ആഗോളഗ്രാമം ശബരിമല വിധിയില്‍ മാധ്യമങ്ങള്‍ക്ക് ഭ്രാന്തുപിടിക്കാമോ? -ടി.കെ. സന്തോഷ്‌കുമാര്‍
Print this article
Font size -16+
മാധ്യമങ്ങള്‍ക്ക് ഭ്രാന്തുപിടിച്ചാല്‍ അത് ചങ്ങലയ്ക്കു ഭ്രാന്തുപിടിച്ചതിനു സമമാണ്. പരമോന്നത നീതിപീഠത്തിന്റെ വിധി നടപ്പാക്കുന്നതിനെതിരെ, ഒരു വിഭാഗം നടത്തുന്ന പേക്കൂത്തുകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നു! നിയമപരിജ്ഞാനത്തിന്റെ ബാലപാഠങ്ങള്‍പോലും അറിയാത്തവരാണോ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍. വര്‍ഷങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ അന്തഃസത്ത ചോര്‍ന്നുപോകാതെ നടപ്പാക്കുക എന്ന ഉത്തരവാദിത്തം സ്വാഭാവികമായും എക്‌സിക്യൂട്ടീവിനുണ്ട്. ആ വിധിക്കെതിരെ ഒരു ഭരണഘടനാ സ്ഥാപനത്തിനും എതിര്‍നില്‍ക്കുവാന്‍ സാധിക്കുകയില്ല. ഈ യാഥാര്‍ത്ഥ്യം മാധ്യമസ്ഥാപനങ്ങളുടെ നടത്തിപ്പുകാരും മാധ്യമ പ്രവര്‍ത്തകരും മനസ്സിലാക്കിയിരുന്നെങ്കില്‍, ആ വിധി നടപ്പാക്കുന്നതിനെതിരെ അരങ്ങേറുന്ന പിത്തലാട്ടങ്ങള്‍ക്ക് എങ്ങനെയാണ് മാധ്യമങ്ങളില്‍ ‘മൃഗീയ’മായ ഇടം ലഭിക്കുക? ഇത് നട്ടുച്ചയ്ക്ക് പരക്കുന്ന ഇരുട്ടിനു സമമാണ്. പ്രമുഖ കവി സച്ചിദാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ശ്രദ്ധിക്കുക: ”മലയാള പത്രങ്ങള്‍ വായിക്കുകയോ വാട്‌സാപ്പ് നോക്കുകയോ അപൂര്‍വമായെങ്കിലും ടി.വി. ചാനലുകള്‍ കാണുകയോ ചെയ്യുമ്പോള്‍ ജനശത്രുക്കള്‍ വിജയിച്ചുകഴിഞ്ഞു എന്ന തോന്നലാണ് എനിക്കുണ്ടാകുന്നത്. നമ്മുടെ ചര്‍ച്ചകള്‍ നാം ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നതിനെക്കുറിച്ച് ഭ്രമം ഉണ്ടാക്കുന്നു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു പകരം ശശികലയുടെ വയസ്സും സുരേന്ദ്രന്റെ വ്രതനിഷ്ഠയുമൊക്കെ നമ്മുടെ പ്രധാന ചര്‍ച്ചാ വിഷയങ്ങളാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. സര്‍ക്കാരിനുപോലും ക്രമസമാധാന പ്രശ്‌നങ്ങള്‍ നോക്കാനേ സമയം കിട്ടുന്നുള്ളൂ എന്നായിരിക്കുന്നു. നാം നമ്മെത്തന്നെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? (19 നവംബര്‍ 2018).സത്യാനന്തരകാലത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ ദുരന്ത മുഹൂര്‍ത്തങ്ങള്‍ തന്നെയാണിത്. ശശികലയുടെ ആര്‍ത്തവം നിലച്ചാലെന്ത് ഇല്ലെങ്കിലെന്ത്? സുരേന്ദ്രന്റെ ബന്ധു മരിച്ചിട്ട് ഒരു കൊല്ലം കഴിഞ്ഞെങ്കിലെന്ത് ഇല്ലെങ്കിലെന്ത്? ഇത്തരം അര്‍ത്ഥശൂന്യതകള്‍ മാധ്യമങ്ങള്‍ ഭക്ഷിച്ചു കാഷ്ഠിക്കുന്നല്ലോ എന്നതാണ് കഷ്ടം! ടെലിവിഷനിലെ ചര്‍ച്ച വളരെ നാളുകളായി കാണാറേയില്ല എന്നു പ്രഖ്യാപിച്ചിട്ടുള്ള കവിയാണ് സച്ചിദാനന്ദന്‍. കാരണം മറ്റൊന്നും കൊണ്ടല്ല, അവ പലപ്പോഴും കോമഡിനാടകങ്ങളാകുന്നതുകൊണ്ടാണ്. ഇപ്പോള്‍ ആ ചര്‍ച്ചകളേക്കാള്‍ വലിയ ഫലിതബിന്ദുക്കളായി 24×7 മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. നീതിപീഠത്തിന്റെ വിധിക്കല്ല, ആചാരത്തിന്റെ തീര്‍പ്പുകള്‍ക്കാണ് പൊതുസമൂഹം വിലകല്പിക്കേണ്ടതെങ്കില്‍, പിന്നെയെന്തിനാണ് രാജ്യത്ത് നീതിപീഠങ്ങള്‍? ഇന്നലെ ചെയ്ത അബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവും പിന്നീട് നിയമവും ആകണം എന്നാണോ? അതുകൊണ്ടാണ് നാം ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടാകുന്നത്. ആ ചോദ്യം വാസ്തവത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ നിലകൊള്ളുന്നവരുടെ കുഴലൂത്തുകാരായി മാറിയ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ചോദിക്കേണ്ടതാണ്. ജനപക്ഷമെന്നാല്‍ ആള്‍ക്കൂട്ടത്തിന്റെ പേക്കൂത്തിന്റെ പക്ഷമല്ല. ജനങ്ങള്‍ക്ക് ശരിയായ ദിശാബോധം നല്‍കുന്ന പക്ഷമാണ്. റേറ്റിംഗിനും സര്‍ക്കുലേഷനുമായി ഏത് കോപ്രായവും പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇതൊന്നും മനസ്സിലാവുകയില്ല. എസ്. ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ എഴുതി ”ഹിന്ദുഭവനങ്ങള്‍ ഏറിയ പങ്കും ഭീകരമായി വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ടു എന്നും അവിടങ്ങളിലെ സ്ത്രീകള്‍ ഏതോ ശിലായുഗത്തിലെ ഭാഷ സംസാരിക്കുന്നു എന്നും. ഇതു ശരിയാണ്. അതുകൊണ്ടാണ് അതിഹൈന്ദവ വികാരം ആളിക്കത്തിക്കുന്ന ഒരു ടെലിവിഷന്‍ ചാനല്‍ റേറ്റിംഗില്‍ കുതിപ്പുണ്ടാക്കിയത്. ആ കുതിപ്പ് മറ്റു തത്സമയ ചാനലുകള്‍ക്കും പ്രേരണയായി. അതിന്റെ ഫലമെന്താണ്? നാലില്‍ മൂന്നുപേരും തങ്ങളുടെ ചാനലാണ് കാണുന്നതെന്ന പരസ്യം നല്‍കാന്‍ പാകത്തില്‍ കാര്യങ്ങളെത്തി. അപ്പോള്‍ ഹിന്ദുഭവനങ്ങള്‍ മാത്രമല്ല വര്ഗ്ഗീയവല്ക്കരിക്കപ്പെട്ടതെ ന്നും ഹിന്ദുഭവനങ്ങളിലെ സ്ത്രീകള്‍ മാത്രമല്ല ”ഏതോ ശിലായുഗത്തിലെ ഭാഷ” സംസാരിക്കുന്നതെന്നും ബോധ്യമാകുന്നു! ഇത്തരത്തില്‍ നമ്മുടെ മാധ്യമങ്ങള്‍, വിശേഷിച്ച് തത്സമയ മാധ്യമങ്ങള്‍ അധഃപതിക്കാമോ? കവി വി.ജി. തമ്പിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ”സംഭവബഹുലമായ ഈ അസംബന്ധനാടകം മാധ്യമങ്ങള്‍ പ്രത്യേകിച്ചും ആസ്വദിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യം അവസാനിപ്പിക്കണം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഒരു ക്ഷേത്രത്തില്‍ നടക്കുന്ന പൂജകളും അനുഷ്ഠാനങ്ങളും ദിനംപ്രതി മണിക്കൂറുകള്‍തോറും അസഹനീയമായ വിധത്തില്‍ വിശദാംശങ്ങളോടുകൂടി എഴുതിപ്പിടിപ്പിക്കുന്നത് എന്തിനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത്രയ്ക്കും അമിതാവേശം ആവശ്യമില്ല. വിശ്വാസവും ആചാരങ്ങളും കുറച്ചുകൂടി സംയമനത്തോടെ റിപ്പോര്‍ട്ട് ചെയ്യാനുള്ള