ശബ്ദത്തെക്കുറിച്ച് ചിലത് – ഒ. വി.ഷ
പണ്ടു ഞാനെഴുതിയ ഒരു കവിതയിലെ വരികള്‍ ഓര്‍മ്മ വരികയാണു: ‘ദൂരെയകന്നു കഴിഞ്ഞു ശബ്ദസമുദ്രം…’ ‘മൗനതടത്തില്ച്ഛായാശയ്യയിലിത്തിരി വിശ്രമം/ ഈ മൗനത്തിനെ ഉജ്വലമാക്കാന്‍ ഒരു മൃദുഗാനവും..’ കവിതയുടെ അവസാനഭാഗത്തും ഉണ്ട് നിശ്ശബ്ദതയെ തൊടുന്ന ചില വാക്കുകള്‍: ‘കരിയില വീഴും കാറ്റില്‍/മൗനം തെല്ലുടയുന്നൊരു കാറ്റില്‍..’ അറിയാതെയാണു നിശ്ശബ്ദത ആ കവിതയുടെ കാതലായത്.
ചെറിയ ശബ്ദങ്ങള്‍ മൃദുവായ പാട്ടാകട്ടെ, കരിയില വീഴുന്ന കുഞ്ഞുശബ്ദമാകട്ടെ നിശ്ശബ്ദതയെ എടുത്തുകാട്ടുന്നു,അനുഭവിപ്പിക്കുന്നു. ട്രാഫിക്കോ ഉച്ചഭാഷിണിയോ ആള്‍ക്കൂട്ടമോ ഒന്നുമില്ലാത്ത സ്ഥലങ്ങളിലും സമയങ്ങളിലും അത് അനുഭവപ്പെടാറുണ്ട്. ആളുകള്‍ക്കിടയിലെ മൗനത്തിലും പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന നേര്‍ത്ത ഏതെങ്കിലും ശബ്ദത്തിനു ശേഷമാവാം നിശ്ശബ്ദതയ്ക്ക് ആഴം തോന്നിക്കുക.
ആളുകള്‍ നിറഞ്ഞ സദസ്സിനു മുന്‍പാകെ പതിഞ്ഞ നൃത്തച്ചുവടുകള്‍ കൊണ്ട് നിശ്ശബ്ദതയെ ആവിഷ്കരിച്ചത് കണ്ട് ഒരിക്കല്‍ വിസ്മയിച്ചിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹൈദരാബാദില്‍ ഏട്ടനു വയ്യാതെ കിടപ്പായ സമയം, ഞാന്‍ ഏട്ടന്റെ വീട്ടില്‍ ചെന്നു നില്ക്കുകയാണു. മനസ്സ് ഇടിഞ്ഞ് വല്ലാതെയായിപ്പോയ എനിക്ക് അല്പം മാറ്റം കിട്ടട്ടെ എന്നു കരുതി സുഹൃത്തുക്കളായ ഫോട്ടോഗ്രാഫര്‍ കെ. ആര്. വിനയനും ഭാര്യ റെനിതിയും എന്നെ താരാമതി ബാരാദരിയില് (ചരിത്രസ്മാരകം ഗോല്കൊണ്ടക്കടുത്ത്, സുല്‍ത്താന്‍ ഇബ്രാഹിം കൂലി കുത്തുബ് ഷാ നിര്‍മ്മിച്ചത്) നടക്കുന്ന ചില പരിപാടികള്‍ക്ക് പോവാന്‍ ക്ഷണിച്ചു. പോയാല്‍ മനസ്സിനൊരു കുളിര്‍മ്മ കിട്ടും എന്നു കരുതി അപൂര്‍വം ചിലതിനു ഞാന്‍ പോയി. അതില്‍ ഒന്ന് പണ്ഡിറ്റ് ബിര്‍ജു മഹാരാജിന്റെ നൃത്തമായിരുന്നു. പണ്ട് ദില്ലിവാസത്തിനിടയ്ക്ക് ഈ കഥക് ഗുരുവിന്റെ നൃത്തം ഞാന്‍ കണ്ടിട്ടുള്ളതാണ്. ഉച്ചഭാഷിണി ഉപയോഗിച്ച ഒരു സ്റ്റേജായിരുന്നു അത് എന്ന് പറയേണ്ടതില്ലല്ലോ. ചില ഐറ്റങ്ങള്‍ക്കു ശേഷം പശ്ചാത്തലസംഗീതം നിര്‍ത്തി അദ്ദേഹം നിശ്ശബ്ദതയെ അവതരിപ്പിച്ചു. കാലില്‍ കെട്ടിയ ചിലങ്കകളുടെ ഒലി ഉണ്ടോ എന്നു പോദിച്ചാല് ഉണ്ട് എന്നു പറയാം. ഉച്ചഭാഷിണി പെരുക്കിയിട്ടും അതിവിലോലമായ ഒരു മന്ത്രണം മാത്രം. എന്തു മറിമായമോ എന്തോ അറിഞ്ഞുകൂടാ, നിശ്ശബ്ദത സംഗീതം പോലെ അനുഭവപ്പെട്ടു. ചില അവസരങ്ങളില്‍ സംഗീതം കേള്‍ക്കുമ്പോഴും ഉള്ളില്‍ നിശ്ശബ്ദത നിറയുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്.
