കൃഷിയും, കൃഷിക്കാരും വിപണിയുടെ കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ – പി.സി. സിറിയക്

കൃഷിയും, കൃഷിക്കാരും വിപണിയുടെ കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ – പി.സി. സിറിയക്

2018 മാര്‍ച്ച് മാസം 3-ാം തീയതി മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ നിന്നുള്ള പാവപ്പെട്ട കര്‍ഷകര്‍ 40,000 പേര്‍ മുംബൈ മഹാനഗരം നോക്കി മാര്‍ച്ച് ചെയ്യുന്നു. കഠിനപ്രയത്‌നം ചെയ്ത് കൃഷിചെയ്‌തെടുത്ത ഉല്പന്നങ്ങള്‍ക്കൊന്നും ന്യായവില കിട്ടാതെ, അത്യാവശ്യ ജീവിതച്ചെലവുകള്‍ക്കായി അത് മുഴുവന്‍ വ്യാപാരി പറഞ്ഞ വിലയ്ക്ക് വിറ്റ്, വിപണിയുടെ കെണിയില്‍പെട്ട് വിവശരായവര്‍ അവരെല്ലാവരും.


2018 നവംബര്‍ 30ന് അതുപോലെ തന്നെയുള്ള മറ്റൊരു മനുഷ്യക്കടല്‍, ന്യായമായ ആവശ്യങ്ങള്‍ – ഉല്പന്നങ്ങള്‍ക്ക് ന്യായവില, മധ്യവര്‍ത്തികളുടെ ചൂഷണത്തില്‍ നിന്നും മോചനം – മാത്രം ഉന്നയിച്ചുകൊണ്ട് ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്ഥാന നഗരമായ ദില്ലിയിലെ പാര്‍ലമെന്റ് സ്ട്രീറ്റിലൂടെ മുന്നേറുന്ന ഉത്തരേന്ത്യന്‍ കര്‍ഷകര്‍.


ഇന്ത്യയിലെങ്ങുമുള്ള കര്‍ഷകസമൂഹത്തിന്റെ വിലാപയാത്രകളായിരുന്നു, അവ രണ്ടും. 1991 മുതല്‍ നാം നടപ്പാക്കിവരുന്ന ഉദാരവല്‍ക്കരണനയങ്ങളുടെ ഭാരം പേറേണ്ടിവന്ന ഹതഭാഗ്യരായിരുന്നു അവര്‍. കാര്‍ഷിക ഉല്പാദനം വര്‍ധിക്കുമ്പോള്‍, വ്യവസായ തൊഴില്‍ മേഖലകള്‍ വികസിക്കുമെന്നും, ജനങ്ങളുടെ ക്രയശേഷി ഉയരുമെന്നും, അപ്പോള്‍ ഉല്പന്നങ്ങള്‍ക്കെല്ലാം നല്ല ‘ഡിമാന്റ്’ ഉണ്ടാകുമെന്നും, അങ്ങനെ കര്‍ഷകന് വിപണിശക്തികള്‍തന്നെ ന്യായവില ഉറപ്പിക്കുമെന്നുമായിരുന്നു, സര്‍ക്കാര്‍ കര്‍ഷകരെ വിശ്വസിപ്പിച്ചിരുന്നത്. പക്ഷേ, കഠിനാദ്ധ്വാനം ചെയ്തും, കടമെടുത്തും കൃഷിചെയ്തവര്‍, ഉല്പന്നവുമായി വിപണിയിലെത്തിയപ്പോള്‍, അവിടെ ഉല്പന്നം കുന്നുകൂടുന്നു. വ്യാപാരികള്‍ വിലയിടിക്കുന്നു. പണത്തിന് അത്യാവശ്യമുള്ള നിസ്സഹായരായ കര്‍ഷകര്‍ ചൂഷണത്തിനിരയാകുന്നു. നമ്മുടെ ജനസംഖ്യയുടെ പകുതിയോളം പേര്‍ പണിയെടുക്കുന്ന കാര്‍ഷികമേഖലയുടെ ഉല്പന്നം, ഇന്ത്യയുടെ ദേശീയ ഉല്പാദനത്തിന്റെ (ജി.ഡി.പി) വെറും 15 ശതമാനം മാത്രമായി മതിപ്പിടപ്പെടുന്നതിന് മറ്റു കാരണമൊന്നുമില്ല.


