നാം ജനങ്ങളാണ് ഭരണഘടനയുടെ സൂക്ഷിപ്പുകാര്‍ – ബി.ആര്.പി.ഭാസ്കര്‍
നാം ജനങ്ങളാണ് ഭരണഘടനയുടെ സൂക്ഷിപ്പുകാര്‍
ബി.ആര്.പി.ഭാസ്കര്‍
നമ്മുടെ ഭരണഘടന ഒരു മതനിരപേക്ഷ ജനാധിപത്യ സംവിധാനം വിഭാവന ചെയ്യുന്നു. അടിയന്തിരാവസ്ഥക്കാലത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് ഒരു കൊല്ലം വൈകിയതൊഴിച്ചാല്‍ ഭരണഘടനാ വ്യവസ്ഥപ്രകാരം കൃത്യസമയത്ത് തിരഞ്ഞെടുപ്പു നടന്നിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പു നടക്കുന്നതുകൊണ്ടു ജനാധിപത്യം നിലനില്ക്കുന്നുവെന്നു പറയാനാകില്ല. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത രാജ്യങ്ങളും തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്.
സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അനിവാര്യഘടകമാണ്. പണത്തിന്റെ സ്വാധീനം കുറയ്ക്കാനായി സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവാക്കാവുന്ന തുക ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മിക്ക സ്ഥാനാര്‍ഥികളും അതിലേറെ ചെലവാക്കാറുണ്ട്. പാര്‍ട്ടികള്‍ക്ക് ചെലവാക്കാവുന്ന തുകയ്ക്ക് പരിമിതി നിശ്ചയിച്ചിട്ടില്ല. ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടി 30,000 കോടി രൂപ വരെ ചിലവാക്കിയേക്കുമെന്ന് പറയപ്പെടുന്നു. പലപ്പോഴും തിരഞ്ഞെടുപ്പുകളില്‍ കായികശേഷിയും ഘടകമാകാറുണ്ട്. അപ്പോള്‍ നമ്മുടെ തിരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും നീതിപൂര്വ്വകവുമാണെന്ന് പറയാനാകുമോ?
ഭരണഘടന നിലവില്‍ വന്നശേഷമുള്ള 69 കൊല്ലക്കാലത്ത് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തില്‍ പല തവണ ഭരണമാറ്റം നടന്നിട്ടുണ്ട്. പാര്‍ലമെന്ററി സംവിധാനത്തില്‍ വിശ്വാസമില്ലാത്ത മാര്‍ക്സിസ്റ്റുകളെയും ഇന്ത്യന്‍ യൂണിയന് പുറത്ത് സ്വതന്ത്ര പദവി കാംക്ഷിച്ച വിഘടന പ്രസ്ഥാനങ്ങളെയും ഭരണഘടനാ വ്യവസ്ഥ അംഗീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ഇത് പ്രേരിപ്പിച്ചിട്ടുണ്ട്. ഈ വസ്തുത ജനാധിപത്യം സംബന്ധിച്ച നമ്മുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം എന്ന് നാം അഹങ്കരിക്കാറുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ അധിവസിക്കുന്ന രാജ്യം എന്ന നിലയില്‍ മാത്രമാണ് ആ വിശേഷണം നീതീകരിക്കാനാവുന്നത്. ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് അഹങ്കരിക്കാന്‍ അവകാശമില്ല. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്നവര്‍ എല്ലാ ജനങ്ങളുടെയും അവര്‍ക്ക് വോട്ടു ചെയ്തവരുടെ മാത്രമല്ല — താല്പര്യം മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കുമ്പോഴാണ് ഭരണം ജനാധിപത്യപരം എന്ന വിശേഷണത്തിന് അര്‍ഹമാകുന്നത്.
പല രാജ്യങ്ങളുടെയും ഭരണഘടനകള്‍ പഠിച്ചശേഷമാണ് ഭരണഘടനാ നിര്‍മ്മാതാക്കള്‍ നമ്മുടെ ഭരണഘടനയുടെ കരടു തയ്യാറാക്കിയത്. അത് ചര്‍ച്ച ചെയ്യപ്പെടുന്ന ഘട്ടത്തില്‍ ഐക്യരാഷ്ട്രസഭയുടെ സാര്‍വലൗകിക മനുഷ്യാവകാശ പ്രഖ്യാപനം വന്നു. അതിലെ പല അംശങ്ങളും ഭരണഘടനയുടെ ഭാഗമായി. ഭരണഘടന നല്ലതാണോ അല്ലയോ എന്നതുപോലെ തന്നെ പ്രധാനമാണ് അത് നടപ്പാക്കുന്നവര്‍ നല്ലവരാണോ അല്ലയോ എന്നതെന്ന് ബി.ആര്.അംബേദ്കര്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ അവസാന പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ആ വാക്കുകള്‍ എത്ര ശരിയാണെന്ന് ഇന്ന് നാം അറിയുന്നു.