ശബ്ദത്തിന് ഊര്‍ജ്ജം നല്‍കാനെന്നപോലെ ഊര്‍ജ്ജം, ഇല്ലാതാക്കാനും കഴിയും. സസ്യങ്ങളില്‍ നടത്തിയ ഗവേഷണങ്ങളില്‍ ഒന്ന് വായിച്ചത് പറയാം. ദ സീക്രട്ട് ലൈഫ് ഓഫ് പ്ളാന്റ്സ് ( The Secret Life of Plants ) എന്ന പുസ്തകത്തിലാണു. ഒരേ പോലെയുള്ള സാഹചര്യങ്ങളില്‍ ഒരേ പോലെ കിളിര്‍പ്പിച്ച ഇനം വള്ളികളെ രണ്ടു മുറികളിലായി നട്ടു. ഒരു മുറിയിലെ വള്ളികള്‍ക്ക് രവിശങ്കറിന്റെ സിതാര്‍ ഇടക്കിടെ കേള്‍പ്പിച്ചു. മറ്റേ മുറിയിലെ വള്ളികള്‍ക്ക് റോക്ക് സംഗീതവും. സിതാര്‍ സംഗീതം വച്ച മുറിയിലെ വള്ളികള്‍ സ്പീക്കറിന്റെ ദിശയിലേക്ക് പൂര്‍ണ്ണാരോഗ്യത്തോടെ പടര്‍ന്നു. മറ്റേ മുറിയിലെ വള്ളികള്‍ റോക്ക് സംഗീതത്തെ പേടിച്ച് സ്പീക്കറില്‍ നിന്ന് കഴിയുന്നതും ദൂരേക്ക് പടര്‍ന്നു. അവ വിളറുകയും മുരടിക്കുകയും ചെയ്തു.
സസ്യങ്ങളുടെ കാര്യത്തിലെന്നപോലെ തന്നെ മനുഷ്യരുടെ കാര്യത്തിലും സംഭവിക്കുമെന്നു തന്നെ അനുമാനിക്കാം. പുരാതന ചൈനയില്‍ രാജ്യദ്രോഹക്കുറ്റത്തിനു നടപ്പാക്കിയിരുന്ന ശിക്ഷ (ഇവശിലലെ ീേൃൗേൃല) ശബ്ദപ്രയോഗത്തിലൂടെയായിരുന്നു. ഒരു തരം പെരുമ്പറ ഒരേ താളത്തില്‍ മുഴക്കും. മുഴക്കുന്നവര്‍ മാറി വരും. അനങ്ങാന്‍ കഴിയാത്ത വിധം സ്തൂപത്തില്‍ ബന്ധനസ്ഥനായിരിക്കുന്ന പ്രതി രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം ഞരമ്പ് തകര്‍ന്ന് മരിക്കും. അത്യന്തം വേദന അനുഭവിച്ചായിരിക്കും മരണം. ഏതോ ആദിവാസിവര്‍ഗ്ഗം ( ഇന്ത്യയിലല്ല ) ഇങ്ങനെ ശബ്ദമുപയോഗിച്ച് വധശിക്ഷ നടപ്പാക്കുമായിരുന്നു എന്ന് വായിച്ചതോര്‍ക്കുന്നു. പ്രതിക്കു ചുറ്റും ഊഴമിട്ട് കൂട്ടമായി ഇരുന്ന് അവരുടെ എന്തോ വായ്ത്താരി ഒരേ പോലെ തുടര്‍ച്ചയായി മുഴക്കുകയാണു രീതി. പ്രതി ഒടുവില്‍ മരിച്ചുപോകും.