ഇന്ത്യയുടെ വിവര്‍ത്തന സംസ്‌കാരം – സച്ചിദാനന്ദന്‍
പലതരത്തിലുള്ള സാഹിത്യ വിവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കൊളോണിയല്‍ പൂര്‍വ്വകാലത്തിലേക്ക് നീണ്ടു ചെല്ലുന്നതാണ് ഇന്ത്യയുടെ വിവര്‍ത്തന സംസ്‌കാരം, -നമ്മുടെ പൂര്‍വ്വികര്‍, അവര്‍ ചെയ്തിരുന്നത് വിവര്‍ത്തനങ്ങളായിരുന്നു എന്ന് അവകാശപ്പെട്ടേക്കില്ലെങ്കിലും. കവികള്‍ (കബീര്‍, മീര, നാനാക്, വിദ്യാപതി) ഒരു ഭാഷയില്‍ നിന്ന് വേറൊരു ഭാഷയിലേക്ക് അവരറിയാതെ തന്നെ നീങ്ങിക്കൊണ്ടിരിക്കുകയും വ്യതിയാനങ്ങളുടെ പേരില്‍ വിവര്‍ത്തകരെ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുമെന്ന ഭയം വിവര്‍ത്തകര്‍ക്ക് ഇല്ലാതിരിക്കുകയും ചെയ്യുന്ന (പ്ലേറ്റോവിന്റെ പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിവര്‍ത്തകനായിരുന്ന എറ്റിയെന്‍ ദോലറ്റിന്റെ വിധി ഓര്‍ക്കുക!)– ബഹുഭാഷാ സംസ്‌കാരങ്ങള്‍ക്ക് ഇത് സ്വാഭാവികമായിരിക്കാം. Translation എന്നതിന് സമുചിതമായ ഒരു (വിവര്‍ത്തന) പദം പോലും ഇല്ല നമുക്ക് ഇന്ത്യന്‍ ഭാഷകളില്‍. അതുകൊണ്ടാണ് സംസ്‌കൃതത്തില്‍ നിന്ന് അനുവാദ് (അനന്തരഭാഷണം) അറബിയില്‍ നിന്ന് തര്‍ജ്ജുമ (വ്യാഖ്യാനം, പരാവര്‍ത്തനം) എന്നിവ നാം പലപ്പോഴായി കടംകൊണ്ടതും രൂപാന്തര്‍ (ബംഗാളി), ഭാഷാന്തര്‍ (ഹിന്ദി), മൊഴി പഹര്‍പ്പ് (തമിഴ്), പരിഭാഷ (വ്യാഖ്യാനം), വിവര്‍ത്തനം (ഒരു പ്രതിഭാസത്തിന്റെ ഒരു പ്രത്യേക പ്രകാശനം), മൊഴിമാറ്റം (ഭാഷ മാറ്റല്‍)– എല്ലാം മലയാളം — എന്നിവ നാം സൃഷ്ടിച്ചത്. നമ്മുടെ മുന്‍ഗാമികള്‍ സാഹിത്യ പാഠങ്ങളെ, വ്യത്യസ്ത ഭാഷകളിലെ പല രാമായണങ്ങളുടെയും മഹാഭാരതങ്ങളുടെയും ഭാഗവതങ്ങളുടെയും കാര്യത്തിലെന്നപോലെ, കുതിപ്പലകകളായി ഉപയോഗിക്കുകയും സ്വതന്ത്രമായി പുനരാഖ്യാനം ചെയ്ത് സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും മാറ്റി പുനരവതരിപ്പിക്കുകയും ചെയ്യുകയുണ്ടായിട്ടുണ്ട്. Translation as Recovery- യില്‍ സുജിത് മുഖര്‍ജി ചൂണ്ടിക്കാണിക്കുന്ന ജാതക കഥകളാണ് സുനിശ്ചിതമായ ഒരു ഉദാഹരണം. കോളനിവാഴ്ചക്കാലത്തിനും വളരെ മുന്‍പ് ബി.സി.ഇ 6,5 നൂറ്റാണ്ടുകളാകണം ജാതകകഥകളുടെ കാലം ഖുദ്ദനികായയുടെ പത്താമത്തെ പുസ്തകമായി ആദ്യം പാലി ഭാഷയില്‍ സമാഹരിച്ച ജാതക കഥകള്‍ പിന്നീട് ഗദ്യപദ്യ മിശ്രിതമായ പൂര്‍ണ്ണാഖ്യായികയായി സംസ്‌കൃതത്തില്‍ വികസിപ്പിക്കുകയുണ്ടായി. മറ്റൊരു പില്‍ക്കാല ഉദാഹരണം ഗുണാദ്യയുടെ ബൃഹത്കഥ (4-5 നൂറ്റാണ്ടുകള്‍ സി ഇ) യാകുന്നു.
