നിയമപാലനത്തിലെ പാരതന്ത്ര്യം -എ. ജയശങ്കര്‍
Print this article
Font size -16+
കൊളോണിയല്‍ വാഴ്ചക്കാലത്ത് ബ്രിട്ടീഷ് ഇന്ത്യയിലും രാജഭരണം നിലനിന്ന നാട്ടുരാജ്യങ്ങളിലും ഭരണകൂടത്തിന്റെ പ്രധാന മര്‍ദ്ദന ഉപകരണമായിരുന്നു പോലീസ്. രാഷ്ട്രീയ എതിരാളികളെ വകവരുത്താനും അടിച്ചൊതുക്കാനും പോലീസിനെ സര്‍ക്കാര്‍ യഥേഷ്ടം ദുര്‍വിനിയോഗം ചെയ്തു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പോലീസ് എന്നത് ഭീതിയുണര്‍ത്തുന്ന വാക്കായിരുന്നു.
സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം നമുക്ക് എഴുതപ്പെട്ട ഭരണഘടനയുണ്ടായി. അഭിപ്രായസ്വാതന്ത്ര്യം, ആവിഷ്‌ക്കാരസ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, സഞ്ചാരസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം എന്നിവയ്‌ക്കൊപ്പം ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം മൗലിക അവകാശമായി. നിയമവിരുദ്ധമായ അറസ്റ്റും അന്യായ കസ്റ്റഡിയും ഭരണഘടന വഴിതന്നെ വിലക്കപ്പെട്ടു. മൗലിക അവകാശങ്ങളുടെ സംരക്ഷകരായി സുപ്രീംകോടതിയും ഹൈക്കോടതികളും സ്ഥാപിക്കപ്പെട്ടു. പില്‍ക്കാലത്ത് മനുഷ്യാവകാശ നിയമം പാസാവുകയും മനുഷ്യാവകാശ കമ്മീഷന്‍ രൂപീകൃതമാവുകയും ചെയ്തു.
അതിനുശേഷവും പോലീസ്മര്‍ദ്ദന ഉപകരണമായി തുടര്‍ന്നു. കാലാകാലങ്ങളില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ രാഷ്ട്രീയനേട്ടത്തിനു വേണ്ടിയും സ്വകാര്യതാത്പര്യം മുന്‍നിര്‍ത്തിയും പോലീസ് സംവിധാനം ദുര്‍വിനിയോഗം ചെയ്തു. ചില വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാതിമത അടിസ്ഥാനത്തില്‍ പോലും നിയമപാലകര്‍ വിവേചനം കാണിച്ചു. മൗലിക അവകാശങ്ങള്‍ ഏട്ടിലെ പശുവായി അവശേഷിച്ചു. കോടതികളും മനുഷ്യാവകാശ കമ്മീഷനും നോക്കുകുത്തികളായി മാറി.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നാണ് നമ്മുടെ നാട്യം. ഏറ്റവുമധികം ആളുകള്‍ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നു എന്ന അര്‍ത്ഥത്തില്‍ (മാത്രം) ഇത് ശരിയാണ്. നമ്മുടെ രാജ്യത്ത് ഒരു ജനാധിപത്യ ഭരണസംവിധാനമുണ്ട്. അഞ്ചു കൊല്ലത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പ് നടക്കുന്നു. തോറ്റപാര്‍ട്ടി, ജയിച്ച പാര്‍ട്ടിക്ക് വേണ്ടി മാറിക്കൊടുക്കുകയും ചെയ്യും. അത്രയേയുള്ളൂ നമ്മുടെ ജനാധിപത്യം. ജനഹിതം അനുസരിച്ചുവേണം ജയിക്കുന്ന പാര്‍ട്ടി ഭരണം നടത്താന്‍ എന്ന് യാതൊരു നിര്‍ബന്ധവുമില്ല. വോട്ടര്‍മാര്‍ക്ക് ആകെയുള്ളത് മൂന്നു വോട്ടു മാത്രമാണ്. പഞ്ചായത്തിലേക്ക്, അസംബ്ലിയിലേക്ക്, പാര്‍ലമെന്റിലേക്ക്. ബാക്കികാര്യങ്ങള്‍ ജനങ്ങളുടെ പേരു പറഞ്ഞു ജയിക്കുന്ന പാര്‍ട്ടിക്കാരും അവരുടെ പാര്‍ശ്വവര്‍ത്തികളും ചെയ്തുകൊള്ളും.
