സമൂഹം ആത്മവിമര്‍ശനം നടത്തണം – സുനില്‍ പി. ഇളയിടം
കേരളത്തില്‍ ആത്മവിമര്‍ശനാത്മകമായ രീതിയില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. ഭൂരിപക്ഷത്തിന്റെ വീക്ഷണങ്ങളെയും അവബോധത്തെയുമൊക്കെ രൂപപ്പെടുത്തുന്നത് നിര്‍ത്ഥകങ്ങളായ വാദങ്ങളാണ്.
സമകാലിക കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ ഇനിയും സംഭവിക്കേണ്ട നവോത്ഥാനം എന്താണ് ? എവിടെയൊക്കെയാണ് ?
സാമൂഹിക വളര്‍ച്ചയില്‍ ധാരാളം മികവുകള്‍ ഉള്ള സമൂഹമാണ് നമ്മുടേത്. അത് നമ്മള്‍ നിഷേധിക്കേണ്ട കാര്യമില്ല. വിദ്യാഭ്യാസവ്യാപനം, ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം അങ്ങനെ എല്ലാ മേഖലയിലും ആപേക്ഷികമായി ഒരു മതേതര ഇടം കേരളത്തിനുണ്ട്. പെട്ടെന്നു മതവര്‍ഗീയതയ്ക്ക് ഒന്നും കടന്നുകയറി കേരളീയ സമൂഹത്തെ ഛിന്നഭിന്നമാക്കാനൊന്നും പറ്റില്ല എന്നതില്‍ യാതൊരു സംശയവുമില്ല. ആ നിലയ്ക്ക് ഇന്ത്യയിലെ ഏതു സമൂഹത്തില്‍ നിന്നും അഭിമാനകരമായി മാറിനില്‍ക്കാനുള്ള അന്തരീക്ഷം കേരളത്തിലുണ്ട്. അതൊരു മികവാണ്. പക്ഷേ, അതേസമയംതന്നെ ഒരു സമൂഹം എന്ന നിലയ്ക്ക് വേറെ കുറേ വൈരുദ്ധ്യങ്ങള്‍ ഇവിടെ ആഴത്തില്‍ ഉണ്ട്. സാമൂഹികനീതിയെക്കുറിച്ചുള്ള ബോധം, വേണ്ടത്ര അളവില്‍ നമ്മുടെ സമൂഹത്തില്‍ വ്യാപിച്ചിട്ടുണ്ടോ എന്ന് ഗൗരവത്തോടെ ആലോചിക്കേണ്ടതാണ്. ഉദാഹരണത്തിന് ആദിവാസി പ്രശ്‌നം. ആദിവാസികളുടെ ഭൂപ്രശ്‌നം 70 വര്‍ഷമായി കേരളത്തില്‍ തുടരുന്ന പ്രശ്‌നമാണ്. ഇന്ത്യയില്‍തന്നെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ആദിവാസി ജീവിതമാണ് കേരളത്തിലുള്ളത്. പക്ഷേ, കേരളത്തെ അത് അലോസരപ്പെടുത്തിയിട്ടേ ഇല്ല. ശബരിമലയുണ്ടാക്കിയ കോളിളക്കംവച്ചുനോക്കിയാല്‍ ഒരു ആധുനിക സമൂഹം എന്ന നിലയ്ക്ക് അതിന്റെയൊക്കെ എത്രയോ മടങ്ങ് നമ്മള്‍ ക്ഷുഭിതരാകേണ്ടതാണ് ആദിവാസി പ്രശ്‌നത്തില്‍. പക്ഷേ, അതൊന്നും ഉണ്ടായിട്ടില്ല. അത്തരത്തില്‍ നീതിയുടേതായ ഉത്ക്കണ്ഠ നമ്മുടെ പൊതുസമൂഹത്തിലില്ല. അതുപോലെതന്നെയാണ് സ്ത്രീപ്രശ്‌നവും, സ്ത്രീകളുടെ തുല്യതയ്ക്കായുള്ള ശ്രമങ്ങളും. സ്ത്രീകളുടെ വിദ്യാഭ്യാസ വ്യാപനമൊക്കെ നടന്നിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം നേടുന്ന സ്ത്രീകള്‍ ഇപ്പോള്‍ ധാരാളം ഉണ്ട്. എന്നാല്‍ ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഇന്ത്യയില്‍തന്നെ ഏറ്റവും കുറഞ്ഞ സമൂഹങ്ങളില്‍ ഒന്ന് കേരളം തന്നെയാണ്. നമ്മുടെ വിദ്യാഭ്യാസത്തിനുതന്നെ പോരായ്മകള്‍ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
