നിശബ്ദരുടെ ശബ്ദം മുഴങ്ങണം – വിജി പി.
നിശബ്ദരാക്കപ്പെടുന്ന അസംഖ്യം അസംഘടിത തൊഴിലാളികളുടെ ശബ്ദമായി തീരുന്ന വിജി (പെണ്‍കൂട്ട്) നീതിക്കു വേണ്ടി ശബ്ദമുയര്‍ത്തേണ്ടതിനെ കുറിച്ച് പറയുന്നു. ബി.ബി.സി തെരഞ്ഞെടുത്ത ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളില്‍ ഒരാളാണ് വിജി.
ശബ്ദമലിനീകരണത്തിന്റെ രൂക്ഷത ഇന്നു കൂടി വരുന്നുണ്ട്. നമ്മള്‍ എന്തിനാണ് ഇങ്ങനെ ഒച്ചവയ്ക്കുന്നത്. യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാനുള്ള ബദ്ധപ്പാടില്‍ മുഴങ്ങുന്ന ഒച്ചപ്പാടാണ് പൊതുവെ ഉയരുന്നത്. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് എന്നൊക്കെ പറയുമ്പോഴും, ജനാധിപത്യമൊക്കെ ഇവിടെ എന്നേ ഇല്ലാതായി എന്നു പറയേണ്ടി വരും. പ്രത്യക്ഷത്തില്‍ ജനാധിപത്യമുണ്ടെന്ന് നമ്മള്‍ വെറുതെ വിശ്വസിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ നടക്കുന്നത് പണാധിപത്യമാണ്. ആളുകള്‍ ഇന്ന് രാഷ്ട്രീയത്തിലേക്ക് വരുന്നതും മതത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതൊക്കെ
സാധാരണക്കാരനെ മൗനം പാലിപ്പിക്കുവാനുള്ള ശബ്ദമാണ് സമൂഹത്തില്‍ ഉയരുന്നത്. ഒരിക്കലും നമ്മള്‍ ഈ ശബ്ദങ്ങളെ ഭയന്ന് മിണ്ടാതിരിക്കരുത്. നമുക്ക് എത്രത്തോളം ഒച്ചയില്‍ സംസാരിക്കാന്‍ പറ്റുമോ, യാഥാര്‍ത്ഥ്യത്തെ എത്രമാത്രം ഉച്ചത്തില്‍ വിളിച്ചുപറയാന്‍ സാധിക്കുമെന്ന തലത്തിലേക്ക് നമ്മളും നീങ്ങുകയാണ് വേണ്ടത്. ഒരിക്കലും നിശബ്ദത ഇവിടെ പ്രായോഗികമായി നടക്കില്ല. ആ തരത്തില്‍ ഭീകരാന്തരീക്ഷമാണ് ഇന്ത്യയിലുടനീളം കണ്ടുകൊണ്ടിരിക്കുന്നത്. ഒച്ച സംസ്‌കാരം എന്നത് പലതിനെയും മറച്ചുവയ്ക്കാനും കൂടി ഉള്ളതാണ്. അതിനെ നമ്മള്‍ പേടിക്കരുത്. നമുക്കും ശബ്ദമുയര്‍ത്തി കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയണം. അതിപ്പോള്‍ ജാതി, മതം, സ്ത്രീ തുടങ്ങി ഏതു തരത്തിലായാലും അവിടെയൊക്കെ ഉറക്കെ പ്രതിബന്ധങ്ങള്‍ക്കെതിരെ പോരാടാന്‍ നമുക്ക് കഴിയണം. അങ്ങനെ കഴിഞ്ഞതുകൊണ്ടു മാത്രമാണ് ഞങ്ങളെപ്പോലെ ഏറ്റവും അടിസ്ഥാനവര്‍ഗമായ അസംഘടിതരായ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നിര്‍ബന്ധമായും കേള്‍ക്കപ്പെടേണ്ടി വരുന്നത്. ഒരിക്കലും ഒച്ചസംസ്‌കാരത്തെ പേടിച്ചുകൊണ്ട് നമ്മള്‍ തിരിഞ്ഞോടരുത്. ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന ഒച്ചകളെ പ്രതിരോധിച്ചുകൊണ്ട് നമ്മുടെ ശബ്ദത്തെ ഈ ഒച്ചകള്‍ക്കിടയില്‍ കേള്‍പ്പിക്കാന്‍ ശക്തമായി തന്നെ മുന്നോട്ടു വരേണ്ടതുണ്ട്.
നിലവില്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലും നിരവധി ചട്ടലംഘനങ്ങള്‍ക്കിടയിലും ഞങ്ങള്‍ അതിനെയെല്ലാം മറികടക്കുംവിധം ഞങ്ങളുടെ തൊഴിലവകാശത്തെ കുറിച്ച് സഹപ്രവര്‍ത്തകരെയും തൊഴിലാളികളെയും ബോധവത്ക്കരിക്കുകയും ചെയ്തു. ആരുടെയും ഔദാര്യത്തിനായല്ല അവകാശത്തിനായാണ് ഞങ്ങള്‍ തെരുവിലിറങ്ങുകയും ചെയ്തിരിക്കുന്നത്. അവകാശങ്ങള്‍ നേടിയെടുക്കണമെങ്കില്‍ നിശബ്ദരാക്കപ്പെട്ട ഞങ്ങളും ഇന്നത്തെ ഒച്ചസംസ്‌കാരത്തിന് ബദലായി ഞങ്ങളുടെ ശബ്ദവും ഉയര്‍ത്തേണ്ടതുണ്ട്.
തൊഴിലാളികളെന്നും അടിച്ചമര്‍ത്തപ്പെട്ടവരായി തന്നെ നില്‍ക്കുകയാണ്. തൊഴിലവകാശങ്ങളെല്ലാം തന്നെ കടലാസ്സുകളില്‍ ഒതുങ്ങുന്നു. ഇതെല്ലാം മുതലാളിത്തത്തിന്റെ കഠിന സമീപനം കൊണ്ടുതന്നെയാണ്. അസംഘടിതരായ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രാഥമികമായ ആവശ്യത്തിനുള്ള അവകാശമോ ഇരിക്കാനുള്ള അവകാശമോ ഇല്ലാതായപ്പോള്‍ ഞങ്ങള്‍ക്ക് ശബ്ദമുയര്‍ത്തേണ്ടി വന്നു. ഭരണകൂടത്തിന് ഈ ഒച്ച കേള്‍ക്കാതിരിക്കാന്‍ കഴിയാത്ത അവസ്ഥ വന്നതിന്റെ ഭാഗമായി നിയമം ഭേദഗതി ചെയ്തു. എങ്കിലും നിലവില്‍ കേരളത്തിലുടനീളം ഈ നിയമം നടപ്പിലാക്കാന്‍ മുതലാളിത്തത്തിന് കഴിയുന്നില്ല. നിയമത്തിനു നേരെ മുതലാളിമാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ നിയമം നടപ്പിലാക്കണമെങ്കില്‍ നമുക്ക് ആ രീതിയില്‍ ശക്തമായി ഇടപെടേണ്ടിയിരിക്കുന്നു.