‘ബുദ്ധന്’ പോലീസ് നിരീക്ഷണത്തിലാണ് കെ. അരവിന്ദാക്ഷന്
കൃഷിക്കാരനും ധ്യാനഗുരുവും ശാന്തി ദൂതനുമായ തൊണ്ണൂറ്റി രണ്ട് വയസ്സുള്ള തിച്ച്നാത് ഹാന്‍ നാല് പതിറ്റാണ്ടിന്റെ നാടുകടത്തലിനുശേഷം വിയറ്റ്നാമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. എന്തിനെന്നോ? മാതൃരാജ്യത്തിന്റെ മണ്ണില്‍ തൊട്ട് ഭൂമിയോട് വിടവാങ്ങാന്‍…. പക്ഷേ, വിയറ്റ്നാമിന്റെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ അദ്ദേഹത്തെ പോലീസ് നിരീക്ഷണത്തിലാക്കിയിരിക്കുകയാ
അമേരിക്കയുടെ വിയറ്റ്നാം യുദ്ധത്തിനെതിരെ സചേതനമായ അഹിംസയിലൂടെ പ്രതിരോധം സൃഷ്ടിച്ചതിനാണ് അദ്ദേഹത്തെ മാതൃരാജ്യത്തില്‍ നിന്നും നാടുകടത്തിയത്. തുടര്‍ന്നദ്ദേഹം വിദേശങ്ങളില്‍ അനേകം ധ്യാനകേന്ദ്രങ്ങള്‍ തുറന്നു. അനേ്വഷികള്ക്ക് ശ്വസന നിരീക്ഷണത്തിന്റെയും മനോജാഗ്രതയുടെയും പാഠങ്ങള്‍ നല്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുപൊങ്ങിയ ഹിംസയുടെ തീ കെടുത്താന്‍ ബുദ്ധമന്ത്രങ്ങള്‍ ചൊല്ലി. നൂറോളം പുസ്തകങ്ങള്‍ എഴുതി.
വിയറ്റ്നാമിന്റെ ബുദ്ധിസ്റ്റ് ഹൃദയഭൂമിയായ പ്രാചീന നഗരത്തിലെ തു ഹ്യം ബുദ്ധക്ഷേത്രത്തിലാണ് അദ്ദേഹം തന്റെ അവസാന നാളുകള്‍ ചെലവഴിക്കുന്നത്. ലോകം ഈ ശാന്തിദൂതനെ ഉറ്റുനോക്കുകയാണ്, ഭൂമിയുടെ പ്രശ്നപരിഹാരങ്ങള്‍ക്ക്. ‘അദ്ദേഹം ഞങ്ങളെ സ്വയം സ്നേഹിക്കാനും മറ്റുള്ളവരെ സ്നേഹിക്കാനും പ്രകൃതിയെ സ്നേഹിക്കാനും പഠിപ്പിച്ചു.’ അദ്ദേഹത്തിന്റെ ഒരു ശിഷ്യന് പറഞ്ഞു.
1997ലാണ് ഞാന്‍ ഈ ധ്യാനഗുരുവിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ‘പഴയ പാത വെളുത്ത മേഘങ്ങള്‍’ എന്ന ബുദ്ധന്റെ ജീവിതാഖ്യാനത്തിലൂടെ. അറുനൂറ് ഏടുകളുള്ള ഈ മഹദ്ഗ്രന്ഥം മലയാളത്തിലേയ്ക്ക് മൊഴി മാറ്റുമ്പോള്‍ താല്ക്കാലികമായിട്ടെങ്കിലും എന്നില്‍ പ്രകൃതിയുടെ സ്നേഹസാന്നിധ്യം മൊട്ടിടുന്നത് ഞാനറിഞ്ഞു. സ്പര്‍ശിച്ചു. ‘പഴയപാത വെളുത്ത മേഘങ്ങള്‍’, ‘ഭൂമിയുടെ പാഠങ്ങള്‍’, ‘ഗൗതമബുദ്ധന്റെ പരിനിര്‍വ്വാണം’ എന്നിങ്ങനെ മൂന്ന് പുസ്തകങ്ങളായാണ് ഇവ മൊഴിമാറ്റി പ്രസിദ്ധീകരിച്ചത്. പാലി ഭാഷയിലുള്ള ലിഖിതങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് കിട്ടിയ ചരിത്ര രേഖകളിലൂടെ തിച്ച്നാത്ഹാന്‍ കണ്ടെടുത്ത ബുദ്ധന്റെ ജീവിത സന്ദര്‍ഭങ്ങളും ദര്‍ശനവും ചേര്‍ത്ത് നെയ്തെടുത്തതാണ് ഉദാത്തമായ ആത്മീയാനുഭൂതി പകരുന്ന ‘പഴയ പാത വെളുത്ത മേഘങ്ങള്‍’.
ഈ ധ്യാനഗുരു പോലീസ് നിരീക്ഷണത്തിലാണെന്നറിഞ്ഞപ്പോള്
എന്താണ് മോചനമാര്‍ഗ്ഗം? ബോധോദയം സിദ്ധിച്ചതിന്റെ പിറ്റേന്നാള്‍ തന്റെ കൂട്ടുകാരായ കുട്ടികളോട് സിദ്ധാര്ത്ഥന് ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. തിച്ച്നാത് ഹാന്‍ എന്ന സെന്‍ ഗുരുവിലൂടെ. ബോധോദയത്തിന്റെ കഥ കേള്‍ക്കാന്‍ വന്ന കുട്ടികള്‍ക്ക് ഓരോ മധുരനാരങ്ങ കൊടുത്ത് സിദ്ധാര്ത്ഥന് പറഞ്ഞു.
‘കുട്ടികളേ, മധുരനാരങ്ങ ഏകാഗ്രതയോടെ തിന്നുകയെന്നത്, നിങ്ങള്‍ മധുരനാരങ്ങ തിന്നുമ്പോള്‍, നിങ്ങള്‍ ശരിക്കും അതുമായി താദാത്മ്യപ്പെട്ടു എന്നാണ്. നിങ്ങളുടെ മനസ്സ് ഇന്നലത്തെയോ നാളത്തെയോ ചിന്തകളുടെ പിന്നാലെ ഓടുകയല്ല. പൂര്‍ണ്ണമായും ഈ നിമിഷത്തിലാണ്. മധുരനാരങ്ങ, സത്യമായും ഈ നിമിഷമാണ്. ഏകാ്രഗമായ ജാഗ്രതയില്‍ ജീവിക്കുകയെന്നാല്‍, ഈ വര്‍ത്തമാന നിമിഷത്തില്‍ ജീവിക്കുകയാണ്, നിങ്ങളുടെ മനസ്സും ശരീരവും ഇവിടെ ഇപ്പോള്‍ ഉണ്ടെന്നര്‍ത്ഥം.