അയ്യങ്കാളിയും വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പ്രയത്നങ്ങളും – ഗ്രീഷ്മ

അയ്യങ്കാളിയും വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പ്രയത്നങ്ങളും – ഗ്രീഷ്മ

അധ:സ്ഥിത ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി അഹോരാത്രം പ്രയത്നിച്ച അയ്യങ്കാളിയുടെ ജീവിതയാത്രകളെയും നിലപാടുകളെയും ഉദ്ധരിച്ചുള്ള കുറിപ്പ്.


കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാങ്ങളെപ്പോലെ ജാതിവ്യവസ്ഥ എന്ന ഉഗ്രശാസന നിലനിന്നിരുന്നു. പുലയര്, പറയര് തുടങ്ങിയവര് അവര്ണ്ണര് സമൂഹത്തില്പെടുമ്പോള്, നമ്പൂതിരി, അമ്പലവാസി, നായര് സമുദായങ്ങള് സവര്ണ്ണര് സമുദായത്തില്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില് കേരളം സാമൂഹ്യ നവോത്ഥാന പ്രക്രിയയ്ക്ക് സാക്ഷ്യം വഹിച്ചു.


കേരള നവോത്ഥാന പ്രസ്ഥാനത്തില്, അധ:സ്ഥിതരുടെ സേനാപതിയായിരുന്നു അയ്യങ്കാളി (1863 -1941). 1863 ആഗസ്റ്റ് 28 ന് തിരുവനന്തപുരത്തെ വെങ്ങാനൂരിലെ ഒരു പുലയ കുടിലില് അയ്യന്റെയും കാളിയുടെയും മകനായി ജനിച്ചു. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പോരാട്ടം. 1893 ല്, അയ്യങ്കാളി സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി ആഹ്വാനം ചെയ്തത് വെങ്ങാനൂരിലെ പൊതുനിരത്തിലൂടെ രണ്ട് വെള്ള കാളകള് വലിച്ച വില്ലുവണ്ടിയില് യാത്ര ചെയ്താണ്.


തന്റെ കരുത്തും വിപ്ലവചിന്താഗതിയും തെക്കന് കേരളത്തിലെ അധ:സ്ഥിത സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി അദ്ദേഹം ഉപയോഗിച്ചു. ‘പഠിക്കുക പോരാടുക സംഘടിക്കുക’ എന്ന അംബേദ്കര് സിദ്ധാന്തം അദ്ദേഹം അതിനുമുമ്പേ തന്നെ പ്രാവര്ത്തികമാക്കിയിരുന്നു. 1893 ല് അയ്യങ്കാളിയുടെ വില്ലുവണ്ടി നവോത്ഥാന പ്രസ്ഥാന വേദിയില് ഓടിത്തുടങ്ങുമ്പോള് അംബേദ്കര് (1891-1956) തന്റെ ശൈശവത്തില് എന്ന് ഓര്ക്കേണ്ടിയിരിക്കുന്നു.


നിരക്ഷരത്വം മൂലമാണ് അധ:സ്ഥിത സമൂഹം അടിച്ചമര്ത്തപ്പെടുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അയ്യ ങ്കാളിയുടെ ശരീരഭാഷയോ, വസ്ത്രധാരണമോ ഒന്നും തന്നെ ഒരധ:സ്ഥിതന് ചേര്ന്നതായിരുന്നില്ല. അധ:സ്ഥിതര്ക്ക് നേര്ക്കുള്ള അക്രമങ്ങളെ അദ്ദേഹം എന്നും എതിര്ത്തിരുന്നു. ജാതിരഹിതമായ ഒരു സമൂഹത്തിനുവേണ്ടി അദ്ദേഹം പ്രയത്നിച്ചു.


1904 മുതല് തന്റെ പിന്തലമുറയെ വിദ്യ അഭ്യസിപ്പിക്കാന് തനിക്ക് കഴിയുന്നതു പോലെ അയ്യങ്കാളി പ്രയത്നിച്ചു. അധ:സ്ഥിത വര്ഗത്തിന് വേണ്ടി വെങ്ങാനൂരില് (തിരുവനന്തപുരം) അദ്ദേഹം ഒരു സ്കൂള് നിര്മിച്ചു. അവര്ണ്ണരായ അവരുടെയിടയില് അഭ്യസ്തവിദ്യരായവരില്ലാത്തതിനാല് ഒരു അദ്ധ്യാപകനെ കണ്ടെത്തുക എന്നുള്ളതായിരുന്നു അയ്യങ്കാളിക്കും അദ്ദേഹത്തിന്റെ അനുയായികള്ക്കും മുന്പിലുണ്ടായിരുന്ന പ്രശ്നം. ജീവനില് കൊതിയുള്ള പുരോഗമനവാദികള് ഒന്നും സ്വമേധയാ മുന്നോട്ട് വന്നതുമില്ല.


