സമകാലിക സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ വിശകലനം – ഡോ. എം. കൃഷ്ണന്‍ നമ്പൂതിരി

സമകാലിക സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ വിശകലനം  – ഡോ. എം. കൃഷ്ണന്‍ നമ്പൂതിരി

സമകാലിക സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ വിശകലനം

ഡോ. എം. കൃഷ്ണന്‍ നമ്പൂതിരി


സാഹിത്യോത്സവങ്ങള്‍


അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ലിനെ സാധൂകരിക്കുകയാണ് കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന സാഹിത്യോത്സവങ്ങള്‍. നഗരങ്ങളും നാട്ടിന്‍പുറങ്ങളും ഒരുപോലെ സാഹിത്യമാമാങ്കങ്ങള്‍ക്ക് നിലപാടുതറ ഒരുക്കുകയാണിപ്പോള്‍. മുഖ്യധാരാ പ്രസാധകര്‍ നടത്തുന്ന ഫെസ്റ്റിവലുകളെ അനുകരിക്കുന്നതുകൊണ്ട് സാഹിത്യത്തിന് എന്തു പ്രയോജനം എന്ന ചോദ്യം ആരും ഉന്നയിക്കുന്നില്ല. പണത്തിന്റെയും പരസ്യത്തിന്റെയും പ്രശസ്തിയുടെയും പ്രാമാണിത്തത്തിന്റെയും ഉത്തരാധുനിക വിനിമയതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന ഉത്സവങ്ങളില്‍ തലമുതിര്‍ന്ന എഴുത്തുകാരും പുതുതലമുറക്കാരും മത്സരിച്ചു പങ്കെടുത്ത് ചാരിതാര്‍ത്ഥ്യമടയുന്നു. ആത്മപ്രശംസയുടെയും അന്യോന്യ സ്തുതികളുടെയും കളിത്തട്ടുകളായി ഉത്സവവേദികള്‍ പരിണമിച്ചിരിക്കുന്നു. എഴുത്തുകാര്‍ക്കു മുകളില്‍ മുഖ്യധാരാ പ്രസാധകര്‍ ആധിപത്യം നേടുന്നതിന്റെ ആഘോഷങ്ങളായി സാഹിത്യോത്സവങ്ങളെ പായിപ്ര രാധാകൃഷ്ണന്‍ വിമര്‍ശിക്കുന്നുണ്ട് (യെസ് മലയാളം). ഡി.സി. ബുക്‌സ്, മാതൃഭൂമി ബുക്‌സ് സാഹിത്യോത്സവങ്ങള്‍, കൃതി ഫെസ്റ്റിവല്‍, കാഞ്ഞങ്ങാട് കാവ്യോത്സവം, കൈരളി കള്‍ച്ചറല്‍ ഫെസ്റ്റിവല്‍, കവിതയുടെ കാര്‍ണിവല്‍, പാലക്കാടന്‍ സാഹിത്യോത്സവം തുടങ്ങി നിരവധി ഉത്സവത്തിമര്‍പ്പുകള്‍ക്ക് മലയാളം സാക്ഷ്യം വഹിക്കേണ്ടിവരുന്നു. ‘മുമ്പേ ഗമിച്ചീടിനഗോവുതന്റെ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം’ എന്നപോലെ മുന്നേറുന്ന ഉത്സവക്കമ്മറ്റികള്‍ മലയാള സാഹിത്യത്തെയും സംസ്‌കാരത്തെയും എവിടെക്കൊണ്ടു തള്ളും എന്നു കണ്ടറിയുകതന്നെ വേണം.


ലോക കവിതാദിനം


ദിനാചരണങ്ങളുടെ തിരക്കില്‍, കവിതയ്ക്കും ഒരു ദിനമുണ്ടെന്ന് അധികമാരും അറിഞ്ഞിട്ടില്ല. ഫേസ്ബുക്ക് താരങ്ങളില്‍ ചിലര്‍ കവിതാദിന ആശംസകളുമായി പ്രത്യക്ഷപ്പെട്ടെങ്കിലും അതിന്റെ ചരിത്രവും സംസ്‌കാരവും ഒന്നും ആരും എഴുതിക്കണ്ടില്ല. യുവകവി എസ്. കലേഷാണ് ശ്രദ്ധേയമായ ഒരു കുറിപ്പ് പ്രിന്റ് മീഡിയയില്‍ എഴുതിയത് (മെട്രോ മനോരമ, കൊച്ചി). കവിതയില്‍ ജീവിക്കുന്ന ഒരാളുടെ കുറിപ്പായി കലേഷിന്റെ എഴുത്ത് വായിക്കും. കവികളും കവിതയില്‍ ജീവിക്കുന്നവരും ഉള്ളതുകൊണ്ടാണ് നമ്മുടെ ലോകം കുറച്ചെങ്കിലും ജീവിക്കാന്‍ അര്‍ഹതയുള്ളതെന്ന് കലേഷ് വിശ്വസിക്കുന്നു.