ഉടനെ ഒന്നും സംഭവിച്ചില്ലെങ്കിലും, വിപണിയെ ആശ്രയിച്ച് കര്‍ഷകന് നീതി ലഭ്യമാക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കാന്‍ ഈ മഹാറാലികള്‍ രണ്ടും കേന്ദ്ര സര്‍ക്കാരിന് അവസരം ഒരുക്കി. പ്രശ്‌നത്തിന് പരിഹാരം കാണുക എന്ന വെല്ലുവിളി ഏറ്റെടുക്കാതെ ഒളിച്ചോടാന്‍ ഇനി നമ്മുടെ സര്‍ക്കാരുകള്‍ക്ക് കഴിയുമെന്നു തോന്നുന്നില്ല. ഇതിന് തെളിവാണ്, ഈയിടെ ഇടക്കാല ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് ഹെക്ടറില്‍ താഴെമാത്രം ഭൂമിയുള്ള കര്‍ഷകര്‍ക്കെല്ലാം 6000 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം കര്‍ഷകപ്രശ്‌നത്തിന് ഒരു പരിഹാരമേയല്ല, എന്ന് പറയുന്നതോടൊപ്പം, പ്രശ്‌നം പരിഹരിക്കാനുള്ള ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനാഗ്രഹിക്കുന്നു.


1951-ല്‍ ഇന്ത്യയില്‍, ജനസംഖ്യയുടെ 80 ശതമാനവും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നെങ്കില്‍ അത് 1991-ല്‍ 63.60 ശതമാനമായി കുറഞ്ഞു. 2018-ല്‍ 42.70 ശതമാനം മാത്രമായിരുന്നു, കൃഷിക്കാരുടെ എണ്ണം. കൃഷി, മീന്‍പിടുത്തം എന്നീ മേഖലകള്‍ മൊത്തമായി 1951-ല്‍ ഉല്പാദിപ്പിച്ചത് മൊത്തം ജി.ഡി.പിയുടെ 51 ശതമാനമായിരുന്നെങ്കില്‍, 1991-ല്‍ അത് 27 ശതമാനവും, 2018-ല്‍ 15 ശതമാനവുമായി കുറയുകയായിരുന്നു. അതേസമയം, കാര്‍ഷിക ഉല്പാദനത്തിന്റെ കണക്കുമാത്രം പരിശോധിച്ചാല്‍ വന്‍ കുതിപ്പ് ഉണ്ടാക്കാന്‍ നമ്മുടെ കര്‍ഷകര്‍ക്കു കഴിഞ്ഞു എന്ന് ബോധ്യമാകും. ഉദാഹരണത്തിന്, 1950-ല്‍ രാജ്യത്തിലെ ഭക്ഷ്യധാന്യ ഉല്പാദനം 35 മില്യന്‍ ടണ്‍ മാത്രമായിരുന്നത്, 2018-ല്‍ 310 മില്യന്‍ ടണ്‍ ആയി ഉയര്‍ന്നു. ജനസംഖ്യയുടെ വര്‍ധനവ് നാലുമടങ്ങ്; ഭക്ഷ്യധാന്യ ഉല്പാദനം വര്‍ധിച്ചത് എട്ടു മടങ്ങ്. രാജ്യത്തിന് ഭക്ഷ്യസ്വയംപര്യാപ്തത നേടാനും, ധാന്യങ്ങളുടെ കയറ്റുമതികേന്ദ്രമാകാനും കഴിഞ്ഞു. പക്ഷേ, ഈ നേട്ടം നേടിത്തന്ന കര്‍ഷകന് കിട്ടിയത് കണ്ണീര്‍ മാത്രം. 


ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ മറ്റൊരു വൈരുദ്ധ്യമാണ്, പണപ്പെരുപ്പത്തിന്റെ കണക്കെടുക്കുമ്പോള്‍ കാര്‍ഷികമേഖലയോട് കാണിക്കുന്ന ചിറ്റമ്മനയം. കര്‍ഷകന് ഉല്പന്നങ്ങള്‍ക്ക് കൃഷിച്ചെലവും, 50 ശതമാനം കൂടുതലും ന്യായവിലയായി നല്‍കുമെന്നു പറയുന്ന സര്‍ക്കാരിന്, അതേസമയം നഗരവാസികളും അല്ലാത്തവരുമായ ഉപഭോക്താക്കള്‍ ഭക്ഷ്യധാന്യങ്ങളും മറ്റും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള ചുമതലയുണ്ട്. ഭരണകേന്ദ്രങ്ങളോട് സാമീപ്യം പുലര്‍ത്തി അവിടെ സമ്മര്‍ദ്ദം ചെലുത്തുന്ന കൂട്ടരെ പ്രീണിപ്പിക്കുവാന്‍ സര്‍ക്കാര്‍ പാടുപെടുന്നതിലും അതിശയിക്കാനില്ല.


ഉപഭോക്തൃ വിലസൂചിക (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ്) തയ്യാറാക്കുന്നിടത്തും കര്‍ഷകന് പ്രതികൂലമായ നിലപാടുകളാണ് സര്‍ക്കാര്‍ അവലംബിക്കുന്നത്. വിലസൂചികയുടെ 40 ശതമാനവും ഭക്ഷ്യധാന്യങ്ങളുടെയും മറ്റു ഭക്ഷ്യവിഭവങ്ങളുടെയും വിലനിലവാരത്തെ ആശ്രയിച്ചാണ് കണക്കാക്കുന്നത്. അപ്പോള്‍ വിലസൂചിക ഉയര്‍ന്നിട്ടില്ലെന്ന് കാണിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷ്യധാന്യങ്ങളുടെ വില കുറച്ച് കാട്ടാന്‍ പഴുതന്വേഷിക്കുന്നു. ഈ വിലസൂചികയുടെ ഏറ്റക്കുറച്ചിലനുസരിച്ചാണല്ലോ പണപ്പെരുപ്പത്തിന്റെ നിരക്ക് നിര്‍ണയിക്കുന്നതും, പ്രഖ്യാപിക്കുന്നതും.


സര്‍ക്കാരിന്റെ സാമ്പത്തികനയത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് പണപ്പെരുപ്പം നിയന്ത്രിച്ചുനിറുത്തുക എന്നതാണ്. ധനകാര്യ മന്ത്രാലയം, റിസര്‍വ് ബാങ്കുമായി ഉണ്ടാക്കുന്ന ഉടമ്പടിയനുസരിച്ച് പണപ്പെരുപ്പം ഒരു നിശ്ചിത അളവില്‍ നിയന്ത്രിച്ച് നിറുത്തേണ്ടത് റിസര്‍വ് ബാങ്കിന്റെ ഉത്തരവാദിത്ത്വമാണ്. ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരാണെങ്കില്‍ പണപ്പെരുപ്പം കുറഞ്ഞതോതില്‍ നിറുത്തിയിരിക്കുന്നത് വലിയ നേട്ടമായി കൊട്ടിഘോഷിക്കുകയും ചെയ്യുന്നു. അപ്പോള്‍ കാര്‍ഷികവിഭവങ്ങളുടെ വില നിയന്ത്രിച്ചു നിറുത്തേണ്ടത് റിസര്‍വ് ബാങ്കിന്റെ ഒരു സ്ഥാപിത താല്പര്യംപോലെയായിത്തീരുന്നു. വ്യവസായ ഉല്പന്നങ്ങള്‍, പെട്രോള്‍, ഡീസല്‍, ഉദ്യോഗസ്ഥരുടെയും, സംഘടിത തൊഴിലാളിവര്‍ഗത്തിന്റെയും ശമ്പളം, ക്ഷാമബത്ത ഇവയെല്ലാം കുറച്ചുകാട്ടാനോ, ഒളിച്ചുവയ്ക്കാനോ പറ്റാത്ത ഘടകങ്ങളാണ്, എന്നതും നാമോര്‍ക്കണം. ഈ സാഹചര്യം കാര്‍ഷികവരുമാനത്തെ ആശ്രയിച്ചുകഴിയുന്നവരുടെ ക്രയശേഷി കുറയുന്നതിന് ഇടയാക്കുന്നതായി കാണുന്നു. ചുരുക്കത്തില്‍, കാര്‍ഷിക ഉല്പന്നങ്ങളുടെ വില, ജീവിതച്ചെലവ് ഉയരുന്നതിനനുസരിച്ച് ഉയരുന്നതിനു പകരം, സ്ഥിരമായി നില്‍ക്കുകയാണ് പലപ്പോഴും. വിപണിയുടെ ‘ഇടപെടല്‍’ കൂടിയാകുമ്പോള്‍ ഈ വില കുറഞ്ഞുപോകുന്നതും കാണാറുണ്ട്.