പാകതയും ഔചിത്യവും സൂക്ഷിക്കണമമായിരുന്നു. അതിന്റെകൂടെ പരിണതഫലമാണ് ഇപ്പോഴത്തെ ശബരിമല അസംബന്ധനാടകം. ശബരിമലയല്ലാതെ മറ്റൊരു വിഷയവും കേരളത്തില്‍ ഇല്ലെന്നാണോ?” (ഫെയ്‌സ്ബുക്ക്, 17 നവംബര്‍ 2018) മാധ്യമസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന വിവേകശാലികളായ എഡിറ്റര്‍മാര്‍ ഇത് ശ്രദ്ധിക്കണം. ”നിങ്ങള്‍ക്കിതൊന്നും മനസ്സിലാകുന്നില്ല/നിങ്ങളെലികളോ മാനുഷരോ?” എന്ന് പണ്ട് എന്‍.വി. കൃഷ്ണവാരിയര്‍ ചോദിച്ചത് എഡിറ്റര്‍മാര്‍ ശ്രദ്ധിക്കണം. പ്രതിലോമകരമായ ഏതാശയവും പ്രചരിപ്പിക്കു, കുപ്പത്തൊട്ടിയില്‍ ഇടേണ്ട ഏതു മാലിന്യവും എടുത്തുവിളമ്പുക – ഇതിനാണ് നിങ്ങള്‍ എഡിറ്റര്‍മാരുടെ കസേരയില്‍ ഇരിക്കുന്നതെങ്കില്‍ ”ലജ്ജാകരം” എന്നേ പറയേണ്ടതുള്ളൂ. നിങ്ങളും മാധ്യമധര്‍മ്മം എന്തെന്നറിയാത്ത നിങ്ങളെപ്പോലുള്ള (കാവല്‍) നായ്ക്കളുമാണ് കേരളസമൂഹത്തെ ”ഏതോ ശിലായുഗ”ത്തിലേക്ക് കൊണ്ടുപോകുന്നത്. ഏതു മാലിന്യവും വീടകങ്ങളിലേക്ക്/സമൂഹമധ്യത്തിലേ ക്ക് വിളമ്പുവാനാണെങ്കില്‍ നിങ്ങള്‍ ആ കസേരകളില്‍ നിന്ന് ഇറങ്ങിപ്പോകുകയും തത്സമയ കാമറക്കണ്ണുകളേയും കണ്ടതും കേട്ടതും വകതിരിവില്ലാതെ വിളിച്ചുപറയുന്ന അവതാരകരെയും അവശേഷിപ്പിക്കുകയും ചെയ്യുന്നതാകും നല്ലത്.
ശബരിമല ഒരു ക്ഷേത്രമാണ്. അവിടെ നടക്കുന്ന ആചാരങ്ങളുടേയും ആചാരലംഘനങ്ങളുടേയും ക്ഷേത്രഗണിതങ്ങളാണ് കേരളീയ പൊതുമണ്ഡലത്തിന്റെ പൊതുപ്രശ്‌നങ്ങളെന്നു ധരിച്ചിരിക്കുകയാണ് ചില മുഖ്യധാരാ മാധ്യമങ്ങള്‍. അതുകൊണ്ടാണ് അതു സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കുത്തിനിറച്ചുതള്ളുന്നത്. ഈ വിഷയത്തില്‍ മുഖ്യതലക്കെട്ടുകളില്‍നിന്നും തത്സമയ സംപ്രേഷണത്തില്‍ നിന്നും മാധ്യമങ്ങള്‍ ഒന്നു പിന്‍വാങ്ങിനോക്കൂ – ഒരു സംശയവും വേണ്ടാ, സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെയുള്ള കോലാഹലങ്ങള്‍ എണ്‍പതുശതമാനവും അവസാനിക്കും. പൊതുമണ്ഡലം എന്നത് ശബരിമലയിലെ വിശ്വാസിസമൂഹം ആണെന്നു തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ശബരിമല വാര്‍ത്ത പ്രധാനമാകുന്നത്. ഇത് വാര്‍ത്തയുടെ വസ്തുനിഷ്ഠയെയല്ല, റിയാലിറ്റിയെ ”ഷോ” ആക്കി മാറ്റുന്ന കച്ചവട വിസ്മയത്തിന്റെ കുടിലഭാവത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇതിലൂടെ ഭരണഘടനയേക്കാള്‍ പ്രധാനമാണ് ആചാരം എന്ന സന്ദേശമാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. വാസ്തവത്തില്‍ ആചാരങ്ങള്‍ക്ക് എന്തു പ്രസക്തിയാണുള്ളത്? പ്രേംജി എന്ന എം.പി. ഭട്ടതിരിപ്പാട് ‘ഋതുമതി’ എന്ന നാടകത്തന്റെ ആമുഖത്തില്‍ എഴുതി:
”ഋതുമതിയായൊരു പെണ്‍കിടാവെന്നാകി-
ലതുമതി ഞായംപഠിപ്പുനിര്‍ത്താന്‍
കുടപിടിച്ചീടണം കുപ്പായമൂരണം
കുടില സമുദായ നീതിനോക്കൂ”