അനാഥത്വം അയാളെ അഭിമാനിയാക്കി, സ്വതന്ത്രനാക്കി -ധ്യാന്‍ തര്‍പണ്‍
Print this article
Font size -16+
ആള്‍ക്കൂട്ടങ്ങളും ബഹളവും സമൂഹ കോലാഹലങ്ങളുമൊന്നും അല്പംപോലും സ്പര്‍ശിക്കപ്പെടാത്തവിധം ജീവിച്ചുപോകുന്ന പലരുമുണ്ട്; പൂര്‍ണ്ണമായ ഉണര്‍വോടെയും നിദ്രാടനമെന്നപോലെ ബോധരഹിതമായും. ഈ രണ്ടു വിഭാഗങ്ങള്‍ക്കുമിടയിലാണ് ഒട്ടുമിക്കപേരും. അവരാണ് പാഠപുസ്തകങ്ങളിലും മറ്റും ‘മനുഷ്യന്‍ ഒരു സമൂഹ ജീവിയാണ്’ എന്ന് എഴുതിവച്ച് അതില്‍ അഭിമാനം കൊള്ളാന്‍ പഠിപ്പിച്ചുപോരുന്നത്; ‘മനുഷ്യന്‍ ഇപ്പോഴും വെറുമൊരു സമൂഹജീവിയാണ്’ എന്ന് അനുകമ്പയോടെ ഓര്‍ക്കുന്നതിനു പകരം.
അപ്പര്‍ പ്രൈമറിയിലെ സാമൂഹ്യപാഠപുസ്തകത്തിലെ ആ വരി മനുഷ്യന്‍ ഒരു സമൂഹ ജീവിയാണ് പരീക്ഷയ്ക്കുവേണ്ടി പഠിച്ചുവച്ചിരുന്ന പാഠങ്ങള്‍ക്കുമപ്പുറം എത്ര തെറ്റായ (അപകടകരവും) പ്രഭാവമാണ് മസ്തിഷ്ക്കത്തിലുണ്ടാക്കിയിരു ന്നത് എന്ന് അറിഞ്ഞത്, വര്‍ഷങ്ങള്‍ക്കിപ്പുറം, ഏറെ അസ്വാസ്ഥ്യം പൂണ്ട ഒരു രാത്രിയില്‍, ആകസ്മികമായി കണ്ണിലുടക്കിയ ഒരു വാക്യത്തോടെയായിരുന്നു ‘you are a crowd; not an individual yet.’- ഓഷോയുടേത്. എനിക്കകത്ത്, കാലങ്ങളായി കലഹിച്ചുകൊണ്ടിരിക്കുന്ന അതിബൃഹത്തായ ഒരു സമൂഹത്തെ, ആദ്യമായി വലിയ ഒരു നഗരത്തിലെത്തിപ്പെട്ടവന്റെ ‘കിശോരകൗതുകത്തോടെ’ നോക്കിക്കാണാന്‍ തുടങ്ങിയത് അന്നു മുതലായിരുന്നു.
ആ കാഴ്ചാകൗതുകത്തില്‍ പ്രധാനമായും രണ്ടു നിറത്തിലുള്ള കുത്തിയൊഴുക്കുകള്‍ കാണാന്‍ കഴിയുന്നു; പ്രയാഗിലേക്കൊഴുകിയെത്തുന്ന രണ്ടു നദികളെപ്പോലെതന്നെ, അനാഥരും സനാഥരും. അനാഥത്വമെന്ന പ്രയോഗം, നാഥനായി ആരെങ്കിലും ഉണ്ടാവേണ്ടതാണെന്ന തെറ്റിധാരണ സൃഷ്ടിക്കുന്നുണ്ട്. സൂക്ഷ്മമായ അര്‍ത്ഥത്തില്‍, ഈ ധാരണയാണ്, അനാഥത്വം സൃഷ്ടിക്കുന്നത് തന്നെ; പരിതാപകരമായ ജീവിതപരിസരങ്ങള്‍ അല്ലെന്നു സാരം.
