വേദനയില്‍ കഥയുണ്ടാക്കിയവള്‍ -പ്രിയ എ.എസ്

വേദനയില്‍ കഥയുണ്ടാക്കിയവള്‍ -പ്രിയ എ.എസ്

മലയാളികള്‍ക്കിടയില്‍ അഷിതയെക്കുറിച്ച് ഏറ്റവും കൂടുതല്‍ വ്യക്തിപരമായ ഇഷ്ടങ്ങള്‍ പങ്കുവച്ചത് ഞാനായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. എത്ര ലേഖനങ്ങള്‍ എഴുതി എന്നതിന് കണക്കില്ല. അതുപോലെ, രണ്ടോമൂന്നോ പുസ്തകങ്ങള്‍ക്ക് ആമുഖം എഴുതിയിട്ടുണ്ട്. മൂന്ന് പുസ്തകപ്രകാശനച്ചടങ്ങിലെങ്കിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനത്തെ പുസ്തകപ്രകാശന ചടങ്ങിലും പങ്കെടുത്തിരുന്നു. ഒരിക്കലുംനമ്മള്‍ ഇതിനൊക്കെ അര്‍ഹയായിട്ട് നമുക്ക് തരുന്ന സ്ഥാനമാനങ്ങളാണെന്നുള്ള വിചാരത്തിലല്ല അതൊക്കെ ഏറ്റെടുത്ത് ചെയ്യുന്നത്. നമ്മളോടുള്ള ഇഷ്ടം കൊണ്ട്, അവനവന്റെ ലാളിത്യം കൊണ്ട് ഒക്കെയാണ് അത് സംഭവിക്കുന്നത്. നമ്മളെക്കാള്‍ ചെറിയ ഒരാളെക്കൊണ്ട് ആമുഖം എഴുതിക്കുക എന്ന രീതി ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. സാധാരണ എഴുത്തുകാര്‍ ആമുഖം അല്ലെങ്കില്‍ അവതാരിക എഴുതിക്കുകയാണെങ്കില്‍ പുസ്തകത്തിന് ശ്രദ്ധ കിട്ടാന്‍ ഒരു പഠനം പോലെ ലബ്ധപ്രതിഷ്ഠ നേടിയ ഒരാളെക്കൊണ്ട് എഴുതിക്കുകയാണ് നമ്മള്‍ കണ്ടുവരാറുള്ളത്. ഇത്രയും ചെറിയ ഒരാളെ കൊണ്ട് അവതാരിക എഴുതിക്കുക എന്നുപറയുമ്പോള്‍ അതിന്റെ ഉള്‍ക്കനം എന്താണെന്ന് കൃത്യമായി അറിഞ്ഞു കൊണ്ടു തന്നെയാണ് നമ്മള്‍ അതിന് തയ്യാറാകുന്നത്. നമുക്ക് തരുന്ന ഈ സ്വാതന്ത്ര്യം നമ്മളെ തോളത്തു കയ്യിട്ടു ചേര്‍ത്തുപിടിക്കുകയാണെന്നറിയാം.


ഇപ്പോള്‍ ഒരുപാട് പേരുടെ മനസ്സിലേക്ക് അഷിത കടന്നു വരുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന അഭിമുഖത്തില്‍ക്കൂടിയാണ്. പലരും കഥകള്‍ എടുത്ത് വായിക്കാന്‍ തുടങ്ങുന്നതും അപ്പോഴാണ്. പിന്നോട്ടുപോയി പലരും അഷിതയുടെ കഥകള്‍ വായിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയായിരുന്നില്ല. ഞാന്‍ പതിനാലാം വയസ്സില്‍, ഒമ്പതാം ക്ലാസ് പത്താം ക്ലാസ് പ്രായത്തിലാണ് അഷിതയുടെ കഥ മാതൃഭൂമി ചെറുകഥാ മത്സരത്തില്‍ സമ്മാനര്‍ഹമായി വിഷുപ്പതിപ്പില്‍ വന്നത് വായിക്കുന്നത്. അന്നുമുതല്‍ തന്നെ എന്നെ അഷിത സ്വാധീനിച്ചിരുന്നു. എംടിയുടെ കഥകളും മുകുന്ദന്റെ കഥകളും പുനത്തിലിന്റെ കഥകളും മാധവിക്കുട്ടിയുടെ കഥകളും ഒക്കെ വായിച്ച് നടക്കുന്ന ഒരു പ്രായത്തില്‍ ഈ കഥ ആരും പറയാതെ തന്നെ എന്നിലേക്ക് വരികയായിരുന്നു.