കാര്‍ഷിക പ്രതിസന്ധിക്ക് മറ്റൊരു കാരണമാണ്, ഈയ്യിടെയായി നാം നേരിടുന്ന അസാധാരണമായ കാലാവസ്ഥാ പ്രതിഭാസങ്ങള്‍. കൊയ്ത്തിന് തയ്യാറാകുന്ന നെല്‍പ്പാടത്തും, പൂവിട്ടു കഴിഞ്ഞ കാപ്പിത്തോട്ടത്തിലും, മാന്തോട്ടത്തിലും അകാലത്തെത്തുന്ന ഘോരമഴ ഉല്പാദനത്തെ ബാധിക്കും. ഇടയ്ക്കിടയ്ക്കുണ്ടാകുന്ന അസാധാരണമായ കൊടുംചൂടും, അതിശൈത്യവും കര്‍ഷകനെ ആകുലചിത്തനാക്കുന്നു. നമ്മുടെ ഉപഭൂഖണ്ഡത്തില്‍ പല ഭാഗങ്ങളിലും ജലസമൃദ്ധി കൊണ്ടുവരുന്ന മണ്‍സൂണ്‍ കാറ്റിന്റെ അനിശ്ചിതത്വവും ചരിത്ര പ്രസിദ്ധമാണ്. ഇന്ത്യയില്‍ കൃഷിക്ക് ഉപയുക്തമായ ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗവും മഴകൊണ്ടുമാത്രം കൃഷി നടക്കുന്ന സ്ഥലങ്ങളാണ്.