സനാഥരും വ്യത്യസ്തരല്ല; qualitatively. അപരനില്‍ (the other), നാഥത്വം കണ്ടെത്തുന്നവര്‍ തന്നെയാണ് ഇവരും. മറ്റു വ്യക്തികളേയോ, അധികാരം, സമ്പത്ത്, പ്രശസ്തി, അംഗീകാരം തുടങ്ങിയ സാമ്പ്രദായിക മൂല്യങ്ങളേയോ തങ്ങളുടെ ജീവിതത്തിന്റെ നാഥനായി നിജപ്പെടുത്തിയവര്‍. അതുമല്ലെങ്കില്‍, സമൂഹത്താല്‍ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള സ്‌നേഹം, സേവനം, കാരുണ്യം തുടങ്ങിയ മഹാതത്ത്വങ്ങളെ തങ്ങളുടെ നാഥനായി വാഴ്ത്തിക്കൊണ്ട് നടക്കുന്നവര്‍. ഒരു കൂട്ടര്‍ തങ്ങളുടെ തെറ്റിദ്ധാരണയുടെ പുറത്ത് നിര്‍ഭാഗ്യരെന്നോ പരാജിതരെന്നോ കണക്കാക്കുമ്പോള്‍, സനാഥരായിട്ടുള്ളവര്‍, ഒരു നാഥനെ കണ്ടെത്തിയതില്‍ ഭാഗ്യമെന്നും ജീവിതവിജയമെന്നും വിചാരിച്ച്, തങ്ങളുടെ തെറ്റിദ്ധാരണയെ എന്നന്നേക്കുമായി മറക്കാന്‍ ശ്രമിക്കുന്നു.
ഭൗതികമായ ആവാസവ്യവസ്ഥകള്‍, അവ ദാരിദ്ര്യത്തിന്റേതാകട്ടെ, സമൃദ്ധിയുടേതാകട്ടെ, സ്വതന്ത്രമാകാത്തിടത്തോളം രണ്ടു കൂട്ടരുടെയും തെറ്റിദ്ധാരണകള്‍ക്ക് ആക്കം കൂട്ടുകയാണ്. അതോടൊപ്പം ഈ രണ്ടുകൂട്ടരേയും കയ്യടക്കിവച്ചിരിക്കുന്ന മതരാഷ്ട്രീയ സംഘങ്ങള്‍, തങ്ങളുടെ സംഘത്തുടര്‍ച്ചകള്‍ക്കു വേണ്ടി, ആ വ്യവസ്ഥകളുടെ ശാസ്ത്രീയ സന്തുലനങ്ങള്‍ക്ക് തടയിടുകയും ചെയ്യുന്നു.
എന്നാല്‍, പ്രയാഗിലേതുപോലെത്തന്നെ, അഗോചരമായിട്ടുള്ള മറ്റൊരു ‘സരസ്വതീ പ്രവാഹമുണ്ട്’. ഞാന്‍ അവരെ സ്വ-നാഥര്‍ എന്ന് വിളിക്കട്ടെ. സ്വയം നാഥനായി ജീവിക്കുന്നവര്‍. സ്വാമി എന്ന വാക്കിന് സ്വ-നാഥന്‍ എന്നാണര്‍ത്ഥം. (ജോനാഥന്‍ വേല seagull എന്ന പേരിലെ സ്വരപ്പൊരുത്തം എന്നെ ആഹ്ലാദം കൊള്ളിക്കുന്നു.) പ്രജ്ഞാപരിണാമത്തിലെ അതിപ്രസക്തമായ ഒരു ചുവടുവയ്പ്പാണിത്. അപരോന്മുഖ ജീവിതത്തില്‍ നിന്ന് the other oriented life എന്നന്നേക്കുമായുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം. The birth of an individual. വിദ്യാഭ്യാസം കൊണ്ടോ വിവരവിജ്ഞാനങ്ങളെക്കൊണ്ടോ പരിശീലിച്ചെടുക്കാവുന്ന ഒന്നല്ല ഈ വൈയക്തികത. അടിസ്ഥാനപരമായി, ജീവന്‍ എന്ന പ്രതിഭാസത്തിന്റെ സ്വാഭാവികമായിട്ടുള്ള പൂവിടലാണത്. എത്ര വലിയ ആള്‍ക്കൂട്ടത്തിലും, എത്ര ശക്തമായ സംഘത്തിലും ഈ individual മുങ്ങി മരിക്കുന്നില്ല.
