അന്തിയൂഴം / തൊട്ടറിഞ്ഞത് – വി.കെ. ശ്രീരാമന്‍

അന്തിയൂഴം / തൊട്ടറിഞ്ഞത് – വി.കെ. ശ്രീരാമന്‍

ഭാരതപ്പുഴയോരത്തെ ശ്മശാനം.


വെയിലു താഴുകയാണ്.


പഞ്ചപാണ്ഡവരുടെ ഐതിഹ്യവുമായി ചേര്‍ന്നു പേരുള്ള ഒരമ്പലം. അമ്പലത്തിന്റെ പേരില്‍ ഇന്ന് ഈ ശ്മശാനമാണ് അറിയപ്പെടുന്നത്.


ശ്മശാനത്തിന്നടുത്തുള്ള ഈ ചായ്പ്പിലെ ബഞ്ചിലിരുന്നു നോക്കിയാല്‍ മറ്റൊരു ശ്മശാനമായി മാറിയ ഭാരതപ്പുഴ കാണാം. ഭീതിദമാണ് ആ കാഴ്ച.


ഒന്നു രണ്ടു ചിതകള്‍ കത്തുന്നുണ്ട്. ചിലതു കനലായിരിക്കുന്നു. രണ്ടുമൂന്നെണ്ണം ചാരം മൂടിയിട്ടുണ്ട്. ഈയ്യപ്പുല്ലുകള്‍ മുറ്റിയ പൊന്തകള്‍ വകഞ്ഞ് പിണ്ഡകര്‍മ്മത്തിനായി നടന്നുപോവുന്നുണ്ട് ചിലര്‍. നാലുപേരുണ്ട് ആ സംഘത്തില്‍. രണ്ടാണും ഒരു പെണ്ണും. ഒരു താലത്തില്‍ അരിയും ദര്‍ഭയും വെള്ളരിയും വെച്ച് ശാന്തിക്കാരന്‍ മുന്നിലുണ്ട്.


‘അവര് എപ്ലാ എത്താ സാറേ.’


തിരിഞ്ഞുനോക്കി. കേശൂട്ടന്‍ നായരാണ്. ചിതാഭസ്മം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വരുന്നതും കാത്തു നില്‍ക്കുന്ന എന്നോടാണ് ചോദ്യം. കേശൂട്ടന്‍ നായര്‍ ശ്മശാനം നടത്തിപ്പുകാരന്റെ കാര്യസ്ഥനാണ്.


‘കുറച്ചുമുമ്പ് വിളിച്ചിരുന്നു അവര്. പുറപ്പെട്ടൂന്ന് പറയാന്‍. ഇപ്പോള്‍ വിളിച്ചു നോക്കുമ്പോള്‍ ആരും ഫോണെടുക്കുന്നില്ല.’


കെ.കെ.എന്‍. ലക്കിടി എന്ന പേരില്‍ അഭിനയിക്കാന്‍ വന്നിരുന്ന കാലത്തെ പരിചയമാണ് കേശൂട്ടന്‍നാ യരുമായിട്ട്. കുറച്ചുകാലം മിലിട്ടറിയില്‍ ഉണ്ടായിട്ടുണ്ട്. തിരിച്ചുവന്ന് സെക്യൂരിറ്റിക്കാരനായി. കൂട്ടുപാതയിലെ ആസ്പത്രിയിലായിരുന്നു കാവല്‍പ്പണി. സെക്യൂരിറ്റിപ്പണിയുള്ള കാലത്തും കൂനത്തറ സഹദേവന്റെ ആള്‍ സപ്ലെയില്‍ ചേര്‍ന്ന് സിനിമയിലും സീരിയലിലുമൊക്കെ അഭിനയിക്കാന്‍ വന്നിരുന്നു. ചിരിച്ചേ കണ്ടിട്ടുള്ളൂവെങ്കിലും കണ്ണിലെപ്പോഴും ഭയവും അങ്കലാപ്പുമാണ്. വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ വെറുതെ ഞെട്ടിത്തിരിഞ്ഞ് പിന്നാക്കം നോക്കും.


ഒരിക്കല്‍ അതേപ്പറ്റി ചോദിച്ചു. അന്ന് പത്തിരുപതുപേരുള്ള കൂട്ടുകുടുംബപുരാണം പറഞ്ഞു.