വിദ്യാഭ്യാസം ബിരുദസമ്പാദന പരിപാടിക്കപ്പുറം അല്ലെങ്കില്‍, സ്‌കില്‍ ഡവലപ്‌മെന്റിന് അപ്പുറം ഒരു social concern ആയി വികസിക്കുന്നതില്‍ വളരെ പരാജയപ്പെട്ട ഒരു സമൂഹമാണ്. അതുകൊണ്ട് അഭ്യസ്തവിദ്യര്‍ക്കുതന്നെ ഒരുതരം സാമൂഹ്യവിരുദ്ധമനസ്സ് വേണ്ടത്ര ശക്തമായിട്ടുണ്ട്. ഒഴിഞ്ഞ പറമ്പുകള്‍ എവിടെ കണ്ടാലും അവിടൊക്കെ ചവറുകള്‍ കൊണ്ടിടാം എന്ന് മലയാളി പൊതുവെ കരുതുന്ന കാര്യമാണ്. തൊണ്ണൂറു ശതമാനം മലയാളിയുടേയും മനോനിലയില്‍ ഉള്ള കാര്യമാണ് അത്. ഇതുതന്നെയാണ് നമ്മള്‍ ഒരു modern sensibility ഉള്ളവരല്ല എന്നതിന്റെ തെളിവ്. കാരണം മറ്റുള്ളവരും, നമ്മളെപ്പോലെ തുല്യരാണെന്ന് കരുതാന്‍ കഴിയാത്തിടത്തോളം കാലം നമ്മള്‍ ഒരു ആധുനിക ജീവി എന്ന് പറയുന്നതില്‍ വലിയൊരു പ്രശ്‌നമുണ്ട്. ആധുനികം എന്നു പറയുന്നതിന്റെ കാതലായ ഒരു മൂല്യം സാഹോദര്യം (Fraternity) എന്നു പറയുന്ന ആശയമാണ്. സാഹോദര്യമെന്നത് വളരെ പ്രധാനമാണ്. ആ ഒരു മൂല്യമൊക്കെ നമ്മുടെ വിദ്യാഭ്യാസത്തിലുണ്ടോ എന്നത് സംശയമാണ്.
പിന്നെ മറ്റൊന്ന് ജാതിയാണ്. കേരളത്തില്‍ ജാതിക്ക് നല്ല വേരുണ്ട്. പക്ഷേ, കേരളീയര്‍ അത് മറച്ചുവയ്ക്കും. റോഡിലാരും ജാതിയൊന്നും കാണിക്കില്ല. പക്ഷേ അവരവരുടെ സ്വകാര്യ ഇടങ്ങളില്‍ ആകാവുന്നത്ര ജാതിചിന്തകള്‍ ഉണ്ട്. അത് ഒരര്‍ത്ഥത്തില്‍ പുറമേ കാണുന്ന ജാതിയേക്കാള്‍ അപകടമാണ് പുറമേ കാണിക്കാത്ത ജാതി. അതു കേരളത്തില്‍ ശക്തമായി ഉണ്ട്. ഉത്തരേന്ത്യയില്‍ ജാതി ഉണ്ട്. അത് എല്ലാവരും പറയുകയും ചെയ്യും. ഇവിടെ ജാതി ആളുകള്‍ കൊണ്ടുനടക്കും. പക്ഷേ, ജാതിയുണ്ടെന്ന് പറയുകയില്ല. ആ സ്ഥിതിയിലുണ്ടായ വഴിത്തിരിവാണ് ശബരിമല. കേരളത്തില്‍ മറച്ചുവയ്ക്കപ്പെട്ടിരുന്ന കുറേ ഘടകങ്ങളുണ്ടല്ലോ അത് പുറത്തുവന്നു. പലരും വിഭജനം ഉണ്ടാക്കി harmony തകര്‍ന്നു എന്നൊക്കെ വിമര്‍ശിക്കുന്നുണ്ട്. ഞാന്‍ കരുതുന്നത് social harmony അല്ല തകര്‍ന്നത് എന്നാണ്. കൃത്രിമമായി നടിച്ചിരുന്ന തട്ടിപ്പാണ് പുറത്തുവന്നത്. അതിന്റെ കുറെ അസ്വാസ്ഥ്യങ്ങളൊക്കെ ഉണ്ടായി. ശബരിമല വിഷയത്തില്‍പോലും ജാതിബോധം വളരെയധികം പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ശബരിമല വിഷയം വെറുമൊരു വിശ്വാസം മാത്രമൊന്നുമല്ല. അങ്ങനെ നോക്കിയാല്‍ ആധുനിക സമൂഹമെന്ന നിലയില്‍ നമ്മള്‍ നേടിയ വിജയങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഒരുപാട് ഘടകങ്ങളുണ്ട്. കഴിഞ്ഞ 10-30 വര്‍ഷത്തിനിടയില്‍ നമ്മുടെ പൊതുസംവാദങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും കാര്യമായി വന്നിട്ടില്ല. രാഷ്ട്രീയപാര്‍ട്ടികളൊന്നും അത് ഏറ്റെടുത്തിട്ടില്ല. ശബരിമല വിഷയം കത്തിയപ്പോള്‍ പലരും ഏറ്റെടുക്കാന്‍ തയ്യാറായി എന്നല്ലാതെ ബോധപൂര്‍വ്വമായി ഈ പ്രശ്‌നങ്ങളെ ഏറ്റെടുക്കാനുള്ള ശ്രമമൊന്നും ഉണ്ടായിട്ടില്ല. ഉദാഹരണമായി സ്ത്രീപ്രശ്‌നം ഫെമിനിസ്റ്റുകള്‍ കാലങ്ങളായി പറയുന്നുണ്ട്. ആ ഫെമിനിസ്റ്റുകളെയെല്ലാം നിരന്തരമായി ചീത്തവിളിച്ചുകൊണ്ടിരുന്നു എന്നല്ലാതെ ആ പ്രശ്‌നത്തെ അഡ്രസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ കുറച്ച് മാറ്റം അതില്‍ വന്നിട്ടുണ്ട്. ജാതിപ്രശ്‌നം തന്നെ ദലിത് സംഘടനകള്‍ കാലങ്ങളായി പറയുന്നുണ്ട്.