തന്റെ വൈയക്തികതയെന്ന indivdualtiy- സ്വര്‍ണ്ണ പുഷ്പത്തെ കാത്തുകൊണ്ട്, സമൂഹത്തിലെ യാതൊരു ധാരയിലും അയാള്‍ അലിഞ്ഞു ചേരാതിരിക്കുന്നു. അതേസമയം, അയാളുടെ ചെയ്തികളേവയും ബോധപൂര്‍വ്വമുള്ള പങ്കുകൊള്ളലായിരിക്കും. അയാള്‍ ഒരു തെരുവോരത്ത് ഒഴിഞ്ഞിരിക്കുകയാവാം, ആയിരക്കണക്കിന് മറ്റു വ്യക്തികളോടൊപ്പം ഏതെങ്കിലും ചെയ്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാവാം. അയാള്‍ പക്ഷേ, ഒരിക്കലും ഒരു നിഷ്‌ക്കാസിതന്റെ സഹതാപം പേറുന്നില്ല; ഒരാള്‍ക്കൂട്ടത്തിന്റെ ‘മൃതകോശ’മാകുന്നില്ല. മറിച്ച് അയാള്‍ എല്ലായ്‌പ്പോഴും, നിരവധി തന്ത്രികളുള്ള ഒരു സംഗീതോപകരണത്തിലെ ഒരു ‘പ്രഥമ ശ്രുതി’ (prominent note) യെന്നോണം നിലകൊള്ളുന്നു. അയാളുടെ നിസ്സാരമായ ഒരു മന്ദഹാസം പോലും സര്‍ഗാത്മകതയുടെ സൗരഭ്യം പരത്തുന്നു.
നാം സമൂഹ ജീവികള്‍ക്ക് പക്ഷേ, നമ്മുടെ സഹതാപം പ്രകടിപ്പിക്കാനുള്ള ഒരു ഇരയായിരിക്കാം അയാള്‍; അയാളുടെ സാന്നിധ്യം നമ്മുടെ കണ്ണുകളെ അലോസരപ്പെടുത്തുന്ന ഒരു അപഭ്രംശമായിരിക്കാം. അയാളുടെ മൗനത്ത നാം കാണുന്നത് നിസ്സഹായനായവന്റെ മൂകതയായിട്ടായിരിക്കും. നമ്മുടെ വിഭക്തികളുമായി ഇണങ്ങിപ്പോകാത്ത അയാളുടെ ഭക്തിലാളിത്യങ്ങള്‍ നമുക്ക് ‘അജ്ഞാന തിമിരാന്ധതയാകാം’. പക്ഷേ, അയാള്‍ നിലകൊള്ളുന്ന സ്വാതന്ത്ര്യത്തിന്റെ തലം നമുക്ക് അപരിചിതമല്ലോ!
സ്വ-നാഥനെ നാം ഇഷ്ടപ്പെടുന്നില്ല. അയാളുടെ സാന്നിധ്യം നമ്മിലെ ഭീരുത്വത്തെ എടുത്തുകാണിക്കുന്നു. അയാളുടെ സാന്നിധ്യം നാം കാരാഗൃഹവാസികളെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
ഒരു ആമുഖമെന്നോണം ഇത്രയ്ക്കും പറയേണ്ടിവന്നത്, ഇതുവരേക്കും കണ്ടുമുട്ടിയിട്ടുള്ള സ്വ-നാഥ വ്യക്തികളില്‍ ഏറ്റവും ജ്വലിച്ചു നില്‍ക്കുന്ന ലാല്‍ ചന്ദിനെ ഓര്‍ത്തപ്പോഴാണ്. മുംബൈയിലെ ഒരു റെയില്‍വേ സ്റ്റേഷനിലേക്കുള്ള നടവഴിയില്‍ ഷൂപോളിഷിംങ്ങിനെ ഒരു കലയായി ഉപാസിച്ചുപോന്ന ഒരാള്‍.