ഭരണഘടനയുടെ ആമുഖത്തില്‍ അതിന്റെ ലക്ഷ്യങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവത്തിലെ പ്രധാന മുദ്രാവാക്യമായിരുന്ന ”സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം” അക്കൂട്ടത്തിലുണ്ട്. അംബേദ്കര്‍ അത് പാശ്ചാത്യ ജനാധിപത്യപാരമ്പര്യത്തില്‍ നിന്നു കടംകൊള്ളുകയായിരുന്നില്ല, ബൗദ്ധപാരമ്പര്യത്തില്‍ നിന്ന് വീണ്ടെടുക്കുകയായിരുന്നു. നമ്മുടെ ഭരണഘടനയെ മറ്റ് ജനാധിപത്യ ഭരണഘടനകളില്‍ നിന്ന് വേര്‍തിരിക്കുന്ന ഒരു സുപ്രധാന ഘടകമുണ്ട്. അത് നീതിക്ക് — സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ (ഈ മുറയ്ക്കാണ് അവ പരാമര്‍ശിക്കപ്പെടുന്നത്) നീതിക്ക് — സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയ്ക്ക് മുകളില്‍ സ്ഥാനം നല്കിയിരിക്കുന്നുവെന്നതാണ്. നൂറ്റാണ്ടുകളായി ശ്രേണീബദ്ധ ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന ഈ രാജ്യത്ത് എല്ലാവിധ നീതിയും, പ്രത്യേകിച്ച് സാമൂഹിക നീതി, ഉറപ്പാക്കാതെ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉണ്ടാകില്ലെന്ന തിരിച്ചറിവാണ് അതിനു പ്രാഥമികത നല്കാന് ഭരണഘടനയുടെ മുഖ്യശില്പിയെ പ്രേരിപ്പിച്ചത്.
ആമുഖം (Preamble) നീതിക്ക് കല്പിച്ചിട്ടുള്ള പ്രാധാന്യം ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കുന്നുണ്ടോ? ഈ ചോദ്യത്തിനു ഉത്തരം തേടേണ്ടത് പല നൂറ്റാണ്ടുകാലം താഴ്ത്തിക്കെട്ടിയിരുന്ന ആദിവാസികളുടെയും ദലിതരുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെയും അവസ്ഥയിലാണ്. ഭരണഘടന നിലവില്‍ വന്ന സമയത്ത് പതിനഞ്ച് കൊല്ലത്തേക്ക് ലോക്സഭയിലും നിയമസഭകളിലും ദലിതര്‍ക്കും ആദിവാസികള്‍ക്കും നിശ്ചിത ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിരുന്നു. ആ കാലയളവില്‍ അവരുടെ സാമൂഹ്യ പദവി പ്രതീക്ഷിച്ച നിലയിലേക്ക് ഉയര്‍ന്നില്ലെന്ന് മനസ്സിലാക്കി അത് ഇപ്പോള്‍ നീട്ടിക്കൊണ്ടിരിക്കുകയാണ്. പ്രതീക്ഷിച്ച ഉയര്‍ച്ച എന്തുകൊണ്ട് ഉണ്ടായില്ലെന്ന് കണ്ടെത്താന്‍ സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഉണ്ടാക്കിയ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ജാതിവ്യവസ്ഥക്കാലത്തെ മേലാളര്‍ക്ക് മേല്‍ക്കൈയുള്ള ഔദോഗിക സംവിധാനങ്ങള്‍ പലപ്പോഴും പരാജയപ്പെടുന്നതായി കാണാം. ഭരണഘടന പ്രകാരമാണോ എക്സിക്യൂട്ടീവ് പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കാന്‍ അധികാരമുള്ള ജുഡീഷ്യറി തുടക്കം മുതല്‍ സംവരണ വ്യവസ്ഥയ്ക്ക് പുറത്തായിരുന്നു. ആ സംവിധാനത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ഏതാണ്ട് ഏഴ് പതിറ്റാണ്ടിനു ശേഷവും നാമമാത്രമായ പ്രാതിനിധ്യം മാത്രമാണുള്ളത്. നിയമം മൂലം നിര്‍ബന്ധിച്ചാലല്ലാതെ മേധാവിത്വശക്തികള്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ തയ്യാറാകില്ല എന്നാണു ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത്. ലിംഗനീതിയുടെ കാര്യത്തില്‍, ഉയര്‍ന്ന കോടതികള്‍ അടുത്ത കാലത്ത് പുരോഗമനപരമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ചെലവേറിയ നീതിന്യായ വ്യവസ്ഥ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അപ്രാപ്യമായി തുടരുന്നു.
