‘സത്യസ്യാപിഹിതം മുഖം’ കടവും പിഴയും സത്യാനന്തരലോകവും -ഡോ. തോമസ് സ്‌കറിയ
 
	
					
															Print this article
														Font size -16+
						
					മനുഷ്യന് ഞാനെന്ന ബോധ്യം കഴിഞ്ഞാല്‍ പിന്നെ നേരിടേണ്ടിവരുന്ന സങ്കീര്‍ണ്ണ സമസ്യകളില്‍ പ്രധാനമായത് ‘സത്യ’മാണ്. ഭൂമിയില്‍ സത്യത്തിനെത്ര വയസ്സായിയെന്നു ചോദിച്ചു, വയലാര്‍ രാമവര്‍മ്മ. സര്‍ഗ്ഗസ്ഥിതിലയകാരണഭൂതമായ സത്യത്തിനു മുന്നില്‍ വിശ്വസംസ്‌കാര മഹാശില്പികള്‍ വിസ്മയം പൂണ്ടുനിന്നു. സത്യം മിഥ്യാ ധാരണയ്ക്കിടകൊടുക്കുന്ന പ്രാപഞ്ചിക വ്യാമോഹങ്ങളാല്‍ മറയപ്പെട്ടാണിരിക്കുന്നതെന്ന് ‘ആര്യമതത്തെ ഹരിശ്രീ പഠിപ്പിച്ച യാജ്ഞവല്ക്യന്‍’ പാടി ‘ഹിരണ്മയേന പാത്രേണ സത്യസ്യാപിഹിതം മുഖം’. സ്വര്‍ണ്ണമയമായ പാത്രത്താല്‍ സത്യത്തിന്റെ മുഖം മൂടപ്പെട്ടിരിക്കുന്നു. സത്യത്തിന്റെ യഥാര്‍ത്ഥ തത്ത്വമറിയാന്‍ അജ്ഞാനത്തിന്റെ ആവരണം നീക്കണം. ‘അന്ധകാരത്തിനെക്കാവിയുടുപ്പിച്
സത്യം നീതിയിലോ ന്യായത്തിലോ കേന്ദ്രീകരിക്കുന്നതായി സത്യാനന്തരലോകം വിശ്വസിക്കുന്നില്ല. യുക്തിയെപ്പോലും അവഗണിക്കാനാണീ കാലം പഠിപ്പിക്കുന്നത്. വിശ്വസിച്ചാശ്രയിക്കാവുന്ന വസ്തുതകളെയോ, തെളിയിക്കാവുന്ന വസ്തുതകളെയോ പരിഗണിക്കാതെതന്നെ നിഷ്പ്രയാസം വാദിച്ചു ജയിക്കാമെന്നു ചിലര്‍ തെളിയിക്കുന്നു. വസ്തുതകള്‍ അപ്രധാനമായിത്തന്നെ മാറുന്നു. വേണ്ടത് ശരിയായ വൈകാരികബട്ടണില്‍ വിരലമര്‍ത്തുകയാണ്. അതില്‍ സത്യാനന്തര വിശാരദന്‍ വിജയിച്ചാല്‍ വസ്തുതകള്‍ പിന്നെ നമ്മുടെ മനസ്സിനെ മാറ്റുകയേയില്ല. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? നമ്മുടെ ചായ്‌വിനെ ദൃഢീകരിക്കുകയും സ്ഥിരീകരിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. അങ്ങനെ സത്യാനന്തരത മനുഷ്യകേന്ദ്രിതാസ്തിത്വത്തിന്
വൈകാരിക പരിപ്രേക്ഷ്യം ഒരു വാദഗതിയില്‍ വിജയിക്കുന്നതിനുള്ള മാന്യമായ മാര്‍ഗമല്ലെന്നു പണ്ടേ ലോകര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, സത്യാനന്തര കാലത്തില്‍ അതിനു പ്രാബല്യമില്ല, രാഷ്ട്രീയ സംവാദങ്ങളില്‍ പ്രത്യേകിച്ചും. പൊതുനയ സംവാദങ്ങള്‍ വൈകാരിക നിവേദനങ്ങളല്ല. വിമര്‍ശനാത്മക ചിന്തയുടെ അഭാവവും കരുതിക്കൂട്ടിയുള്ള വളച്ചൊടിക്കലും കൗശലങ്ങളും തെളിക്കാവുന്ന വസ്തുതകളുടെ ഒഴിവാക്കലുകളുമൊക്കെ രാഷ്ട്രീയ സംവാദങ്ങളുടെ സ്വഭാവമായിത്തീര്‍ന്നിട്ടുണ്ട്. അന്ധബിന്ദുക്കളെ പൂരിപ്പിക്കലായി അവ മാറുകയാണ്. താന്‍ പറയുന്നത് സത്യമാണെന്നു വിശ്വസിച്ചുകൊണ്ട് കള്ളം പറയുന്ന അവസ്ഥയിലൂടെ പൊതുസമൂഹം സഞ്ചരിക്കുന്നു. നമ്മള്‍ സത്യമാണെന്നു വിശ്വസിച്ചുകൊണ്ട് പറയുന്ന കള്ളങ്ങള്‍ നമ്മളെ എങ്ങനെ നുണയനാക്കുമെന്നതാണ് വിഷയം. വസ്തുതകള്‍ നമ്മുടെ മനസ്സിനെ മാറ്റുന്നില്ലായെന്നതാണ് രാഷ്ട്രീയ നുണകളുടെ നേട്ടം. വാക്കുകളിലെ അയാഥാര്‍ത്ഥ്യം ഒരാത്മാവിലെ കാപട്യത്തിന്റെ പകര്‍പ്പാണെന്നു പ്ലേറ്റോ പറഞ്ഞിട്ടുണ്ട്. അയാഥാര്‍ത്ഥ്യം അശുദ്ധാത്മാവിന്റെ ചിഹ്നമാണ്. അതുകൊണ്ടതിനെ ഭയപ്പെടേണ്ടതുണ്ടെന്നായിരുന്നു പ്ലേറ്റോയുടെ പക്ഷം.
		
					
				
								
										