നമ്മുടെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ പ്രതിസന്ധിയും, ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അസംതൃപ്തിയും നമ്മുടെ സമൂഹത്തിലേക്കു മുഴുവന്‍ ഒരു പകര്‍ച്ചവ്യാധിപോലെ കടന്നു ചെല്ലാതിരിക്കില്ല. മേഖലയിലെ പ്രതിസന്ധി, പരമ്പരാഗത കൃഷിക്കാരായിരുന്ന പല ജനവിഭാഗങ്ങളെയും മറ്റു മേഖലകളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നതും, അവിടെ മുന്നേറാന്‍ വേണ്ടി ഉദ്യോഗങ്ങളിലും, വിദ്യാലയങ്ങളിലും ‘റിസര്‍വേഷന്‍’ ആവശ്യപ്പെടുന്നതും അതിനുവേണ്ടി അവര്‍ സമരം ചെയ്യുന്നതും ഇന്ന് അസാധാരണമല്ല. ഉദാ: രാജസ്ഥാനില്‍ കൃഷികൊണ്ട് രക്ഷപെടാനാകില്ലെന്ന് കണ്ട് ഇപ്പോള്‍ ഉദ്യോഗത്തില്‍ സംവരണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുജ്ജര്‍ വിഭാഗക്കാര്‍. പക്ഷേ, കാര്‍ഷികമേഖലയിലെ അതിജീവന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി റിസര്‍വേഷനെയും മറ്റും കണക്കാക്കാന്‍ പറ്റില്ല, എന്നത് മറ്റൊരു കാര്യം. അതേസമയം, ഇന്ത്യയില്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും സമൂഹനീതി ഉറപ്പാക്കാനുള്ള നമ്മുടെ പരിശ്രമങ്ങള്‍ വിജയിക്കണമെങ്കില്‍ കാര്‍ഷിക വരുമാനം ഉയര്‍ത്തേണ്ടത് അത്യാവശ്യം. ഇന്ത്യയിലെ പിന്നോക്ക സമുദായങ്ങളില്‍ ഒരു വലിയ വിഭാഗം കൃഷിയെയും, അനുബന്ധ തൊഴിലുകളെയും ആശ്രയിച്ചു കഴിയുന്നവരാണെന്നും നാമോര്‍ക്കണം. നമ്മുടെ കാര്‍ഷിക പ്രതിസന്ധി പരിഹാരമില്ലാതെ നീണ്ടുപോകുന്നത്, കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്കു പുറമേ ഭാരതീയ സമൂഹത്തില്‍ ജാതിസ്പര്‍ദ്ധയും സംഘര്‍ഷവും കൂടി ഉണ്ടാക്കാന്‍ ഇടയാക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.


ശരിയാണ്; കാര്‍ഷിക പ്രതിസന്ധിക്ക് ഒട്ടും താമസിയാതെ പരിഹാരം കണ്ടേ മതിയാവൂ. ഇതിന് വിപണിശക്തികളെ മാത്രം ആശ്രയിക്കുന്നത് ഫലശൂന്യമായിരിക്കും എന്ന് തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു.


വിപണിയുടെ ഇടപെടല്‍കൊണ്ട് പ്രശ്‌നം തീരും എന്ന് ഇനിയും ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ക്കായി, ഇക്കൊല്ലം ഉള്ളി വിപണിയില്‍ സംഭവിച്ച കാര്യങ്ങളിതാ, ഇവിടെ വിവരിക്കട്ടെ:


വിപണി ഒരുക്കിയ നീതിയുടെ കഥയാണിത്. മഹാരാഷ്ട്രയില്‍ നാസിക് ജില്ലക്കാരനായ ഉള്ളി കര്‍ഷകന്‍, സഞ്ജയ് സാഥേ, ഈയിടെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1064 രൂപ സംഭാവന ചെയ്ത വാര്‍ത്ത നാം പത്രങ്ങളില്‍ വായിച്ചതാണ്. താന്‍ വില്‍ക്കാന്‍ കൊണ്ടുചെന്ന 750 കിലോഗ്രാം ഉള്ളി വിറ്റുകിട്ടിയ തുകയായിരുന്നു അത്. ഉള്ളിക്ക് ഉല്പാദനച്ചെലവ് കിലോയ്ക്ക് ആറു രൂപ; കിട്ടിയത് ഒരു രൂപ നാല്പതു പൈസ! ഏറ്റവുമധികം ഉള്ളി ഉല്പാദിപ്പിക്കുന്ന മറ്റു രണ്ടു സംസ്ഥാനങ്ങളാണ് കര്‍ണ്ണാടകയും, മധ്യപ്രദേശും. അവിടത്തെ സ്ഥിതിയും വ്യത്യസ്തമല്ല. മധ്യപ്രദേശിലെ നീമച്ച്മണ്ഡിയില്‍ കര്‍ഷകര്‍ക്ക് ഉള്ളി വിറ്റുകിട്ടിയത് കിലോഗ്രാമിന് വെറും അന്‍പതു പൈസ! അവിടെത്തന്നെ ചില്ലറ വില്പനക്കടകളില്‍ വ്യാപാരികള്‍ ഉപഭോക്താക്കള്‍ക്ക് ഉള്ളി വില്‍ക്കുന്നത് കിലോയ്ക്ക് 20 രൂപയ്ക്ക്! കര്‍ണ്ണാടകത്തിലെ ബിജാപ്പൂരില്‍ വിളവെടുപ്പ് തുടങ്ങിയതോടെ ഉള്ളിവില കുത്തനെ ഇടിയുകയായിരുന്നു. ഇവിടെയെങ്ങും താങ്ങുവില പ്രഖ്യാപനവും സംഭരണവും നടന്നതേയില്ല.