കേരളീയ സമൂഹത്തിന്റെ മതമൂല്യങ്ങള്‍, ആധ്യാത്മികത എന്നു പറയുന്നത് അടിസ്ഥാനപരമായി ആചാരമല്ലേ? അല്ലാതെ അതിന്റെ ധാര്‍മിക മൂല്യ (ethical core) ങ്ങളിലേക്ക് ആധ്യാത്മികത എത്തുന്നില്ല. ആചാരാനുഷ്ഠാനം ഇവിടെ വളരെ പ്രധാനമാണ്. അതാണ് ദൈവമെന്ന് തെറ്റിദ്ധരിക്കാം. അല്ലാതെ അനുഭവതലത്തില്‍ ദൈവമുണ്ടോ ഇല്ലയോ എന്നൊന്നും പറയാന്‍ പറ്റില്ല. ആ നിലയിലാണ് വിദ്യാഭ്യാസത്തിലും സംഭവിച്ചത്. അടിസ്ഥാന മൂല്യങ്ങളിലേക്കൊന്നും വിദ്യാഭ്യാസം എത്തുന്നില്ല. നിങ്ങള്‍ ഒരു പണി പഠിക്കുന്നു. എന്നിട്ട് നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കി ജീവിക്കുന്നു. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, നിങ്ങളുടെ കാര്യം നോക്കി ജീവിക്കുന്നു. അതില്‍ മാറ്റം വരുത്തുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതില്‍ മാറ്റം വരുത്താല്‍ രാഷ്ട്രീയത്തിനു പോലും കഴിഞ്ഞിട്ടില്ല. ഉയര്‍ന്ന നിലയില്‍ ഉള്ള പൊളിറ്റിക്‌സ് ആയാലും ഉയര്‍ന്ന തലത്തിലുള്ള spirituality ആയാലും, ഔന്ന്യത്തത്തിലുള്ള സാഹിത്യമായാലും അതൊക്കെ ചെന്നെത്തുന്ന ഒരു പോയിന്റ് ആയിട്ടാണ് ഞാന്‍ നീതിയെ കാണുന്നത്. അതുകൊണ്ട് മതബോധമില്ലെങ്കിലും ആത്മീയതയിലേക്ക് നീങ്ങുന്നതില്‍ ഒരു പ്രശ്‌നവുമില്ല. ഈ നീതിയിലേക്ക് എത്തിയാല്‍ മതി. അവിടെ എത്തുമ്പോള്‍ നമുക്ക് തമ്മില്‍ വലിയ പ്രശ്‌നങ്ങളൊന്നുമില്ല. ആ പോയിന്റില്‍ എത്തുകയാണെങ്കില്‍ ആര്‍ക്കിടയിലും യാതൊരു പ്രശ്‌നങ്ങളും ഉണ്ടാകില്ല. ആ പോയിന്റിനെ എല്ലാവരും നഷ്ടപ്പെടുത്തുകയാണ്. പൊളിറ്റിക്കല്‍ പാര്‍ട്ടികളെ സംബന്ധിച്ചാണെങ്കിലും, അടുത്ത തിരഞ്ഞെടുപ്പില്‍ വിജയം എന്നല്ലാതെ ഒരു larger concern എന്നു പറയുന്നത് പരിമിതമാണ്. അത് മതത്തില്‍ കുറയുന്നു, വിദ്യാഭ്യാസത്തില്‍ കുറയുന്നു. അങ്ങനെ കുറയുന്തോറും പൊള്ളയായ ഏര്‍പ്പാടായി ഇത് മാറിക്കൊണ്ടിരിക്കും. ആ പൊള്ളത്തരം കൂടിക്കൂടിവന്നതാണ് നമ്മള്‍ കേരളത്തില്‍ ഈയിടെ കണ്ടത്. അതില്‍ വിചിത്രമായി തോന്നിയത്, ഇതില്‍ ഇറങ്ങിയ ആളുകളൊക്കെ വലിയ വിദ്യാഭ്യാസമുള്ള ആളുകളാണ്. പണ്ഡിതന്മാരും ഉദ്യോഗസ്ഥരുമാണ്. വിവരമില്ലാത്ത ഒരാള്‍ അന്ധവിശ്വാസത്തിന് അടിപ്പെടുന്നത് നമുക്ക് മറ്റൊരു തരത്തില്‍ മനസിലാക്കാന്‍ കഴിയും. മറിച്ച് ബിരുദങ്ങളൊക്കെ നേടിയിട്ട് ആര്‍ത്തവത്തെ ഇങ്ങനെയൊരു ഹീനകൃത്യമാക്കി മാറ്റി മനുഷ്യരെ അയിത്തംപോലെ പുറത്താക്കുകയാണ്. ഇത് തിരിച്ചറിയാന്‍ നമ്മുടെ സമൂഹത്തിന് കഴിയുന്നില്ലെങ്കില്‍ നമുക്ക് വലിയൊരു പിഴവ് പറ്റിയിട്ടുണ്ടെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.
കേരളത്തിന്റെ പരിസ്ഥിതി ബോധത്തില്‍ കാതലായ മാറ്റം ഇനിയും ഉണ്ടാകേണ്ടതല്ലേ? ആത്മവിമര്‍ശനാത്മകമായ ചിന്തകളും സമീപനങ്ങളും ഇല്ലാതാകുന്നില്ലേ ?
ഇതുപോലെതന്നെയാണ് പരിസ്ഥിതി വിഷയവും. Environmental issue ല്‍ കേരളത്തില്‍ ചില തട്ടിപ്പ് ഉണ്ട്. മിഡില്‍ ക്ലാസ്സിലുള്ളവര്‍ അവരവരുടെ വീടും പരിസരവും മാത്രം എന്ന നിലയില്‍ environmentalism ത്തെ കാണുന്നുണ്ട്. Environmentalism ത്തിനു വലുപ്പത്തിന്റെ തലം ഉണ്ട്. അത് നമ്മുടെ ഉപഭോഗവുമായി ബന്ധപ്പെട്ടതാണ്. ഒരാള്‍ക്ക് എത്ര സ്‌ക്വയര്‍ഫീറ്റ് വീട് വേണം എന്നതു മുതലുള്ള ചോദ്യങ്ങള്‍ ഉണ്ട്. മൂന്നാള്‍ക്ക് താമസിക്കാന്‍ 3000 സ്‌ക്വയര്‍ഫീറ്റ് ഉണ്ടാക്കിയിട്ട് പിന്നെ പരിസ്ഥിതി എന്നു പറയുന്നതില്‍ കാര്യമില്ല. നമ്മള്‍ ഈ നാട്ടില്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം ഇതാണ്. അത് കേരളത്തിലെ പരിസ്ഥിതിബോധത്തിന്റെ ഒരു കാപട്യമാണ്. അതിന്റെ കാമ്പില്‍ (core) തൊടില്ല. നിങ്ങള്‍ എത്ര ഉപഭോഗം ചെയ്തു? നിങ്ങളുടെ ആവശ്യവും ജീവിതവുമായി എന്താണ് ബന്ധം? എന്നു ചോദിച്ചാല്‍ ഇതിന്റെ ഉള്ളില്‍ എത്താന്‍ പറ്റും. അതാണ് ഇതിന്റെ രാഷ്ട്രീയം. അതില്‍ തൊടാതെയാണ് പലപ്പോഴും നമ്മുടെ മധ്യ വര്‍ഗ്ഗ, ഉപരി വര്‍ഗ്ഗ, പരിസ്ഥിതി ചിന്ത. വെയിസ്റ്റ് സെഗ്രഗേറ്റ് ചെയ്യുന്നതില്‍ ഒക്കെ മാത്രമേ അതു ഒതുങ്ങുന്നുള്ളൂ. അത് വളരെ സൗകര്യപ്രദമാണ്. അതുചെയ്യുന്നത് തെറ്റാണെന്നൊന്നും ഞാന്‍ പറയുന്നില്ല. അതല്ല യഥാര്‍ത്ഥത്തില്‍ ഇതിലെ വിഷയം. ഉദാ: നമുക്ക് എത്ര കാര്‍ വേണം എന്ന ചോദ്യം ചോദിച്ചേ പറ്റൂ. അല്ലെങ്കില്‍ നമ്മള്‍ എങ്ങനെ സഞ്ചരിക്കണം. പൊതുഗതാഗതം ഉപയോഗിക്കണമോ? ഒരിക്കല്‍പോലും ബസില്‍ കയറാതെ, പരിസ്ഥിതി എന്നു പറഞ്ഞു നടക്കുന്നതില്‍ അപകടം ഉണ്ട്. നമ്മുടെ പല ആളുകളും അങ്ങനെയാണ്. അവര്‍ സ്വയം ഒരിക്കലും ബസില്‍ യാത്രചെയ്യില്ല. എ.