ഈ നിലവിളികള്‍ക്ക് കാതോര്‍ക്കൂ
കൃഷി സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി നിലനില്‍ക്കുന്ന ഈ രാജ്യത്തു ഉത്തരവാദിത്തപ്പെട്ട അധികാരികള്‍ കര്‍ഷകസമൂഹം നടത്തുന്ന നിലവിളികള്‍ കേട്ടേ തീരൂ.
‘കര്‍ഷകരുടെ ഒരു സംഘം മൂന്ന് മാസത്തിനകം ലണ്ടനിലേക്ക് പോകുകയാണ്. ബ്രിട്ടീഷ് രാജ്ഞിയെ കാണാന്‍. ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കി ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും കര്‍ഷകരുടെ ജീവിതം പരമ ദയനീയമാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍. കടം കയറി ആത്മഹത്യയുടെ വക്കില്‍നില്‍ക്കുന്ന കര്‍ഷകരെ രക്ഷിക്കാന്‍ 10 ലക്ഷം കോടി രൂപ ഇന്ത്യക്ക് കടമായി നല്‍കാന്‍ അവരോട് ആവശ്യപ്പെടും. അതല്ലാതെ ഇനി ഇന്ത്യയിലെ കര്‍ഷകര്‍ക്ക് മറ്റു വഴികളില്ല’. കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ദേശീയ ദക്ഷിണേന്ത്യ നദീ സംയോജന കര്‍ഷകസംഘം ദേശീയ അധ്യക്ഷനായ പൊന്നുച്ചാമി അയ്യാക്കണ്ണിന്റെ വാക്കുകളാണിത്. ഇന്ത്യന്‍ കര്‍ഷകരുടെ ദയനീയാവസ്ഥ മനസ്സിലാക്കാത്ത, അവരുടെ ആവശ്യങ്ങള്‍ക്ക് തരിമ്പും വിലകൊടുക്കാത്തവരുടെ ബധിരകര്‍ണ്ണങ്ങളില്‍ ഇനിയൊന്നും ഈ പാവങ്ങള്‍ക്ക് ഉണര്‍ത്തിക്കാനില്ല. സര്‍ക്കാരിന്റെ ഈ മൗനം കുറ്റകരമാണ്.
സമീപമാസങ്ങളില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരുപാട് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അതുപോലെ തന്നെ പ്രക്ഷോഭങ്ങളും. സംവാദങ്ങളോ തര്‍ക്കങ്ങളോ അല്ല പ്രക്ഷോഭമാണ് പ്രശ്‌ന പരിഹാരത്തിനുള്ള വഴി എന്നാണ് കര്‍ഷകര്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം. കടം എഴുതിത്തള്ളല്‍ അവരുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. മറ്റൊന്ന് ഉല്പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്തലാണ്. കൃഷി സാമ്പത്തികമായി ആദായകരമാകണം. വ്യവസായങ്ങള്‍ പോലെ സാമ്പത്തികവരുമാനം കൃഷിയെ സംബന്ധിച്ചും അനിവാര്യമാണ്. കൃഷി രാജ്യത്തെ 60 ശതമാനത്തോളം വരുന്ന ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗവും ജീവിതരീതിയുമാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കടം എഴുതിത്തള്ളലിന് മാത്രമാണ് പ്രാധാന്യം നല്‍കുന്നത് എന്നത് ദു:ഖകരമാണ്. കാര്‍ഷികോല്പ്പ്ന്നങ്ങളുടെ വില നിര്‍ണ്ണയം, സമാഹരണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹാരിച്ചാലേ കര്‍ഷകരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ.