മുംബൈയിലേതുപോലെ, ഒച്ചവയ്ക്കുന്ന ഷൂ പോളിഷുകാരെ shoe shiners- മറ്റേതെങ്കിലും നഗരത്തില്‍ കാണാന്‍ കിട്ടുമോ എന്ന് സംശയമാണ്. പോളിഷ് ചെയ്യുന്ന ബ്രഷുകൊണ്ട് ഷൂ ബോര്‍ഡില്‍ ഉറക്കെ തട്ടിയും മുട്ടിയും എല്ലായ്‌പ്പോഴും അവര്‍ ആളുകളെ വിളിച്ചുകൊണ്ടിരിക്കും. റെയില്‍വേ സ്റ്റേഷനിലെ ബഹളത്തില്‍ അവരുടെ ഒച്ചകള്‍ മേളിച്ചു പോകുന്നു എന്ന് മാത്രം. അല്ലാത്തപക്ഷം അവ ഒരു പരിധിവരെ അനാവശ്യവും അലോസരപ്പെടുത്തുന്നവയുമാണ്.
മുംബൈയിലെ ആദ്യനാളുകളില്‍ പലപ്പോഴും അവരുടെ ആത്മാവിന്‍ മുട്ടി വിളി കേട്ട് തിരിഞ്ഞുനോക്കി ചമ്മിപ്പോയിട്ടുണ്ട്. എന്നാലും പോളിഷിങ്ങിലെ ഒരു ശബ്ദം മാത്രം ഞാന്‍ ആസ്വദിച്ചിരുന്നു. പോളിഷിങ്ങിന്റെ അവസാന touch-up ല്‍, കനത്ത നാരുകളുള്ള ഒരു സാറ്റിന്‍ തുണികൊണ്ടു അങ്ങോട്ടുമിങ്ങോട്ടും വലിച്ചു, കിരു കിരു ശബ്ദത്തില്‍ അവര്‍ ഷൂവിന്റെ മുഖം മിനുക്കും. ആ സീല്‍ക്കാരത്തിനു വേണ്ടി ഞാന്‍ കാതോര്‍ത്തു നില്‍ക്കാറുണ്ട്. പലരിലും ആ ശബ്ദം പല്ലു പുളിപ്പിക്കുമത്രേ. അതിനുശേഷമാണ് ഷൂമുഖം കറുത്ത കണ്ണാടി പോലെ മിന്നിത്തിളങ്ങുക.
ഇതുവരേക്കും ലഭ്യമായ തെളിവുകള്‍ വച്ച്, മനുഷ്യന്‍ നാല്പതിനായിരം വര്‍ഷം മുന്‍പേ ബൂട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ്. ബൂട്ടുകളുടെ ‘കാലൊച്ച’കള്‍ക്ക് മനുഷ്യചരിത്രത്തില്‍ നാഡിമിടിപ്പുകളുടെ സ്ഥാനമുണ്ടാവാം, നാമത് ഓര്‍ക്കാന്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും. പോളിഷിങ്ങിലേക്കു വരാന്‍ പിന്നെയും കുറേ കാലമെടുത്തു. പ്രധാനമായും രണ്ടാം ലോകമഹായുദ്ധകാലത്താണ് സൈനികരുടെ ബാക്ക്പാക്കില്‍ ബൂട്ട് പോളിഷ് ഒരു അവശ്യ സാമഗ്രിയായി ഇടം പിടിക്കുന്നത്.
