ഹര്‍ത്താലെന്ന രാഷ്ട്രീയാഭാസം – സിദ്ധീഖ് കണ്ണൂര്‍
‘ഹര്‍ത്താല്‍ ദിനത്തില്‍ ഞാന്‍ ആഘോഷിക്കും. ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഹര്‍ത്താല്‍ ദിനങ്ങളിലാണ്. നമ്മുടെ രാജ്യം എത്ര പിറകോട്ടു പോയാലും നാട് സ്തംഭിക്കുന്നത് കാണാന്‍ എനി ക്ക് വലിയ ഇഷ്ടമാണ്’ – വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു ദേശീയ പണിമുടക്ക് ദിനത്തില്‍ ഒരു പ്രമുഖ ദേശീയ ദിനപ്പത്രത്തില്‍ വന്ന ഒരു പരസ്യവാചകമായിരുന്നു ഇത്. ‘പണിമുടക്ക്’ അല്ലെങ്കില്‍ ‘ഹര്‍ത്താല്‍’ എന്നൊക്കെകേള്‍ക്കുമ്പോള്‍, ഓരോ ശരാശരി പൗരനും തോന്നാവുന്ന നിസ്സംഗതപോലും പരമാവധി വാണിജ്യവത്കരിക്കപ്പെട്ടു കഴിഞ്ഞുവെന്നതിനു മറ്റു തെളിവുകള്‍ തിരയേണ്ടതില്ല. ഹര്‍ത്താലിനോടും ബന്ദുകളോടുമുള്ള ഇത്തരം പ്രതികരണങ്ങള്‍ ഒറ്റനോട്ടത്തില്‍ വ്യക്തിപരമെന്നു തോന്നാമെങ്കിലും പൊതുജനങ്ങള്‍ക്കുള്ള സ്വാഭാവികമായ ‘നിര്‍വികാരത’യാണ് ഇതില്‍ ഒളിഞ്ഞുകിടക്കുന്നത്.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക, അല്ലെങ്കില്‍ വര്‍ധിപ്പിച്ച നികുതികള്‍ പിന്‍വലിക്കുക, അതുമല്ലെങ്കില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയായിരിക്കും പൊതുവെ പണിമുടക്കുകള്ക്കു കാരണങ്ങളായി വരുന്നത്. സമാധാനനിലയില് തുടങ്ങുന്ന ഹര്‍ത്താല്‍ അക്രമാസക്തമായി മാറുകയും അനുകൂലികള്‍ ആഗ്രഹിക്കുന്നതുപോലെ ‘ജനജീവിതം പൂര്‍ണ്ണമായി’ സ്തംഭിപ്പിക്കപ്പെടുകയും’ ചെയ്യുന്നു. പതിറ്റാണ്ടുകളായി കേരളജനത ഈ കൗതുകകാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കുന്നു.
ഓട്ടോറിക്ഷകള്‍ മുതല്‍ വിമാനസര്‍വീസുകള്‍ വരെ, ചായക്കടകള്‍ മുതല്‍ വന്‍കിട വ്യാപാരകേന്ദ്രങ്ങള്‍ വരെ ഒരുദിവസം മുഴുക്കെ അടഞ്ഞു കിടക്കുമ്പോള്‍ ഹര്‍ത്താലനുകൂലികള്‍ അനുഭവിക്കുന്ന മാനസികസുഖം നിര്‍വചിക്കാനാവാത്തതാണ്.
പൊതുജനം അനുഭവിക്കുന്ന പ്രയാസങ്ങള്‍ അവര്‍ ശീതികരിച്ചമുറികളിലും ആഡംബരവാഹനങ്ങളിലും ഇരുന്നു നേരംവെളുക്കുവോളും ആസ്വദിക്കുന്നു…! നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും നികുതി വര്‍ധന പിന്‍വലിക്കുന്നതും ആസ്പദമാക്കിയുള്ള പൊതുപണിമുടക്കും ബന്ദും ഹര്‍ത്താലുമൊക്കെ എത്രത്തോളം വിപരീതഫലങ്ങളാണ് സൃഷ്ടിക്കുകയെന്നത് ഇപ്പോഴും കേരളീയ സമൂഹത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ക്ക് വിഷയമായിട്ടില്ല.