‘വല്ല്യമ്മാനെ പേടിയാര്‍ന്നു. എപ്ലാ തല്ല് പൊറത്തു വീഴ്വാന്ന് നിശ്ശല്ല. അമ്മാവന് ദേഷ്യം വന്നാല്‍ പിന്നെ ചെറിയമ്മമാരൊന്നും പുറത്തുവരില്ല. അവരുടെ കൂട്ടത്തില്‍ അമ്മേം ഒളിക്കും. ഒരു നമ്പൂരി ആയിരുന്നു അമ്മേടെ സമ്മന്തക്കാരന്‍. യ്ക്ക് കണ്ട ചെറിയ ഓര്‍മ്മേണ്ട്. അയാള് പിന്നെ വരാണ്ടായി. അതോടെ അമ്മാമന്റെ തല്ലും തൊടങ്ങി. അങ്ങനെ വന്നുകുട്യേതാ ന്റെ മോത്തുള്ള താമം. കാലം ഇത്രയൊക്കെ ആയിട്ടും ആ താമം വിട്ടുപോണില്ല സാറെ.’


ഇന്ന് കെ.കെ.എന്‍. ലക്കിടി ആകെ മാറിപ്പോയിരിക്കുന്നു. തടിച്ചുരുണ്ടിട്ടുണ്ട്. കറുത്ത ശരീരം കുങ്കു മവും കളഭവും കൊണ്ടലങ്കരിച്ചിട്ടുണ്ട്. രണ്ടു ചുറ്റു സ്വര്‍ണ്ണ മാലകളുണ്ട് കഴുത്തില്‍. അതിലൊന്ന് രുദ്രാക്ഷം കെട്ടിയതാണ്. മോതിരമില്ലാത്ത വിരലുകള്‍ ഒന്നോ രണ്ടോ മാത്രം. എങ്കിലും കണ്ണുകളില്‍ ആ താമം ഒട്ടും ശമിച്ചില്ല.


പെട്ടെന്നൊരു ട്രാവലര്‍ വാന്‍ ശ്മശാന കവാടത്തില്‍ വന്നുനിന്നു. ഹെഡ് ലൈറ്റുകള്‍ തെളിഞ്ഞു കിട പ്പുണ്ട്. അത് ഓഫ് ചെയ്യുന്നതിനു മുമ്പുതന്നെ നാലഞ്ചുപേര്‍ തിരക്കിട്ട് ചാടിയിറങ്ങുന്നു. ഇറങ്ങിയവര്‍ ഉടന്‍തന്നെ തിരിഞ്ഞുനില്‍ക്കുന്നു. ഒരു മൃതശരീരം പുറത്തേക്കു വരികയാണ്.


അങ്ങോട്ട് നടക്കുന്നതിന്നിടയില്‍ കേശൂട്ടന്‍ നായര്‍ തിരിഞ്ഞുനിന്നു പറഞ്ഞു.


‘സെക്യൂരിറ്റീം ഷൂട്ടിംഗും ഉള്ള കാലത്ത് തെല്ലുറങ്ങാനൊക്കെ നേരം കിട്ടീര്‍ന്നു. പട്ടാളത്തിലാവുമ്പളും ഉറങ്ങാന്‍ പറ്റീര്‍ന്നു. ഇപ്പോ സമാധാനായിട്ട് ഉറങ്ങാന്‍ പറ്റാണ്ടായി. എപ്ലാ വിളി വര്വാന്നറിയില്ല. എപ്ലാ ബോഡീ കൊണ്ടി വണ്ടി വര്വാന്നറീല്ല.’,/p>

വണ്ടിയില്‍ നിന്ന് ശവശരീരവുമായി അവര്‍ ചിതകള്‍ക്കരികിലേക്ക് നീങ്ങി. ഒരേ സമയത്ത് പത്തോ പന്തണ്ടാ ശവം ദഹിപ്പിക്കാനുള്ള സൗകര്യങ്ങളുണ്ട്. ഒരീസം നൂറോ നൂറ്റമ്പതോ വരെ വന്നാലും ഇവിടെ മാനേജു ചെയ്യും എന്ന് ശ്മശാനം കോണ്‍ട്രാക്ടര്‍ ദിനേശന്‍ പറഞ്ഞത് ഓര്‍ത്തു.


വെയില് പറ്റെ താണിരിക്കുന്നു. ശ്മശാന വിളക്കുകളുടെ പ്രകാശത്തില്‍ അവര്‍ വന്ന ട്രാവലറിന്റെ പേരു വായിച്ചു.


ബീനമോള്‍. MSS കോതയാര്‍കുറിശ്ശി.


‘സാറെന്താ ഇവിടെ?’


ട്രാവലറിന്റെ ഡ്രൈവറാണെന്ന് അയാള്‍ സ്വയം പരിചയപ്പെടുത്തി. പ്രതികരണങ്ങള്‍ക്കൊന്നും കാത്തു നില്ക്കാതെ അയാള്‍ പറയാന്‍ തുടങ്ങി. വര്‍ത്തമാനം പറയാനൊരാളെക്കിട്ടാതെ വളരെ നേരമായി വിമ്മിഷ്ടപ്പെട്ടിട്ടുണ്ടാവും.