പൈശാചി എന്ന് മിക്കവാറും പുച്ഛത്തോടെ പേര്‍ വിളിച്ച പ്രാകൃത ഭാഷണത്തില്‍ രചിച്ച ഒരു ബൃഹത്കഥാ ചക്രമാണിത്. മൂലപാഠം നഷ്ടപ്പെട്ടപ്പോള്‍ പോലും കഥകള്‍ മൂന്ന് സംസ്‌കൃത പാഠങ്ങളിലും രണ്ട് പ്രാകൃത സംക്ഷേപണങ്ങളിലും ഒരു തമിഴ് ഖണ്ഡത്തിലുമായി സംരക്ഷിക്കപ്പെട്ടു. ഈ രണ്ട് ഉദാഹരണങ്ങളും വിവര്‍ത്തനത്തെ സംബന്ധിച്ച നവീന മാനദണ്ഡങ്ങളെ സംതൃപ്തിപ്പെടുത്തുന്നില്ല, പക്ഷേ, മറ്റൊരു ഭാഷയില്‍ പാഠങ്ങള്‍ പുനര്‍ജന്മമെടുക്കുന്നതിന് പുറകിലെ പ്രേരണയും തെരഞ്ഞെടുപ്പും എന്ന പ്രശ്‌നം അത് ഉള്‍ക്കൊള്ളുന്നുണ്ട്. അതാകട്ടെ വിവര്‍ത്തനത്തിന് പൊതുവെ ബാധകവുമാണ്. മറ്റൊരു ഭാഷയില്‍ പ്രാവീണ്യം ആവശ്യമായിരുന്നതിനാല്‍ ഇവയെല്ലാം തന്നെ, ഒരര്‍ത്ഥത്തില്‍, അക്കാദമികമായ തട്ടിപ്പറിക്കലുകളായിരുന്നു. വിവര്‍ത്തകന്‍/വിവര്‍ത്തക തന്റെ ഭാവനയുടെയും സര്‍ഗ്ഗാത്മകതയുടെയും അടയാളം അദ്ദേഹത്തിന്റെ ഉത്പന്നത്തില്‍ അവശേഷിപ്പിക്കുന്നു എന്നതിനാല്‍ അവയെല്ലാം അതേസമയം സ്വതന്ത്രോദ്യമങ്ങളും സ്വതന്ത്ര സംരംഭങ്ങളുമായിരുന്നു. പ്രാകൃതം, പാലി,സംസ്‌കൃതം, തമിഴ്, പേര്‍ഷ്യന്‍ തുടങ്ങിയ പഴയ ഭാഷകളില്‍ നിന്ന് പാഠങ്ങള്‍ പരിവര്‍ത്തിപ്പിക്കാനുള്ള ഈ മനോഭാവം മിക്കവാറും കൊളോണിയല്‍ പൂര്‍വ്വകാലത്തിന്റെ അന്ത്യം വരെ തുടരുകയുണ്ടായി. (ഈ കഥകളില്‍ ഒട്ടുമിക്കതും താരതമ്യേന ചെറിയ ഗോത്ര ഭാഷകളിലോ ഭാഷാ ഭേദങ്ങളിലോ തന്നെ ഉദയം ചെയ്തിട്ടുണ്ടാകാമെന്ന സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല; എന്നാല്‍ ആ സാധ്യതയ്ക്ക് ഏറെ വ്യക്തമായ തെളിവ് ആവശ്യമുണ്ട്.) താരതമ്യേന ‘ആധുനിക’മായ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള പാഠങ്ങള്‍ ഇക്കാലയളവില്‍ ഒരപവാദമായിരുന്നു.