നിതാന്തമായ അന്വേഷണങ്ങള്ക്കൊടുവില്, പരമേശ്വരന് പിള്ള എന്ന ഒരു നായര് യുവാവ് സ്കൂളില് അദ്ധ്യാപകനായി ചേര്ന്നു. അന്നുമുതല് പരമേശ്വരന് പിള്ള എന്ന അദ്ധ്യാപകന്റെ പുരോഗമന ചിന്താഗതികളെ സാമൂഹിക യാഥാര്ഥ്യങ്ങള് തോല്പിച്ച് തുടങ്ങി.


അധ:സ്ഥിതരുടെ സ്കൂള് എന്ന സ്വപ്നത്തെ തച്ചുടയ്ക്കാന് സവര്ണ്ണര് പരിശ്രമിച്ചുകൊണ്ടേയിരുന്നു. സവര്ണ്ണ ചട്ടമ്പികള് പലതവണ സ്കൂളിന് തീവച്ചു. എന്നാല് തങ്ങളുടെ നിശ്ചയദാര്ഢ്യം കൊണ്ട് അയ്യങ്കാളിയും സഖാക്കളും സ്കൂള് പുനര്നിര്മിച്ചുകൊണ്ടേയിരുന്നു. സ്കൂള് എന്ന ആശയത്തോടുള്ള അതൃപ്തി സവര്ണ്ണര് പരമേശ്വരന് പിള്ളയോടും കാണിച്ചു. അദ്ധ്യാപകന്റെ ജീവന് ഭീഷണി നേരിട്ടപ്പോള് അയ്യന്കാളി രണ്ട് അംഗരക്ഷകരെ അദ്ധ്യാപകന്റെ രക്ഷയ്ക്കായി നിയോഗിച്ചു.


അധ:സ്ഥിത സമൂഹത്തെ അയ്യങ്കാളി ‘സാധുജന പരിപാലന സംഘം’ എന്ന സംഘടനയ്ക്ക് കീഴില് ഒരുമിപ്പിച്ചു. തങ്ങളുടെ കുട്ടികളേയും സര്ക്കാര് സ്കൂളില് പ്രവേശിപ്പിക്കുന്നതിനു വേണ്ടി അനേകം നിവേദനങ്ങള് സാധുജന പരിപാലന സംഘത്തെ പ്രതിനിധീകരിച്ച് അയ്യങ്കാളി സര്ക്കാരിന് സമര്പ്പിച്ചു. അദ്ദേഹത്തിന്റെ നിവേദനങ്ങള് ലക്ഷ്യം കണ്ടു. അയ്യങ്കാളിയുടെ നിവേദനകള്ക്ക് ഉടനടി തന്നെ തീരുമാനമെടുക്കാന് ദിവാന് പി.രാജഗോപാലാചാരിയോട് തിരുവിതാംകൂര് റസിഡന്റ് ആജ്ഞാപിച്ചു.


1907 ല് അധ:സ്ഥിത സമൂഹത്തിലെ കുട്ടികളെ സര്ക്കാര് സ്കൂളില് പ്രവേശിപ്പിക്കുവാനുള്ള ഉത്തരവ് ദിവാന് പി. രാജഗോപാലാചാരി ഒപ്പുവച്ചു. എന്നാല്, സവര്ണ്ണരുടെ സമ്മര്ദ്ദത്തില് കുടുങ്ങി ആ ഉത്തരവ് സര്ക്കാര് രേഖകളില് ഒതുങ്ങിപ്പോയി. മൂന്നു വര്ഷങ്ങള്ക്ക് ശേഷം 1910 മാര്ച്ച് ഒന്നിന് ദിവാന്റെ 1907 ലെ ഉത്തരവ് പൊതുജനങ്ങള്ക്കായി പ്രസിദ്ധപ്പെടുത്തി. നിലനിന്നുപോന്നിരുന്ന പെരുമാറ്റച്ചട്ടത്തെ ചോദ്യം ചെയ്ത ആ ഉത്തരവിനെതിരെ സവര്ണ്ണ ജന്മിമാര് ശക്തമായി തന്നെ പ്രതികരിച്ചു.