സി. ഇല്ലാതെ ജീവിക്കില്ല. അതിനുശേഷം അവര്‍ പരിസ്ഥിതി എന്നു പറയുമ്പോള്‍ അവരുടെ ജീവിതവും ഈ വിഷയവും തമ്മില്‍ ഒരു വൈരുദ്ധ്യമുണ്ട്. ഈ വൈരുദ്ധ്യത്തെ നേരിടുക എന്നാണ് ഗാന്ധിയൊക്കെ ചെയ്ത ഏറ്റവും വലിയ കാര്യം. അവനവനോടുതന്നെ ഗാന്ധി ഇടയും. ലോകത്തോട് ഇടയുന്നതിനൊപ്പം അവനവനോടും ഇടയും. ഈ ഇടച്ചിലിനുള്ള ഒരു ആത്മവിമര്‍ശന (self reflectivity) ത്തിന്റെ ഒരു അംശം ഒരു സൊസൈറ്റി എന്ന നിലയില്‍ നമ്മള്‍ നിലനിര്‍ത്തണം.
ഇത്തരത്തില്‍ ആത്മവിമര്‍ശനാത്മകമായ രീതിയില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. ടിവി ചര്‍ച്ചകള്‍ പലപ്പോഴും വ്യര്‍ത്ഥമായിട്ടേ തോന്നിയിട്ടുള്ളൂ. നാലഞ്ച് ആളുകള്‍ വന്ന് പരസ്പരം വഴക്കുണ്ടാക്കുകയാണ്. ഒരു വാദം ഫലപ്രദമായി വികസിപ്പിക്കാന്‍ പറ്റില്ല. അവതാരകര്‍ക്ക് ഇഷ്ടപ്പെട്ട പൊസിഷന്‍ ആണെങ്കില്‍ അയാള്‍ അതിനെ സപ്പോര്‍ട്ട് ചെയ്യും. അല്ലെങ്കില്‍ അയാള്‍ അതു നിര്‍ത്താനുള്ള ശ്രമം നടത്തും. അല്ലാതെ ഒരു ആശയത്തെ, ശരിയോ തെറ്റോ ആയിക്കോട്ടെ, അതിനെ വികസിപ്പിക്കാന്‍ ശ്രമിക്കില്ല. ഇങ്ങനെ തര്‍ക്കിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ടെലിവിഷന്‍ ചര്‍ച്ചകള്‍ പത്തു വര്‍ഷമൊക്കെ തുടര്‍ച്ചയായി കേട്ട ഒരാള്‍ക്ക് ഈ തര്‍ക്കത്തിന്റെ യുക്തിയിലല്ലാതെ ഒരു ക്രിയാത്മക ഇടപെടല്‍ പലപ്പോഴും സാധ്യമാകില്ല. ഇങ്ങനെ തര്‍ക്കിച്ച് രസിക്കുക എന്നല്ലാതെ വേറെ ഗുണമില്ല. നമ്മുടെ പല പ്രധാന തര്‍ക്കികരെ നോക്കിയാല്‍ പലപ്പോഴും അവര്‍ വിഷയത്തിനുള്ളിലേക്ക് കടക്കുന്നതായി തോന്നിയിട്ടേ ഇല്ല. ഇത് വാസ്തവത്തില്‍ ഉണ്ടാക്കുന്ന അപകടം ഉണ്ട്. ഭൂരിപക്ഷത്തിന്റെ വീക്ഷണങ്ങളെയും അവബോധത്തെയുമൊക്കെ രൂപപ്പെടുത്തുന്നത് ഇമ്മാതിരി വാദങ്ങളാണ്. ഇത്തരം തര്‍ക്കങ്ങള്‍ കാണുമ്പോള്‍ ഭയങ്കര വിയോജിപ്പ് തോന്നാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ചര്‍ച്ചകളിലേക്ക് വിളിച്ചാല്‍ തര്‍ക്കിക്കാതെ സംസാരിക്കാന്‍ പറ്റുമെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ പോകൂ. അല്ലെങ്കില്‍ അപ്പുറത്ത് വന്നിരിക്കുന്ന ആരുടെയെങ്കിലും ഒരാളുടെ തര്‍ക്കങ്ങളോട് നമ്മള്‍ മറുപടി പറയേണ്ടിവരും. അത് വളരെ വിചിത്രമായ കാര്യമാണ്. പരസ്പര ബഹുമാനത്തോടെ സംസാരിക്കുകയൊന്നുമില്ല. സോഷ്യല്‍ മീഡിയയിലൊക്കെ നോക്കിക്കഴിഞ്ഞാല്‍ വളരെ ഹിംസാത്മകമാണ് കാര്യങ്ങള്‍. സോഷ്യല്‍മീഡിയ ഉണ്ടാക്കിയ ഒരപകടം എന്തെന്നാല്‍, ഒരു പോരായ്മ കണ്ടാല്‍ അയാളെ ഇല്ലാതാക്കുന്ന തരത്തിലുള്ള ആക്രമങ്ങളാണ് നടക്കുന്നത്. അത് ചെയ്തുകൂടാത്തതാണ്. കാരണം മനുഷ്യാവസ്ഥയില്‍ എല്ലാ മനുഷ്യര്‍ക്കും ഏറിയും കുറഞ്ഞും പിഴവുകള്‍ ഉണ്ടാകാം. അതിനെ മറികടന്നുകൂടി പോകാന്‍ പറ്റണമല്ലോ. ഒരാള്‍, ഒരു പിഴവില്‍ അവസാനിച്ചു പോകരുതല്ലോ. ഇപ്പോള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ അതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ പിഴവാണ് അയാള്‍ എന്നു പറഞ്ഞ് അവസാനിപ്പിക്കുകയാണ് പതിവ്. അത് നന്നല്ല.
ഞാന്‍ ഗുരുവിനെ കുറിച്ച് സംസാരിക്കുമ്പോള്‍ എനിക്ക് എപ്പോഴും തോന്നിയിട്ടുള്ള കാര്യം ശ്രീനാരായണ ഗുരു ആത്മീയതയെ കാണുന്നത് വിശാല അര്‍ത്ഥ (larger sense) ത്തിലാണ്. അപരനെക്കുറിച്ചുള്ള പരിഗണന അതിലുണ്ട്. അതുകൊണ്ടാണ് ആ ആത്മീയതയ്ക്ക് ആധുനികമായ സാമൂഹ്യമാനം വരുന്നത്. ആ ഒരു പരിഗണന നമ്മുടെ വിദ്യാഭ്യാസത്തിനോ മതപരമായ ചിന്തയിലോ രാഷ്ട്രീയത്തിലോ കാര്യമായി ഇല്ല. അതില്ലെങ്കില്‍ പിന്നെ നീതിയില്ല. നീതി എന്നു പറയുന്നതിന്റെ വിശാലമായ അര്‍ത്ഥം എന്താണെന്നുവച്ചാല്‍ മറ്റുള്ളവരോടുള്ള പരിഗണന എന്നതാണ്. എന്താണ് കേരളത്തിനു തിരിച്ചുകിട്ടേണ്ടതെന്നു ചോദിച്ചാല്‍ എനിക്കു തോന്നുന്നത് ഈ ഒരു പോയിന്റ് ആണ്. അതിനെ വിപുലമാക്കാന്‍ പറ്റണം. വിദ്യാഭ്യാസത്തെയൊക്കെ ഈയൊരു അവബോധത്തില്‍ ക്രമപ്പെടുത്തേണ്ടതുണ്ട്. വിദ്യാഭ്യാസത്തെ വിമര്‍ശനാത്മക ബോധത്തില്‍ ഉള്‍പ്പെടുത്താനുള്ള ഒരു ശ്രമവും ഇന്നില്ല. കുറേ അറിവുകള്‍ ശേഖരിച്ച് അതിന്റെ ഒരു പണ്ഡിതനായി നടക്കുക. എല്ലാവരും പണ്ഡിതന്മാരാണെന്ന ഭാവമാണ്.
വിപണിയെ എങ്ങനെയാണ് സംസ്‌കാരവുമായി ഇന്ന് ബന്ധപ്പെടുത്തുന്നത് ?
