മാധ്യമങ്ങളും ജനാധിപത്യവും – ടി.കെ. സന്തോഷ് കുമാര്‍
മാധ്യമങ്ങളും ജനാധിപത്യവും
ടി.കെ. സന്തോഷ് കുമാര്‍
മാധ്യമങ്ങളെ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ കോര്‍പ്പറേറ്റ് ആധിപത്യത്തെയും ചൂഷണത്തെയും സംബന്ധിച്ച അജ്ഞത നിലനിര്‍ത്തുക, സാമ്രാജ്യത്വ അധിനിവേശത്തെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുവേണ്ടിയുള്ള ”മഹത്തായ” പ്രവര്‍ത്തനമായി അവതരിപ്പിക്കുക എന്നതായിരുന്നു ‘Public Opinion’ എന്ന പുസ്തകത്തിലൂടെ വാള്‍ട്ടര്‍ ലിപ്മാന്‍ ചെയ്തത്. ലിപ്മാന്‍ നിസ്സാരനായിരുന്നില്ല. നാല് അമേരിക്കന്‍ പ്രസിഡന്റുമാരുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു. സോവിയറ്റ് യൂണിയനും കമ്മ്യൂണിസവും ഉയര്‍ത്തിയ ഭീഷണികളെ നേരിടാന്‍ പ്രസിഡന്റ് വുഡ്രോ വിത്സന് ആവിഷ്കരിച്ച കൗണ്ടര്‍ ഇന്റലിജന്‍സ് പ്രോഗ്രാമിന്റെ പ്രധാന ആസൂത്രകനായിരുന്നു. മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ കൊലമരങ്ങളും കൊലക്കയറുകളുമായി എങ്ങനെ മാറ്റിയെടുക്കാം എന്ന നീചബുദ്ധിയായിരുന്നു ലിപ്മാനുണ്ടായിരുന്നത്. കൊടുംനുണകളെ സത്യമാക്കുക എന്ന തന്ത്രം പ്രയോഗിച്ച, ഹിറ്റ്ലറുടെ മന്ത്രി ഗീബല്‍സിന്റെ മനോഭാവവും മറ്റൊന്നായിരുന്നില്ല. ഭരണകൂടങ്ങള്‍ എന്നും മാധ്യമങ്ങളെ ഭയന്നു. അതിനു കാരണം പൊതുജനാഭിപ്രായ നിര്‍മ്മിതിയില്‍ മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന പങ്കുതന്നെയാണ്. ചൊല്‍പ്പടിക്കു നില്‍ക്കാത്ത മാധ്യമങ്ങളെ വരുതിയിലാക്കാന്‍ ഭരണകൂടങ്ങള്‍ പലതരം സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ജനാധിപത്യവ്യവസ്ഥയില്‍ അതുയര്‍ത്തുന്ന വിവാദങ്ങള്‍ ഒഴിവാക്കാന്‍ മാധ്യമബിനാമികളെ സൃഷ്ടിക്കുക എന്നതാണ് ഭരണകൂടത്തിന്റെ ഇപ്പോഴത്തെ തന്ത്രം. പാര്‍ട്ടിയുടെ മുഖ്യമാധ്യമങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസക്കുറവിനെ പരിഹരിക്കാന്‍ വേണ്ടികൂടിയാണ് ഇതു ചെയ്യുന്നത്. സ്വതന്ത്ര മാധ്യമങ്ങളുടെ പരിവേഷത്തില്‍, ”ഞങ്ങള്‍ സത്യം തുറന്നു പറയുന്നു” എന്ന നാട്യത്തോടെ ഭരണകൂടത്തിനുവേണ്ടി ”ഗോഗ്വാ” വിളിക്കുന്ന ഇത്തരം മാധ്യമങ്ങളാണ് ജനാധിപത്യത്തെ കൊല ചെയ്യുന്നത്. അതുവഴി യഥാര്‍ത്ഥ മാധ്യമസ്വാതന്ത്ര്യം തന്നെ ഇല്ലാതാകുന്നു. യജമാന്മാരുടെ അപദാനങ്ങള്‍ വാഴ്ത്തുക മാത്രമല്ല, യജമാനന്മാര്ക്കെതിരെ ഉയരുന്ന ആരോപണങ്ങളെ കൈമെയ് മറന്നു പ്രതിരോധിക്കുക എന്നതാണ് ഇത്തരം മാധ്യമങ്ങള്‍ ചെയ്യുന്നത്. ഇതിലൂടെ ജനാധിപത്യത്തിനു നിരക്കാത്ത ബിംബങ്ങളെ നിര്‍മ്മിച്ചെടുക്കുകയാണ്.