അവിടന്നങ്ങോട്ട് കണ്ണാടിസമാനമായ ആ ഷൂമുഖങ്ങള്‍ എന്തെല്ലാം പ്രതിഫലിപ്പിച്ചിട്ടുണ്ടാവില്ല! അധികാര ധാര്‍ഷ്ട്യങ്ങളും ദൈന്യ നിസ്സഹായതകളും എല്ലാം എല്ലാം, നിശബ്ദമായി അവയില്‍ മാറിമറിഞ്ഞു പ്രതിഫലിച്ചു പോയിട്ടുണ്ടാകും.
ആദ്യമായി അയാള്‍ ശ്രദ്ധയില്‍ പതിഞ്ഞതുതന്നെ അയാളെ പൊതിഞ്ഞു നിന്ന നിശബ്ദതകൊണ്ടാണ്. മറ്റു പോളിഷിങ്ങുകാരെപ്പോലെ തട്ടിയും മുട്ടിയും അയാള്‍ ആരുടേയും ശ്രദ്ധ ക്ഷണിച്ചില്ല. അയാള്‍ തൊഴില്‍ സംഘത്തില്‍ ചേര്‍ന്ന് യൂണിഫോം ധരിച്ചിരുന്നില്ല. കുലത്തൊഴില്‍ എന്നപോലെ പോളിഷിങ് പണിയിലേര്‍പ്പെട്ടിരുന്ന എല്ലാവരും തന്നെ അവരുടെ ആചാര്യദൈവമായ സന്ത് രവിദാസിന്റെ (രേയ്ദാസ് എന്ന് നാട്ടുമൊഴി)ചിത്രം തൊട്ടരികില്‍ ഒട്ടിച്ചുവച്ചിരുന്നില്ല. (രവിദാസ് മീരയ്ക്ക് സമകാലീനനായിരുന്നു എന്നും മീരയുടെ ഗുരുവായിരുന്നു എന്നും വിശ്വസിച്ചുപോരുന്നു. സ്വാമി രാമാനന്ദന്റെ ശിഷ്യനായിരുന്ന രവിദാസ് കാശി നിവാസിയായിരുന്നു. ചെരുപ്പുകുത്തിയായിട്ടായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. രേയ്ദാസ് വാണികളെപ്പറ്റി ഓഷോ സംസാരിച്ചിട്ടുണ്ട്.
സാധാരണമായ വസ്ത്രം ധരിച്ച ലാല്‍ ചന്ദ് അതീവ ശ്രദ്ധയോടെ തന്റെ ഇരിപ്പിടവും ചുറ്റുവട്ടവും വൃത്തിയായി സൂക്ഷിച്ചിരുന്നു. അയാളുടെ മൊത്തം ജീവിത സാമഗ്രികളും രണ്ടു തക്കാളിപ്പെട്ടികളില്‍ ഒതുങ്ങിയിരുന്നു. ഒരെണ്ണത്തില്‍ അയാളുടെ പോളിഷിങ് റിപ്പയറിങ് പണിയായുധങ്ങള്‍. മറ്റേ പെട്ടിയില്‍ ഒരു ജോഡി വസ്ത്രവും ഒരാള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള അവശ്യം പാത്രങ്ങളും. ഒരു മൂലയില്‍ തുടച്ചു മിനുക്കി വച്ചിരുന്ന ചെറിയ ഒരു സ്റ്റവ്. ഒരു ചാക്ക് നാലാക്കി മടക്കി അതിന്മേല്‍ അയാള്‍ ഒരു സിംഹാസനത്തിലെന്നോണമിരുന്നു. കഴിവതും ആരുടേയും മുഖത്തേക്ക് നോക്കിയിരുന്നില്ല. ആരെങ്കിലും പോളിഷിങ് സ്റ്റാന്‍ഡിലേക്ക് കാലെടുത്തുവച്ചാല്‍ ചെറിയ സ്മിതത്തോടെ പോളിഷ് ചെയ്തുകൊടുക്കും. അത്രതന്നെ.