മാറ്റത്തിനായ് വോട്ടു ചെയ്യുക – സെഡ്രിക് പ്രകാശ്

മാറ്റത്തിനായ് വോട്ടു ചെയ്യുക  – സെഡ്രിക് പ്രകാശ്

മാറ്റത്തിനായ് വോട്ടു ചെയ്യുക

സെഡ്രിക് പ്രകാശ്


2019-ലെ പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുന്നു.  തിരഞ്ഞെടുപ്പിന്റെ തീയതികള്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു.  ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെയുള്ള തീയതികളില്‍ പല ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തും. 


‘ടൈംസ് ഓഫ് ഇന്ത്യ’യുടെ ഒരു ഓണ്‍ലൈന്‍ ക്യാമ്പെയിന്‍ ആണ് Lost votes to allow Indian on the move to vote from their current location.  2019-ലെ തിരഞ്ഞെടുപ്പിനുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു നൂതന സംരംഭമാണിത്. 2019-ലെ തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടുന്ന കോടിക്കണക്കിനാളുകളുടെ വോട്ടുകള്‍ നമുക്ക് താങ്ങാനാകുമോ? എന്ന വിഷയത്തില്‍ ഫെബ്രുവരി 24-ാം തീയതി ബാംഗളൂരുവില്‍ ഒരു ചര്‍ച്ച സംഘടിപ്പിക്കപ്പെട്ടിരുന്നു. ടൈംസ് ലിറ്റ് ഫെസ്റ്റിനോടനുബന്ധിച്ചാണ് ഇത് സംഘടിപ്പിച്ചത്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്ന 28 കോടി വോട്ടര്‍മാര്‍ വോട്ടു രേഖപ്പെടുത്തിയിട്ടില്ലായെന്ന് അവിടെ പ്രസ്താവിക്കപ്പെട്ടു. ഈ നല്ല സംരംഭത്തില്‍ ചേരുകയും അതിനു പ്രചാരം നല്‍കുകയും ചെയ്യുന്നത് നല്ലതാണ്. ഈ വൈകിയ വേളയില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്ക് ഇതിനുള്ള സംവിധാനം ഒരുക്കാന്‍ കഴിയുമോ? ഇത് വളരെ സംശയാസ്പദമാണ്.


പിന്നെയുള്ള ഒരു ഗുരുതര പ്രശ്‌നം തകരാറുള്ള വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ടതാണ്. മാര്‍ച്ച് ഏഴാം തീയതിയിലെ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം (പേജ് 5, അഹമ്മദാബാദ് എഡിഷന്‍) റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ 3565 ഇലക്‌ടോണിക് വോട്ടിംഗ് മെഷീന്‍സും 2594 വിവപാറ്റ് മെഷീന്‍സും തകരാറിലായി അവ ഉപേക്ഷിക്കേണ്ടിവന്നു. ഇലക്‌ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാനാവുമെന്നും അവയെല്ലാം ‘ഹാക്ക്’ ചെയ്യാനും സാധിക്കുമെന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്.


പല വന്‍കിട ജനാധിപത്യ രാഷ്ട്രങ്ങളും വോട്ടിംഗ് യന്ത്രങ്ങള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. അവിടെയെല്ലാം പേപ്പര്‍ ബാലറ്റുകളാണ് ഉപയോഗിക്കുന്നത്. ഇനി ബാലറ്റുപേപ്പറിലേക്കു മടങ്ങുകയെന്നത് ഇലക്ഷന്‍ കമ്മീഷനെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. കൂടാതെ പ്രബല രാഷ്ട്രീയകക്ഷികളൊന്നുംതന്നെ സ്ഥിരമായി ഇതിനൊരു മാറ്റം വേണമെന്ന മുറവിളി ഉയര്‍ത്തുകയും ചെയ്തില്ല.


നിലവിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വസ്തുനിഷ്ഠമായ വിശകലനവും വിലയിരുത്തലും നടത്തപ്പെട്ടിട്ടുണ്ട്. ഓരോ മേഖലയെക്കുറിച്ചുമുള്ള വിലയിരുത്തല്‍ അല്ലെങ്കില്‍ റേറ്റിംഗ്, നിരാശപ്പെടുത്തുന്നത് തുടങ്ങി വളരെ മോശം എന്നതാണ്. സാമ്പത്തികസ്ഥിതി ഇന്ത്യയുടെ ഏറ്റവും മോശപ്പെട്ട തലത്തിലാണ്. അന്നന്നത്തെ അധ്വാനംകൊണ്ട് ഉപജീവനം കഴിക്കുന്ന സാധാരണക്കാരുടെ ജീവിതത്തെ നോട്ടുനിരോധനം സാരമായി ബാധിച്ചിട്ടുണ്ട്. അഴിമതി നിറഞ്ഞ മൈത്രീ മുതലാളിത്തം അതിന്റെ ഉച്ചകോടിയിലെത്തി നില്‍ക്കുന്നു. 2019 ജനുവരിയിലെ ഓക്‌സ്ഫാം റിപ്പോര്‍ട്ട് ധനികരുടേയും പാവപ്പെട്ടവരുടേയും ഇടയിലുള്ള വലിയ വിടവ് എടുത്തുകാട്ടുകയുണ്ടായി. ഇന്ത്യയിലെ ഒമ്പത് വ്യക്തികള്‍ രാജ്യത്തിന്റെ അമ്പത് ശതമാനം സ്വത്ത് കയ്യടക്കിയിരിക്കുന്നു. വര്‍ഗീയതയുടെയും ആള്‍ക്കൂട്ട കൊലപാതകത്തിന്റെയും ഇരകളായി മാറിയത് ന്യൂനപക്ഷ വിഭാഗങ്ങള്‍. ഇന്നും അതു തുടരുന്നു. 


2018 സെപ്റ്റംബറിലെ ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് കാണിക്കുന്നത് മനുഷ്യാവകാശം സംരക്ഷിക്കുന്നതില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്നാണ്. ഏറ്റവും ക്രൂരമായ മനുഷ്യാവകാശധ്വംസനം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യ. അനേകര്‍ കൊല്ലപ്പെടുകയോ അന്യായമായി ജയിലിലടയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.


വിവാദപരമായ റഫാല്‍ ഇടപാടുകള്‍ പരവതാനിക്കു കീഴെ ഒളിച്ചുവയ്ക്കാനുള്ള എല്ലാ ശ്രമവും നടക്കുന്നുണ്ട്. അഴിമതി നടന്നുവെന്നതിനെ സാധൂകരിക്കുന്ന, നിഷേധിക്കാനാവാത്ത തെളിവുകള്‍ പൊന്തിവന്നിരിക്കുന്നു. ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയില്‍ ഇത്ര വലിയ അഴിമതി ഇതുവരെ ഉണ്ടായിട്ടില്ല. മറ്റു പാര്‍ട്ടികളിലെ എംഎല്‍എമാരെ കോടികള്‍ വാഗ്ദാനം ചെയ്ത് വാങ്ങാനുള്ള ശ്രമത്തിലാണ് ഭരണകക്ഷി. ഇന്ത്യന്‍ രാഷ്ട്രീയത്തെ അക്രമത്തിലേക്ക് നയിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.


രാമക്ഷേത്രം ഒരിക്കല്‍കൂടി ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു. പുല്‍വാമ അക്രമവും തുടര്‍ന്നുള്ള പാക്കിസ്ഥാനെതിരെയുള്ള മിന്നല്‍ ആക്രമണവും സര്‍ക്കാരിന് അല്പം പുതിയ ഊര്‍ജം നല്‍കിയിട്ടുണ്ടെന്നു പറയണം. ഏറ്റവും ദൗര്‍ഭാഗ്യകരമായ വസ്തുത പല കാര്യങ്ങളും പ്രവചനാതീതവും തീര്‍ച്ചയില്ലാത്തവയുമാണെന്നതാണ്. സുതാര്യതയും സത്യവും ലക്ഷ്യമാക്കി എന്തെങ്കിലും ചോദ്യം നിഷ്പക്ഷമായി ഉന്നയിക്കുന്നപക്ഷം ദേശവിരുദ്ധനും രാജ്യസ്‌നേഹമില്ലാത്തവനുമായി മുദ്രകുത്തപ്പെടുന്നു.