കാള് മാര്ക്സിന്റെ ജീവചരിത്രം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും സ്വദേശാഭിമാനി എന്ന തന്റെ പത്രത്തിലൂടെ പി. രാജഗോപാലാചാരിയുടെ ദിവാന് ഭരണത്തെ വിമര്ശിക്കുകയും ചെയ്തിരുന്ന രാമകൃഷ്ണപിള്ള, മാര്ച്ച് രണ്ടാം തീയതിലെ മുഖപ്രസംഗത്തില് വളരെ രൂക്ഷമായി തന്നെ ദിവാന്റെ ഉത്തരവിനെ വിമര്ശിച്ചു. ”തലമുറകളായി ബുദ്ധിപരിപോഷിപ്പിക്കുന്നവരും തലമുറകളായി കൃഷിയിടം കിളയ്ക്കുന്നവരെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് കുതിരയെയും കാളയേയും ഒരുമിച്ചൊരു നുകത്തില് കെട്ടുന്നപോലെ ആണ്.” (സ്വദേശാഭിമാനി 02/03/1910).


1910 മാര്ച്ച് ഒന്നിന് പഞ്ചമി, പൂജാരി അയ്യന്റെ മകളുമായി അയ്യന്കാളിയും സഖാക്കളും ഊരൂട്ടമ്പലം സ്കൂളില് എത്തി. അവര്ണ്ണര് സ്കൂളില് പ്രവേശിക്കുന്നത് തടയുന്നതിനായി സവര്ണ്ണര് ഒരുങ്ങി നിന്നിരുന്നു. അയ്യങ്കാളി സേനയും സവര്ണ്ണരും തമ്മിലൊരു യുദ്ധം തന്നെ അവിടെ നടന്നു. ഈ സംഭവം നായന്മാരെ ക്ഷുഭിതരാക്കി. ക്ഷുഭിതരായവര് അധ:സ്ഥിതരുടെ കുടിലുകള് തീയിടുകയും ആടുമാടുകളെ കൊല്ലുകയും ചെയ്തു. തങ്ങള്ക്ക് നേരെ ഉള്ള അതിക്രമങ്ങള്ക്ക് എതിരെ അയ്യ ങ്കാളിപടയും വളരെ തീഷ്ണമായി പ്രതികരിച്ചു. സവര്ണ്ണരും അവര്ണ്ണരും തമ്മിലുള്ള ഈ സംഘര്ഷത്തെ, ഒരു പുലയനായ അയ്യന്കാളി നയിച്ചത് കൊണ്ടാകാം ‘പുലയ ലഹള’ എന്ന് പരക്കെ അറിയപ്പെട്ടത്.


‘ഞങ്ങളുടെ കുട്ടികളെ പഠിക്കാന് അനുവദിച്ചില്ലെങ്കില് നിങ്ങളുടെ പാടങ്ങളില് ഇനി തരിശ് വളരും’, പ്രക്ഷുബ്ധനായ അയ്യങ്കാളി പ്രസ്താവിച്ചു. ഈ പ്രഖ്യാപനം, ജന്മി – കുടിയാന് ബന്ധം മോശമാക്കി. 1913 ജൂണില്, അയ്യങ്കാളി കേരളത്തിലെ ആദ്യ കര്ഷക സമരത്തിന് ആഹ്വാനം ചെയ്തു. ‘കര്ഷകരാണ് നിങ്ങളുടെ മണ്ണില് പൊന്ന് വിളയിച്ച് നിങ്ങളുടെ അറകളും പത്തായ പുരകളും നിറയ്ക്കുന്നത്. അവര് പണിയെടുത്തില്ലെങ്കില്, നിങ്ങള് യജമാനന്മാര് പട്ടിണിയാകും, അതു മറക്കേണ്ട. ഞങ്ങള് പട്ടിണി കിടക്കാന് പരിചയിച്ചവരാണ്. നഷ്ടപ്പെടാന് ഞങ്ങള്ക്കൊന്നുമില്ല. നാളെ മുതല് ഞങ്ങള് നിങ്ങള്ക്കുവേണ്ടി പണിചെയ്യുകയില്ല’.