16-ാം നൂറ്റാണ്ടില്‍ മാലിക് മുഹമ്മദ് ജയാസി ഹിന്ദിയില്‍ രചിച്ച ‘പത്മാവതും’ ആ കൃതിയുടെ രൂപാന്തരമായി 17-ാം നൂറ്റാണ്ടില്‍ ബംഗ്ലാഭാഷയില്‍ കവിയും സൈനികനുമായിരുന്ന സയ്യിദ് അലാവുല്‍ എഴുതിയ ‘പത്മാബതും’ വിഖ്യാതങ്ങളായ രണ്ടു ഉദാഹരണങ്ങള്‍. മാധവ നള എന്ന സംഗീതജ്ഞന്റെയും കാമകണ്ഠള എന്ന നര്‍ത്തകിയുടെയും ദുരന്ത കഥ പറയുന്നതും മറാഠിക്കും ഗുജറാത്തിക്കും പുറമെ സംസ്‌കൃതത്തിലും ഹിന്ദിയിലും നിരവധി പകര്‍പ്പുകള്‍ ഉള്ളതുമായ സുപ്രധാനമല്ലാത്ത മറ്റൊരു കൃതിയുമുണ്ട് ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍. ഔറംഗസീബീന്റെ കൊട്ടാരകവിയായിരുന്ന ആലം അദ്ദേഹത്തിന്റെ ഹിന്ദിരൂപം അക്ബറുടെ കൊട്ടാര കവിയായിരുന്ന ജോധിന്റെ സംസ്‌കൃതരൂപത്തെ അടിസ്ഥാനപ്പെടുത്തിയാണ് രചിച്ചത്. കുറച്ചു ഭാഗങ്ങള്‍ താന്‍ സ്വയം രചിക്കുകയും പിന്നീട് ഹിന്ദി, സംസ്‌കൃത പതിപ്പുകളില്‍ നിന്ന് കടംകൊള്ളുകയുമാണ് ചെയ്തിട്ടുള്ളതെന്ന് ആലം തുറന്നു പറയുന്നു. ‘കച്ഛു അപ്നി, കച്ഛു പ്രാകൃത് ഛോരോ/ യഥാശക്തി കരി അക്ഷര്‍ ജോഡോ’ കുറച്ച് എന്റേത്, കുറച്ച് പ്രാകൃതില്‍ നിന്ന് മോഷ്ടിച്ചത്, അക്ഷരങ്ങള്‍ കൂട്ടി യോജിപ്പിക്കാന്‍ കഴിവതും നന്നായി പരിശ്രമിച്ചുകൊണ്ട്, എന്നിങ്ങനെയാണ് അദ്ദേഹം ശക്തമായ നാലു പാശ്ചാത്യ വ്യക്തിവാദാശയങ്ങളെ ചിരിച്ചു തള്ളുന്നത്: പരമമായ യാഥാര്‍ത്ഥ്യം, വിശ്വസ്തമായ വിവര്‍ത്തനം, കര്‍ത്താവിന്റെ ധാര്‍മ്മിക അവകാശം, പ്രസാധകന്റെ പകര്‍പ്പവകാശം.