നമ്മുടേത് ഒരു ഫെഡറല്‍ സംവിധാനമാണെന്ന ധാരണ പരക്കെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഫെഡറേഷന്, ഫെഡറല്‍ എന്നീ വാക്കുകള്‍ ഭരണഘടനയിലില്ല. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന അവസാന ഗവണ്മെന്റ് ഓഫ് ഇന്‍ഡ്യ ആക്ട് നാട്ടുരാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ഒരു ഫെഡറല്‍ സംവിധാനം വിഭാവനം ചെയ്തിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഭരണഘടനാ നിര്‍മ്മാണസഭ രൂപീകരിക്കപ്പെട്ടത്. എന്നാല്‍ വിഭജനവും തുടര്‍ന്നുണ്ടായ കലാപാന്തരീക്ഷവും കോണ്‍ഗ്രസ് നേതൃത്വത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഭരണഘടനപ്രകാരം ഇന്ത്യ ”സംസ്ഥാനങ്ങളുടെ യൂണിയന്” (Union of States) ആണ്. തിരുവിതാംകൂറും കൊച്ചിയും ഉള്‍പ്പെടെയുള്ള നാട്ടുരാജ്യങ്ങള്‍ ലയിച്ചത് ഇന്‍ഡ്യന്‍ ഫെഡറേഷനിലല്ല, ഇന്‍ഡ്യന്‍ യൂണിയനിലാണ്. കഴിഞ്ഞ 69 കൊല്ലങ്ങളില്‍ പാര്‍ലമെന്റ് 103 തവണ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. ഇതില്‍ പലതും ഭരണഘടനയുടെ കേന്ദീകൃത സ്വഭാവം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാനങ്ങളുടെ ചില അധികാരങ്ങള്‍ കൈമാറിയ ഭേദഗതിയാണ് മറിച്ചുള്ള ഒന്ന്. കേന്ദ്രത്തിന്റെ ചില അധികാരങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറി ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ സമയമായി.
പാര്‍ലമെന്റ് മാത്രമല്ല ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. നെഹ്രുവിന്റെ കാലശേഷം കേന്ദ്ര എക്സിക്യൂട്ടീവും പാര്‍ലമെന്റും ദുര്‍ബലമായപ്പോള്‍ സുപ്രീംകോടതിയും, അതിന്റെ അധികാരപരിധി മറികടന്നുകൊണ്ട്, ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങി. ഭേദഗതി നിയമങ്ങള്‍ക്ക് പാര്‍ലമെന്റ് നമ്പര്‍ നല്കുന്നതുകൊണ്ട് ആ വഴിയിലൂടെ എത്ര തവണ മാറ്റങ്ങളുണ്ടായെന്ന് നമുക്ക് കൃത്യമായി അറിയാം. കോടതി വരുത്തിയ മാറ്റങ്ങള്‍ എത്രയെന്നു ആരെങ്കിലും തിട്ടപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല.
ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് ഭരണഘടന ഭേദഗതി ചെയ്യാനുള്ള ഭൂരിപക്ഷം നഷ്ടപ്പെട്ടശേഷമാണ് 1967ല്‍ ഗോലക്നാഥ് കേസിലെ വിധിയില്‍ പാര്‍ലമെന്റിനു ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ സംബന്ധിക്കുന്ന അധ്യായം ഭേദഗതി ചെയ്യാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി വിധിച്ചത്. എക്സിക്യൂട്ടീവ് 1971 ലെ തിരഞ്ഞെടുപ്പിലൂടെ അല്പം ശക്തിപ്പെട്ടശേഷം 1973 ല്‍ കേശവാനന്ദ ഭാരതി കേസില്‍ കോടതി അല്പം പിന്നോട്ട് പോയി. മൗലികാവകാശങ്ങള്‍ സംബന്ധിച്ച അധ്യായത്തിലും പാര്‍ലമെന്റിന് മാറ്റം വരുത്താമെന്നു ആ വിധിയില്‍ കോടതി സമ്മതിച്ചു. എന്നാല്‍ മാറ്റങ്ങള്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ബാധിക്കാന്‍ പാടില്ലെന്ന നിബന്ധന വച്ചു.