ഈ ഉള്ളിയുടെ ‘കേസ് സ്റ്റഡിയി’ല്‍ നിന്നും നമുക്ക് ലഭിക്കുന്ന പാഠങ്ങളെന്തെല്ലാം? നമ്മുടെ ചെറുകിട കര്‍ഷകന് ഏറ്റവും അത്യാവശ്യം, ഉല്പന്നത്തിന് ന്യായവില ലഭ്യമാക്കുകയാണ്. ഓരോ കാര്‍ഷിക ഉല്പന്നത്തിനും, അതിന്റെ ഉല്പാദനച്ചെലവ് കണക്കാക്കി, ഉല്പാദനച്ചെലവ് + 50% എന്ന രീതിയില്‍ കുറഞ്ഞപക്ഷ വില നിര്‍ണയിച്ച്, വിളവെടുപ്പ് സീസണ്‍ തുടങ്ങുന്നതിനു മുന്‍പേ അത് പ്രഖ്യാപിക്കണം. ഉല്പാദനച്ചെലവ് നിര്‍ണയിക്കുമ്പോള്‍ സാധാരണ കൃഷിച്ചെലവിനു പുറമേ, കര്‍ഷകന്റെ സ്വന്തം പ്രയത്‌നത്തിന്റെ കൂലിയും, കൃഷിസ്ഥലത്തിന്റെ ന്യായമായ പാട്ടത്തുകയും കൂടി കണക്കിലെടുക്കണം. വിപണിവില പ്രഖ്യാപിത വിലയേക്കാള്‍ കുറഞ്ഞുപോയാല്‍ ഉല്പന്നം വിപണിയില്‍നിന്നും പ്രഖ്യാപിത വിലയ്ക്ക് സംഭരിക്കേണ്ടതാണ്. പക്ഷേ, സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കാര്യക്ഷമതക്കുറവും, പൊന്തിവരാനിടയുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് സംഭരണം ഒഴിവാക്കുക. അതിനുപകരം സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലയ്ക്കും, വിപണിയില്‍ ലഭിക്കുന്ന വിലയ്ക്കും തമ്മിലുള്ള വ്യത്യാസം കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കാന്‍ കഴിയണം. ആധാര്‍ നമ്പരും, ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതോടെ ഈ ദൗത്യം നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടില്ലാതായിക്കഴിഞ്ഞിരിക്കുന്നു.


നാം പഠിക്കേണ്ട മറ്റൊരു പാഠം, ഇതാണ്: സമയത്ത് വന്‍തോതില്‍ ഉല്പന്നം വിപണിയില്‍ വന്നെത്തുമ്പോള്‍, വിലയിടിവ് തടയാനായി,  അധികമുള്ള ഉല്പന്നം വിപണിയില്‍ നിന്നു പിന്‍വലിച്ച് അത് നശിച്ചുപോകാതെ സൂക്ഷിച്ച് വയ്ക്കാനുള്ള ശീതികരിച്ച പണ്ടകശാലകള്‍ വേണം. ശീതികരിച്ച ട്രക്കുകളില്‍ കൂടുതലുള്ള ഉല്പന്നം മറ്റു വിപണികളിലേക്ക് അയയ്ക്കാനുള്ള സംവിധാനവും തയ്യാറാക്കണം. കൂടാതെ ഉല്പന്നം സംസ്‌കരിച്ച് മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള വ്യാവസായിക സംരംഭങ്ങളും സ്ഥാപിക്കണം.