ്ങാടാണ്. ചാവക്കാട്ടുകാരായ അരയന്മാരാണ് പഴയ കാലത്ത് ബ്ലാങ്ങാടു നിന്ന് തോണി തുഴഞ്ഞ് ദൂരക്കടലില്‍ പോയി വലയെറിഞ്ഞ് മീന്‍ പിടിച്ചിരുന്നത്. ഇന്ന് ചാവക്കാട്ടുകാര്‍ മീന്‍ പിടിക്കാന്‍ കടലില്‍ പോകാറില്ല. തുഴഞ്ഞുപോകാവുന്ന തോണികളുമില്ല. കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മീന്‍പിടുത്തക്കാര്‍ ഏറെയും.
ബ്ലാങ്ങാട് കടപ്പുറത്തിന് വീണ്ടും രൂപാന്തരമുണ്ടായി. ചാവക്കാട് ബീച്ച് എന്ന പുതിയ ഖ്യാതിയിലേക്ക് അത് ഉപനയിക്കപ്പെട്ടിട്ടുണ്ട്. ടൂറിസം വികസന കൗണ്‍സില്‍, ഡി.ടി.പി.സി. എന്നിങ്ങനെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ കീഴിലാണ് ഇന്നത്. തറയോടുകള്‍ പതിച്ച് മനോഹരമാക്കിയ നീണ്ട നടപ്പാതകള്‍, ചിത്രത്തൂണുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന വിളക്കുമാടങ്ങള്‍, ചാരുബഞ്ചുകള്‍. പലഹാരങ്ങളും പഴച്ചാറുകളും ലഭിക്കുന്ന വിശ്രമകേന്ദ്രങ്ങള്‍. അങ്ങനെയങ്ങനെ ചന്തമേറിയതാണ് ബ്ലാങ്ങാടിന്റെ പുതിയ മുഖം.
ബീച്ചിലേക്ക് കാറ്റുകൊള്ളാന്‍ വരാന്‍ ഇത്രയും പേരോ, എന്നു അതിശയപ്പെട്ടുപോകും പാര്‍ക്കു ചെയ്തിരിക്കുന്ന കാറുകളുടെ നീണ്ട നിര കണ്ടാല്‍. മിനിഞ്ഞാന്ന് ചാവക്കാട്ടു ബീച്ചിലേക്കു പോവുമ്പോള്‍ മനോഹരനും അഷറഫുമുണ്ടായിരുന്നു കൂടെ. രണ്ടുപേരും കഥയെഴുത്തുകാരാണ്. കഥയെഴുത്തുകാര്‍ എന്നു പറഞ്ഞാല്‍ മുഴുവനും ശരിയാവില്ല. മനോഹരന്‍ ഒരു കാര്‍പെന്ററി വര്‍ക്ക്‌ഷോപ്പു ഉടമയാണ്. അഷറഫ് ദീര്‍ഘകാലം അബുദാബിയില്‍ ബാങ്ക് ഉദ്യോഗസ്ഥനായി കഴിഞ്ഞശേഷം ഇപ്പോള്‍ അടുത്തൂണ്‍ പറ്റിപ്പിരിഞ്ഞ് നാട്ടിലെത്തിയിരിക്കയാണ്. പ്രവാസകാലമാണ് എഴുത്തിനും വായനയ്ക്കും യോജിച്ച കാലമെന്നാണ് അഷറഫിന്റെ അഭിപ്രായം. എഴുതാനും വായിക്കാനും ഒത്തുകിട്ടുന്ന ഒഴിവുനേരങ്ങള്‍ നാട്ടിലെത്തിയാല്‍ ഒട്ടുമില്ല.
ബീച്ചിലേക്കു ചെന്നു കയറിയാല്‍ പത്തടി തെക്കോട്ടു നടക്കുക പതിവാണ്. മോട്ടോര്‍ ഘടിപ്പിച്ച തോണികളില്‍ ചൂണ്ടക്കാരും ചെറിയ വലക്കാരും മീനുകളുമായി കരയ്ക്കുകയറിവരുന്നത് അവിടെയാണ്.
ഇന്നലെ പക്ഷേ, ആ കാഴ്ച എന്നെ അസ്വസ്ഥനാക്കി.
മലര്‍ന്നും ചാഞ്ഞും മണലില്‍ കിടക്കുന്ന ആ മീനുകള്‍ക്ക് മനുഷ്യരോളം വലുപ്പമുണ്ടായിരുന്നു. അവയുടെ മുഖത്ത് കരഞ്ഞു മരവിച്ച വായും ശൂന്യതയിലേക്കു തള്ളിനിന്ന കണ്ണുമുണ്ടായിരുന്നു. അവയുടെ നെഞ്ചത്ത് കൈകള്‍ കൊണ്ടടിച്ചതിന്റെ പാടുകളുണ്ടായിരുന്നു. ചുവന്ന കുപ്പായമിട്ട ചെറിയൊരു കുട്ടിവന്ന് അതിലൊരു മീനിനെ തൊടുന്നു. ഉറങ്ങിക്കിടക്കുന്ന അവന്റെ അമ്മയെ ചെന്നു വിളിക്കുന്നതുപോലെ. ചുറ്റിവളഞ്ഞു നില്‍ക്കുന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന് വിളി പൊന്തുന്നത് അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്.
എട്ട് ആയിരം…
എട്ട് ആയിരം…
എട്ട് ആയിരം അഞ്ഞൂറ്.
നമുക്ക് പോകാം, ഞാന്‍ മനോഹരന്റെ കയ്യില്‍ അമര്‍ത്തി. ആധികളുടെ പുസ്തകം എഴുതിയ കഥാകാരന്‍ എന്റെ സ്പര്‍ശനത്തിന്റെ പൊരുള്‍ പെട്ടെന്നു തിരിച്ചറിഞ്ഞു.
നമുക്ക് പോകാം.
അവനും പറഞ്ഞു.
ആധികളുടെ പുസ്തകത്തിലെവിടെയോ ഇങ്ങനെ എഴുതിയിട്ടുണ്ട്.
സര്‍, നമ്മള്‍ പറയാറില്ലെ, ഓരോ മനുഷ്യനും എഴുതാത്ത നോവലാണെന്ന്. അങ്ങനെയാവുമ്പോള്‍ ഓരോ മനുഷ്യനും കുറേ കഥകളുടെ ഭാണ്ഡമാണ്. കീറിയ ഭാണ്ഡത്തില്‍ നിന്നും തലനീട്ടുന്ന പാഴ്പ്പണ്ടങ്ങള്‍പോലെ ഒരാളുടെ കണ്ണുകളില്‍ നിന്ന് ചുണ്ടിന്റെ ചലനങ്ങളില്‍ നിന്ന് – മുഖപേശികളില്‍ നിന്ന് കഥകള്‍ വായിച്ചെടുക്കാം. കീറലില്ലാത്ത ഭാഗത്തെ കഥകളൊക്കെ അയാള്‍ ചുമന്നു നടക്കുന്നു. ആരെയുമറിയിക്കാതെ.
നോവലിലായാലും നാടകത്തിലായാലും അതിലൊക്കെയും പറഞ്ഞുപോവുന്നത് മനുഷ്യന്റെ കഥകളാണല്ലൊ!
മീനുകള്‍ക്ക് കഥകളുണ്ടാവുമോ? ഞാന്‍ ഓര്‍ത്തുനോക്കി. അറിയില്ല. അതേപ്പറ്റി ചോദിച്ചറിയാന്‍ അത്രയൊന്നും അറിവുള്ള ആരെയും എനിക്കു പരിചയവുമില്ല.