ഏതു സര്‍ക്കാരിന്റെയും ഏറ്റവും പ്രാഥമികമായ ഉത്തരവാദിത്തമാണ് ക്രമസമാധാനപരിപാലനം. എത്ര വലിയ വികസന പരിപാടികള്‍ നടപ്പിലാക്കിയാലും ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ചാലും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഒരു ഫലവുമില്ല. അതുകൊണ്ടുതന്നെ ഏറ്റവുമധികം പഴികേള്‍ക്കേണ്ടി വരുന്നത് ആഭ്യന്തരമന്ത്രിയും പോലീസുമാണ്. നാട്ടില്‍ വര്‍ഗീയ ലഹള ഉണ്ടായാലും കൊള്ളയോ കൊലയോ കവര്‍ച്ചയോ നടന്നാലും പഴി പോലീസിനാണ്. ലാത്തിച്ചാര്‍ജോ, വെടിവയ്‌പോ ഉണ്ടായാലും സ്ഥിതി വ്യത്യസ്തമല്ല. അതേസമയം നിര്‍ഭയമായി ക്രമസമാധാനം പാലിക്കാനും നിഷ്പക്ഷമായി കേസന്വേഷിക്കാനും സ്വാതന്ത്ര്യമുണ്ടോ? അതുമില്ല. ഭരിക്കുന്ന പാര്‍ട്ടിക്കോ ചിലമത-സമുദായശക്തികള്‍ക്കോ വേണ്ടപ്പെട്ട ആര്‍ക്കെങ്കിലുമെതിരെ കേസെടുത്താല്‍ സസ്‌പെന്‍ഷന്‍ പ്രതീക്ഷിക്കാം. കുറഞ്ഞപക്ഷം സ്ഥലംമാറ്റം ഉറപ്പാണ്.
ഭരണം മാറുമ്പോള്‍ പോലീസ് ആസ്ഥാനത്ത് അഴിച്ചുപണി ഉറപ്പാണ്. പുതിയ സര്‍ക്കാര്‍ ആദ്യം ചെയ്യുന്നത് പോലീസ് മേധാവിയെ മാറ്റുകയാണ്. സുപ്രീംകോടതി നിര്‍ദ്ദേശമോ പോലീസ് ആക്ടിലെ പ്രസക്തമായ വകുപ്പുകളോ മാനിക്കുന്ന പ്രശ്‌നമില്ല. സ്ഥാനചലനത്തിനെതിരെ സുപ്രീംകോടതിവരെ പോരാടിയ ടി.പി. സെന്‍കുമാറിന്റെ അനുഭവം നമുക്ക് മുന്നിലുണ്ട്. സാധാരണഗതിയില്‍ മറ്റൊരു പോലീസുകാരനും പ്രകടിപ്പിക്കാത്ത ചങ്കുറ്റമാണത്. സ്വന്തം സത്യസന്ധതയിലും നീതിബോധത്തിലും അത്രയേറെ ഉറപ്പുള്ളതുകൊണ്ടാണ് അദ്ദേഹം ആ സാഹസത്തിനു ഒരുമ്പെട്ടത്. മറ്റൊരാളായിരുന്നെങ്കില്‍ പുതിയ ലാവണത്തില്‍ ചടഞ്ഞു കൂടിയിരുന്ന് പെന്‍ഷനാകുമായിരുന്നു.
സത്യസന്ധരും കര്‍ത്തവ്യവ്യഗ്രരുമായ കോണ്‍സ്റ്റബിളുമാരും ഓഫീസര്‍മാരും അനവധിയുണ്ട് നമ്മുടെ പോലീസ് സേനയില്‍. അവര്‍ മിക്കവാറും ട്രാഫിക്കിലോ, വിജിലന്‍സിലോ ഇന്റലിജന്‍സിലോ, ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോയിലോ ആയിരിക്കും. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാന്‍ അവസരമുള്ള തസ്തികകളൊക്കെ അഴിമതിക്കാര്‍ക്കും മര്‍ദ്ദകര്‍ക്കും ഭരണകക്ഷിയുടെ മച്ചമ്പിമാര്‍ക്കുമായി സംവരണം ചെയ്തിരിക്കുന്നു. മേലധികാരികളുടെ ഉത്തരവുകളല്ല പാര്‍ട്ടിഓഫീസില്‍ നിന്നുള്ള കല്പനകളാണ് പല ഉദ്യോഗസ്ഥര്‍ക്കും പ്രമാണം.
രാഷ്ട്രീയകൂറില്ലാത്തവരും നേതാക്കള്‍ക്ക് വിടുപണി ചെയ്യാത്തവരുമായ ഉദ്യോഗസ്ഥര്‍, ഐ.പി.എസുകാരായാല്‍ പോലും പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. എല്‍.ഡി.എഫും, യു.ഡി.എഫും അവരെ ഒരുപോലെ ദ്രോഹിക്കും. ഇനി ബി.ജെ.പി. അധികാരത്തില്‍ വന്നാലും ഒരു വ്യത്യാസവുമുണ്ടാകില്ല. വനിതാ കമ്മീഷനിലും സിവില്‍ സപ്ലൈസ്, ചലച്ചിത്ര വികസന കോര്‍പ്പറേഷനുകളിലും ജോലി ചെയ്ത, ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡോ.ജേക്കബ് തോമസ് ആണ് ഏറ്റവും മികച്ച ദൃഷ്ടാന്തം. ഒറ്റപ്പെട്ട ഒരു ഉദാഹരണമല്ല അദ്ദേഹത്തിന്റേത്. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ വേറെയും ഒരുപാടുപേരുണ്ട് അദ്ദേഹത്തെപ്പോലെ.