ഓരോ പണിമുടക്കും കടന്നുപോകുമ്പോള്‍, ആയിരക്കണക്കിന് കോടി രൂപയാണ് നഷ്ടമായി കണക്കാക്കപ്പെടുന്നത്. ഈ നഷ്ടങ്ങള്‍ നികത്താന്‍ സര്‍ക്കാരുകള്‍ക്ക് മുമ്പിലുള്ള പോംവഴി നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുക അല്ലെങ്കില്‍ നികുതികള്‍ വര്‍ധിപ്പിക്കുക എന്നതാണ്. അപ്പോള്‍പ്പിന്നെ, വിലക്കയറ്റവും നികുതിവര്‍ധനവും തടയാന്‍ ജനജീവിതം സ്തംഭിപ്പിച്ചതുകൊണ്ട്, ആര്‍ക്ക്, എന്ത് പ്രയോജനമാണുള്ളത്? ഇത്തരം ജനദ്രോഹ രാഷ്ട്രീയാഭ്യാസങ്ങള്‍ ഇനിയും തുടരുന്നതില്‍ അര്‍ത്ഥമുണ്ടോ ?
പണിമുടക്കും ഹര്‍ത്താലും നടത്തുന്നവര്‍ എപ്പോഴും കേള്‍ക്കാനാഗ്രഹിക്കുന്നത് ‘രാജ്യം സ്തംഭിച്ചു’ അല്ലെങ്കില്‍ ‘സംസ്ഥാനം സ്തംഭിച്ചു’ എന്ന വാര്‍ത്തയാണ്. കാലവും ലോകവും ഇത്രത്തോളം പുരോഗമിച്ചിട്ടും, സ്വന്തം രാജ്യം സ്തംഭിച്ചു കാണാന്‍ ആഗ്രഹിക്കുന്നവരെ നമ്മുടെ രാജ്യത്തല്ലാതെ മറ്റെവിടെയും കാണാന്‍ കഴിയില്ല. അന്നും ഇന്നും, പണിമുടക്കുകളും ബന്ദും ഹര്ത്താലുകളുമൊന്നും വിജയിക്കുന്നത് അത് സംഘടിപ്പിക്കുന്നവരുടെ കഴിവ്കൊണ്ടല്ല, മറിച്ച്, അവര്‍ക്കു മുന്നില്‍ പ്രതികരണശേഷി പണയപ്പെടുത്തിയ പൊതുജനങ്ങളുടെ കഴിവുകേടുകൊണ്ടു മാത്രമാണ്.
‘പൊതുജനം കഴുതകളാണ്’ എന്ന യാഥാര്‍ഥ്യം അക്ഷരാര്‍ത്ഥത്തില്‍ ഉള്‍കൊണ്ട ഒരേയൊരു സമൂഹം രാഷ്രീയക്കാരുടേതു മാത്രമാണ്. ഹര്‍ത്താല്‍ പ്രഖ്യാപനം കേള്‍ക്കുമ്പോള്‍തന്നെ, വ്യാപാരസ്ഥാപനങ്ങള്‍ക്കു പൂട്ടു വീഴുമെന്നും പൊതുജനങ്ങള്‍ ഓടിരക്ഷപ്പെടുമെന്നും ഇവര്‍ക്ക് നന്നായറിയാം. സാമ്പത്തിക നഷ്ടങ്ങളും ദേഹോപദ്രവങ്ങളും ഭയന്ന് മണിക്കൂറുകള്‍കൊണ്ട് സാധാരണ ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിന്നും തടിതപ്പുന്നു. അവിടങ്ങളില്‍ രാഷ്ട്രീയഗുണ്ടകള്‍ നിലയുറപ്പിക്കുന്നു. ഇതൊന്നും അറിയാതെ ഇവിടെയെത്തുന്ന സ്വദേശികളും വിദേശികളുമൊക്കെയാണ് പിന്നീട് ഇവരുടെ ഇരകളായിത്തീരുന്നത്. പതിറ്റാണ്ടുകളായി ഈ പ്രതിഭാസങ്ങള്‍ക്കു മാറ്റമൊന്നും വന്നിട്ടില്ല.