മാര്‍ക്കറ്റിനു പോസിറ്റീവ് ആയ ഒരു തലം ഉണ്ട്. അതേസമയം അത് പോസിറ്റീവ് മാത്രമൊന്നുമല്ല. എല്ലാവരും എത്തുന്ന ഒരു ചന്തയുണ്ടാകുമ്പോഴാണ് ഒരു സെക്കുലര്‍ സ്‌പേസ് ഉണ്ടാകുന്നത്. മോഡേണിറ്റി കൊണ്ടുവന്ന വലിയ മാറ്റങ്ങളില്‍ ഒന്നാണ്. എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന ഒരു ചിത്രമുണ്ടായത് മാര്‍ക്കറ്റ് വന്നശേഷമാണ്. അല്ലെങ്കില്‍ അമ്പലച്ചുമരിലോ കൊട്ടാരത്തിലോ ആയിരുന്നു ചിത്രം. മറിച്ച് കാന്‍വാസില്‍ വരയ്ക്കുന്നത് വില്‍ക്കാന്‍ വയ്ക്കുന്നു, പ്രിന്റ് വരുന്നു എല്ലാവരും വാങ്ങുന്നു. അങ്ങനൊരു തലം അതിലുണ്ട്. പക്ഷേ, ഇപ്പോള്‍ ഇത് മനുഷ്യാവസ്ഥയെ വിഴുങ്ങുന്ന നിലയില്‍ ആയി. നമ്മുടെ ആവശ്യവും ഉല്പാദനവുമായി വലിയ ബന്ധമൊന്നുമില്ല. ആവശ്യമുള്ള സാധനങ്ങളല്ലല്ലോ പലതും ഉത്പാദിപ്പിക്കപ്പെടുന്നത്. ഞാനാരാണ്? ഞാന്‍ കൊണ്ടുനടക്കുന്ന സാധനങ്ങളുടെ ബ്രാന്റും അതിന്റെ വിലയുമൊക്കെ ചേര്‍ന്നിട്ടാണ് ഞാനാവുക. എന്റെ വാച്ച്, എന്റെ കണ്ണട തുടങ്ങിയവയാണ് എന്റെ ഐഡന്റിറ്റി. ഇതു മനുഷ്യാവസ്ഥയെ വസ്തുവല്‍ക്കരിക്കുന്നതിന്റെ maximum ആണ്. ധരിക്കുന്ന ഷര്‍ട്ടല്ല ഞാന്‍. ഷര്‍ട്ട് ഇടുന്ന ഞാനാണ്. പണ്ട് മാര്‍ക്‌സ് പറഞ്ഞപോലെ ഉപയോഗപ്രദമായ സാധനങ്ങള്‍ പെരുകിപ്പെരുകി വന്നപ്പോള്‍ മനുഷ്യന്‍ ഏറ്റവും ഉപയോഗം കുറഞ്ഞ വസ്തുവായി മാറി. ഇപ്പോള്‍ ആ നിലയിലായി കാര്യങ്ങള്‍. നമ്മള്‍ എന്താണെന്നു ചോദിച്ചാല്‍ ഒന്നുമല്ലാതായി. എല്ലാം ചെയ്യാന്‍ പലതരം യന്ത്രങ്ങള്‍, സാമഗ്രികള്‍, വസ്തുക്കളൊക്കെയായി. പിന്നെ നമ്മള്‍ എന്താണെന്ന് ചോദ്യത്തിലേക്ക് എത്തുന്നു. നാഗരിക മാറ്റം (civilization) എന്ന് വിളിക്കാവുന്ന ഒരു ഘട്ടമെത്തിക്കഴിഞ്ഞു. Artificial Intelligence നിലവില്‍ വന്നു. ഇത് ഒരര്‍ത്ഥത്തില്‍ ഹോമോസാപ്പിയന്‍സ് അവസാനിക്കുന്നുവെന്ന് പറയേണ്ട ഘട്ടത്തിലായി. പോസ്റ്റ് ഹ്യൂമന്‍സ് എന്ന ഘട്ടത്തിലേക്കു കടക്കുന്നു.
കലാബോധം നീതിബോധത്തിന്റെയും ആത്മീയതയുടെയും ഒക്കെ ഭാഗമായി കണക്കാക്കാന്‍ പറ്റുമോ ? ലാവണ്യബോധത്തിന്റെ ഒരു ശൂന്യത കേരളസമൂഹത്തിനില്ലേ ?