സമൂഹത്തിലെ മറ്റ് ജനവിഭാഗങ്ങളില്‍ പലതിന്റേയും പ്രശ്‌നങ്ങള്‍ ഭരണകൂടത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുമ്പോള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടുകയാണ് എന്നും പ്രക്ഷോഭം സംഘടിപ്പിച്ചില്ലെങ്കില്‍ ഇതിന് പരിഹാരമുണ്ടാകില്ല എന്നും കര്‍ഷകര്‍ മനസിലാക്കുന്നു. അതുകൊണ്ടുതന്നെ കര്‍ഷകരുടെ വേദനയും രോഷവും ഇന്ന് തെരുവുകളിലേക്ക് പടരുകയാണ്. അവര്‍ നിരന്തരമായി സര്‍ക്കാരുകള്‍ക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ഔദ്യോഗിക കണക്കുതന്നെ നോക്കുക: 2014ല്‍ 687 പ്രതിഷേധ പ്രകടനങ്ങളാണ് കര്‍ഷകര്‍ സംഘടിപ്പിച്ചത്; അടുത്തകൊല്ലം അത് 2,683 ആയി; 2016ല്‍ 4837 ആയി. പ്രകടനങ്ങളുടെ എണ്ണം മാത്രമല്ല വലുപ്പവും അവയിലെ പങ്കാളിത്തവും വര്‍ധിക്കുന്നുണ്ട്. കാര്‍ഷിക പ്രശ്‌നങ്ങള്‍ രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയമാകുന്നതു തന്നെ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മുംബൈയിലേക്ക് നടത്തിയ ലോംഗ് മാര്‍ച്ചിനെതുടര്‍ന്നാണ്. ഇതിനു പിന്നാലെ തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് രാജ്യം വേദിയാവുകയും ചെയതു. രാജസ്ഥാനിലെ സിക്കാറില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലും മധ്യപ്രദേശിലെ മാന്ദ്‌സൗറില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും മോദി സര്‍ക്കാരിനെതിരെ തുടങ്ങി വച്ച കര്‍ഷക പ്രക്ഷോഭങ്ങളാണ് ഇന്ന് വിവിധ രൂപത്തിലുള്ള പ്രതിഷേധങ്ങളായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. നാസികില്‍നിന്ന് മുംബൈയിലേക്കും ഹരിദ്വാറില്‍നിന്ന് ഡല്‍ഹിയിലേക്കും നടന്ന മാര്‍ച്ചുകള്‍ പ്രതിസന്ധിയുടെ ഗൗരവം വിളിച്ചോതി. അവരുടെ ആവശ്യങ്ങളില്‍ അന്യായമായി ഒന്നുമില്ല. തങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വേണ്ടി മാത്രമായി പാര്‍ലമെന്റ് മൂന്നാഴ്ച സമ്മേളിക്കണം, വിളകള്‍ക്ക് ന്യായവില ലഭ്യമാക്കണം, കടങ്ങള്‍ എഴുതിത്തള്ളാന്‍ പ്രത്യേക നിയമമുണ്ടാക്കണം, സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം തുടങ്ങിയവയാണ്. രാജ്യത്തെ 207 കര്‍ഷക സംഘടനകളുടെ പൊതുവേദിയായ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ്‌കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൊലീസിന്റെയും പ്രതികൂല കാലാവസ്ഥടെയും വെല്ലുവിളികളെ അതിജീവിച്ച് ലക്ഷത്തോളം കര്‍ഷകര്‍ ഡല്‍ഹിയില്‍ ഭരണസിരാകേന്ദ്രത്തിലേക്ക് ഇക്കഴിഞ്ഞ നവംബര്‍ അവസാനം മാര്‍ച്ച് ചെയ്തത്. കര്‍ഷകരുടെ ജീവിതാവശ്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സമൂഹത്തിന്റെ സമസ്ത മേഖലകളില്‍ നിന്നുള്ളവരും മാര്‍ച്ചില്‍ അണിനിരന്നു. അവര്‍ക്കിത് അയോധ്യ മുതല്‍ ശബരിമല വരെ കാണുന്ന, രാഷ്ട്രീയ താല്‍പര്യം നിറച്ച കൃത്രിമ പ്രക്ഷോഭമല്ല; ജീവന്‍മരണ പോരാട്ടംതന്നെയാണ്. ‘അയോദ്ധ്യ നഹീ, കര്‍സ് മാഫീ ചാഹിയേ’ (അയോദ്ധ്യയല്ല, കടം എഴുതിത്തള്ളുകയാണ് വേണ്ടത്) എന്ന മുദ്രാവാക്യത്തിലൂടെ വ്യക്തമായ സന്ദേശം നല്‍കുന്ന പ്രകടനമായിരുന്നു അത്.