ദോഷം പറയരുതല്ലോ? ഏത് പാര്‍ട്ടി ഭരിച്ചാലും കൈമണിക്കാര്‍ ഒരു അനര്‍ത്ഥവും ഭയപ്പെടേണ്ടതില്ല. ആഗ്രഹിച്ച സ്ഥലത്തു ഏറ്റവും വരുമാന സാധ്യതയുള്ള തസ്തിക തന്നെ കിട്ടും. ചില മതമേലധ്യക്ഷന്മാരുടെയും സമുദായപ്രമാണിമാരുടെയും ശുപാര്‍ശ ലഭിക്കുന്നവര്‍ പരമ ഭാഗ്യവാന്മാര്‍.
അഞ്ചുകൊല്ലം കൂടുമ്പോള്‍ സര്‍ക്കാര്‍ മാറുന്നതനുസരിച്ച് പോലീസ് അസോസിയേഷന്റെ നേതൃത്വത്തിലും മാറ്റംവരുന്നു. ഏത് പാര്‍ട്ടി/മുന്നണി ഭരിച്ചാലും അസോസിയേഷന്റെ സ്വഭാവത്തിലോ അംഗങ്ങളുടെ പെരുമാറ്റത്തിലോ ഒരു മാറ്റവും ഉണ്ടാവുന്നില്ല. അഴിമതി, കെടുകാര്യസ്ഥത, അക്രമസ്വഭാവം എന്നിവയെ നിരുത്സാഹപ്പെടുത്താനല്ല, പരോക്ഷമായ പ്രോത്സാഹിപ്പിക്കുകയാണ് അസോസിയേഷന്റെ യഥാര്‍ത്ഥ ദൗത്യം. കൈക്കൂലി കേസിലും കസ്റ്റഡിമര്‍ദ്ദന കേസിലും പ്രതിയാകുന്ന പോലീസുകാര്‍ക്ക് നിയമസഹായം ഉറപ്പാക്കുന്നതും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ശിക്ഷ ഇല്ലാതാക്കുകയോ പരമാവധി ലഘൂകരിക്കുകയോ ചെയ്യുന്നത് അസോസിയേഷന്‍ നേതാക്കളാണ്.
സ്വാതന്ത്ര്യം കിട്ടിയിട്ട് വര്‍ഷം 71 ആയെങ്കിലും പോലീസില്‍ ഇപ്പോഴും ജനാധിപത്യം നടപ്പായിട്ടില്ല. ജന്മി-കുടിയാന്‍ വ്യവസ്ഥയാണ് നിലനില്‍ക്കുന്നത്. മേലുദ്യോഗസ്ഥന്മാരുടെ കുട്ടിയെ കുളിപ്പിക്കുന്നതും പട്ടിയെ കുളിപ്പിക്കുന്നതും കീഴ്ജീവനക്കാരാണ്. ഏത് സര്‍ക്കാര്‍ ഭരിച്ചാലും അതിനു മാറ്റമില്ല. കേസന്വേഷിക്കുന്നതും പ്രതികളെ പിടിക്കുന്നതും കോണ്‍സ്റ്റബിള്‍മാര്‍. പത്രത്തില്‍ പടം വരുത്തുന്നതും രാഷ്ട്രപതിയുടെ മെഡല്‍ വാങ്ങുന്നതും മേലുദ്യോഗസ്ഥന്മാര്‍. അന്വേഷണത്തില്‍ പിഴവുവന്നാലോ, സസ്‌പെന്‍ഷന്‍ കിട്ടുന്നത് കീഴുദ്യോഗസ്ഥര്‍ക്കു മാത്രം. മേലുദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടികള്‍ മിക്കവാറും സ്ഥലംമാറ്റത്തില്‍ അവസാനിക്കും.
മുഖ്യമന്ത്രി തന്നെ ആഭ്യന്തരവകുപ്പും ഭരിക്കണം എന്നാണ് ഇന്നാട്ടിലെ അലിഖിത നിയമം. 2006-2011 കാലത്ത് അന്നത്തെ മുഖ്യമന്ത്രിയെ ദുര്‍ബലനാക്കാന്‍ വേണ്ടിയാണ് പോലീസ്‌വകുപ്പ് മറ്റൊരാളെ ഏല്പിച്ചത്. 2012ല്‍ അന്നത്തെ മുഖ്യമന്ത്രി നില്‍ക്കക്കള്ളിയില്ലാതെ ആഭ്യന്തരം വിശ്വസ്തനായ ഒരു സഹപ്രവര്‍ത്തകനെ ഏല്‍പ്പിച്ചപ്പോള്‍ കവചകുണ്ഡലങ്ങള്‍ നഷ്ടപ്പെട്ട കര്‍ണ്ണന്റെ അവസ്ഥയായെന്ന് ഒരു സമുദായ പ്രമാണി നസ്യം പറഞ്ഞു.