ലോക കവിതാദിനമായി അംഗീകരിച്ച് ആചരിച്ചുപോരുന്നത് മാര്‍ച്ച് 21 ആണ്. യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ യുനെസ്‌കോയുടെ പാരീസില്‍ നടന്ന മുപ്പതാമത് അന്തര്‍ദേശീയ സമ്മേളനത്തിലാണ് (1999) മാര്‍ച്ച് 21 ലോക കവിതാദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. വാമൊഴിയായും വരമൊഴിയായും ദേശകാല സാമൂഹികതയെ നൂറ്റാണ്ടുകളായി ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്ന കവിത ലോകാനുഭവത്തിന്റെ സര്‍ഗ്ഗാത്മക മുദ്രകളായി ചിരപ്രതിഷ്ഠ നേടുന്നു.


കാവ്യരചന, വായന, ആസ്വാദനം, പ്രസാധനം, അധ്യാപനം എന്നിവ പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനുമാണ് കവിതാദിനം ലക്ഷ്യമിടുന്നത്. പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ കാവ്യപ്രസ്ഥാനങ്ങളെ അംഗീകരിക്കാനും അവയ്ക്കു പ്രചോദനവും പ്രചാരണവും നല്‍കുകകൂടിയാണ് ഈ ദിനാചരണം എന്ന് യുനസ്‌കോ വ്യക്തമാക്കുന്നു. മലയാളത്തിലെ സാഹിത്യോത്സവകുതുകികളും കച്ചവടക്കാരും ലോകകവിതാദിനത്തിന്റെ പ്രസക്തിയും പ്രാധാന്യവും സമകാലികതയില്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുപോകുന്നു.


കവിതയുടെ വഴികള്‍


കവിയുടെ കര്‍മ്മമാണ് കവിത എന്ന ലളിതമായ നിര്‍വചനത്തില്‍ പലതും ഉള്ളടങ്ങുന്നുണ്ട്. ആരാണ് കവി എന്നതിനെ ആശ്രയിച്ചാണ് അര്‍ത്ഥത്തിന്റെ ആഴം വെളിവാകുന്നത്. ഭാരതീയ കാവ്യചിന്തകര്‍ കവി, കാവ്യം, ആസ്വാദനം തുടങ്ങിയ സങ്കല്പങ്ങള്‍ക്കു കല്പിച്ചിട്ടുള്ള അര്‍ത്ഥവ്യാപ്തി സൗന്ദര്യശാസ്ത്ര പദ്ധതികളായി പരിണമിച്ചിട്ടുണ്ട്. ധ്വന്യാത്മകമായ വാക്കുകളുടെ കൂടിച്ചേരലാണ് കവിത. രുചിക്കുന്തോറും ആസ്വാദനം വര്‍ദ്ധിപ്പിക്കുന്ന വാങ്മയ രൂപമാണ് കവിത. കവിതയോടും കാവ്യജീവിതത്തോടും കഴിയുന്നത്ര സത്യസന്ധതയും പ്രതിബദ്ധതയും പുലര്‍ത്തുക എന്നതായിരിക്കണം കവിയുടെ ആദര്‍ശം. ധ്വനിയില്ലാത്ത കവിതകളാണ് തെരുവില്‍ പാര്‍ക്കുന്നവര്‍ എന്ന് സച്ചിദാനന്ദന്‍ എഴുതുമ്പോള്‍ (ദേശാഭിമാനി, മാര്‍ച്ച് 10) അത് ധ്വനിയുടെ അര്‍ത്ഥാഭിസംക്രമണത്തെ സാധ്യമാക്കുന്നുണ്ട്. വിശപ്പുരോഗമായും സ്‌നേഹം ദാഹമായും അനുഭവിച്ചുതീരുന്ന ഒരു ജനതയുടെ അനുഭവലോകത്തേക്ക് സച്ചിദാനന്ദന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഒരു സമാന്തര റിപ്പബ്ലിക്കായി തെരുവില്‍പ്പാര്‍ക്കുന്നവര്‍ വളര്‍ന്നുവരുന്നതിനെപ്പറ്റിയാണ് സച്ചിദാനന്ദന്റെ കവിത സംസാരിക്കുന്നത്.