ബാക്കിയുള്ളതൊക്കെ അമ്മ ലൈബ്രറിയില്‍ നിന്ന് എടുത്ത് തരുന്നവയായിരുന്നു. അമ്മയും അച്ഛനും എടുത്ത് തന്നിട്ട് വായിക്കുന്ന കഥകളായിരുന്നു ഭൂരിഭാഗവും. എന്നാല്‍ ഇത് മനസ്സിലേക്ക് സ്വയം കേറി വന്ന ഒരു കഥയാണ്. ആ പ്രായത്തിലാണെങ്കില്‍ പോലും എനിക്ക് വളരെ വ്യക്തമായി അറിയാമായിരുന്നു ഈ കഥ വളരെ വേറിട്ട ഒരു കഥയാണെന്ന്. പിന്നീട് അവരുടെ എല്ലാ കഥകളും വായിക്കുകയും കൃത്യമായി പിന്‍തുടരാന്‍ ശ്രമിക്കുകയും ചെയ്തു. അഷിത ഇതുവരെ എഴുതിയ എല്ലാ കഥകളും വായിച്ച ഒരാളാണ് ഞാന്‍. വളരെ കുറച്ചു കഥകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. ഞാന്‍ എവിടെയോ എഴുതിയിട്ടുണ്ട് അഷിതയുടെ കഥകള്‍ ശംഖ് പോലെയാണെന്ന്. ചെവിയില്‍ വച്ചാല്‍ കടലിരമ്പം കേള്‍ക്കാം.രണ്ടുപേജിലും മൂന്നുപേജിലും തീരുന്ന കഥകളായിരുന്നു മിക്ക കഥകളും. മൂന്ന് കഥാപാത്രങ്ങളില്‍ക്കൂടുതല്‍ ഇതുവരെ അഷിതയുടെ കഥയില്‍ ഞാന്‍ കണ്ടിട്ടില്ല. ചെറുകഥകള്‍ നീണ്ട് നീണ്ട് നീണ്ടകഥകളായി തീരുന്ന ഇന്നത്തെ കാലത്ത് ചെറുകഥ എന്ന് പറഞ്ഞാല്‍ എന്താണ് എന്ന് കൃത്യമായി പറഞ്ഞു തരുന്ന കഥകള്‍ കൂടിയാണവ.


പിന്നീട് ഞാന്‍ മഹാരാജാസില്‍ പഠിക്കുമ്പോഴും അഷിത പഠിച്ച ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ക്‌ളാസ്സിലെ ജനാലക്കരികില്‍ ചെന്നുനിന്ന് അഷിത ഈ ജനാലകള്‍ക്കരികില്‍ നിന്നിട്ടുണ്ടാകും ഇവിടെ നിന്ന് ഇങ്ങനെ നോക്കിയിട്ടുണ്ടാകും എന്നൊക്കെ സങ്കല്പിക്കാറുണ്ടായിരുന്നു. അങ്ങനെ ഓരോ ശ്വാസത്തിലും അഷിതയെക്കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു എന്റെ കോളേജ് കാലം. അതിന്റെയൊക്കെ തുടര്‍ച്ചയായിട്ടാണ് ഞാന്‍ ഒരിക്കല്‍ അഷിതയുടെ പഴയന്നൂര്‍ വിലാസത്തില്‍ കത്തെഴുതുന്നത്. തിരുവനന്തപുരത്താണ് താമസിക്കുന്നത് എന്നറിയാം. പഴയന്നൂര്‍ക്ക് അയച്ചാല്‍ കിട്ടുമോ എന്നറിയില്ല. രണ്ടുംകല്പിച്ചയച്ചു. വലിയ താമസമില്ലാതെ മറുപടി വരികയും ചെയ്തു. അങ്ങനെ കത്തുകളില്‍ കൂടി പരസ്പരം അറിഞ്ഞു തുടങ്ങി.അതുകഴിഞ്ഞ്, യുവ എഴുത്തുകാര്‍ക്കുള്ള ലളിതാംബിക അന്തര്‍ജനത്തിന്റെ പേരിലുള്ള അവാര്‍ഡ് എനിക്ക് കിട്ടുമ്പോള്‍ അന്ന് തിരുവനന്തപുരത്ത് വൈലോപ്പിള്ളി ഭവനില്‍ വന്ന് ഒരു നോക്കു കണ്ടിട്ട്, എന്റെ നെറ്റിയില്‍ ഒരു ഉമ്മയും തന്നിട്ട് പോവുകയാണ് ഉണ്ടായത്. അതായിരുന്നു ആദ്യത്തെ കാഴ്ച. പിന്നീട് ഒരുപാട് തവണ കണ്ടു എന്ന് പറയാന്‍ പറ്റില്ല. നാലോ അഞ്ചോ തവണ മാത്രമേ കണ്ടിട്ടുള്ളൂ. പക്ഷേ, അങ്ങനെയല്ല തോന്നുന്നത്. എത്രയോകാലമായി നിരന്തരം കാണുകയും അടുത്തിടപഴകുകയും പരസ്പരം തൊടുകയും ചെയ്തിരുന്നു എന്നുള്ള നിലയില്‍ അഷിത എന്റെ മനസ്സില്‍ എപ്പോഴും ഉണ്ടായിരുന്നു.