‘മൂല ഭാഷയ്ക്ക് ലക്ഷ്യഭാഷയെ അതിശയിക്കുന്ന അന്തസ്സും മൂല്യവുമുള്ള’, ഗിയാന്‍ ഫ്രാങ്കോ ഫൊലേന ‘കുത്തനെയുള്ള വിവര്‍ത്തനങ്ങള്‍’ (vertical translations) എന്ന് വിളിക്കുന്നതരം വിവര്‍ത്തനങ്ങളായിരുന്നു, പക്ഷേ, കൊളോനിയല്‍ പൂര്‍വ്വകാലത്തെ ഒട്ടുമിക്ക പരിഭാഷകളും. മൂലകൃതിയുടെ ഉത്തമ ശക്തിയാല്‍ വിവര്‍ത്തകന് സ്വയം താന്‍ വെറും നിസ്സാരനാണല്ലോ എന്ന് തോന്നിപ്പോകുന്നു. അതുകൊണ്ടാണ്, ഉദാഹരണത്തിന്, ഭഗവത്ഗീത മറാഠിയിലേക്ക് വിവര്‍ത്തനം ചെയ്ത ജ്ഞാനേശ്വര്‍ സമുദ്രത്തിന്റെ ആഴം (പ്രതി) ധ്വനിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു കൊച്ച് ‘തിതിഭ’ പക്ഷിയോട് തന്നെ ഉപമിക്കാന്‍ നിര്‍ബന്ധനാകുന്നത്. മറിച്ച്, ‘തിരശ്ചീന വിവര്‍ത്തന'(horizontal translation) മാകട്ടെ സമാനഘടനയുള്ളതും ശക്തമായ സാംസ്‌കാരിക സാധര്‍മ്മ്യമുള്ളതുമായ ഭാഷകള്‍ക്കിടയില്‍ സംഭവിക്കുന്ന ഒന്നാകുന്നു.'(Meenakshi Mukherjee, ‘Power and the Case of Horizontal Translation,’ Translating Power).
ഇവിടെ ശ്രേണീബന്ധമൊന്നുമില്ല എന്ന് വ്യക്തം; ഭാഷകളെ തുല്യമായി പരിഗണിക്കുന്നു. ഭിലി, സന്താലി, ഗാറോ, ഗമ്മിത് പോലുള്ള താരതമ്യേന അപ്രശസ്തമോ അനംഗീകൃതമോ ആയ ഭാഷകളിലേക്കുള്ള വിവര്‍ത്തനത്തിന്റെ കാര്യത്തില്‍ അധികാര–ബന്ധത്തിന്റെ പ്രശ്‌നമുണ്ടാവാമെങ്കിലും, ആധുനിക ഇന്ത്യന്‍ ഭാഷകള്‍ക്കിടയിലെ വിവര്‍ത്തനത്തില്‍ ഇത് തന്നെയാണ് സംഭവിക്കുന്നത്. അധ്യാപനത്തിന്റെ ആവശ്യം നിറവേറ്റുന്നതിനായി നിര്‍വ്വഹിക്കപ്പെടുന്ന ഏതാനും വിവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു ഒരു ഇന്ത്യന്‍ ഭാഷയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള പരിഭാഷയായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഉണ്ടായിരുന്നുള്ളു എന്ന് ശിശിര്‍ കുമാര്‍ ദാസ് (History of Indian Literature: Western Impact, Indian Response) നിരീക്ഷിക്കുന്നു. ബംഗാളി (ബംഗ്ല) യില്‍ നിന്ന് മറ്റ് നിരവധി ഇന്ത്യന്‍ ഭാഷകളിലേക്കുള്ള ധാരാളം വിവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു. തുളസീദാസിന്റെ രാമചരിതമാനസിന് ഒരു ഉര്‍ദു വിവര്‍ത്തനമുണ്ടായി. ആദ്യത്തെ മറാഠി നോവലായ യമുനപര്യന്തം കന്നഡയിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു. കന്നഡയില്‍ നിന്നും മറാഠിയിലേക്കും മറാഠിയില്‍ നിന്നും ഗുജറാത്തിയിലേക്കുമൊക്കെ ഭൂമിശാസ്ത്രപരമായ സാമീപ്യമുള്ള ഭാഷകള്‍ക്കിടയിലെ വിവര്‍ത്തനങ്ങള്‍ ഏറെയായിരുന്നൂവെന്നും ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കിടയിലെ വിവര്‍ത്തനങ്ങള്‍ അവയ്ക്ക് ഉത്തരേന്ത്യന്‍ ഭാഷകളിലുണ്ടായ വിവര്‍ത്തനങ്ങളെക്കാള്‍ കൂടുതലായിരുന്നുവെന്നും ശിശിര്‍ കുമാര്‍ ദാസ് പറയുന്നുണ്ട്.