‘പ്രബുദ്ധകേരളം’ നടത്തുന്ന ‘പ്രതിഷേധ പ്രകടനം’ എന്ന രീതിയിലാണ് പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ ഈ നരനായാട്ടിനെ കാലാകാലങ്ങളില്‍ ന്യായീകരിക്കുന്നത്. ഭീഷണിപ്പെടുത്തി സ്ഥാപനങ്ങള്‍ അടപ്പിക്കുകയും അതിനു വഴങ്ങാത്തവരെ അടിച്ചൊതുക്കുകയും വാഹനങ്ങള്‍ തടഞ്ഞു സഞ്ചാരസ്വാതന്ത്ര്യം അപകടപ്പെടുത്തുകയും പൊതുമുതല്‍ അടിച്ചു തകര്‍ക്കുകയും ചെയ്യുകയെന്നത് ഒരിക്കലും പ്രബുദ്ധതയുടെ ലക്ഷണമല്ലെന്ന് എപ്പോഴാണ് ഈ കപട രാഷ്ട്രീയക്കാരും പൊതുജനങ്ങളും മനസ്സിലാക്കുക?
പണ്ടൊക്കെ ബന്ദിനോടും പൊതുപണിമുടക്കിനോടും പൊതുജനങ്ങള്‍ക്കും കുറെയേറെ ആഭിമുഖ്യം ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെയുള്ള പൊതുപ്രതിഷേധങ്ങളില്‍ അവര്‍ സജീവമായി പങ്കെടുക്കുകയും ചെയ്യാറുണ്ടായിരുന്നു. പക്ഷേ, ഇന്ന്, ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളുമെല്ലാം പാടെ മാറിപ്പോകുകയും ഇത്തരം പ്രതിഷേധങ്ങളെല്ലാം ഒരുകൂട്ടം രാഷ്ട്രീയ തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായി പരിണമിക്കുകയും ചെയ്തിരിക്കുന്നു. പണിമുടക്കിന്റെ മറവില്‍, കൊലയും കൊള്ളയും അഴിഞ്ഞാട്ടവും അട്ടഹാസങ്ങളും പതിവ് കാഴ്ചകളായി. ടെലിവിഷന്‍ ചാനലുകളിലെ പതിവ് കാഴ്ചകളുടെ കൂട്ടത്തില്‍ നാം ഇതും ആസ്വദിക്കാന്‍ ശീലിച്ചു കഴിഞ്ഞു. പുറംകാഴ്ചകളില്‍ താല്പര്യമില്ലാത്ത പുതിയ തലമുറക്കാര്‍ വളര്‍ന്നുവരുന്നത് പ്രതികരണ ഷണ്ഡത്വം ബാധിച്ച പഴയ തലമുറയുടെ നിര്‍വികാരതകള്‍ കണ്ടുകൊണ്ടാണ്. കൂട്ടായനീക്കങ്ങള് ആയതുകൊണ്ട് ബന്ദിന്റെ മറവിലുള്ള അക്രമങ്ങള്‍ സംബന്ധിച്ച പോലീസ് അന്വഷണങ്ങളും നിയമനടപടികളുമൊക്കെ പ്രഹസനമായിത്തീരാറാണ് പതിവ്. നിയമത്തിനു മുന്നില്‍ എത്തിപ്പെട്ടവര്‍ തന്നെ ശിക്ഷിക്കപ്പെടുന്നതും അത്യപൂര്‍വം.
ബന്ദ്-ഹര്‍ത്താല്‍ ആഹ്വാനവും ആചരണവും ഒരു കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ തന്നെ പഴക്കമുണ്ട്. സാധാരണജീവിതം അട്ടിമറിക്കുന്ന ഹര്‍ത്താല്‍, പണിമുടക്കുകള്‍ തുടങ്ങിയ സമരമുറകള്‍ ഇന്ത്യന്‍ ഭരണഘടന പൗരന്മാര്ക്ക് ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശങ്ങളുടെയും വ്യക്തമായ ലംഘനങ്ങളാണ്. വിവിധ കോടതികളും നിയമവിദഗ്ധരും ഈ വഴിക്ക് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുമുണ്ട്. എന്നാല്‍, മതിയായ കാരണങ്ങളില്ലാതെ നടത്തപ്പെടുന്ന ഇത്തരം ജനദ്രോഹ പ്രതിഷേധങ്ങള്‍ സമൂലമായി നിയന്ത്രിക്കപ്പെടുന്ന ഒരു കാലഘട്ടം ഇനിയും എത്രയോ അകലെയാണെന്നു തോന്നുന്നു