ലോപയുടെ ‘തത്ത്വമസി’ എന്ന കവിത വായിക്കുമ്പോഴും അനുഭൂതിയുടെ പല അടരുകള്‍ തുറന്നുവരുന്നതായി വായനക്കാരനു തോന്നാം (മാതൃഭൂമി, മാര്‍ച്ച് 10). യോനിപ്രതിഷ്ഠയുള്ള കാമാഖ്യക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന സ്ത്രീക്ക് ഉണ്ടാകുന്ന തത്ത്വമസി ബോധത്തെയാണ് ലോപ ധ്വനിസുന്ദരമായ ഈരടികളില്‍ പകര്‍ന്നുവയ്ക്കുന്നത്. ‘സൃഷ്ടിതന്നൂര്‍ജ്ജോന്മാദം നിറഞ്ഞുകവിഞ്ഞമ്മയമ്മ ഞാനെന്നാര്‍ക്കുന്ന പ്രപഞ്ചാഹ്ലാദത്തിനെ’ വാങ്മയ ബിംബങ്ങളിലൂടെ പകര്‍ന്നു തരാന്‍ ലോപയ്ക്കു കഴിയുന്നു. ഞാന്‍ ആദ്യം സൂചിപ്പിച്ച ഭാരതീയ കാവ്യസങ്കല്‍പത്തിന്റെ സാക്ഷാത്കാരമാകുന്നുണ്ട് ലോപയുടെ ‘തത്ത്വമസി’. രണ്ടു ഹൃദയങ്ങള്‍ ഒറ്റവരിക്കവിതയായി വാനിലേക്ക് ഉയരുന്നതിനെ ആവിഷ്‌കരിക്കുന്ന സെബാസ്റ്റ്യന്റെ ‘കവിതയില്‍’ (സമകാലിക മലയാളം, മാര്‍ച്ച് 18) നിന്നും കിട്ടുന്നതും കാവ്യാസ്വാദനത്തിന്റെ ഉദാത്താനുഭവം തന്നെ. പെറ്റ  പെണ്ണുങ്ങള്‍ നല്‍കുന്ന സുരക്ഷിതത്വത്തെ അനുഭവിപ്പിക്കുന്ന അമ്മുദീപയുടെ ‘കാവല്‍’ (പച്ചക്കുതിര), സാധുത്വം വന്യതയിലേക്ക് എടുത്തെറിയപ്പെടുന്ന വര്‍ത്തമാനകാലത്തെ വരച്ചുകാട്ടുന്ന സോമന്‍ കടലൂരിന്റെ ‘പൂച്ച’ (യെസ് മലയാളം), എം.ബി. മനോജിന്റെ ‘ഓര്‍മ്മപ്പരീക്ഷാഹാളില്‍ ഒരു പാവം കുട്ടി’ തുടങ്ങിയ കവിതകള്‍ വീണ്ടും വായിക്കാനുള്ള പ്രലോഭനം നല്‍കുന്ന മികച്ച രചനകളാണ്.


‘ചിന്താവിഷ്ടയായ സീത’യുടെ ശതാബ്ദിസ്മരണയെ ധന്യമാക്കുകയാണ് ഏഴാച്ചേരി രാമചന്ദ്രന്റെ ‘സീതയുടെ കണ്ണാടി പ്രതിഷ്ഠ’ (കലാകൗമുദി, മാര്‍ച്ച് 10). പുതിയകാല സീതയുടെ ആത്മദര്‍ശനമായി പരിണമിക്കുന്നിടത്താണ്. ഏഴാച്ചേരിയുടെ കവിത അതിന്റെ അസ്തിത്വം സ്ഥാപിച്ചിരിക്കുന്നത്. മണമ്പൂര്‍ രാജന്‍ ബാബുവിന്റെ ‘വീണ്ടും കൊല്ലുമ്പോള്‍’ (ദേശാഭിമാനി, മാര്‍ച്ച് 3) കവിതയുടെ നാനാര്‍ത്ഥ സാധ്യതകളിലേക്കു വഴിതുറക്കുന്ന മറ്റൊരു രചനയാണ് ലോക കവിതാദിനം ആചരിക്കുന്ന വേളയില്‍ (മാര്‍ച്ച് 21) മലയാള കവിതയും അതിന്റെ ധര്‍മ്മപക്ഷത്തുതന്നെ നിലയുറപ്പിക്കുന്നു എന്നു സാക്ഷ്യപ്പെടുത്തുകയാണ് വര്‍ത്തമാനകാല രചനകളിലൂടെ.


കാട്ടില്‍ നിന്നു കണ്ടെടുത്ത കവിതകള്‍


കേരളത്തിന്റെ എലുകകളില്‍ ജീവിച്ചുകൊണ്ട്, ഭാഷാപരമായ മറ്റൊരു ലോകംകൂടി ഇവിടെ ഉണ്ടെന്നു വിളിച്ചുപറയുന്ന കുറച്ചധികം കവിതകള്‍ കണ്ടെത്തി പരിചയപ്പെടുത്തുകയാണ് പി. രാമനും (ഭാഷാപോഷിണി) ഇന്ദുമേനോനും (ദേശാഭിമാനി വാരിക). കേരളത്തിന്റെ ഭൂപടപരിധിയില്‍ ജീവിക്കുന്ന ആദിവാസി ഗോത്രവര്‍ഗജനത അവരുടെ വാമൊഴി രൂപത്തില്‍ എഴുതുന്ന പച്ചയായ ജീവിതമാണ് ഈ കവിതകളിലൂടെ വായനക്കാര്‍ക്കു തൊട്ടറിയാനാവുന്നത്. ഇതൊരു പുതിയ കാവ്യാനുഭവം തന്നെ. കാടിന്റെയും കാട്ടാറിന്റെയും കാട്ടുചെത്തങ്ങളുടെയും ഭാഷയില്‍ എഴുതുന്ന ഗോത്രജീവിതം.