ഞാന്‍ കലയില്‍ കാണുന്ന ഏറ്റവും വലിയ സാധ്യത എന്താണെന്നുവച്ചാല്‍ നമ്മള്‍ അല്ലാത്ത ഒന്നുമായി നമ്മളെ ചേര്‍ത്തുനിര്‍ത്തുന്നു കല. നോവല്‍ വായിക്കുമ്പോള്‍ ഏറ്റവും വിശാല അര്‍ത്ഥത്തില്‍ അനുഭവത്തിന്റെ വേറൊരു മണ്ഡലത്തിലേക്ക് നമ്മള്‍ കടക്കുന്നു. നമ്മളൊക്കെ വ്യക്തികളെന്ന നിലയ്ക്ക് സ്ഥലകാലങ്ങളില്‍ പരിമിതമായിട്ടേ ജീവിക്കാന്‍ പറ്റൂ. ഏതെങ്കിലുമൊരു കാലത്ത് ഏതെങ്കിലുമൊരു ദേശത്ത് ജീവിക്കുക എന്നല്ലാതെ അതിനപ്പുറം സാധ്യമല്ല. നമ്മള്‍ സ്ഥല-കാലങ്ങളില്‍ പരിമിതിയിലാണ് (confined). ഈ പരിധിയെ മറികടക്കുവാനുള്ള ഒരു സാധ്യത കലയാണ്. അത് വേറൊരാളുടെ അനുഭവമാണ്. വേറൊരു കാലമാണ്. ഇതിലേക്ക് നമുക്ക് സഞ്ചരിക്കാന്‍ പറ്റും. അതൊരു സാധ്യതയാണ്. നമ്മെ ബ്രേക്ക് ചെയ്യാനുള്ള സാധ്യത. ഇതാണ് കലയില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ മൂല്യം, നമ്മളില്‍ നിന്നുള്ള നമ്മുടെ മോചനം. നമ്മള്‍ എന്ന അതിര്‍ത്തിയില്‍ നിന്ന് നമ്മുടെ അനുഭവത്തില്‍ നിന്ന് അപരത്വത്തിലേക്ക് നമുക്കൊരു വഴികിട്ടുന്നത് കലയിലാണ്. കലയുടെ ആത്മീയത എന്നത് ഈ ഒരു തലമാണ്. അവിടെ ഒരു നീതിയുടെ അംശമുണ്ട്. നിങ്ങളല്ലാത്തതുമായി നിങ്ങള്‍ എന്‍ഗേജ് ചെയ്യേണ്ടിവരുന്നു. അതുകൊണ്ട് കല സമൂഹത്തെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. അത് ഒരു സ്വയമാനന്ദിക്കലല്ല. താനല്ലാത്തവരിലേക്കുള്ള ഒരു തുറസ്സാണ് കല. ഇപ്പോള്‍ നമ്മുടെ കലയില്‍ സംഭവിക്കുന്നത്, ആ ഘടകം ദുര്‍ബലമാകുകയും നമ്മുടെ ആനന്ദമാണ് കല എന്ന നിലയില്‍ ആകുകയും ചെയ്യുന്നു. പോപ്പുലിസ്റ്റ് ആര്‍ട്ടിന് അടിസ്ഥാനപരമായ ഒരു പരിമിതി എന്ന് എനിക്ക് തോന്നിയിട്ടുള്ളത് താനല്ലാത്തതിലേക്ക് തുറക്കുന്നതിനു പകരം അത് തന്നിലേക്ക് കൂടുതല്‍ കേന്ദ്രീകരിച്ച് തന്റെ ഒരു ആനന്ദത്തില്‍ അത് വല്ലാതെ പ്രകടമാകുന്നു. അത് തെറ്റാണെന്നല്ല. കലയില്‍ ആ ഒരു അംശമുണ്ടാകും. എനിക്കും കൂടി രസിക്കാന്‍ കഴിയണം. പക്ഷേ, അത് എന്നില്‍നിന്ന് മോചിപ്പിക്കുകയും വേണം. എനിക്ക് മാത്രം രസിക്കുക, എന്റെ രസം മാത്രമാകുക എന്നു പറയുമ്പോള്‍ കലയുടെ വിസ്തൃതമായ മൂല്യം കുറയും.
മറ്റൊരു തരത്തില്‍ കേരളത്തിന്റെ കലയുടെ അന്തരീക്ഷത്തിനു ഉണ്ടായിരുന്ന ഒരു പരിമിതി എന്നു പറയുന്നതില്‍ ഒന്ന് വളരെ സാഹിത്യകേന്ദ്രിതമായിരുന്നു. അതു മാറുകയും ഇപ്പോള്‍ ചിത്രകല, നാടകം, സംഗീതം, നൃത്തം, സിനിമ ഇവയെല്ലാം ഒരു പത്തിരുപതു വര്‍ഷത്തിനിടയില്‍ കേന്ദ്രത്തിലേക്കുയര്‍ന്നു വന്നിട്ടുണ്ട്. അത് പോസിറ്റീവ് ആയി കാണുന്ന ഒരാളാണ് ഞാന്‍. ബിനാലെയൊക്കെ അതിന്റെ നല്ല ഒരു ആവിഷ്‌ക്കാരമാണ്. ചെല്ലുന്ന എല്ലാവരും ബിനാലെയുടെ ലോകത്താണോ എന്നു ചോദിച്ചാല്‍ ആവണമെന്നില്ല. ഇത്രയും ആളുകള്‍ ചിത്രം കാണാന്‍ വരുന്നു. ഇങ്ങനെ കാണുന്നുവെന്നത് പോസിറ്റീവ് ആയി എടുക്കേണ്ടതാണെന്നാണ് എന്റെ ഒരു തോന്നല്‍. മറ്റൊന്ന് വളരെ ചുരുക്കമായ ഒരു ഗ്രൂപ്പിനു മാത്രമേ കല പ്രാപ്യമായിരുന്നുള്ളൂ. അതില്‍ നിന്ന് ഒരു മാറ്റം വന്നു.