മാധ്യമങ്ങളില്‍ അനുവദിച്ചുകിട്ടുന്ന സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട് കുഴലൂത്തുകാരായ സംവാദകരും ബിംബനിര്മ്മിതിക്കുതകുംവിധം സംസാരിക്കുന്നു. വിവിധങ്ങളായ രാഷ്ട്രീയ ധാരകളില്‍ വിശ്വസിക്കുമ്പോഴും ബഹുജനമാധ്യമങ്ങളില്‍ വസ്തുനിഷ്ഠമായി സംസാരിക്കാന്‍ സംവാദകര്‍ ശ്രദ്ധിക്കുമ്പോഴാണ് ഒരു ചര്‍ച്ച അര്‍ത്ഥപൂര്‍ണമാകുന്നത്. വാസ്തവത്തില്‍ ഇവിടെയും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അബദ്ധങ്ങളും അസംബന്ധങ്ങളും യാതൊരുളുപ്പുമില്ലാതെ വിളിച്ചുപറയുന്ന സംവാദകരെ ദൃശ്യചര്ച്ചാ വേദികളില്‍ നിന്ന് ഒഴിച്ചുനിര്‍ത്തണം. അങ്ങനെ ചെയ്യാതിരുന്നതുകൊണ്ടാണ് ‘റിപ്പോര്‍ട്ടര്‍ ടിവി’യിലെ എം.വി. നികേഷ്കുമാറിന് അവതാരകന് എന്ന നിലയില്‍ സ്തംഭിച്ചിരിക്കേണ്ടിവന്നത്. (23.03.2019). തിരഞ്ഞെടുപ്പുവേളയില്‍ ഇംഗ്ലീഷ് വാര്‍ത്താ ചാനലുകള്‍ ദേശീയ ഭരണകൂടത്തെ അന്ധമായി പിന്തുണയ്ക്കുകയും വിമര്‍ശനാത്മക സ്വഭാവത്തോടെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാതിരിക്കുകയും ചെയ്യുന്ന ശൈലിയെ നികേഷ് വിമര്‍ശിക്കുകയായിരുന്നു. ഇതിന്റെ വസ്തുസ്ഥിതികളിലേക്ക് കടക്കാതെ, ഈ നിലപാടിന്റെ ശരിതെറ്റുകള്‍ ഇഴപിരിയാതെ, ആ ചര്‍ച്ച വഴിപിഴയ്ക്കുന്നതാണ് തുടര്‍ന്ന് കണ്ടത്. ചര്‍ച്ചയില്‍ പങ്കെടുത്ത് എതിര്‍വാദം ഉന്നയിച്ചയാള്‍, ചര്‍ച്ച നയിച്ച അവതാരകനെ തേജോവധം ചെയ്തുകൊണ്ടാണ് സംസാരിച്ചത്. വാസ്തവത്തില്‍ വാര്‍ത്താവതാരകന്റെ രാഷ്ട്രീയ നിലപാടോ അയാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെപ്പറ്റിയോ ഒന്നുമായിരുന്നില്ല ചര്‍ച്ച. (അത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്). ”ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്ന” രീതിയാണ് ഇവിടെ സംഭവിച്ചത്. ഇതിനൊരു മറുവശവുമുണ്ട് – മാധ്യമപ്രവര്‍ത്തകര്‍ ഒരുവിധത്തിലും പ്രതിക്കൂട്ടില്‍ നില്ക്കുന്നവരാകരുത്. അവര്‍ വിറകുവെട്ടുന്നതും വെള്ളം കോരുന്നതും ജനങ്ങള്‍ക്കുവേണ്ടിയാകണം.